Kerala

കേരളാകോൺഗ്രസ് : പിളർപ്പുകളിലൂടെ വളരുന്ന രാഷ്ട്രീയ അവസരവാദം

Written by : Chintha Mary Anil, Haritha John

വളരുന്തോറും പിളരും, പിളരുന്തോറും വളരും എന്നാണ് കേരളകോൺഗ്രസിന് ഏതോ ഒരു വിരുതൻ നൽകിയ വിവരണം.

പാർട്ടിയുടെ അരനൂറ്റാണ്ടിലേറെക്കാലമായുള്ള രാഷ്ട്രീയാസ്തിത്വത്തിന്റെ ചരിത്രം ഈ വിശേഷണത്തെ ദൃഢീകരിക്കുന്നതാണ്.

കോട്ടയം ആസ്ഥാനമായ, പ്രധാനമായും കോട്ടയം, ഇടുക്കി ജില്ലകളിലെ ക്രിസ്ത്യൻ വിഭാഗത്തിന്റെ പാർട്ടിയായ കേരളാ കോൺഗ്രസ് 1964-ൽ കെ.എം.ജോർജിന്റെ നേതൃത്വത്തിലാണ് രൂപീകരിക്കപ്പെടുന്നത്. ആദ്യത്തെ എട്ടുവർഷം പിളർപ്പുകളൊന്നും കൂടാതെ പാർട്ടി മുന്നോട്ടുപോയി. 

72-ലാണ് ആദ്യപിളർപ്പുണ്ടാകുന്നത്. അതുതൊട്ട് അതൊരു രാഷ്ട്രീയപാരമ്പര്യമായി മാറി. ഇംഗഌഷ് അക്ഷരമാലയിലെ മിക്കവാറും എല്ലാ അക്ഷരങ്ങളും ബ്രാക്കറ്റിലിട്ട് കേരളാകോൺഗ്രസുകളുണ്ടായി. 

ഇതുവരെ ഉണ്ടായ കേരളാകോൺഗ്രസ് പിളർപ്പുകളിലേക്ക് ഒന്നു കണ്ണോടിക്കാം:

1972- ഇ.ജോൺ ജേക്കബും ജെ.എ ചാക്കോയും പുതിയ കേരളാകോൺഗ്രസ് ഉണ്ടാക്കുന്നു

1976 കെ.എം.ജോർജും കെ.എം മാണിയും വഴി പിരിയുന്നു. പുതിയ കേരളാകോൺഗ്രസുകൾ ഉണ്ടാക്കുന്നു

1977 ആർ.ബാലകൃഷ്ണ പിള്ള പുതിയ കേരളാകോൺഗ്രസ് ഉണ്ടാക്കുന്നു

1979 14 എം.എൽ.എ മാരുടെ പിൻബലത്തോടെ മാണിയുടെ നേതൃത്വത്തിൽ കേരളാകോൺഗ്രസ് എമ്മും ആറ് എം.എൽ.എ മാരുടെ പിന്തുണയോടെ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ കേരളാകോൺഗ്രസ് (ജെ)യും പിറവിയെടുക്കുന്നു.

1982 മാണി ഗ്രൂപ്പ് യു.ഡി.എഫിൽ; ബാലകൃഷ്ണപിള്ളയും കൂടെ ചേരുന്നു.

1985 മാണിയും ജോസഫും ഒറ്റപ്പാർട്ടിയാകുന്നു.

1987 മാണിയും ജോസഫും വേർപിരിയുന്നു. ടി.എം. ജേക്കബ് മാണിയോടൊപ്പവും പിള്ള ജോസഫിനൊപ്പവും. 

1989 ജോസഫ് ഗ്രൂപ്പ് എൽ.ഡി.എഫിൽ മാണി യു.ഡി.എഫിനൊപ്പവും

1993 പിള്ള കേരളാകോൺഗ്രസ് (ബി) പുനരുജ്ജീവിപ്പിക്കുന്നു.

1997 കേരളാകോൺഗ്രസ് ജോസഫിൽ നിന്ന് പുറത്തുപോന്ന ടി.വി. എബ്രഹാം കേരളാകോൺഗ്രസ് എമ്മിൽ ചേരുന്നു.

2003 കേരളാകോൺഗ്രസ് (ജെ)യിൽ നിന്ന് പുറത്തുവന്ന പി.സി. ജോർജ് കേരളാകോൺഗ്രസ് (സെക്യുലർ) രൂപീകരിക്കുന്നു.

     മാണി ഗ്രൂപ്പിൽ നിന്ന് പുറത്തുപോന്ന പി.സി. തോമസ് ഐ.എഫ്.ഡി.പി രൂപീകരിക്കുന്നു.

2005 ഐ.എഫ്.ഡി.പി. എൻ.ഡി.എ ഘടകകക്ഷിയാകുന്നു.

2009 പി.സി.ജോർജിന്റെ കേരളാകോൺഗ്രസ് കേരളാകോൺഗ്രസ് എമ്മിൽ ലയിക്കുന്നു.

2010 മാണി-ജോസഫ് വിഭാഗങ്ങൾ ലയിച്ച് ഒറ്റപ്പാർട്ടിയാകുന്നു. എന്നാൽ പി.സി. തോമസ് എൽ.ഡി.എഫിനൊപ്പം തുടരുന്നു

2015 പി.സി.ജോർജ് കേരളാകോൺഗ്രസ് മാണിഗ്രൂപ്പിനെ വീണ്ടും പിളർക്കുന്നു.

2016- ബാലകൃഷ്ണ പിള്ള വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേരുന്നു.

കേരളാകോൺഗ്രസ് എം എന്ന ഏറ്റവും വലിയ കേരളാകോൺഗ്രസ് കഷണം മറ്റൊരു പിളർപ്പിന്റെ വക്കിലാണ് എന്നതാണ് ഏറ്റവും ഒടുവിലത്തെ വാർത്ത. 

പതിനേഴ് പിളർപ്പുകൾ; ലയനങ്ങൾ നിരവധി തവണ ചേരിമാറ്റങ്ങൾ. ഇപ്പോൾ എല്ലാ കേരളാകോൺഗ്രസുകൾക്കും കൂടി നിയമസഭയിൽ ഒമ്പത് അംഗങ്ങൾ. രാജ്യസഭയിലും ലോക്‌സഭയിലും ഓരോന്നുവീതം. 

നവംബർ മാസം വരെ കേരളത്തിന്റെ ധനകാര്യമന്ത്രിയായിരിക്കുകയും ബാർ കോഴ ആരോപണങ്ങളെത്തുടർന്ന് രാജിവെയ്‌ക്കേണ്ടി വരികയും ചെയ്ത മാണി ഇപ്പോൾ സ്വേച്ഛാധിപത്യപരമായി പ്രവർത്തിക്കുന്നെന്നുള്ള ആരോപണം പാർട്ടിയിലെ ജോസഫ് വിഭാഗത്തിൽ നിന്ന് നേരിടുകയാണ്. ഏപ്രിലിലോ മെയിലോ നടക്കാനിടയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വീതംവെയ്പിനെ ചൊല്ലിയുള്ള വാഗ്വാദങ്ങളും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. 

ഐക്യം പുറത്തേക്ക് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കാഞ്ഞിരപ്പള്ളിയിലെ പാർട്ടി ഓഫിസിൽ നിന്ന് മാണിയുടെ പേര് നീക്കം ചെയ്തതുപോലെയുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.. എന്തായാലും പാർട്ടി അതിന്റെ പതിവുപിളർപ്പെന്ന പ്രതിഭാസത്തെ നേരിടേണ്ടിവരുമെന്ന് തീർച്ചയാണ്. അതു സംഭവിക്കാൻ കുറച്ചുസമയം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.

Being KC Venugopal: Rahul Gandhi's trusted lieutenant

Opinion: Why the Congress manifesto has rattled corporate monopolies, RSS and BJP

‘Don’t drag Deve Gowda’s name into it’: Kumaraswamy on case against Prajwal Revanna

Delhi police summons Telangana Chief Minister Revanth Reddy

Mandate 2024, Ep 2: BJP’s ‘parivaarvaad’ paradox, and the dynasties holding its fort