കടത്തിൽ മുങ്ങി നിൽക്കുന്നു, എങ്കിലും ഇയാൾ കളഞ്ഞുകിട്ടിയ അഞ്ചുലക്ഷം തിരിച്ചേല്പിച്ചു 
Kerala

കടത്തിൽ മുങ്ങി നിൽക്കുന്നു, എങ്കിലും ഇയാൾ കളഞ്ഞുകിട്ടിയ അഞ്ചുലക്ഷം തിരിച്ചേല്പിച്ചു

അഞ്ചുലക്ഷം രൂപാ കടം, ഹൃദ്രോഹത്തിനു മരുന്ന് വാങ്ങാൻ പോലും പണമില്ല പക്ഷെ ഈ ഓട്ടോ ഡ്രൈവറുടെ സത്യസന്ധത ഇല്ലാതാക്കാൻ അതിനാവില്ല

Written by : Haritha John

അഞ്ചുലക്ഷം രൂപാ കടം. നിത്യദാരിദ്ര്യം അലട്ടുന്ന ജീവിതം. ഈയൊരവസ്ഥയിൽ റോയിയുടെ കൈയിൽ ആകസ്മികമായി വന്നുചേർന്ന പണം സ്വന്തം പോക്കറ്റിലിടാനാണ് അയാൾ ശ്രമിക്കുകയെന്നായിരിക്കും നിങ്ങൾ കരുതുന്നത്. 

പക്ഷേ തുക എത്ര വലിയതായാലും കട്ടപ്പന സ്വദേശിയായ റോയി ജേക്കബ് എന്ന ഈ നാൽപതുകാരൻ ഓട്ടോ ഡ്രൈവറുടെ സത്യസന്ധത ഇല്ലാതാക്കാൻ അതിനാവില്ല. ഒരു നിമിഷം പോലും അയാൾക്ക് ആ സ്വഭാവമഹിമ ഉപേക്ഷിക്കാനുമാകില്. 

ഫെബ്രുവരി 3ന് റോഡിൽ ഒരു കറുത്ത ബാഗ് കണ്ടുകിട്ടുന്നതോടുകൂടിയാണ് റോയിയുടെ വിധിയുമായുള്ള സമാഗമം ആരംഭിക്കുന്നത്.

തുറന്ന് നോക്കിയപ്പോൾ അതിൽ കറൻസി നോട്ടുകൾ അടുക്കിവെച്ചിരിക്കുന്നത് കണ്ടു. എണ്ണിയപ്പോൾ 5.26 ലക്ഷം രൂപയാണ് അതിലുളളതെന്നും മനസ്സിലായി. 

വ്യക്തിപരമായ കടങ്ങളും അത്യാഗ്രഹവും മനസ്സിൽ നിറയാൻ ആ ഒരുനിമിഷം മതി. 

സത്യസന്ധത ഒരാളുട മനസ്സിൽ ആഴത്തിലുള്ള ഒന്നാണെന്നാണ് പറയാറുള്ളത്. രണ്ടുപക്ഷമില്ല ഇക്കാര്യത്തിൽ. 

ഒരു മിനുറ്റ് പോലും ആലോചിച്ചുനിൽക്കാതെ, റോയി അടുത്തുള്ള ഒരു കേബിൾ ടി.വി ഓഫിസിൽ പോയി തനിക്ക് വലിയ തുക കളഞ്ഞുകിട്ടിയ കാര്യം പരസ്യപ്പെടുത്തി. 

അതുകൊണ്ടും അയാൾ അവസാനിപ്പിച്ചില്ല

പോകുന്ന വഴിക്ക് കണ്ടുമുട്ടുന്നവരോടെല്ലാം ഇക്കാര്യം റോയി അറിയിച്ചു. അതിനകം തന്നെ ഒരു ഫോൺവിളിയും ഉണ്ടായി. ഷാജിയെന്ന ആളിൽ നിന്നായിരുന്നു അത്. ചിറ്റ് ഫണ്ട് നടത്തുന്ന അയാൾ ഈ തുക ജനങ്ങളിൽ നിന്ന് ശേഖരിച്ചതായിരുന്നു. ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാൻ കൊണ്ടുപോകുന്ന വഴിയ്ക്കാണ് കൈമോശം വന്നത്. 

തെളിവ് ആരാഞ്ഞശേഷം റോയി തുക അതിന്റെ ഉടമസ്ഥനായ ഷാജിക്ക് തന്നെ തിരിച്ചുനൽകി.

ദൈവം ഭൂമിയിൽ വന്ന് തനിക്ക് സഹായമായി എന്നായിരുന്നു ഷാജിയുടെ പ്രതികരണം.

നഷ്ടപ്പെട്ട തുക തിരിച്ചുനൽകുന്ന സത്യസന്ധരായ ഓട്ടോഡ്രൈവർമാരെക്കുറിച്ചുള്ള വാർത്ത ഇതാദ്യമല്ല. പക്ഷെ ഇവിടെ മറ്റൊരു വസ്തുതയാണ് റോയിയുടെ പ്രവൃത്തിയെ ശ്രദ്ധേയമാക്കുന്നത്. ഹൃദയസംബന്ധമായ തകരാറുള്ളയാളാണ് റോയി. തുടർചികിത്സക്കും മരുന്നിനും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് അയാൾ.

' പണം കൈമോശം വന്നുപോയ ആളെക്കുറിച്ചായിരുന്നു കൂടുതൽ എനിക്ക് വേവലാതി. നിരാശകൊണ്ട് അയാളോ അവളോ എന്തെങ്കിലും ചെയ്തുപോയാലോ? ഒരാളും മറ്റൊരാൾക്ക് അവകാശപ്പെട്ട പണം സ്വന്തമാക്കരുതെന്നാണ് എന്റെ ബോധ്യം..'

റോയി ചെറുചിരിയോടെ പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് ഹൃദയശസ്ത്രക്രിയക്ക് പണം ആവശ്യം വന്ന സമയത്തും റോയിക്ക് ഇതുപോലെ പണം കളഞ്ഞുകിട്ടിയിരുന്നു. അന്ന് 50,000 രൂപയാണ് കിട്ടിയത്. അത് അങ്ങനെത്തന്നെ പൊലിസ് സ്റ്റേഷനിലേൽപിക്കാൻ ഷാജിക്ക് മടിയുണ്ടായില്ല. അത് പൊലിസ് ശരിയായ ഉടമസ്ഥന് തിരിച്ചുനൽകുകയും ചെയ്തു. 

ദൃശ്യമാധ്യമങ്ങളിലൂടെ റോയിയുടെ കഷ്ടപ്പാടറിഞ്ഞ ഉജാല രാമചന്ദ്രനാണ് അന്ന് ഹൃദയശസ്ത്രക്രിയക്ക് പണം നൽകിയത്.

'അദ്ദേഹം എന്നോട് കാണിച്ച അതേ ദയാവായ്പ് ഞാൻ തുടർന്നുകൊണ്ടുപോകുന്നു. അത്രതന്നെ' ലാളിത്യം നിറഞ്ഞ റോയിയുടെ ചിരി.

റോയിയെ ഇപ്പോൾ കടത്തിന് നടുവിൽ നിൽക്കുന്ന അമ്മയും ഭാര്യയും രണ്ടുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ കൂടെ വിട്ടിട്ട് നാം മടങ്ങുകയാണ്. എങ്കിലും അവർ ആ ചെറിയ ഗ്രാമീണവസതിയിൽ  വലിയ സമാധാനവും ആനന്ദവും അനുഭവിക്കുന്നുണ്ട് എന്നറിഞ്ഞുകൊണ്ട്.