കലാഭവൻ മണിയുടെ മരണം പ്രതികരണങ്ങളിലേക്ക് 
Kerala

കലാഭവൻ മണിയുടെ മരണം പ്രതികരണങ്ങളിലേക്ക്

മണിയുമായി നേരിയ ബന്ധം ഉള്ളവരുമായി പോലും അഭിമുഖങ്ങൾക്കായി മാധ്യമങ്ങൾ നെട്ടോട്ടമോടുകയാണ്

Written by : TNM Staff

കലാഭവൻ മരണിയുടെ മരണത്തിലെ ദുരൂഹത ഇനിയും മറ നീങ്ങിയില്ല. മണിയുടെ ശരീരത്തിൽ കീടനാശിനികളിൽ കാണുന്ന ക്ലോർപിഫോസ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതും തുടർന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തിയ പ്രസ്താവനകളും പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കി. മണിയുമായി നേരിയ ബന്ധം ഉള്ളവരുമായി പോലും അഭിമുഖങ്ങൾക്കായി മാധ്യമങ്ങൾ നെട്ടോട്ടമോടുകയാണ്. 

പ്രതികരണങ്ങളുടെ ഒരു സംക്ഷിപ്തരൂപം താഴെ:

മണിയുടെ സുഹൃത്തും അദ്ദേഹത്തിന്റെ പാഡി എന്ന ഔട്ട്ഹൗസിലേക്ക് ചാരായമെത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളുമായ ജോമോൻ പൊലിസിനോട് പറഞ്ഞത്:

' ഒരു മാസം മുൻപാണ് മണിയുടെ സുഹൃത്തുക്കൾക്ക് ഞാൻ ചാരായമെത്തിക്കുന്നത്. അന്ന് മണി അത് കഴിച്ചില്ല. മണിയുടെ ചങ്ങാതിമാർ കുറച്ച് കഴിച്ചു. ബാക്കി ഞാൻ തിരിച്ചുകൊണ്ടുപോന്നു. എന്റെ പഠനം പൂർത്തിയാക്കുന്നതിന് എന്നെ സാമ്പത്തികമായി അദ്ദേഹം സഹായിച്ചിരുന്നു. ഫെബ്രുവരി ഏഴിനായിരുന്നു ചാരായം കൊടുത്തത്. ഫെബ്രുവരി 15ന് ഞാൻ അബൂ ദബിയിലേക്ക് പോയി. മണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് കാരണമായ ചാരായം ആരെത്തിച്ചുകൊടുത്തുവെന്ന് അറിയില്ല..' 

മണിയുടെ സഹോദരൻ, ആർ.എൽ.വി. രാമകൃഷ്ണൻ

'മണിയുടെ മരണം ഒരു ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. ഞങ്ങളതിനെ നിയമപരമായി അന്ത്യശ്വാസം വരെ എതിർക്കും. അദ്ദേഹം ആത്മഹത്യ ചെയ്യുന്ന ഒരാളല്ല. ചില മാധ്യമങ്ങളൊക്കെ പറയുംപോലെ അദ്ദേഹത്തിന് കാര്യമായ കുടുംബപ്രശ്്‌നങ്ങളൊന്നും ഉണ്ടാകില്ല. ചാരായം വ്യാജമെങ്കിൽ, മണിക്ക് മാത്രമായി വിഷബാധ എങ്ങനെ ഉണ്ടായി? കാശിന് വേണ്ടി അദ്ദേഹത്തെ പലരും ചൂഷണം ചെയ്തിട്ടുണ്ട്..' 

സംഭവത്തിന് ഒരുദിവസം മുമ്പ് മണിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൂടിയായ നടൻ ജാഫർ ഇടുക്കി പൊലിസിനോട് പറഞ്ഞത് ഇങ്ങനെ

'ആ ദിവസം ഞാൻ മണിയുടെ കൂടെയുണ്ടായിരുന്നു. ഒരു സിനിമയുടെ കാര്യം സംസാരിക്കുന്നതിനായിരുന്നു. ചില സുഹൃത്തുക്കളും അന്ന് മണിയുടെ കൂടെയുുണ്ടായിരുന്നു. ബിയർ അല്ലാതെ മറ്റൊന്നും കഴിച്ചില്ല. ഇനി ആരെങ്കിലും അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും പുറത്തുവരണം. ആത്മഹത്യ ചെയ്യുന്ന തരത്തിലുള്ള ഒരാളല്ല മണി, ഒരു കുടുംബപ്രശ്‌നവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.'

മണിയുടെ ഭാര്യ നിമ്മി:

'അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. മണിക്ക് ഗുരുതരമായ കരൾരോഗമുണ്ടെന്ന് എനിക്ക് അറിയുമായിരുന്നില്ല. മണി ബിയർ കുടിച്ചിരുന്നു. ഞങ്ങൾക്ക് ഒരു കുടുംബപ്രശ്‌നവും ഉണ്ടായിരുന്നില്ല. ചങ്ങാതിമാർ നിർബന്ധിക്കുമ്പോൾ മാത്രമാണ് മണി ചാരായം കുടിച്ചിരുന്നത്. മണി ഒരിയ്ക്കലും ആത്മഹത്യ ചെയ്യില്ല..'

സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപണത്തെ തുടർന്ന് പൊലിസ് ചോദ്യം ചെയ്തയാളും ടി.വി. അവതാരകനും മണിയുടെ സുഹൃത്തുമായ സാബുമോൻ അബ്ദുസ്സമദ്:

'പാഡിയിൽ രാത്രി ഞാൻ മണിയെ സന്ദർശിച്ചിരുന്നു. പക്ഷെ ഞാനദ്ദേഹത്തിന് മദ്യം നൽകിയില്ല. രാത്രി 11ന് ഞാൻ തിരിച്ചുപോരുകയും ചെയ്തു. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. എനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും വ്യാജമാണ്. അത് അസ്വാഭാവികമരണമാണെങ്കിൽ, സത്യം പുറത്തുവരികതന്നെ വേണം..'

കലാഭവൻ മണിയുടെ മേയ്ക്കപ്പ്മാൻ ജയരാമൻ:

' ഞാൻ പൊലിസ് കസ്റ്റഡിയിലായിരുന്നില്ല. എന്നെ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ ഞാൻ നിയമനടപടിയെടുക്കും. ഔദ്യോഗിക കാരണങ്ങളാൽ മാത്രമാണ് ഞാൻ മണിയെ സന്ദർശിച്ചത്..'