ഭാര്യയുടെ കുടുംബം അനാഥാലയത്തിലുപേക്ഷിച്ച കുഞ്ഞിനുവേണ്ടി ഒരു പിതാവിന്റെ പോരാട്ടം

ഭാര്യ സോണിയയോടും മകനോടുമൊത്തുചേരാൻ സഞ്ജു നടത്തിയത് കഠിനമായ പോരാട്ടമാണ്
ഭാര്യയുടെ കുടുംബം അനാഥാലയത്തിലുപേക്ഷിച്ച കുഞ്ഞിനുവേണ്ടി ഒരു പിതാവിന്റെ പോരാട്ടം
ഭാര്യയുടെ കുടുംബം അനാഥാലയത്തിലുപേക്ഷിച്ച കുഞ്ഞിനുവേണ്ടി ഒരു പിതാവിന്റെ പോരാട്ടം
Written by:

തന്റെ കുഞ്ഞ് അനാഥനായി വളരരുതെന്ന് ഉറപ്പുവരുത്താൻ വേണ്ടി അവൻ ജനിച്ച നാളുതൊട്ട താൻ നടത്തിയ ദീർഘിച്ച നിയമയുദ്ധത്തെക്കുറിച്ച് ദ ന്യൂസ്മിനുട്ടിനോട് സംസാരിക്കുമ്പോൾ സഞ്ജു സണ്ണിക്ക് കണ്ണീരടക്കാനായില്ല. 

തന്റെ ഒന്നരവയസ്സുള്ള മകൻ എമ്മാനുവേൽ സഞ്ജുവിനെ ഒന്നരവർഷം കഴിഞ്ഞാണ് ആദ്യമായി അയാൾ കാണുന്നത്. കൃത്യമായി പറഞ്ഞാൽ ജൂൺ 23ന്. ജൂൺ 25ന് തൊടുപുഴ ചൈൽഡ് വെൽഫയർ കമ്മിറ്റി കുഞ്ഞിനെ അവന്റെ പിതാവിന് കൈമാറി. 

2013ലാണ് സാധാരണയായി കഥകളിലൊക്കെയെന്നപോലെ സമ്പന്നനെന്ന് പറയപ്പെടുന്ന ഒരാളുടെ മകളായ സോണിയാ മേരി സൈമണിനെ പാവപ്പെട്ട സാമ്പത്തികപശ്ചാത്തലത്തിൽ നിന്നുള്ള സഞ്ജു പ്രണയിച്ചു വിവാഹം കഴിക്കുന്നത്. സോണിയയുടെ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം കഴിച്ചത്. ദാമ്പത്യസൗഖ്യം അനുഭവിക്കുന്നതിന് മുൻപ് സോണിയയുടെ കുടുംബത്തിന്റെ അനുഗ്രഹം തങ്ങളുടെ ബന്ധത്തിന് ഉണ്ടാകണമെന്ന കാരണത്താൽ വിവാഹം കഴിഞ്ഞിട്ടും ഇരുവരും വെവ്വേറെ ജീവിച്ചു. 

'രജിസ്റ്റർ വിവാഹം കഴിഞ്ഞതുകൊണ്ട് അവളുടെ കുടുംബം എന്നെ സമീപിക്കുകയും പള്ളിയിൽ വെച്ച് വിവാഹമാകാമെന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷേ സോണിയയുടെ മനസ്സുമാറ്റാനുള്ള ശ്രമമായിരുന്നു ഇതെന്ന് പിന്നീടാണ് മനസ്സിലായത്. അങ്ങനെ അവളെ അവർ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.' സഞ്ജു വെളിപ്പെടുത്തുന്നു.

'അവളുടെ അപ്പൻ സൈമൺ ഇളവങ്കലും സഹോദരനും ചേർന്ന് വിവാഹമോചനത്തിന് അവളെ നിർബന്ധിച്ചു. അന്ധമായ എതിർപ്പായിരുന്നു അവരുടേത്. ഒരിക്കൽ എന്നെ പിശാചുബാധിച്ചിട്ടുണ്ടെന്ന് വരെ ആരോപിച്ചു..'  സഞ്ജു പറയുന്നു.

സോണിയയുടെ കുടുംബത്തിൽ നിന്ന് പിന്നേയും ഭീഷണികളുണ്ടായി. സോണിയയുടെ സഹോദരൻ സോബിൻ ഒരിക്കൽ അവളെ കാറുകൊണ്ടിടിക്കുകവരെ ചെയ്തു.'ഞങ്ങൾക്ക് ഒരിക്കലും സമാധാനമായിട്ട് ജീവിക്കാൻ കഴിഞ്ഞില്ല. സോണിയയാകട്ടെ എല്ലാ രാത്രികളിലും കരഞ്ഞുകൊണ്ടേയിരുന്നു..' സഞ്ജു പറഞ്ഞു. 

ഈ കുഴപ്പങ്ങൾക്കൊക്കെ ഇടയിൽ 2014 ഏപ്രിലിൽ സോണിയ ഗർഭിണിയായി. പെട്ടെന്ന് സോണിയയ്ക്ക് അമ്മയെ കാണണമെന്നുമായി.' തികച്ചും സാധാരണമായ കാര്യം. എല്ലാ പെൺകുട്ടികൾക്കും അവരുടെ അമ്മമാർ കൂടെവേണമെന്ന തോന്നൽ കാണും. പ്രത്യേകിച്ചും ഗർഭിണിയായിരിക്കുന്ന വേളയിൽ..' 

തുടർന്ന് സെപ്തംബർ 2014ൽ സോണിയ പ്രസവത്തിനായി മാതാപിതാക്കളുടെയടുത്തേക്ക് പോയി. പക്ഷേ ഇത് തന്റെ സോണിയയുമൊത്തുള്ള കുടുംബജീവിതത്തിന് അന്ത്യം കുറിക്കലാകുമെന്ന് അന്ന് സഞ്ജു കരുതിയില്ല. ഏതാനും ആഴ്ചകൾക്ക് ശേഷം തന്നെ ഫോണിൽ വിളിച്ച സോണിയ പറഞ്ഞത് വിവാഹബന്ധം ഉപേക്ഷിക്കാൻ മാതാപിതാക്കൾ തന്നെ നിർബന്ധിക്കുന്നുവെന്നാണ്. പിന്നെ അവളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി മനസ്സിലായി. ഇത് മാത്രമാണ് താൻ അവസാനമായി കേട്ടത്.' സഞ്ജു വിശദീകരിക്കുന്നു. 

അന്നുതൊട്ട് ആരംഭിച്ചതാണ് സഞ്ജുവിന്റെ സോണിയയെക്കുറിച്ചുള്ള അന്വേഷണം. സോണിയ താമസിക്കുന്നിടത്തേക്ക് ഒന്നുരണ്ടുതവണ അയാൾ പോകുക പോലുമുണ്ടായി. ' സോണിയയുടെ ഇഷ്ടത്തിനനുസരിച്ചാണ് ബന്ധമവസനാപ്പിച്ചത് എന്നാണ് അവർ പറഞ്ഞത്. ഞാനാകെ തകർന്നുപോയി. എന്താണ് ചെയ്യേണ്ടത് എന്ന് ഒരൂഹവുമില്ലായിരുന്നു. ഇതൊരു പേടിപ്പിക്കലാണെന്നും പ്രസവം കഴിഞ്ഞാൽ ഭാര്യയും കുഞ്ഞും തിരികേ വരുമെന്നും ഞാൻ കണ്ട ഒരഭിഭാഷകൻ എന്നോട് പറഞ്ഞു. ' സഞ്ജു പറഞ്ഞു.

തുടർന്ന് സഞ്ജു പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. സാധ്യമായിടത്തെല്ലാം അന്വേഷിച്ചു. പക്ഷേ സോണിയ മാതാപിതാക്കളോടൊത്ത് ഇല്ല എന്നുമാത്രമാണ് അയാൾക്ക് അറിയാൻ കഴിഞ്ഞത്. 2015 ജനുവരി 12ന് തനിക്ക് ഒരു കുഞ്ഞുജനിച്ചെന്ന വിവരം നാഷണൽ ഹെൽത്ത് റൂറൽ മിഷനിൽ നിന്നും അയാളറിഞ്ഞു. 

'പക്ഷേ അമ്മയുടേയും കുഞ്ഞിന്റേയും വിശദാംശങ്ങളെന്തെന്ന് എനിക്ക് ഒരൂഹവുമില്ലായിരുന്നു. വീട്ടിലേക്ക് അന്വേഷിച്ചു പോയപ്പോൾ അവരെന്നെ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയതാണ്. അയൽക്കാരിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത് കുഞ്ഞ് അവിടെ ഇല്ലയെന്നുതന്നെയാണ്..'  സഞ്ജു ഓർക്കുന്നു.

അപ്പോഴാണ് സഞ്ജുവിന് സോണിയയിൽ നിന്നും ഒരു വിവാഹമോചന നോട്ടീസ് ലഭിക്കുന്നത്. അതോടെ അയാൾ പൂർണമായും തകർന്നു. ' 2015 ഓഗസ്റ്റിൽ കുടുംബകോടതിയിലെ കോൺസിലിംഗിനിടയിൽ താൻ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ച് ഒരു കൊല്ലം എങ്ങനെ ചെലവിട്ടുവെന്ന് അവളോട് പറഞ്ഞു. എന്റെ ഒരു ചോദ്യത്തിനും അവൾ ഉത്തരം നൽകിയില്ല. എന്നെ നോക്കുക പോലുമുണ്ടായില്ല. ഞാൻ അവളെ ഉപേക്ഷിക്കുയായിരുന്നുവെന്ന് മാത്രം പറഞ്ഞു. അവളുടെ കഴുത്തിലും മുഖത്തുമൊക്കെ മുറിപ്പാടുകളുണ്ടായിരുന്നു. അതെന്താണെന്ന് ഞാൻ ചോദിച്ചു. അതിനും നിശ്ശബ്ദത മാത്രമായിരുന്നു ഉത്തരം. ഒടുവിൽ ഒന്നും പറയാതെ അവൾ കോടതിയിൽ നിന്ന് ഇറങ്ങിപ്പോയി..'  സഞ്ജു കരച്ചിലോടെ പറയുന്നു.

ഭാര്യയും കുഞ്ഞുമായി ഒരുമിക്കുന്നതിന് സഞ്ജു പിന്നീടങ്ങോട്ട് നടത്തിയ ഒരു വല്ലാത്ത യുദ്ധമായിരുന്നു. അതിന്റെ ഭാഗമായാണ് കേരള ഹൈക്കോടതിയിൽ അയാൾ ഹേബിയസ് കോർപസ് ഫയൽ  ചെയ്യുന്നത്. 

' റിട്ട് ഫയൽ ചെയ്തപ്പോൾ പ്രതികരണമുണ്ടായി. കുട്ടി ആദ്യം രാജാക്കാടുള്ള ഡേ കെയർ സെന്ററായ കരുണഭവനിലാണെന്നും പിന്നീട് ഒരു റെയ്ഡിനെ തുടർന്ന് മറ്റ് അഞ്ചുകുട്ടികളോടൊപ്പം തൊടുപുഴയിലെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റുകയാണ് ഉണ്ടായതെന്നും മറുപടിയുണ്ടായി..' 

കരുണഭവൻ യഥാർത്ഥത്തിൽ ഒരു അനാഥാലയമാണെന്നും പകൽവീടല്ലെന്നും സഞ്ജുവിനറിയാം. സോണിയയുടെ അടുത്ത കുടുംബസുഹൃത്തായ ട്രേസ എന്നുപേരുള്ള ഒരു സ്ത്രീയാണ് അത് നടത്തുന്നത്. 

സഞ്ജു പിന്നീട് ശിശുക്ഷേമ സമിതിയെ സമീപിച്ചെങ്കിലും ഭീഷണിയെയും  ശകാരത്തേയും തന്നെ വീണ്ടും നേരിടേണ്ടിവന്നു. മകന് വേണ്ടി അയാൾ എല്ലാം സഹിച്ചു. ഉദ്യോഗസ്ഥരുടെ പരിപൂർണപിന്തുണയോടെ വളരെ കഴിഞ്ഞാണ് സഞ്ജുവിന് മകനെ തിരികെ ലഭിക്കുന്നത്. 

സഞ്ജു തന്റെ കുഞ്ഞിനെ ആദ്യമായി ഒരുനോക്കുകണ്ട നേരത്ത് ആദ്യം ചെയ്തത് ആ കുഞ്ഞുകാലുകളിൽ സ്പർശിക്കുകയാണ്. ' ഒരനാഥലയത്തിൽ എന്റെ മകൻ ഉപേക്ഷിക്കപ്പെട്ടുവെന്ന് ആലോചിക്കാൻ വയ്യ, അതും ഞാൻ ജീവിച്ചിരിക്കുമ്പോൾ..അതുകൊണ്ടാണ് ഞാനവനോട് മാപ്പു ചോദിച്ചത്..' സഞ്ജു ഉറക്കെ കരഞ്ഞുകൊണ്ടുപറഞ്ഞു.

തന്റെ നിരാശയ്ക്ക് ആക്കം കൂട്ടിയത് അനാഥാലയത്തിലെ വാസം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നതാണ്. 'എന്റെ കുഞ്ഞിന് ശരിയായി നടക്കാൻ വയ്യ. അവന്റെ കാലുകൾ ദുർബലമാണ്. വേറെയും ചില രോഗങ്ങളുണ്ട് അവനെന്ന് തോന്നുന്നു. നല്ല ആരോഗ്യത്തോടു കൂടിയാണ് അവൻ ജനിച്ചതെന്ന് ആശുപത്രിയിൽ ചോദിച്ചപ്പോൾ പറഞ്ഞത്. '

ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സോണിയ ഉപരിപഠനത്തിന് കാനഡയിലേക്ക് പോയെന്നാണ് സോണിയയുടെ കുടുംബം അവകാശപ്പെടുന്നത്. ' കാനഡയിലേക്ക് സോണിയ പോയെന്ന് ഞാൻ കരുതുന്നില്ല. കേരളത്തിൽ തന്നെയുണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് തക്കതായ കാരണങ്ങളുണ്ട്. താമരശ്ശേരിക്കടുത്ത് ഒരു കോൺവെന്റിലുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞു.' അതും പറഞ്ഞ് നിസ്സഹായമായ നിശ്ശബ്ദതയിലേക്ക് സഞ്ജു  വഴുതിവീണു. 

Related Stories

No stories found.
The News Minute
www.thenewsminute.com