ഏഷ്യാനെറ്റ് ന്യൂസിന്റെ അഞ്ച് കോ ഓർഡിനേറ്റിങ് എഡിറ്റർമാരിൽ ഒരാൾ മാത്രമാണ് വിനു

Vernacular Saturday, April 09, 2016 - 14:44

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ തോല്പിക്കുകയെന്ന ലക്ഷ്യവുമായി വാർത്ത സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് രണ്ട് വാർത്താ ചാനലുകളിലെ നാല് മാധ്യമപ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി അപകീർത്തിക്കേസ് കൊടുത്തു. സരിതാനായർ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് കേസ് കൊടുത്തത് എന്നാൽ മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള പ്രതികരണമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസിനും കൈരളി ന്യൂസിനുമെതിരെയാണ് വെള്ളിയാഴ്ച ക്രിമിനൽ അപകീർത്തിക്കേസ് മുഖ്യമന്ത്രി എറണാകുളം ചീഫ് ജുഡീഷ്യനൽ മജിസ്‌ട്രേറ്റിന് മുൻപാകെയാണ് കേസ് കൊടുത്തത്. സരിതാനായരടക്കം അഞ്ചുപേരും എതിർകക്ഷികളാണ്. കേസ് മെയ് 28ന് വിചാരണയ്‌ക്കെടുക്കും. 

ഏഷ്യാനെറ്റ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ, സീനിയർ ന്യൂസ് എഡിറ്റർ വിനു വി.ജോൺ, കൈരളി ചീഫ് ന്യൂസ് എഡിറ്റർ മനോജ് കെ. വർമ, സീനിയർ ന്യൂസ് എഡിറ്റർ കെ. രാജേന്ദ്രൻ എന്നീ മാധ്യമപ്രവർത്തകർക്കെതിരെയാണ് നിയമനടപടിക്ക് മുഖ്യമന്ത്രി മുതിർന്നത്. 

'ഒന്നും രണ്ടും പ്രതികൾ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തകൾ തെരഞ്ഞെടുക്കുന്നതിലും സംപ്രേഷണം ചെയ്യുന്നതിലും ഉത്തരവാദിത്വം ഉള്ളവരാണ്. അതുപോലെ കൈരളി ചാനലിന്റെ വാർത്തകൾ തെരഞ്ഞെടുക്കുന്നതിലും സംപ്രേഷണം ചെയ്യുന്നതിലും ഉത്തരവാദിത്വമുള്ളവരാണെന്ന് മൂന്നും നാലും പ്രതികൾ. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ജിഹ്വയാണ് കൈരളി. പരാതിക്കാരൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെ തെരഞ്ഞെടുപ്പിൽ തോല്പിക്കാൻ നിശ്ചയിച്ചുറപ്പിച്ചുള്ള ഒന്നാണ് കമ്യൂണിസ്റ്റ് പാർട്ടി. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി വിജയിക്കരുതെന്ന ആവശ്യമാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനുമുള്ളത്. ഈ ഉദ്ദേശ്യത്തോടുകൂടി ആദ്യത്തെ നാലുപേരും അഞ്ചാമത്തെയാളെ (സരിതാനായർ)  ചട്ടം കെട്ടുകയായിരുന്നു.' പരാതിയിൽ പറയുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മാതൃക പിന്തുടർന്ന് ഉമ്മൻ ചാണ്ടി നടത്തിയ ഈ നീക്കം പലരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഏഷ്യാനെറ്റിലെ വിനു വി ജോണിനെ ഇതിൽ ഉൾപ്പെടുത്തിയതെന്നതും ആശ്ചര്യകരമാണ്. 

ഏഷ്യാനെറ്റിലെ കോ-ഓർഡിനേറ്റിങ് എഡിറ്റർമാരിൽ ഒരാൾ മാത്രമാണ് വിനു.വി.ജോൺ. സരിതയുടെ വാർത്തയുമായി ്‌ദ്ദേഹത്തിന് ബന്ധമൊന്നുമില്ല. ചാനലിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ എഡിറ്റർക്ക് താഴെ വരുന്നയാളുമല്ല. അദ്ദേഹമല്ല വാർത്ത ബ്രേക്ക് ചെയ്തത്. വാർത്ത സംപ്രേഷണം ചെയ്ത പരിപാടിയുടെ അവതാരകനുമല്ലായിരുന്നു. 

സാധാരണഗതിയിൽ സംസ്ഥാന ഗവൺമെന്റ് അപകീർത്തിക്കേസ് കൊടുക്കുന്നത് മാധ്യമത്തിന്റെ എഡിറ്റർക്കും ബന്ധപ്പെട്ട റിപ്പോർട്ടർക്കുമെതിരെയാണ്. ഇവിടെ വാർത്താ അവതാരകൻ ശരത് ചന്ദ്രനും വാർ്ത്ത റിപ്പോർട്ട് ചെയ്തത് ജോഷിയുമാണ്. പിന്നെയെന്തിനാണ് വിനുവിന്റെ പേര് ഉൾപ്പെടുത്തിയത് എന്നാണ് പലരും അത്ഭുതം കൂറുന്നത്.

'ഏഷ്യാനെറ്റിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകനാണ് വിനു. എനിക്ക് തന്ന പേര് അതാണ്. കിട്ടിയ നിർദേശമനുസരിച്ച് കേസ് ഫയൽ ചെയ്യുകയും ചെയ്തു.' ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനായ ജി. ശ്രീകുമാർ പറഞ്ഞു.

എഡിറ്റർക്ക് പുറമേ ഏതെങ്കിലുമൊരു ജീവനക്കാരനെ കൂടി കേസിലുൾപ്പെടുത്തണമെന്നതുകൊണ്ടുമാത്രമാണ് വിനുവിനെ കേസിലുൾപ്പെടുത്തിയിട്ടുണ്ടാകുകയെന്ന് ഏഷ്യാനെറ്റ് വൃത്തങ്ങൾ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 'മുഖ്യമന്ത്രിയുടെ ഓഫിസിന് പലതവണ വിനു രസക്കേടുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയായിരിക്കാം ആ പേര് ഒരാലോചനയും കൂടാതെ ഉൾപ്പെടുത്തപ്പെട്ടത്..' ഒരു മുതിർന്ന പത്രപ്രവർത്തകൻ പറഞ്ഞു.

 

Become a TNM Member for just Rs 999!
You can also support us with a one-time payment.