ജെ.എൻ.യു. വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലൈംഗികത്തൊഴിലാളികൾ

news Friday, March 04, 2016 - 17:10

ജെ.എൻ.യു വിദ്യാർത്ഥികൾക്ക് ലൈംഗികത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന വേശ്യ അന്യായ് മുക്തി പരിഷത് (വി.എ.എം.പി) എന്ന സംഘടനയുടെ ഐക്യദാർഢ്യം. 

കൻഹയ്യയെ മോചിപ്പിക്കുന്നതിന് തൊട്ടുമുൻപ് വ്യാഴാഴ്ച ജെ.എൻ.യു വിദ്യാർത്ഥികൾക്ക് എഴുതിയ കത്തിൽ കൂട്ടായ്മ ഇങ്ങനെ പ്രഖ്യാപിക്കുന്നു.' സലാം..ജയ് ഭീം..ലാൽസലാം....രാജ്യദ്രോഹക്കുറ്റത്തിനെതിരെയുുള്ള നമ്മുടെ യുദ്ധം ജയിക്കുക തന്നെ ചെയ്യും. മാർച്ച് 3 ലൈംഗികത്തൊഴിലാളി അവകാശദിനം സിന്ദാബാദ്..!

കത്ത് തുടർന്ന് പറയുന്നു

നിങ്ങൾ തുടങ്ങിവെച്ച സംവാദത്തിൽ ചില കൂട്ടിച്ചേർക്കലുകൾക്കായും നിങ്ങളുടെ പോരാട്ടത്തെ പ്രകീർത്തിച്ചുമാണ് ലൈംഗികത്തൊഴിലാളികളുടെ അവകാശ പ്രസ്ഥാനമെന്ന നിലക്ക് ഞങ്ങളിതെഴുതുന്നത്. മഹിഷാസുര രക്തസാക്ഷി ദിനത്തിൽ ജെ.എൻ.യുവിൽ പുറത്തിറങ്ങിയെന്ന് പറയുന്ന ലഘുലേഖയിൽ ലൈംഗികത്തൊഴിലാളി എന്ന പദസമുച്ചയം എന്തുകൊണ്ട് ഉപയോഗിച്ചുവെന്ന് ചർച്ച ചെയ്യുന്നതിൽ ഞങ്ങൾ തൽപരരാണ്. സാധാരണയായി ഉപയോഗിക്കുന്ന വേശ്യ എന്ന പദത്തിന് പകരം ലൈംഗികത്തൊഴിലാളി എന്ന രാഷ്ട്രീയമായി ശരിയായ പ്രയോഗം അനാരോഗ്യകരമായ ഒരുപ്രവൃത്തിയെയാണ് അത് സൂചിപ്പിക്കുന്നതെന്ന വസ്തുതയെ വിസ്മരിപ്പിക്കുന്നില്ല. ഈ പദത്തിന്റെ ഉപയോഗം ആ പദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കൂട്ടുകയേ ചെയ്തിട്ടുള്ളൂ.

കത്ത് പിന്നീട് പാർലമെന്റിൽ മനുഷ്യവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച കാര്യവും പരാമർശിക്കുന്നു. ദുർഗാപൂജയെക്കുറിച്ച് അധിക്ഷേപകരവും പറയാൻ കൊള്ളാത്തതുമായ പ്രയോഗങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു കത്ത് എന്നാണ് മന്ത്രി സഭയിൽ പറഞ്ഞത്. '  മഹിഷാസുരനെ വശീകരിച്ച് വിവാഹം കഴിക്കാനും മധുവിധുവിന്റെ ഒമ്പതുരാത്രികൾക്ക് ശേഷം ഉറക്കത്തിൽ അയാളെ വധിക്കാനുമായി ദുർഗ എന്ന് പേരുള്ള ഒരു ലൈംഗികത്തൊഴിലാളിയെ പണം കൊടുത്ത് ഏർപ്പാടാക്കി' എന്ന് ലഘുലേഖയിലുണ്ടെന്നാണ് ഇറാനി പറഞ്ഞത്.

ഇതിനോട് സംഘടന കത്തിൽ പ്രതികരിക്കുന്നതിങ്ങനെ:

ലഘുലേഖയിൽ അച്ചടിച്ച വാക്കുകൾ ഉച്ചരിക്കേണ്ടിവന്നതിൽ മന്ത്രി ദേവിയോട് ക്ഷമ ചോദിക്കുകയുണ്ടായി. ലൈംഗികത്തൊഴിലാളി എന്ന രാഷ്ട്രീയമായി ശരിയായ പ്രയോഗവും ലൈംഗികവേഴ്ചയെക്കുറിച്ച മധുവിധു, വശീകരണം എ്ന്നീ വാക്കുകളും ആണ്  മന്ത്രിക്ക് ശ്വാസംമുട്ടലുണ്ടാക്കിയത്. വെളുത്ത തൊലിയുള്ള ഒരു സ്ത്രീ മഹിഷാസുരനെ വശീകരിച്ചു വധിച്ചുവെന്ന ആദിവാസികൾക്കിടയിൽ ഏറെ സ്വീകാര്യമായ സങ്കല്പത്തിനും മന്ത്രി ക്ഷമ ചോദിക്കേണ്ടിയിരുന്നു. ഈ സ്ത്രീ ദുർഗയാണോ എ്ന്ന കാര്യം വ്യക്തമല്ലെങ്കിലും.

ജെ.എൻ.യു സംഭവത്തെക്കുറിച്ച് പലരും നടത്തിയ പ്രതികരണങ്ങളിൽ ലൈംഗികത്തൊഴിലാളികളെക്കുറിച്ച് നടത്തിയ പരാമർശങ്ങളെയും കത്ത് സ്പർശിക്കുന്നുണ്ട്  ' ലൈംഗികത്തൊഴിലാളിയെക്കുറിച്ചും ലൈംഗികവേഴ്ചയിലേർപ്പെടുന്ന സ്ത്രീയെക്കുറിച്ചുമുള്ള ഈ നിരന്തരപരാമർശങ്ങൾ അവ വിവരിക്കുന്ന സ്ത്രീയെ അധിക്ഷേപിക്കുന്നതിനും ചാപ്പ കുത്തുന്നതിനും ഉ്‌ദ്ദേശിച്ചുള്ളവയാണ്. അറപ്പും വെറുപ്പും ഓക്കാനവും ബീഭത്സതയും ചിത്രീകരിക്കാനാണ് അവ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയമായി ശരിയായ ലൈംഗികത്തൊഴിലാളി എ്ന്ന പദം വെറുതേ ഉപയോഗിച്ചതുകൊണ്ടുമാത്രം വേശ്യ എന്ന ചാപ്പകുത്തലിൽ നിന്ന് മോചിപ്പിക്കുന്നില്ല. സ്ത്രീയെ നല്ലവളെന്നും ചീത്തവളെന്നും വിഭജിക്കാൻ വേണ്ടിയാണ് ഇതുപയോഗിച്ചിട്ടുള്ളത്.'

കത്ത് ഇങ്ങനെ അവസാനിപ്പിക്കുന്നു:

ഞങ്ങൾക്കും വേണം സ്വാതന്ത്ര്യം.

വിവേചനത്തിൽ നിന്നും മൂല്യവിവേചനകല്പനകളിൽ നിന്ന് ഉണ്ടാകുന്ന അതിക്രമങ്ങളിൽ നിന്നും ലൈംഗികത്തൊഴിലിലേർപ്പെട്ടതിന്റെ പേരിൽ പെരുത്തുവരുന്ന അനീതിയിൽ നിന്നും രാഷ്ട്രീയമായി ശരിയായതും എന്നാൽ ചാപ്പ കുത്തലിന് പ്രയോഗിക്കുന്നതുമായ തരത്തിൽ അലസമായി ലൈംഗികത്തൊഴിലാളി എന്ന പദസമുച്ചയം ഉപയോഗിക്കുന്നതിൽ നിന്നുമുള്ള സ്വാതന്ത്ര്യം. 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.