അക്രമികൾ ലക്ഷ്യമിട്ടത് കുട്ടിയുടെ അച്ഛൻ രാഹുലിനെയായിരുന്നുവെന്ന് കാർത്തിക്ക്ിന്റെ കുടുംബാംഗങ്ങൾ പറയുന്നു

Malayalam Tuesday, May 31, 2016 - 18:42

സി..പി.ഐ(എം) പ്രവർത്തകർ പിതാവിനോടുള്ള രാഷ്ട്രീയവൈരാഗ്യത്തിന് മകനെ ഇരയാക്കി എന്ന ആരോപിക്കപ്പെടുന്ന സംഭവത്തെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ അപലപിച്ചു

കടുത്ത രാഷ്ട്രീയധ്രുവീകരണമുള്ള കണ്ണൂരിൽ അക്രമവും കൊലപാതകവും പുതുമയല്ല. പക്ഷേ ഇപ്പോൾ, ബി.ജെ.പി.ക്കാർ പറയുന്നത് വിശ്വസിക്കാമെങ്കിൽ, രാഷ്ട്രീയത്തെപ്രതിയുള്ള ഈ ചോരക്കളിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായിരിക്കും  ഏഴുവയസ്സുകാരൻ കാർത്തിക്.

തിങ്കളാഴ്ചയാണ് കണ്ണൂർ ഇരിട്ടിയിലുള്ള വീട്ടിൽ വെച്ച് കുട്ടിയുടെ അമ്മാവനടക്കമുള്ള ഒരു കൂട്ടം അക്രമികൾ ഈ രണ്ടാം ക്ലാസുകാരനെ ആക്രമിച്ചുപരുക്കേൽപിച്ചത്. അക്രമികൾ കുട്ടിയുടെ തല ചുവരിലിടിപ്പിക്കുകയും കുട്ടിയെ വാളുകൊണ്ട് വെട്ടുകയും ചെയ്തു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് അക്രമികൾ അവിടെയെത്തിയത്.

അക്രമികൾ ലക്ഷ്യമിട്ടത് കുട്ടിയുടെ അച്ഛൻ രാഹുലിനെയായിരുന്നുവെന്ന് കാർത്തിക്ക്ിന്റെ കുടുംബാംഗങ്ങൾ പറയുന്നു. 

അക്രമികൾ സി.പി.ഐ.(എം) കാരായിരുന്നുവെന്നും ബി.ജെ.പി. പ്രവർത്തകരായ മാതാപിതാക്കളെ കണ്ടെത്താനാകാത്തതുകൊണ്ട് കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നുമുള്ള ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പ്രസ്താവന കേസിന് പുതിയ വഴിത്തിരിവ് നൽകിയിരിക്കുകയാണ്.

'പ്രദേശത്തെ ബി.ജെ.പി. നേതാക്കളായ മാതാപിതാക്കളെ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് സി.പി.ഐ.(എം) ഭീകരൻമാർ ഏഴ് വയസ്സായ കാർത്തിക്കിനെ ആക്രമിച്ചു ്# ലെഫ്റ്റിസ്റ്റ് ടെറർ' എന്നാണ് ചൊവ്വാഴ്ച കുമ്മനം ട്വീറ്റ് ചെയ്തത്.

എന്നാൽ ഇരിട്ടി പൊലിസ് ബി.ജെ.പി. ആരോപണത്തെ ഖണ്ഡിക്കുകയാണ്. കുട്ടിയുടെ അമ്മാമനാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് ഇരിട്ടി സി.ഐ. വി. ഉണ്ണികൃഷ്ണൻ  ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞത്. 

'അവർക്ക് ചില കുടുംബപ്രശ്‌നങ്ങളുണ്ട്. അക്രമത്തിനിരയായ കുട്ടിയുടെ ഒരമ്മാമനാണ് മുഖ്യപ്രതി. കൃത്യമായ കാരണം ഇനിയും അറിയേണ്ടതുണ്ടെങ്കിലും ഇവിടെ രാഷ്ട്രീയപ്രശ്‌ന്ങ്ങളൊന്നുമില്ല..' അദ്ദേഹം പറഞ്ഞു.

ഇതൊരു രാഷ്ട്രീയ ആക്രമണമാണെന്ന ആരോപണത്തെ ശരിവെയ്ക്കുന്നതരത്തിലുള്ള രാഷ്ട്രീയാതിക്രമങ്ങളുടെ ചരിത്രമൊന്നും ഇരിട്ടിയ്ക്കില്ലെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. 

'പ്രഥമദൃഷ്ട്യാ ഇതിന് രാഷ്ട്രീയബന്ധമൊന്നുമില്ല. മാധ്യമങ്ങൾ വസ്തുതകൾ പരിശോധിക്കാതെ റിപ്പോർട്ടിംഗിന് മുതിരുന്നതെന്താണ് എന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്..?' അദ്ദേഹം പറഞ്ഞു.

കാർത്തിക്കിന്റെ അച്ഛൻ പറയുന്നത് ഇതൊരു രാഷ്ട്രീയാക്രമണം തന്നെയാണ് എന്നാണ്. കുടുംബപ്രശ്‌നങ്ങളാണ് നിമിത്തം എന്ന വാദത്തെ അദ്ദേഹം ഖണ്ഡിക്കുന്നു. ' എന്റെ ഭാര്യാസഹോദരൻ ഒരു സി.പി.ഐ.(എം) പ്രവർത്തകനാണ്. ഒരു ബി.ജെ.പി. പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമാണ്. കേസിൽ ഭാര്യാസഹോദരന്റെ പേര് ഞാനാണ് വലിച്ചിഴച്ചത് എന്നാണ് അദ്ദേഹം വിചാരിക്കുന്നത്. എന്നാൽ ്്അതദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. ഞങ്ങളെ പലനിലയ്ക്കും പീഡിപ്പിക്കാൻ മുൻപും അദ്ദേഹവും മറ്റ് സി.പി.ഐ.(എം)പ്രവർത്തകരും ശ്രമിച്ചിട്ടുണ്ട്. ഒറ്റയക്കാണ് എന്നെ ആക്രമിക്കാൻ വന്നതെങ്കിൽ അത് ഒരു കുടുംബപ്രശ്‌നമാണെന്ന് വിചാരിക്കാം. പക്ഷേ ആയുധങ്ങളും ആളുകളുമായി വന്നാണ് ആക്രമണം നടത്തിയത്. വീട്ടിലേക്ക് വരുംമുൻപേ ഫോണിൽ വിളിച്ച് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഉണ്ടായി. ഞാനവിടെ ഇല്ലാത്തതുകൊണ്ട് എന്റെ മകനെ ആക്രമിച്ചു..' കുട്ടിയുടെ അച്ഛനായ രാഹുൽ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 

കുട്ടിയുടെ അമ്മാവനും മുഖ്യപ്രതിയുമായ മനു സംഭവത്തിന് ശേഷം ഒളിവിലാണ്. മനുവിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സി.ഐ. ഉണ്ണികൃഷ്ണൻ പറഞ്ഞു. 

കൈകൾക്ക് സാരമായി പരുക്കേറ്റ കാർത്തിക്കിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. 

എന്തായാലും പ്രശ്‌നം രാഷ്ട്രീയമായി മുതലെടുക്കാൻ തന്നെയാണ് ബി.ജെ.പി. നിശ്ചയിച്ചിട്ടുള്ളത്. കാർത്തികിനെ ചൊവ്വാഴ്ച വൈകിട്ട് കുമ്മനം സന്ദർശിക്കുമെന്നറിയുന്നു. 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.