മാണിക്കു മുന്നില്‍ മൂന്നുവഴി, സാവകാശം തീരുമാനിക്കാം

എന്‍.ഡി.എ. വന്നതാണ് പ്രധാനം
മാണിക്കു മുന്നില്‍ മൂന്നുവഴി,  സാവകാശം തീരുമാനിക്കാം
മാണിക്കു മുന്നില്‍ മൂന്നുവഴി, സാവകാശം തീരുമാനിക്കാം
Written by:

കേരളാകോണ്‍ഗ്രസ് നഷ്ടക്കച്ചവടങ്ങള്‍ നടത്താറില്ല. ഏതാണ് കൂടുതല്‍ ലാഭം എന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ടായാല്‍ പാര്‍ട്ടി രണ്ടാകുമെന്നു മാത്രം. രണ്ടിലൊരാള്‍ക്ക് ലാഭം കൂടുതലുണ്ടെന്നു കണ്ടാല്‍ മറ്റേയാളും ആ മറുകണ്ടം ചാടും. അപ്പോള്‍ എല്ലാവര്‍ക്കും തുല്യസന്തോഷം. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പെയും ഈ പ്രശ്‌നം ഉടലെടുത്തു. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും തിരഞ്ഞെടുപ്പുതിരിച്ചടി മുന്‍കൂട്ടി കണ്ടാണ് മറുകണ്ടം ചാടിയത്. ആ ഘട്ടത്തില്‍ പുറത്തുചാടിയാല്‍ ഇടതുമുന്നണി തന്നെ പെരുവഴിയിലാക്കുമെന്നുറപ്പുള്ളതുകൊണ്ട് മാണി ചാടിയില്ല. തിരഞ്ഞെടുപ്പ് മാണിക്ക് ലാഭകരമായിരുന്നില്ല; ഫ്രാന്‍സിസ് ജോര്‍ജിന് എല്ലാം നഷ്ടമായി എന്നതുമാത്രം വലിയ സമാധാനം. 

മാണി യു.ഡി.എഫ് ഉണ്ടാക്കിയ ആളാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ. ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം നിന്നുകൊടുത്തു എന്നതാണ് സത്യം. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന് ആദ്യം നാണം കെട്ട കെ.കരുണാകരന് ഇന്ദിരയുടെ തിരിച്ചുവരവോടെ ശക്തി കൂടിയപ്പോഴാണ് ആന്റണിയും കൂട്ടരും കോണ്‍ഗ്രസ്സിലേക്ക് മടങ്ങാന്‍ സന്നദ്ധരായത്. ആന്റണിയുടെ  കോണ്‍ഗ്രസ് ഇടതുമുന്നണിക്കൊപ്പം പോയപ്പോള്‍ കെ.എം.മാണിയും ഇടതായി. കേരള രാഷ്ട്രീയത്തില്‍ ആര്‍ക്ക് എന്താണ് ആയിക്കൂടാത്തത്? കുറച്ച് കഴിഞ്ഞ് ആന്റണിയും കൂട്ടരും ഇടതിനെ കയ്യൊഴിഞ്ഞപ്പോള്‍ ഇനി നിന്നിട്ട് കാര്യമില്ല എന്നു മാണിക്കും തോന്നി. രാജി കൊടുക്കാന്‍ മാണി രാജ്ഭവനിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അതറിഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. മാണിയും ലീഗും ആന്റണിയും ഒരു പക്ഷത്തെത്തിയപ്പോള്‍ അതൊരു മുന്നണിയായി. തുടര്‍ന്ന് അധികാരം കൈയ്യാളാന്‍ വേറെ എന്തു ചെയ്യാന്‍? ഇതിനെന്ത് സ്ഥാപകന്‍, ആരു സ്ഥാപകന്‍. അതൊരു ചരിത്രസംഭവം അല്ല. നിലനില്‍ക്കാനും അധികാരം നേടാനും വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് ഇവരെല്ലാം യു.ഡി.എഫ് ആയി നിലകൊണ്ടു. മൂന്നു പതിറ്റാണ്ടു കാലത്തെ ബന്ധം എന്നൊക്കെ പറയുന്നതിന് അതില്‍ക്കുടുതല്‍ വിലയൊന്നുമില്ല. 

എന്‍.ഡി.എ. വന്നതാണ് പ്രധാനം

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിച്ചിരുന്നുവെങ്കില്‍ കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിടുമായിരുന്നോ എന്നൊരു ചോദ്യം രമേശ് ചെന്നിത്തല ചോദിക്കുന്നുണ്ട്്. മഴപെയ്തില്ലായിരുന്നുവെങ്കില്‍ കുട ചൂടുമായിരുന്നോ എന്നു ചോദിക്കുംപോലൊരു തമാശ മാത്രമേ ആകുന്നുള്ളൂ അത്. മുന്‍കാലത്തും യു.ഡി.എഫ് തോറ്റിട്ടുണ്ട്. അപ്പോഴൊന്നും മാണിയോ കേരളാ കോണ്‍ഗ്രസ്സോ ഉടന്‍ മറുകണ്ടം ചാടിയിട്ടില്ല. രണ്ടു കാരണങ്ങളുണ്ട്-ഒപ്പമുണ്ടായിരുന്നവര്‍ വേറൊരു കേരളാ കോണ്‍ഗ്രസ് കൊടിയും ബോര്‍ഡുമായി ഇതിനകം മറുപക്ഷത്തെത്തിയിട്ടുണ്ടാം. യു.ഡി.എഫ് മാത്രമേ ഒരേ കൊടിയും ബോര്‍ഡും ഉള്ള പാര്‍ട്ടികളെ ഒരേസമയം ഒപ്പംകിടക്കാന്‍ അനുവദിക്കാറുള്ളൂ. രണ്ട്്, അഞ്ചുവര്‍ഷം കാത്തുനിന്നാല്‍ എന്തായാലും ഭരണം കിട്ടുമെന്നുറപ്പുള്ളപ്പോള്‍ എന്തിന് റിസ്‌കെടുക്കണം എന്ന ചിന്ത. 

പോരാത്തതിന്, കേരളത്തില്‍ അധികാരമില്ലെങ്കിലും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുണ്ടാകാറുണ്ട്്. കോണ്‍ഗ്രസ് എന്നാല്‍ യു.പി.എ. അപ്പോള്‍ കേരളാ കോണ്‍ഗ്രസ്സും അധികാരത്തിലുണ്ട് എന്നു പറയാമല്ലോ. പാര്‍ലമെന്റില്‍ കേരളാ കോണ്‍ഗ്രസ്സിന് സീറ്റ് എത്രയുണ്ടെന്നു ചോദിക്കരുത്. കുറെക്കാലമായി കേരളാ കോണ്‍ഗ്രസ്സിനും മുസ്ലിം ലീഗിനും യു.പി.എ.യില്‍ വലിയ പവറാണ്!  കോണ്‍ഗ്രസ് കഴിഞ്ഞാല്‍ അവിടെ വലിയ പാര്‍ട്ടി രണ്ടു സീറ്റുള്ള മുസ്ലിം ലീഗാണ്, മൂന്നാമത്തെ വലിയ പാര്‍ട്ടി ഒരു സീറ്റുള്ള കേരളാ കോണ്‍ഗ്രസ്സാണ്. 

അതുകൊണ്ട് രമേശ് ചെന്നിത്തല ചോദിക്കേണ്ടിയിരുന്നത്, യു.ഡി.എഫ് ജയിച്ചിരുന്നെങ്കില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിടുമായിരുന്നോ എന്നല്ല. കാരണം, അതത്ര പ്രസക്തമായ ചോദ്യമല്ല. ഭരിക്കുന്ന മുന്നണി വിട്ട് ആരും പോകാറില്ല. പോകുന്നുവെങ്കില്‍,  മറുപക്ഷം ഉടനെ ഭരണത്തില്‍ വരും എന്നുറപ്പുണ്ടാവണം. ബി.ജെ.പി. അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ മാണി ഇപ്പോള്‍ യു.ഡി.എഫ് വിടുമായിരുന്നോ എന്ന ചോദ്യത്തിനാണ് കൂടുതല്‍ പ്രസക്തി. ഉറപ്പിച്ചുപറയാം, ബി.ജെ.പി.കേന്ദ്രത്തില്‍ അധികാരത്തില്‍വന്നില്ലായാരുന്നുവെങ്കില്‍ കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ യു.ഡി.എഫ് വിടുമായിരുന്നില്ല. എന്‍.ഡി.എഫ് അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍പ്പോലും കേരളാകോണ്‍ഗ്രസ് യു.ഡി.എഫ് വിടുമായിരുന്നില്ല. 

ബാര്‍കോഴ  വലിയ പ്രശ്‌നമല്ല

വിപണിയില്‍ ഒരു വില്പനക്കാരനും ഒരു ആവശ്യക്കാരനും മാത്രമേ ഉള്ളൂ എങ്കില്‍ രണ്ടാള്‍ക്കും ബുദ്ധിമുട്ടാണ്. ആവശ്യക്കാരന് അത്ര തിടുക്കമില്ലെങ്കില്‍ കഷ്ടപ്പെടുക വില്പനക്കാരന്‍ തന്നെയാവും. എല്‍.ഡി.എഫ് മാത്രമാണ് മാണിക്ക് ആശ്രയിക്കാവുന്ന ഒരേ ഒരു പക്ഷം എന്ന അവസ്ഥയുണ്ടായിരുന്നുവെങ്കില്‍ വിലപേശലില്‍ മാണിക്കു മുന്‍കൈ ഉണ്ടാകുമായിരുന്നില്ല. സി.പി.എമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടാകുമായിരുന്നു. അച്യുതാനന്ദന്‍ വാളെടുക്കുമായിരുന്നു. സി.പി.ഐ. വെറുതെ ഉടക്കുണ്ടാക്കുമായിരുന്നു. ബാര്‍കോഴ വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുമായിരുന്നു. ഇപ്പോള്‍ ആ പ്രശ്‌നമൊട്ടും ഇല്ലെന്നല്ല. പക്ഷേ, മാണിയെ ആവശ്യമുള്ള ഒരാള്‍ കേന്ദ്രത്തിലുണ്ട് എന്നത്, വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷമുണ്ടാക്കുന്നു. 

ബാര്‍കോഴയൊന്നും ആര്‍ക്കും വലിയ പ്രശ്‌നമല്ല എന്നു നമുക്കറിയാം.  അതിന്റെ വീര്യം ഉമ്മന്‍ചാണ്ടി തന്നെ പരമാവധി ഊറ്റിക്കളഞ്ഞിട്ടുണ്ട്. അല്ലെങ്കിലും ബി.ജെ.പി.യുടെ കേരളഘടകത്തില്‍ ചിലരെല്ലാം നെറ്റിചുളിക്കുകയും പുരികം വളക്കുകയുമൊക്കെ ചെയ്യുമെങ്കില്‍ അമിത് ഷാ തീരുമാനമെടുത്താല്‍ ഇവിടെ ആരും ഒരക്ഷരം മിണ്ടില്ല. കാരണം, കേരളാ കോണ്‍ഗ്രസ്സിനെ എന്‍.ഡി.എ പക്ഷത്ത് ചേര്‍ക്കുന്നത് കുമ്മനം രാജശേഖരനെയോ തുഷാര്‍ വെല്ലാപ്പള്ളിയേയോ മുഖ്യമന്ത്രിയാക്കാനല്ല, നരേന്ദ്രമോദിയെ അടുത്ത തവണയും പ്രധാനമന്ത്രി ആക്കാനാണ്. തീര്‍ച്ചയായും ബാര്‍കോഴ സമരമൊക്കെ വാശി പിടിച്ചുനടത്തിയ ബി.ജെ.പി. അണികള്‍ക്ക് മാണിയെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാവും. പക്ഷേ, രാഷ്ട്രീയത്തിന്റെ ചില അനിവാര്യതകള്‍ അവര്‍ക്കും സഹിക്കാനേ പറ്റൂ. എന്തെല്ലാം സഹിച്ചിരിക്കുന്നു, ഇനി ഒരു മാണിയാണോ വലിയ പ്രശ്‌നം? മോദിയുടെ കരങ്ങള്‍ക്ക് ബലം കൂട്ടാന്‍ ഏത് വൃത്തികെട്ട കക്ഷിയെയും കൂടെക്കൂട്ടാമെന്നു അവര്‍ തീരുമാനിച്ചു കഴിഞ്ഞതാണ്. പഴയ കാല ആദര്‍ശ മാനദണ്ഡങ്ങള്‍ക്കൊന്നും അവിടെ എന്നല്ല എവിടെയും സ്വീകാര്യതയില്ല. 

ഇടതുമുന്നണിക്ക് മാണിയുടെ ബാര്‍ കോഴ ആരോപണം ഒരു വലിയ തടസ്സമാകുമോ? ഇല്ല. തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്ന് ബാര്‍ കോഴ ആരോപണം ആയതുകൊണ്ട് കെട്ടടങ്ങാന്‍ കുറച്ചു സമയം വേണം എന്നേ ഉള്ളൂ. എത്ര സമയം? ആര്‍.ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചതിനും അദ്ദേഹത്തിന്റെ മകനെ ഇടതുമുന്നണി എം.എല്‍.എ ആക്കിയതിനും ഇടയില്‍ എത്ര സമയം ഉണ്ടായിരുന്നോ അതില്‍കുറച്ചു സമയമേ ഇതിനും വേണ്ടൂ. അഴിമതി അല്ല പാര്‍ട്ടിയുടെ കൂട്ടുകെട്ടുകള്‍ തീരുമാനിക്കുന്നതിനുള്ള മുഖ്യമാനദണ്ഡം. ഇത് മുന്‍ ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞതാണ്. അഴിമതി നോക്കി നടന്നാല്‍ മുന്നണിയുണ്ടാക്കാനൊന്നും പറ്റില്ല എന്നദ്ദേഹം ഒരിക്കല്‍ വ്യക്തമാക്കിയതാണ്. 

ജയലളിതയടെ മുഖത്ത്  ഇതിനേക്കാള്‍ അഴിമതിയുടെ കരി പുരണ്ടതാണ്. അവരെ സി.പി.എം അകറ്റി നിര്‍ത്തിയിട്ടില്ല. അതിലും വലുതല്ല കെ.എം.മാണി. പ്രയോജനമുണ്ടോ എന്നതുമാത്രമാണ് പ്രശ്‌നം.  തമിഴ്‌നാട്ടിലെ പ്രശസ്ത ഏഴുത്തുകാരി മണിമേഖല കോഴിക്കോട്ട് ഒരു സാഹിത്യച്ചടങ്ങില്‍ പറഞ്ഞത് ഓര്‍മ വരുന്നു. നിങ്ങളുടെ പത്രത്തില്‍, മന്ത്രി ഒരു കോടി- രണ്ടു കോടി കോഴ വാങ്ങി എന്നും മറ്റും വായിക്കുമ്പോള്‍ ഞാന്‍ ചിരിച്ചുപോകുന്നു. ഞങ്ങള്‍ അത്തരം വാര്‍ത്തകളൊന്നും കൊടുക്കാറില്ല. ആയിരം കോടി അയ്യായിരം കോടിയെങ്കിലുമുണ്ടെങ്കിലേ ഞങ്ങള്‍ ശ്രദ്ധിക്കാറുതന്നെയുള്ളൂ! 

ജയലളിത എവിടെ മാണി എവിടെ!

മടക്കയാത്രയും അസാധ്യമല്ല. 

മാണിക്ക് തീരുമാനമെടുക്കാന്‍ ഒന്നോ രണ്ടോ വര്‍ഷത്തെ സാവകാശമെടുക്കാം. അതിനിടയില്‍ ഒന്നും സംഭവിക്കില്ല. പുത്രനെ കേന്ദ്രമന്ത്രിയാക്കാന്‍ ധുതി കൂട്ടിയാല്‍ ഇവിടത്തെ കണക്കുകള്‍ പിഴയ്ക്കും. എന്‍.ഡി.എ.ക്കൊപ്പം മാണി പോകരുതെന്ന് പിണറായിക്കും താല്പര്യമുണ്ട്്. കുറെ വിട്ടുവീഴ്ചകള്‍ക്ക്് അവരും തയ്യാറാണ്. ബാര്‍ കോഴയൊക്കെ ഒരരുക്കാക്കിക്കിട്ടിയാല്‍ പിന്നെ ആലോചിക്കാവുന്നതേ ഉള്ളൂ പുത്രന്റെ കാര്യം. തനിക്ക് ഇനി ഒന്നും അധികം നേടാനില്ല. പുത്രന്റെ കാര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കണം. അതു നമുക്കല്ല മാണിക്കല്ലേ നന്നായി അറിയുക!  

ഇനി ഇതൊന്നും നടന്നില്ലെങ്കില്‍ തന്നെയെന്ത്്? കുറെ അന്യോന്യം കുറ്റം പറയുമെങ്കിലും യു.ഡി.എഫില്‍ എക്കാലത്തും മാണിക്ക് സുഹൃത്തുക്കളുണ്ടാകും. യു.പി.എ.യുടെ സ്ഥിതി മോശമാണ്. അതിനി പഴയ പടി ആകാനുള്ള സാധ്യത വിരളമാണ്. പക്ഷേ, രാഷ്ട്രീയത്തില്‍ ഒന്നും തള്ളിക്കളയാനാവില്ല. യു.പി.-ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് തിരിച്ചടി സംഭവിച്ചാല്‍ എങ്ങോട്ടുതിരിയും ഇന്ത്യന്‍ രാഷ്ട്രീയം? ഉറപ്പിക്കാനാവില്ല. 2018 അവസാനിക്കുമ്പോഴേ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഒരു ധാരണയെങ്കിലുമുണ്ടാകൂ. യു.ഡി.എഫ് വിട്ട് പുറത്തിറങ്ങി അതു വിശദീകരിക്കാന്‍ കേരള മാര്‍ച്ച് നടത്തുന്നതിനിടയില്‍ യു.ഡി.എഫിലേക്ക് തിരിച്ചുപോയ പാര്‍ട്ടികളും ഉണ്ടു കേരളത്തില്‍. മുസ്ലിം ലീഗിന്റെ അത്ര സ്പീഡില്‍ കേരളാ കോണ്‍ഗ്രസ് മടങ്ങില്ല എന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റൂ. 

Related Stories

No stories found.
The News Minute
www.thenewsminute.com