ഞാൻ എച്ച്.ഐ.വി ബാധിതയാണ്. അതിന് എന്റെ പഠനം തടസ്സപ്പെടുത്തണോ? അക്ഷര ചോദിക്കുന്നു

13 വർഷത്തിന് ശേഷം അക്ഷര സമാനമായ ഒരവസ്ഥയെ നേരിടുകയാണ്
ഞാൻ എച്ച്.ഐ.വി ബാധിതയാണ്.  അതിന് എന്റെ പഠനം തടസ്സപ്പെടുത്തണോ?  അക്ഷര ചോദിക്കുന്നു
ഞാൻ എച്ച്.ഐ.വി ബാധിതയാണ്. അതിന് എന്റെ പഠനം തടസ്സപ്പെടുത്തണോ? അക്ഷര ചോദിക്കുന്നു
Written by:

കണ്ണൂുർ ജില്ലയിലെ അക്ഷര ആർ. എന്ന വിദ്യാർത്ഥി ആദ്യം വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നത് 2003-ലാണ്. എച്ച്.ഐ.വി പോസിറ്റീവ് ആയതിന്റെ പേരിൽ സ്‌കൂളിൽ നിന്ന് ഭ്രഷ്ട് കൽപിക്കപ്പെട്ടതിനെ തുടർന്നായിരുന്നു അത്. എച്ച്.ഐ.വി ബാധിതരായതിന്റെ പേരിൽ അക്ഷരയും സഹോദരനും കൊട്ടിയൂരിലെ എൽ.പി.സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. ഒരു കൊല്ലത്തോളമാണ് സ്വന്തം മക്കൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി അമ്മ കെ.രമ യുദ്ധം ചെയ്തത്. 

13 വർഷത്തിന് ശേഷം അക്ഷര സമാനമായ ഒരവസ്ഥയെ നേരിടുകയാണ്. അവൾ പഠിക്കുന്ന കണ്ണൂരിലെ വിറാസ് കോളെജ് കോളെജ് ഹോസ്റ്റലിൽ നിന്ന് ഒഴിപ്പിച്ച് ഒരു ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിലുള്ളതും പ്രായമുള്ളവരും മനോദൗർബല്യമുള്ളവരും പാർക്കുന്ന ഒരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചതിനെ തുടർന്നാണ് ഇത്. 

'ജനുവരി 26ന് രണ്ട് അധ്യാപകർ എന്റെ വീട്ടിൽ വന്ന് എന്റെ രണ്ടുചങ്ങാതിമാർ ഞാൻ കാരണം മുറിയൊഴിഞ്ഞുപോയി എന്നറിയിക്കുകയായിരുന്നു. ഒരാൾ എന്റെ മുറിയിൽ തന്നെ താമസിക്കുന്നയാളായിരുന്നു. അടുത്ത മുറിയിലുള്ളയാളായിരുന്നു മറ്റൊരാൾ. അതുകൊണ്ട് എന്നോട് മുറിയൊഴിഞ്ഞുപോകാൻ അധ്യാപകർ ആവശ്യപ്പെട്ടു. വാർത്ത എനിക്ക് വലിയ നിരാശയുണ്ടാക്കി. രണ്ടുമൂന്ന് ദിവസത്തേക്ക് ഞാൻ സ്‌കൂളിൽ പോയതേ ഇല്ല. ആ രണ്ട് വിദ്യാർത്ഥികളെ ഞാൻ പിന്നീട് കണ്ടു. അവർ നല്ല രീതിയിലാണ് എന്നോട് പെരുമാറിയത്. അതുകൊണ്ട് ഒന്നും ചോദിക്കാനും എനിക്ക് തോന്നിയില്ല..' അക്ഷര ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 

രണ്ടുദിവസം കൂടി ഹോസ്റ്റലിൽ തങ്ങിയ അക്ഷരയോട് തുടർന്ന് ചാരിറ്റബ്ൾ സംഘടന നടത്തുന്ന സ്ഥാപനത്തിലേക്ക് മാറാൻ ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ഹോസ്റ്റലിലും തന്നെപ്പോലെ ഒരാൾക്ക് പ്രവേശനം കിട്ടില്ലായെന്നതിനാലാണ് അവിടേക്ക് മാറാൻ ആവശ്യപ്പെട്ടതെന്നു കോളെജ് അധികൃതർ പറഞ്ഞു.

ഈ കോളേജ് വിട്ടുപോകാനാണ് അക്ഷരയുടെ പരിപാടി. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചറിയാവുന്ന സഹപാഠികളും സുഹൃത്തുക്കളും ഇതുവരെ തന്നോട് വിവേചനപൂർവം പെരുമാറിയിട്ടില്ല. 

എന്നാൽ അടുത്തമാസം നടക്കുന്ന ബി.എ. സൈക്കോളജിയുടെ ഒന്നാം വർഷ പരീക്ഷയെക്കുറിച്ചാണ് അക്ഷരക്ക് ഉൽക്കണ്ഠ

'വീട്ടിൽ നിന്ന് കോളേജിലേക്ക് മൂന്നുനാല് മണിക്കൂർ യാത്രയുണ്ട്. അതുകൊണ്ട് സ്ഥിരം കഌസിൽ പോയിവരിക അസാധ്യമാണ്. അടുത്തമാസം എന്റെ രണ്ടാം സെമസ്റ്റർ പരീക്ഷകളാണ്. അതുകൊണ്ട് എനിക്കുള്ള ഒരേ ഒരു വഴി കോളേജ് വിടുക മാത്രമാണ്..' അക്ഷര പറയുന്നു. 

വാർത്ത ഒരു സ്വകാര്യടിവി ചാനലിൽ വന്നയുടൻ കോളേജ് അധികൃതർ പ്രതികരിച്ചത് അവർ അക്ഷരയോട് കലാലയം വിട്ടുപോകാനാവശ്യപ്പെട്ടിട്ടില്ല എന്നാണ്. ഹോസ്റ്റലിലെ ചില വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്ഥിതിഗതികൾ തെറ്റായി മനസ്സിലാക്കുകയായിരുന്നു. 

ജില്ലാ കളക്ടർ പി. ബാലകിരൺ സംഭവം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അക്ഷരയോട് കോളേജിൽ തന്നെ തുടരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രിൻസിപ്പൽ പി.എ.ജുനീദ് ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. ചില രക്ഷിതാക്കളുടെ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയ കുഴപ്പമാണ്. പ്രശ്‌നത്തിന് വൈകാതെ പരിഹാരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

അക്ഷരയെയും അമ്മയേയും ദത്തെടുക്കാനും ചെലവുകൾ വഹിക്കാനും തയ്യാറാണെന്ന് കോളേജ് അധികൃതർ അറിയിച്ചതായും ചില റിപ്പോർട്ടുകളുണ്ട്.  പക്ഷേ അക്ഷരയും അമ്മയും ഇതിന് ഇനിയും സന്നദ്ധരായിട്ടില്ല. പഠനം തുടരണമെന്നതുമാത്രമാണ് തന്റെ ആഗ്രഹമെന്ന് അക്ഷര പറയുന്നു.

എഡിറ്ററുടെ കുറിപ്പ് : തന്നെ തിരിച്ചറിയണമെന്നുള്ളതുകൊണ്ടുതന്നെ, തന്റെ പേരും ഫോട്ടൊയും പ്രസിദ്ധീകരിക്കണമെന്ന് അക്ഷര നിർബന്ധിച്ചതുകൊണ്ടാണ് അവ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. ദ ന്യൂസ്മിനുട്ടിന് ഇതിന് അക്ഷരയിൽ നിന്ന് രേഖാമൂലം അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമങ്ങളനുസരിച്ച് എച്ച്. ഐ.വി. ബാധിതരെ തിരിച്ചറിയാൻ സഹായകമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ട് എന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

Related Stories

No stories found.
The News Minute
www.thenewsminute.com