മാങ്ങാ ഫോണിന്റെ (അഴിമതി) കഥകൾ വിശദാംശങ്ങൾ

'ശമ്പളം ചോദിച്ചാൽ അവർ ഗുണ്ടകളെപ്പോലെയാണ് പെരുമാറാറുള്ളത്..'
മാങ്ങാ ഫോണിന്റെ (അഴിമതി) കഥകൾ  വിശദാംശങ്ങൾ
മാങ്ങാ ഫോണിന്റെ (അഴിമതി) കഥകൾ വിശദാംശങ്ങൾ
Written by:

പഴുത്തുചീഞ്ഞ മാങ്ങയുടെ കഥ തന്നെ. എംഫോൺ ഇലക്ട്രോണിക്‌സ് ആന്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാംഗോഫോൺ എന്ന ഉൽപന്നം കൊട്ടിഗ്‌ഘോഷിച്ചിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ സാമ്പത്തിക വഞ്ചനക്ക് കമ്പനിയുടമകളെ പൊലിസ് അറസ്റ്റ് ചെയ്തു. 

കൊച്ചി ആസ്ഥാനമായുള്ള മാംഗോഫോൺ ഐഫോണിന് കേരളത്തിന്റെ മറുപടിയാണ് എന്നായിരുന്നു അവകാശവാദം. ഐഫോണിന്റെ സവിശേഷതകളെല്ലാം എംഫോണിനുമുണ്ടെന്നും അവകാശവാദമുണ്ടായിരുന്നു. അമിതാഭ്ബച്ചനും സച്ചിൻ ടെണ്ടുൽക്കറുമായിരിക്കും ബ്രാൻഡ് അംബാസഡർമാർ എന്ന കമ്പനിയുടെ പ്രഖ്യാപനം ഒരു മാസത്തിന് മുൻപ് വാർത്തയായിരുന്നു. മലയാളി ഫോണിന്റെ ലോഞ്ചിന് ഒരുദിവസം മുൻപേ പ്രധാനപ്പെട്ട പത്രങ്ങളെല്ലാം മുൻപേജിൽ ഫോണിന്റെ പരസ്യം നൽകുകയും ചെയ്തിരുന്നു.

കമ്പനി ഉടമസ്ഥരായ ആന്റോ അഗസ്റ്റിനെയും ജോസ്‌കുട്ടി അഗസ്റ്റിനെയും തിങ്കളാഴ്ച കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ വെച്ചാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ സഹോദരൻ റോജി അഗസ്റ്റിനെ അറസ്റ്റ് ചെയ്യുകയുണ്ടായില്ല. ലോഞ്ചിങ് ചടങ്ങിൽ വെച്ച് റോജി അഗസ്റ്റിൻ പറഞ്ഞത് കമ്പനിക്ക് ബാങ്കുകാരുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും അവ ഉടൻ പരിഹരിക്കുമെന്നുമാണ്. എന്നാൽ ഫോൺ എന്ന് കമ്പോളത്തിലിറങ്ങുമെന്ന് വ്യക്തമാക്കിയില്ല. രേഖകൾ കെട്ടിച്ചമച്ചുവെന്ന ആരോപണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ കൂട്ടാക്കിയതുമില്ല. 

കല്പറ്റ സ്വദേശികളാണ് ബിസിനസ്സുകാരായ ഈ സഹോദരൻമാർ എന്നറിയുന്നു. എന്നാൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് അവരുടെ അമ്മയുടേയും സഹോദരിയുടേയും പേരിലാണ്. 

അഴിമതി കഥകൾ

കമ്പനിയിലെ ഒരു വനിതാജീവനക്കാരിക്ക് നേരെ അതിക്രമം ഉണ്ടായി എന്ന വാർത്ത പ്രത്യക്ഷപ്പെട്ടത് മറുനാടൻ മലയാളിയിലാണ്. ഫെബ്രുവരി ആദ്യവാരമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. എംഫോണിലെ ചീഫ് റിലേഷൻഷിപ്പ് മാനേജറായിരുന്നു ആക്രമിക്കപ്പെട്ടത്. മുമ്പ് കമ്പനി ഉടമകൾക്കെതിരെ ഉണ്ടായ വഞ്ചനാകേസുകളെക്കുറിച്ച് ആരാഞ്ഞതാണ് പ്രകോപനമായത് എന്നാണ് അവർ പറഞ്ഞത്. അഗസ്റ്റിൻ സഹോദരൻമാർക്കെതിരെയുണ്ടായ കേസുകൾ അറിഞ്ഞതിനെ തുടർന്ന കമ്പനിയിൽ നിന്ന് രാജിവെയ്ക്കാൻ അവരൊരുമ്പെട്ടതും പ്രകോപനമായി. കടുത്ത ശാരീരികാക്രമണമാണ് അവർക്ക് നേരെ ഉണ്ടായതെന്നും കുറച്ചുദിവസം ആശുപത്രിയിൽ കിടക്കേണ്ടിവന്നെന്നും അവർ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. പൊലിസിൽ പരാതിപ്പെട്ടിട്ടും അക്രമികളെ അറസ്റ്റ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

തുടർന്ന് മറുനാടൻ മലയാളി ഇവർക്കെതിരെ കേരളത്തിലും മറ്റുമായി രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസുകളെ കുറിച്ച് വിശദമായി റിപ്പോർട്ടുചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ ഇത് ചൂടും പുകയുമുയർത്തി. 

മാംഗോഫോണിനെക്കുറിച്ച് ചർച്ച ഉയർന്ന അവസരത്തിലാകട്ടെ, സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ വഞ്ചനകളുടെ കഥകളുമായി രംഗത്തുവന്നു. 2012-ൽ ഈ സഹോദരൻമാരുടെ ഉടമസ്ഥതയിലുള്ള ഏഷ്യൻ മോട്ടോഴ്‌സ് എന്ന കമ്പനി എ.എം.ഡബ്ല്യു ട്രക്കുകളുടെ ഡീലർമാരാണെന്ന് അവകാശപ്പെട്ടുവന്നിരുന്നു. വാഹനം വാങ്ങിയ പലരും വഞ്ചിക്കപ്പെട്ടുവെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ആരോപണമുയർന്നത്. 

കണക്കുകൂട്ടലുകൾ 

എംഫോണിന് വേണ്ടി 3,500 കോടി രൂപ ചെലവിടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ കമ്പനി കടുത്ത സാമ്പത്തികഞെരുക്കത്തിലാണ്. കമ്പനിയുടെ ഫോൺ കണക്ഷൻ  പോലും വിച്ഛേദിക്കപ്പെട്ടു. തൊഴിലാളികൾക്ക് സമയത്ത് ശമ്പളം കൊടുക്കാറില്ല. 'ശമ്പളം ചോദിച്ചാൽ അവർ ഗുണ്ടകളെപ്പോലെയാണ് പെരുമാറാറുള്ളത്..' പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു കമ്പനിജീവനക്കാരൻ പറഞ്ഞു.

എംഫോൺ ഫ്രാഞ്ചൈസികളിൽ നിന്ന് പണം മുഴുവൻ കമ്പനി കൈപ്പറ്റിക്കഴിഞ്ഞെന്നും ചില ജീവനക്കാർ ആരോപിക്കുന്നു.

' കമ്പനിയെക്കുറിച്ചും എംഫോണിനെക്കുറിച്ചും വന്ന വാർത്തകളിൽൻമേൽ ഉണ്ടായ അഭിപ്രായങ്ങളും കമ്പനി വ്യാജമാണെന്നും ഏഷ്യൻ മോട്ടോഴ്‌സ് വഴി പലരെയും പറ്റിച്ചെന്ന വാർത്തകളും ഞങ്ങളെ കൂടുതൽ അന്വേഷിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് രാജിവെയ്ക്കാൻ തീരുമാനിക്കുന്നത്..' ഒരു മുൻജീവനക്കാരൻ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

കേസുകൾ

സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ കളമശ്ശേരി ശാഖയുടേയും ബാങ്ക് ഒഫ് ബറോഡയുടെ പത്തടിപ്പാലം ശാഖയുടേയും പരാതിപ്രകാരമാണ് ആന്റോയും ജോസ്‌കുട്ടിയും അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിന് പുറമേ ഇവർക്കെതിരെ മംഗലൂരു നോർത്ത് പൊലിസ് സ്റ്റേഷനിൽ 2015 ൽ ഒരു വഞ്ചനാക്കേസും നിലവിലുണ്ട്. എന്നാൽ കർണാടക ഹൈക്കോടതിയിൽ നിന്ന് ഈ കേസിൽ അവർ ജാമ്യം നേടിയിട്ടുണ്ട്. 

'ഏഷ്യൻ മോട്ടോഴ്‌സിന്റെ വസ്തുവഹകൾ പണയപ്പെടുത്തി എസ്.ബി.ടി.യിൽ നിന്ന് 13 കോടി രൂപയോളം വായ്പ വാങ്ങിയിട്ടുണ്ട്. അവർ അത് തിരിച്ചടയ്ക്കാറില്ല. കമ്പനി ഇപ്പോൾ നിലവിലില്ല. ബാങ്ക് ഒഫ് ബറോഡ 2.68 കോടിയും വായ്പ നൽകി.' എറണാകുളം സെൻട്രൽ സബ് ഇൻസ്‌പെക്ടർ എസ്. സജീവ് കുമാർ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

കനറാ ബാങ്ക് ബാനർജി റോഡ് ബ്രാഞ്ചിൽ നിന്നുള്ള വായ്പാ കുടിശ്ശികയിലും വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. വായ്പ തിരിച്ചടച്ചില്ലെങ്കിൽ വസ്തുവഹകൾ ലേലം ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകിയെന്നും ്അറിയുന്നു. കനറാബാങ്കിന് പണയമായി നൽകിയ വസ്തുവഹകളിൽ ചില നിയമപ്രശ്‌നങ്ങളുള്ളതിനാൽ ലേലനടപടികൾ തടസ്സപ്പെടുകയായിരുന്നെന്നും മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തു.

അഗസ്റ്റിൻ സഹോദരൻമാരുടെ വഞ്ചനാക്കുറ്റങ്ങൾ മാത്രമല്ല വാർത്തകളിൽ നിറയുന്നത.് ഒരു പ്രമുഖദിനപ്പത്രം ബിസിനസ് പേജിൽ ചൊവ്വാഴ്ച കമ്പനിയുടെ പ്രമോഷണൽ വാർത്ത നൽകിയിരുന്നു. 

ഫോൺ ലോഞ്ച് ചെയ്‌തെങ്കിലും ജീവനക്കാർ പറയുന്നത് അവകാശപ്പെട്ട സവിശേഷതകളൊന്നും ഫോണിനില്ലെന്നാണ്. 

' ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിൽ കമ്പനി പണം നിക്ഷേപിച്ചിട്ടുണ്ട്. ആ സ്ഥാപനത്തിന്റെ തലവൻ സ്ഥിരമായി ഞങ്ങളുടെ ഓഫിസിൽ വരുമായിരുന്നു. അദ്ദേഹമാണ് അവരുടെ മുഖ്യശക്തികേന്ദ്രം..' ഒരു മുൻജീവനക്കാരൻ പറഞ്ഞു.

Related Stories

No stories found.
The News Minute
www.thenewsminute.com