മൂന്ന് ദശകം അറബി അധ്യാപികയായ ആദ്യ നമ്പൂതിരി വനിത വിരമിക്കുന്നു

അറബിക് സുന്ദരമായ ഭാഷ ഗോപാലിക പറയുന്നു
മൂന്ന് ദശകം അറബി  അധ്യാപികയായ ആദ്യ നമ്പൂതിരി വനിത വിരമിക്കുന്നു
മൂന്ന് ദശകം അറബി അധ്യാപികയായ ആദ്യ നമ്പൂതിരി വനിത വിരമിക്കുന്നു
Written by:

1987-ൽ  ഗോപാലിക  അറബിക് അധ്യാപനം ആരംഭിക്കുമ്പോൾ ഏറെ ഒച്ചയും ബഹളവും അതിനെതിരെ ഉണ്ടായി. ബ്രാഹ്മണസമുദായക്കാരി ആ ഭാഷ പഠിപ്പിക്കരുതെന്നായിരുന്നു പല ആളുകളുടെയും ആവശ്യം.

17-ാം വയസ്സിലാണ് ഗോപാലിക അന്തർജനം അറബിക് ഭാഷ പഠിക്കണമെന്ന ആഗ്രഹം കുടുംബത്തോട് പ്രകടിപ്പിക്കുന്നത്. അന്നത് വലിയൊരു കാര്യമായിരുന്നു:'വ്യത്യസ്ത ഭാഷകൾ പഠിക്കണമെന്നത് എന്റെയൊരു വലിയ അഭിലാഷമായിരുന്നു. ഹൈസ്‌ക്കൂൾ ക്ലാസുകളിലായിരിക്കുമ്പോൾ ഞാൻ സംസ്‌കൃതം പഠിച്ചു. അറബിക് പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഞങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്നു. അങ്ങനെയാണ് എനിക്കതിൽ താല്പര്യം ജനിക്കുന്നത്..' 

തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ് ഗോപാലിക. പരമ്പരാഗതമായി കൊട്ടിയൂരമ്പലത്തിലെ പുരോഹിതരാണ് അവരുടെ കുടുംബം. 'എല്ലാ സമുദായങ്ങളിലും പെട്ടവർ എന്റെ ഗ്രാമത്തിലുണ്ടായിരുന്നു. സമുദായത്തിന്റെ പേരിൽ ആരും വിവേചനം കാട്ടിയിരുന്നില്ല. എല്ലാ സമുദായങ്ങളിലും പെട്ടവർ എന്റെ സഹപാഠികളായി ഉണ്ടായിരുന്നു. അറബിക് പഠിപ്പിച്ചിരുന്ന ഒരു സ്ഥാപനം എന്റെ ഗ്രാമത്തിലുണ്ടായിരുന്നു. ആ സ്ഥാപനത്തിലെ എല്ലാവരും എന്നെ സ്വാഗതം ചെയ്തു.'

ബ്രാഹ്മണസമുദായത്തിൽ പെട്ട വേറെയു കുട്ടികൾ അവിടെ അറബിക് പഠിക്കാനായി ഉണ്ടായിരുന്നു എന്നാണ് ഗോപാലിക അന്തർജനം ഓർക്കുന്നത്. എന്നാൽ അവരാരെങ്കിലും പിന്നീട് ആ ഭാഷ പഠിപ്പിക്കുന്നത് തൊഴിലായി എടുത്തോ എന്ന് തീർച്ചയില്ല. 

ഗോപാലികയായിരിക്കും ഒരുപക്ഷേ കേരളത്തിൽ ബ്രാഹ്മണസമുദായത്തിൽ പെട്ട ആദ്യ അറബിക് ടീച്ചർ. രണ്ടര ദശകത്തോളം അവർ ആ ഭാഷ പഠിപ്പിച്ചു. എന്നാൽ തുടക്കം അത്ര സുഖകരമല്ലായിരുന്നെങ്കിലും.

1987 എന്ന വർഷം ആകെ പ്രക്ഷുബ്ധമായ ഒന്നായിരുന്നു. മലപ്പുറം ജില്ലയിലെ പനയൂർ മനയിലെ നാരായണൻ നമ്പൂതിരി അവരെ വിവാഹം ചെയ്തു. ഭർതൃവസതിക്കടുത്ത് അവർ അറബിക് ടീച്ചറായി ജോലിക്ക് കയറി. എന്നാൽ അവിടെ ഗോപാലിക എന്ന നമ്പൂതിരി സ്ത്രീ അറബിക് പഠിപ്പിക്കുന്നതിനെതിരെ എതിർപ്പുയർന്നു. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പക്ഷേ പൊരുതിജയിക്കാനായിരുന്നു അവരുടെ തീരുമാനം. അവർ ഹൈക്കോടതിയെ സമീപിച്ചു. 1989-ൽ അവർക്ക് അനുകൂലമായി വിധിയുണ്ടായി. മലപ്പുറം ജില്ലയിലെ ഒരു സ്‌കൂളിൽ പി.എസ്.സി മുഖാന്തിരം അവർക്ക് ജോലി കിട്ടി. കേരളത്തിൽ രാഷ്ട്രീയ, സാമൂഹ്യമേഖലകളിൽ വലിയ ചർച്ചയുയർത്തിയ സംഭവമായിരുന്നു അത്. 

'എന്റെ പോരാട്ടങ്ങൾക്ക് ഭർത്താവിൽ നിന്നും ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും വലിയ പിന്തുണയാണ് എനിക്ക് കിട്ടിയത്. ഭർത്താവ് മൂലമാണ് എനിക്ക് ഈ ജോലിയിൽ തുടരാനായത്..'  അവർ പറഞ്ഞു.

അതിന് ശേഷം അവരുടെ ജോലിയിൽ കാര്യമായ പ്രശ്‌നങ്ങളൊന്നും അവർ നേരിട്ടില്ല. ' എല്ലാവരും എന്നെ സ്വാഗതം ചെയ്തു. എന്റെ കുട്ടികൾ എന്നെ സ്‌നേഹിക്കുകയും ചെയ്തു. ഇപ്പോൾ ഈ ജോലിയിൽ നിന്ന് പിരിയുമ്പോൾ എനിക്ക് തികഞ്ഞ സംതൃപ്തിയാണ്..' 

ചെമ്മാണിയോട് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നിന്ന് ഈ മാർച്ച് 31ന് അവർ റിട്ടയർ ചെയ്യുകയാണ്. അറബിക് ഭാഷയിൽ ഉപരിപഠനം നടത്താൻ അവർക്ക് വ്യക്തിപരമായ കാരണങ്ങളാൽ ആയില്ലെങ്കിലും അതിൽ അവർക്ക് അത്ര വലിയ ഖേദമൊന്നുമില്ല. ' ഞാൻ തൃപ്തയാണ്. ഏറെ സന്തോഷവുമുണ്ട് ഈ നിമിഷത്തിൽ..' ഗോപാലിക ചെറുചിരിയോടെ പറഞ്ഞു.

കഴിഞ്ഞ വർഷം ലോക അറബിഭാഷാ ദിനത്തിൽ ഒരു മുസ്ലിം സംഘടന അവരെ ആദരിക്കുകയുണ്ടായി. ആ ഭാഷയോടുള്ള സമീപനത്തിൽ ഇതരസമുദായങ്ങൾ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അവർ പറയുന്നു. ' ഇപ്പോൾ സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. ജാതിമതഭേദമെന്യേ ്അറബിക് പഠിക്കാൻ ആളുകൾ താല്പര്യം കാണിക്കുന്നു. തൊഴിലൊക്കെ കിട്ടണമെങ്കിൽ അറബിക് ഭാഷ പഠിക്കുന്നത് നല്ലതാണല്ലോ. ഇതൊരു സ്വാഗതാർഹമായ മാറ്റമാണ്..' അവർ പറഞ്ഞു.

'അറബിക് സുന്ദരമായ ഒരു ഭാഷയാണ്. അതിനെ ഏതെങ്കിലും മതവുമായി കാണാതെ സുന്ദരമായ ഒരു ഭാഷയായി കാണാൻ പഠിക്കുക..' ഗോപാലികക്ക് പറയാനുള്ളത് ഇതാണ്. 

Related Stories

No stories found.
The News Minute
www.thenewsminute.com