' തല നരച്ചവരുടെ പാർട്ടിയല്ല സി.പി.ഐ.(എം) '

ഉമ്മൻ ചാണ്ടിയുടെ വാഗ്ദാനലംഘനത്തിനെതിരെയും അഴിമതി ആരോപണങ്ങളിലും പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർമാർ പ്രതികരിക്കുമെന്ന് നിയുക്ത സി.പി.ഐ.(എം) സ്ഥാനാർത്ഥി ജെയ്ക്. സി. തോമസ്. താനിതുവരെ വിദ്യാർത്ഥിരാഷ്ട്രീയത്തിനപ്പുറം, പൊതുജനങ്ങൾക്കിടയിൽ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നിട്ടില്ല. എന്നാലും താൻ തെരഞ്ഞെടുപ്പിനെ നേരിടുക തന്നെ ചെയ്യും- ആത്മവിശ്വാസത്തോടെ ജെയ്ക് പറഞ്ഞു. 

26കാരനായ ജെയ്ക് ഒരു ബിരുദാനന്തര ബിരുദവിദ്യാർത്ഥിയാണ്. പുതുക്കക്കാരനായ ജെയ്കിനെയാണ് പുതുപ്പള്ളിയിൽ നിന്ന് 10 തവണ വിജയിച്ച ഉമ്മൻചാണ്ടിയെ കൊമ്പുകുത്തിക്കാൻ ഇത്തവണ സി.പി.ഐ (എം) പരീക്ഷിക്കുന്നത്. 

പൊതുജനം കരുതും പോലെയല്ല, ജെയ്ക് സി. തോമസ് പറയുന്നു, സി.പി.ഐ.(എം) യുവരക്തങ്ങൾക്ക് സ്ഥാനം നൽകാൻ മടിക്കുന്ന പാർട്ടിയല്ല. 

' തല നരച്ചവരുടെ പാർട്ടിയല്ല സി.പി.ഐ.(എം) വലിയൊരു വിഭാഗം യുവതീയുവാക്കളെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ പാർട്ടി പ്രമുഖമായ പങ്ക് വഹിക്കുന്നു. ഇത്രയധികം യുവാക്കളുടെയും വിദ്യാർത്ഥികളുടേയും പിന്തുണ മറ്റേതു പാർട്ടിക്ക് അവകാശപ്പെടാൻ സാധിക്കും.? ഞങ്ങളുടെ പാർട്ടിയാണ് യുവാക്കളെയും വിദ്യാർത്ഥിനേതാക്കളെയും രാഷ്ട്രീയനേതൃത്വമേറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നത്. ' ജെയ്ക് പറഞ്ഞു. 

'എനിക്ക് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മാത്രമേ അനുഭവമുള്ളൂ. പൊതുജനങ്ങളെ ഞാൻ ഒരു എസ്.എഫ്.ഐ. നേതാവ് എന്ന നിലയിൽ മാത്രമേ സമീപിച്ചിട്ടുള്ളൂ. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഞാനിതുവരെയും പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ട് വോട്ടർമാർക്ക് അത്രയൊന്നും  എന്നെ അറിയില്ലായിരിക്കും. ' ജെയ്ക് പറഞ്ഞു.

'കോളേജ് മാനേജ്‌മെന്റിനെയും അധികാരികളെയും വെല്ലുവിളിക്കുക ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. പഠനത്തെ ബാധിക്കുമെന്ന ഭയമുണ്ടായിരുന്നു. എന്നിരുന്നാലും ഞാൻ അത്തരമൊരവസ്ഥയെ വിജകരമായി നേരിട്ടു. ജീവിതത്തിലെ ഏത് തടസ്സത്തെയും നേരിടാൻ എനിക്ക് ധൈര്യം തന്നത് എസ്.എഫ്.ഐ ആണ്. ക്യാംപസ് ജീവിതവും എനിക്ക് കരുത്ത് തന്നു.' ജെയ്ക് കൂട്ടിച്ചേർത്തു.

ആലപ്പുഴയിൽ നിന്ന് ജയിച്ച തോമസ് ഐസകും പുതുക്കാട് നിന്ന് ജയിച്ച രവീന്ദ്രനാഥും അവരുടെ മണ്ഡലങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ കഴിഞ്ഞ 45 കൊല്ലമായി ഉമ്മൻ ചാണ്ടി തന്റെ മണ്ഡലത്തിന് വേണ്ടി എന്താണ് ചെയ്തതെന്ന് ജെയ്ക് ചോദിക്കുന്നു.

'എല്ലാ കാര്യങ്ങളിലും എന്റെ മണ്ഡലം വളരെ പിറകിലാണ്. പുതുപ്പള്ളിക്ക് ഇജെനി പകരം നേതൃത്വം വേണം. പുതുപ്പള്ളിയിലെ ആരോഗ്യ, വിദ്യാഭ്യാസ മണ്ഡലങ്ങളിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കും.' ജെയ്ക് പറഞ്ഞു.

ജെയ്കിന്റെ വയസ്സിനേക്കാൾ ഇരട്ടി പ്രായമുണ്ട്്് ചാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച കാലത്തിന്. 45 വർഷമാണ് ഉമ്മൻ ചാണ്ടി അവിടെ നിന്ന് എം.എൽ.എ ആയത്. എന്നിരുന്നാലും ജെയ്കിന് കുലുക്കമില്ല.

'ഇത്തവണ വ്യത്യാസമുണ്ട്. ഇത്തവണ ഉമ്മൻ ചാണ്ടി വോട്ടർമാരെ അഭിമുഖീകരിക്കുന്നത് കേരള മുഖ്യമന്ത്രിമാരിൽ ഏറ്റവും അഴിമതിക്കറ പുരണ്ടയാളെന്ന നിലയിലാണ്. അദ്ദേഹത്തിന്റെ ആത്മാർത്ഥതയില്ലാത്ത ആ ചിരി ജനം തിരി്ച്ചറിഞ്ഞിട്ടുണ്ട്..' ജെയ്ക് പറയുന്നു.