ഇത്തരമൊരു സർക്കാരിന്റെ ജിഹ്വയാകാൻ ഞങ്ങളില്ല, മൂന്ന് എ.ബി.വി.പി നേതാക്കൾ രാജിവച്ചു

'ഓരോ ദിവസവും ഞങ്ങൾ കാണുന്നത് ഇന്ത്യൻ പതാകയുമായെത്തുന്ന കുറേയാളുകൾ ജെ.എൻ.യു. വിദ്യാർത്ഥികളെ മർദിക്കുന്നതാണ്. ഇത് ഗുണ്ടായിസമാണ്, ദേശീയവാദമല്ല'
ഇത്തരമൊരു സർക്കാരിന്റെ ജിഹ്വയാകാൻ ഞങ്ങളില്ല,  മൂന്ന് എ.ബി.വി.പി നേതാക്കൾ രാജിവച്ചു
ഇത്തരമൊരു സർക്കാരിന്റെ ജിഹ്വയാകാൻ ഞങ്ങളില്ല, മൂന്ന് എ.ബി.വി.പി നേതാക്കൾ രാജിവച്ചു
Written by:

ജെ.എൻ.യു. പ്രശ്‌നത്തെ കേന്ദ്രം കൈകാര്യം ചെയ്ത രീതിയിൽ അസന്തുഷ്ടി രേഖപ്പെടുത്തി മൂന്ന് എ.ബി.വി.പി ഭാരവാഹികൾ രാജിവച്ചു. രൂക്ഷമായ ഭാഷയിൽ നടപടികളെ വിമർശിച്ചുകൊണ്ട് തുറന്ന കത്ത് പ്രസിദ്ധീകരണത്തിനും നൽകി.

കത്തിന്റെ പൂർണരൂപം

ഞങ്ങൾ, എ.ബി.വി.പി ജെ.എൻ.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രദീപ്, എസ്.എസ്.എസ് എ.ബി.വി.പി യൂണിറ്റ് പ്രസിഡന്റ് രാഹുൽ യാദവ്, എസ്.എസ്.എസ്. എ.ബി.വി.പി യൂണിറ്റ് സെക്രട്ടറി അൻകിത് ഹൻസ് ഉൾപ്പെടെയുള്ളവർ, എ.ബി.വി.പിയിൽ നിന്ന് രാജിവയ്ക്കാനും തുടർപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിരിക്കുന്നു. താഴെപ്പറയുന്ന ചില വിഷയങ്ങളിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണിത്. 

1. ഇപ്പോഴത്തെ ജെ.എൻ.യുസംഭവം. 2. 'മനുസ്മൃതി'ക്കാര്യത്തിലും രോഹിത് വെമുല സംഭവത്തിലും ദീർഘകാലമായുള്ള അഭിപ്രായവ്യത്യാസം.

ഫെബ്രുവരി 9ന് യൂണിവേഴ്‌സിറ്റി ക്യാംപസിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവം നിർഭാഗ്യകരവും ഹൃദയം തകർക്കുന്നതുമാണ്. സംഭവത്തിന് ഉത്തരവാദികൾ ആരായാലും അവർ രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷെ എൻ.ഡി.എ ഗവൺമെന്റ് സംഭവം കൈകാര്യം ചെയ്ത രീതി, പ്രഫസർമാരുടെ സ്വാതന്ത്ര്യം തടയുന്നത്, മാധ്യമങ്ങൾക്കും കനയ്യകുമാറിനും കോടതി പരിസരത്ത് വെച്ച് ആക്രമണമുണ്ടായ സംഭവം എന്നിവ നീതീകരിക്കത്തക്കതല്ല. ചോദ്യം ചെയ്യുന്നതും ആശയപരമായി അടിച്ചമർത്തുന്നതും മുഴുവൻ ഇടതുപക്ഷത്തേയും ദേശവിരുദ്ധരായി മുദ്ര കുത്തുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു. 

ചിലയാളുകൾ #ഷട്ട്ഡൗൺജെഎൻയു ക്യാംപയിൻ തുടങ്ങിയിരിക്കുന്നു. പക്ഷെ അവർ ഷട്ട്ഡൗൺസീന്യൂസ് കൂടി തുടങ്ങേണ്ടതുണ്ട്. അവരാണ് ഈ ലോകോത്തര വിദ്യാഭ്യാസസ്ഥാപനം അടച്ചുപൂട്ടണമെന്ന് പറഞ്ഞത്. പക്ഷം ചേർന്ന് പ്രവർത്തിക്കുന്ന സീ ന്യൂസ് കാര്യങ്ങളെ സാമാന്യവൽക്കരിക്കുകയും കുറച്ച് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നടപടിയെ മുഴുവൻ വിദ്യാർത്ഥികളുടെ തലയിൽ കെട്ടിവെയ്ക്കുകയും ചെയ്യുന്നു. പുരോഗമന സ്വഭാവമുള്ള ഒരു ജനാധിപത്യസ്ഥാപനമായിട്ടാണ് ലോകം ജെ.എൻ.യുവിനെ പരിഗണിക്കുന്നത്.  അവിടെ സമൂഹത്തിന്റെ താഴെത്തട്ടിലും മുകൾത്തട്ടിലുമുള്ള ആളുകൾ ഇടകലർന്നു കഴിയുന്നുവെന്നും സമത്വസങ്കല്പം പുലരുന്നുവെന്നും നമുക്ക് കാണാം. 

ഒ.പി ശർമയെപ്പോലുള്ള സാമാജികരടങ്ങുന്ന, വിദ്യാർഥിസമൂഹത്തിനുമേൽ അക്രമമഴിച്ചുവിടുന്ന, ഒരു ഗവൺമെന്റിന്റെ നാവായി പ്രവർത്തിക്കാൻ ഞങ്ങളെ കിട്ടില്ല. പട്ട്യാല ഹൗസ് കോടതിയിലും ജെ.എൻ.യു നോർത്ത് ഗേറ്റിലും വലതുഫാസിസ്റ്റ് ശക്തികളുടെ തേർവാഴ്ചയെ ന്യായീകരിച്ച സർക്കാരിന്റെ ശബ്ദമാകാൻ ഞങ്ങൾക്കാകില്ല. ഓരോ ദിവസവും ഇന്ത്യൻ പതാകയുമായി ആളുകളൊത്തുകൂടുന്നതും ജെ.എൻ.യു വിദ്യാർത്ഥികളെ മർദിക്കുന്നതും ഞങ്ങൾ കാണുന്നു. ഇത് ദേശീയവാദമല്ല, തെമ്മാടിത്തമാണ്. ദേശത്തിന്റെ പേരിൽ എന്തും ചെയ്യാൻ നിങ്ങൾക്കവകാശമില്ല. ദേശീയവാദവും തെമ്മാടിത്തവും രണ്ടും രണ്ടാണ്. 

രാജ്യത്തെ ഒരു ക്യാംപസിലും ഇന്ത്യൻ വിരുദ്ധ മുദ്രാവാക്യങ്ങൾ അനുവദിച്ചുകൂടാ. ജെ.എൻ.യു. വിലെന്നല്ല. എവിടേയും. എന്നാൽ ചില ഇടതുസംഘടനകൾ ക്യാംപസിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദമാണ് ഉയർത്തുന്നത്. മുൻ ഡി.എസ്.യു പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ യഥാർത്ഥമുഖമൊളിപ്പിക്കുന്ന ചില വ്യക്തികൾ ഭാരത് തേരേ തുക്കടേ ഹോങ്‌ഗേ എന്ന് മുദ്രാവാക്യം മുഴക്കിയതായി വിഡിയോകളിൽ വ്യക്തമായ തെളിവുകളുണ്ട്. അത്തരം മുദ്രാവാക്യങ്ങൾ മുഴക്കിയവർ രാജ്യത്തെ നിയമമനുസരിച്ച് ശിക്ഷിക്കപ്പെടട്ടെ. എന്നാൽ ഈ പ്രക്രിയയ്ക്കിടയ്ക്ക് ഇപ്പോൾ രാജ്യത്ത് നടക്കുന്ന ജെ.എൻ.യുവിനെതിരെയുള്ള മാധ്യമവിചാരണയെ ഞങ്ങൾ അപലപിക്കുന്നു. ഇന്ന് നമുക്ക് ഒരു വ്യക്തിത്വം നൽകിയ ജെ.എൻ.യുവിനെ രക്ഷിക്കുന്നതിനായി ഒന്നിച്ചു നിൽക്കേണ്ടതുണ്ട്. ഈ സ്ഥാപനത്തിന്റെ ബഹുമാന്യത കാക്കുന്നതിനായി പാർട്ടി വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒരുമിക്കേണ്ടതുണ്ട്. ഒരു കക്ഷിയിലും പെടാത്ത ജെ.എൻ.യുവിലെ 80 ശതമാനം വിദ്യാർത്ഥികളുടെ ഭാവിയെ രക്ഷിക്കു്‌നനതിനായും ജെ.എൻ.യു സംസ്‌കാരം സംരക്ഷിക്കുന്നതിനായും നമുക്കൊരുമിക്കേണ്ടതുണ്ട്. 

Related Stories

No stories found.
The News Minute
www.thenewsminute.com