പേര് പാടില്ലെന്ന് സ്ഥലത്തെ കോൺഗ്രസ് എം.എൽ.എ ശകുന്തളാദേവി

news Wednesday, March 16, 2016 - 13:10

ക്ഷേത്രോത്സവത്തിന്റെ ക്ഷണപത്രികയിൽ മുസ്ലിമായ ഡെപ്യൂട്ടി കമ്മിഷണറുടെ പേരുൾപ്പെടുത്തിയതിനെ ചൊല്ലി മംഗലൂരുവിൽ വിവാദം മുറുകുന്നു. പുട്ടൂർ മഹാലിംഗേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ രഥോത്സവത്തിനോടനുബന്ധിച്ചുള്ള ക്ഷണപത്രികയിൽ ദക്ഷിണ കാനറ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ എ.ബി.. ഇബ്രാഹിമിന്റെ പേരുണ്ടായതാണ് വിവാദമായത്.

പൂട്ടൂരിലെ കോൺഗ്രസ് എം.എൽ.എയായ  ശകുന്തളാ ഷെട്ടി ഇന്നലെ ഇത് സംബന്ധിച്ച് പത്രസമ്മേളനം വിളിച്ചുചേർത്തിരുന്നു. ഡെപ്യൂട്ടി കമ്മിഷണറുടെ പേര് ഉൾപ്പെടുത്തിയത് എതിർപ്പുയർത്തിയെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദു മത എൻഡോവ്‌മെന്റ് ആക്ടിലെ വകുപ്പുകൾ പ്രകാരം അഹിന്ദുക്കളുടെ പേര് ക്ഷേത്രോത്സവ ക്ഷണപത്രികയിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും അവർ പറയുന്നു. പേര് നീക്കം ചെയ്യുന്നതുവരെ എതിർപ്പുയർത്താനാണ് മുമ്പ് ബി.ജെ.പി പ്രവർത്തകയായിരുന്ന ശകുന്തളയുടെ തീരുമാനം. ഇല്ലാത്തപക്ഷം സ്വന്തം ചെലവിൽ വേറെ ക്ഷണപത്രിക അച്ചടിച്ച് അവർ വിതരണം ചെയ്യുമെന്നും അറിയിച്ചു. പേര് നീക്കം ചെയ്ത് പങ്കെടുക്കുന്നയാളുടെ തസ്തിക മാത്രം ഉൾപ്പെടുന്നതിൽ വിരോധമില്ല. ക്ഷേത്രോത്സവത്തിന്റെ പവിത്രത കാക്കുന്നതിലും ഐക്യത്തോടെ രഥോത്സവം നടത്തുന്നതിലുമാണ് തന്റെ താല്്പര്യമിരിക്കുന്നത്-ശകുന്തള പറഞ്ഞു. ഏതായാലും മാർച്ച് 16ന് ചേരുന്ന ഭക്തരുടെ യോഗത്തിൽ പ്രശ്‌നം പരിഹൃതമാകുമെന്നാണ് അവരുടെ പ്രതീക്ഷ. 

പ്രദേശത്ത് നിന്നുള്ള മുനിസിപ്പൽ കൗൺസിലർ രാജേഷ് ബണ്ണൂരും പേരുൾപ്പെടുത്തിയതിൽ പ്രതിഷേധം രേഖപ്പെടുത്തി. ഉദ്യോഗസ്ഥനോട് വ്യക്തിവിരോധമൊന്നുമില്ല. പേരുൾപ്പെടുത്തിയത് ഹിന്ദുമത എൻഡോവ്‌മെന്റ് വകുപ്പുകൾക്ക് എതിരാണ്-രാജേഷ് പറഞ്ഞു.

എന്നാൽ ക്ഷണപത്രികയിൽ നിയമലംഘനമൊന്നുമില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഇബ്രാഹിം ചൂണ്ടിക്കാട്ടി. ക്ഷണപത്രികയിൽ ക്രമക്കേടൊന്നുമില്ല. വസ്തുത ബോധ്യപ്പെടുത്തുന്നതിന് എം.എൽ.എയോട് നേരിട്ട് സംസാരിക്കും. ഏതായാലും ക്ഷണപത്രിക വീണ്ടും അച്ചടിക്കുന്നതിന് ഇതുവരേയും നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ എസ്. ജഗദീഷ് അറിയിച്ചു.

ഏപ്രിൽ 17നാണ് പത്തുദിവസത്തെ രഥോത്സവം ആരംഭിക്കുന്നത്. 

Become a TNM Member for just Rs 999!
You can also support us with a one-time payment.