തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, പാലക്കാട് തുടങ്ങിയ ഇടങ്ങളിലെ റിലീസ് ചെയ്യുന്ന തിയേറ്ററുകളിലെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു.

Malayalam Thursday, July 21, 2016 - 18:36

മമ്മൂട്ടി, മോഹൻലാൽ, പ്രൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവരാണ് എല്ലായ്‌പോഴും കേരളത്തിലെ സിനിമാകമ്പോളം അടക്കിവാണിട്ടുള്ളത്.

 

എന്നാൽ രജിനികാന്ത്, കമൽ ഹാസൻ, അജിത്, വിജയ് തുടങ്ങിയവരോടും മലയാളി പ്രേക്ഷകർക്ക് വലിയ താൽപര്യമുണ്ട്. 


 

കബാലിയുടെ റിലീസോടെ ഈ ഭ്രമം എന്തായാലും അതിന്റെ ഉച്ചസ്ഥായിയെ പ്രാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് കബാലി കേരളത്തിലെ തിയേറ്ററുകളിലെത്തുക. 


 

സംസ്ഥാനത്തുടനീളം 306-ലധികം തിയേറ്ററുകളിലാണ് കബാലിയുടെ ആദ്യപ്രദർശനം അരങ്ങേറുന്നത്. അതായത് ഒരു ദിവസം രണ്ടായിരത്തോളം പ്രദർശനം. ഇത്ര വ്യാപകമായി ഒരു അന്യഭാഷാ ചിത്രം കേരളത്തിൽ റിലീസ് ചെയ്യപ്പെടുന്നത് ഇതാദ്യമായിട്ടായിരിക്കും. 


 

സിനിമയുടെ റിലീസിംഗ് നിർവഹിക്കുന്നത് മലയാളത്തിലെ സൂപ്പർതാരം മോഹൻലാൽ ആണ്. 


 

തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, പാലക്കാട് തുടങ്ങിയ ഇടങ്ങളിലെ റിലീസ് ചെയ്യുന്ന തിയേറ്ററുകളിലെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു. 


 

ഒന്നാംദിവസം മൂന്ന് കോടിയോളം കളക്ഷനുണ്ടാകുമെന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറയുന്നത്.

 

എന്തായാലും മോണിംഗ് ഷോ ഇക്കാര്യം നിശ്ചയിക്കുന്നതിൽ നിർണായകമാകും. ഇതുവരെ നടന്നിട്ടുള്ള വലിയ റിലീസിംഗുകളെല്ലാം 130 ൽ കൂടുതൽ തിയേറ്ററുകളിലുണ്ടായിട്ടില്ലെന്നും ബഷീർ പറയുന്നു. 


 

' മമ്മുട്ടി, മോഹൻലാൽ ചിത്രങ്ങൾ പോലും ശരാശരി 100 ഓളം തിയേറ്ററുകളിൽ മാത്രം ആദ്യപ്രദർശനം ഉണ്ടായവയാണ്. അങ്ങേയറ്റം പോയാൽ 130. അതിലധികമില്ല. രജിനികാന്തിന്റെ ഉൾപ്പെടെയുള്ള തമിഴ് സിനിമകൾ എല്ലായ്‌പ്പോഴും വലിയ വിജയമായിട്ടുണ്ട് കേരളത്തിൽ. പക്ഷേ ഇതുപോലെയൊന്ന് മുൻപ് ഉണ്ടായിട്ടില്ല.' ബഷീർ പറയുന്നു.


 

306 തിയേറ്ററുകളിലാണ് ആദ്യപ്രദർശനമെങ്കിലും എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ നാലുതിയേറ്ററുകളിൽ കൂടി വെള്ളിയാഴ്ച രാവിലെ പ്രദർശനമുണ്ടായേക്കാം. 


 

സിനിമയെച്ചൊല്ലിയുണ്ടായ പ്രചാരണകോലാഹലമാണ് ഇത്രയും വലിയ റിലീസിംഗിന് കാരണമെന്ന് ബഷീർ ചൂണ്ടിക്കാട്ടുന്നു. 


 

'ഈദിന് ശേഷം വലിയ റിലീസുകളൊന്നും ഉണ്ടായിട്ടില്ല. കബാലി വന്നതോടെ മമ്മൂട്ടിയുടെ കസബയുടേയും ആസിഫ് അലിയുടെ അനുരാഗ കരിക്കിൻവെള്ളത്തിന്റെയുമൊക്കെ പ്രദർശനങ്ങളുടെ എണ്ണം കുറഞ്ഞു. '  അദ്ദേഹം പറയുന്നു. 


 

ആദ്യത്തെ മൂന്നുദിവസം കഴിഞ്ഞാൽ ഈ കോലാഹലമെല്ലാം അടങ്ങും. കാരണം ആദ്യദിവസത്തെ ഷോയ്ക്ക് ഇടിച്ചുകയറുന്നത് ആരാധകവൃന്ദമാണ്. വാരാന്ത്യത്തിലാണ് സിനിമ കാണാൻ ബഹുജനങ്ങളെത്തുക. അതിന് ശേഷം പ്രദർശനങ്ങൾ നടക്കുന്ന തിയേറ്ററുകളുടെ എണ്ണം കുത്തനെ കുറഞ്ഞേക്കാം.' അദ്ദേഹം പറയുന്നു. 


 

തൃശൂർ ജില്ലയിൽ തന്നെ 23 തിയേറ്ററുകളിൽ കബാലിയുടെ റിലീസുണ്ട്. ദിനേന ആറുപ്രദർശനങ്ങൾ. ആദ്യപ്രദർശനം രാവിലെ ആറിന് തുടങ്ങും. 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.