കിങ് ഫിഷറിലെ മുൻ പൈലറ്റ് മല്യയെ ചോദ്യം ചെയ്യുന്നു

 75
Vernacular Tuesday, March 01, 2016 - 17:25

കിങ്ഫിഷറിന്റെ സ്ഥാപകൻ വിജയ് മല്യ യു.കെയിൽ തന്റെ കുട്ടികളോടൊപ്പം കഴിയാനായി ഉത്തരവാദിത്വമൊഴിഞ്ഞ് പോകുകയാണ്. എന്നാൽ ഈ തീരുമാനത്തോട് വിമർശനമുള്ളവരുമുണ്ട്. കുടിശ്ശികയൊന്നും നൽകാതെ ഇതിനകം കടുത്ത സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്ന കമ്പനിയെ മല്യ ഉപേക്ഷിച്ചിട്ടുപോകുന്നതിനെതിരെ കമ്പനിയിലെ ഒരു മുൻ ജീവനക്കാരൻ തുറന്ന വിമർശനമുയർത്തി. 

ഡിയാജിയോ പിഎൽസിയുടെ നിയന്ത്രണത്തിലുള്ള യുനൈറ്റഡ് സ്പിരിറ്റ്‌സിന്റെ നോൺ എക്‌സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തുനിന്ന് മല്യ വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. കമ്പനിയുമായി 75 മില്യൺ ഡോളറിന്റെ ഒത്തുതീർപ്പുണ്ടാക്കിയാണ് മല്യ ഒഴിവാകുന്നത്. കമ്പനി മല്യ ക്രമക്കേടുനടത്തിയതിന്റെ പേരിലുള്ള എല്ലാ ആരോപണങ്ങളും പിൻവലിക്കാനും സമ്മതിച്ചിരുന്നു. യു.കെ.യിലേക്ക് അദ്ദേഹം താമസം മാറുകയാണെന്നാണ് മാധ്യമറിപ്പോർട്ടുകൾ.

യു.കെയിലേക്ക് മാറാനുള്ള മല്യയുടെ നീക്കത്തിൽ പ്രതികരിച്ചുകൊണ്ട് ഗിരീഷ് (പേര് യഥാർത്ഥമല്ല) എന്ന മുൻ പൈലറ്റ് പറഞ്ഞത് 'താങ്കൾ ഒരു ആണാണെങ്കിൽ നിങ്ങൾ ഞങ്ങൾക്ക് കടക്കാരനാണ് എന്ന് തിരിച്ചറിയും. കിങ് ഫിഷർ ഞങ്ങൾക്ക് നൽകാനുള്ള കുടിശ്ശികയുടെ പകുതിയെങ്കിലും നൽകുക. നിങ്ങളോട് വിശ്വസ്തരായിരിക്കുകയും നിങ്ങളിൽ വിശ്വാസമർപ്പിക്കുകയും ചെയ്ത ആളുകളിൽ നിന്ന് നിങ്ങൾക്കങ്ങനെ ഒഴിഞ്ഞുമാറിപ്പോകുക സാധ്യമല്ല..' എന്നാണ്. മല്യ അദ്ദേഹത്തെ വിശ്വസിച്ചവരെ ശരിയ്ക്കും നിരാശപ്പെടുത്തിയെന്നും ഗിരീഷ് കുറ്റപ്പെടുത്തുന്നു.

' അദ്ദേഹത്തിന് വേവലാതിപ്പെടേണ്ട കാര്യമൊന്നുമില്ലല്ലോ. കിങ് ഫിഷറിന്റെ ഒരു കേസ് പോലും കോടതിയിൽ നിലവിലില്ല. തന്റെ മകൻ യുനൈറ്റഡ് ബ്രൂവറീസിന്റെ കൂടെയാണ് ജോലി ചെയ്യുന്നത് എന്ന കാരണത്താൽ കഴിഞ്ഞ തവണ ജഡ്ജി വാദം കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. രണ്ടുവർഷം പിന്നിട്ടു. ഒരു തീർപ്പുമായില്ല.' 

കിങ് ഫിഷറിന്റെ അന്താരാഷ്ട്ര സർവീസിൽ പൈലറ്റായിരുന്ന ഗിരീഷിന് അത് അടച്ചുപൂട്ടി മൂന്നുവർഷത്തിന് ശേഷം പഴയതിൽ കുറഞ്ഞ വേതനത്തിനും ആനുകൂല്യങ്ങൾക്കും മറ്റൊരു എയർലൈൻ കമ്പനിയിൽ ചേരേണ്ടിവന്നു. 

കിങ്ഫിഷറിന്റെ എയർബസ് എ330ൽ പൈലറ്റായിരുന്നു ഞാൻ. 12 വർഷത്തെ പരിചയസമ്പത്തുണ്ടായിരുന്നു എനിക്ക്. 2012 മാർച്ചിൽ കമ്പനി അടച്ചുപൂട്ടിയതിന് ശേഷം ഏഴ് മാസത്തേക്ക് പറത്തുകയുണ്ടായില്ല. ഇത് ഏതൊരു വൈമാനികനെയും സംബന്ധിച്ച് വളരെ മോശപ്പെട്ട ഒരു കാര്യമാണ്..' അദ്ദേഹം പറഞ്ഞു.

കമ്പനി അടച്ചുപൂട്ടിയിട്ടും ഗിരീഷ് പ്രതീക്ഷയോടെ കാത്തു. 2012 ഒക്ടോബറിൽ പൂർണമായും അടച്ചുപൂട്ടിയതിന് ശേഷം കമ്പനി തുറന്നുപ്രവർത്തിക്കുമെന്ന് ഒരു ഇമെയിൽ സന്ദേശത്തിൽ തൊഴിലാളികളെ അറിയിച്ചിരുന്നു. 

' രണ്ടും മൂന്നും മാസത്തെ ശമ്പളം കിട്ടാതെയായപ്പോൾ കുറച്ചുപേർ കമ്പനി വിട്ടു. അത് വിഡ്ഢിത്തമാണെന്ന് ഞാനടക്കം പലർക്കും അപ്പോൾ തോന്നി. പക്ഷേ അവരാണ് മിടുക്കൻമാർ എന്ന് പിന്നീട് ബോധ്യപ്പെട്ടു. ജോലിയെയാണ് കമ്പനിയെയല്ല സ്‌നേഹിക്കേണ്ടത് എന്ന ചൊല്ല് നിങ്ങൾ കേട്ടിട്ടുണ്ടോ? ആ കഠിനയാഥാർത്ഥ്യം എനിക്ക് ശരിക്കും ബോധ്യപ്പെട്ടു.'

കമ്പനി വിട്ടുപോകരുതെന്നും ഈ സന്ദർഭത്തിൽ കൂടെ നിൽക്കുന്നവർക്ക് തക്കതായ പ്രതിഫലം പിന്നീട് ലഭിക്കുമെന്നും മല്യ വ്യക്തിപരമായി അയയ്ച്ച സന്ദേശത്തിൽ അറിയിച്ചിരുന്നു. ആ വാഗ്ദാനത്തിൽ ഞങ്ങൾ വീണു. അവിടെ അദ്ദേഹത്തിന്റെ വിശ്വസ്തരായി തുടരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. കിങ് ഫിഷറിലെ ജീവനക്കാരായിരിക്കുമ്പോൾ ഇന്ധനം ലാഭിക്കുന്നതിൽ പോലും ഞങ്ങൾ ശ്രദ്ധ പുലർത്തിയിരുന്നു- ഗിരീഷ് പറഞ്ഞു.

കിങ്ഫിഷർ ജീവനക്കാരനായിരിക്കുമ്പോൾ എന്റേത് ഒരു അടിപൊളി ജീവിതമായിരുന്നു. എന്റെ മാതാപിതാക്കൾക്ക് പുറമേ എന്റെ ഒരു ബന്ധുവിന്റെ കാര്യവും കൂടി ഞാൻ ശ്രദ്ധിച്ചിരുന്നു. ബാങ്കിന് 95,000 രൂപ മാസകുടിശ്ശിക നൽകേണ്ടിയിരുന്നു. 2013 ഫെബ്രുവരിക്കു മുൻപേ അടച്ചില്ലെങ്കിൽ വീട് ബാങ്ക് പിടിച്ചെടുക്കുമെന്ന ഭീഷണിയുമുണ്ടായി- ഗിരീഷ് കൂട്ടിച്ചേർത്തു.

2014 ഒടുവിൽ ഗിരീഷ് പുതിയ ജോലി കണ്ടെത്തി. കിങ് ഫിഷറിൽ നിന്ന് ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളത്തിൽ. അതുമാത്രമല്ല, ആഭ്യന്തര സർവീസുകൾ പറത്തുന്നതിൽ മാത്രമായി ഒതുങ്ങേണ്ടിയും വന്നു. 

'12 കൊല്ലത്തെ പരിചയസമ്പത്തുള്ള എനിക്ക്് രണ്ട് ലക്ഷം രൂപ കിങ് ഫിഷറിലായിരുന്നപ്പോൾ കിട്ടിയിരുന്നു. 2015-ൽ മറ്റൊരു എയർലൈൻ ജോലിക്കാരനായപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതാകട്ടെ മാസം തോറും 95,000 രൂപ മാത്രം. എന്നേക്കാൾ പ്രായം കുറഞ്ഞ പലരും മാസം തോറും 4 ലക്ഷം രൂപ സമ്പാദിക്കുമ്പോഴാണിത് എന്നോർക്കണം. എയർബസ് 320 വിമാനം പറത്തുന്നതിന് പരിശീലനം നൽകുന്നതിനായി എനിക്ക് വേണ്ടി കമ്പനി 15 ലക്ഷം രൂപ ചെലവിട്ടു. 17 ലക്ഷം രൂപയുടെ ഒരു ബോണ്ട് ഒപ്പിടാൻ വേണ്ടി കമ്പനി ആവശ്യപ്പെടുകയും ചെയ്തു. ഒരുവർഷത്തിനുശേഷം മാത്രമാണ് എനിക്ക് അപ്രൈസൽ ഉണ്ടാകുക. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും എനിക്ക് മ്‌റ്റെന്താണ് തിരഞ്ഞെടുക്കാനാകുക?' ഗിരീഷ് ചോദിച്ചു.

ഒരു ചെറിയ എയർലൈൻ കമ്പനിയിൽ പോലും പത്ത് ഒഴിവുകൾക്കായി നൂറുകണക്കിന് പേർ പൊരുതുമ്പോൾ എന്തോ ഒരു പ്രശ്‌നമുണ്ട്. ഇതിനിടയിൽ ഒരാൾ ആത്മഹത്യ ചെയ്യുകപോലുമുണ്ടായി- അദ്ദേഹം പറഞ്ഞു.

രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി ഗിരീഷിന് തന്റെ ഗേൾഫ്രണ്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ കടം വാങ്ങേണ്ടിവന്നു. കിങ്ഫിഷറിൽ നിന്ന് 30 ലക്ഷം കുടിശ്ശിക കിട്ടാനുള്ളപ്പോഴാണ് ഇതെന്ന് ഓർക്കണം. 

ആദായനികുതി ഓഫിസിൽ നിന്ന് ടിഡിഎസ് റീഫണ്ട് ആവശ്യപ്പെട്ടപ്പോൾ ഡിപാർട്‌മെന്റ് 15 ലക്ഷം നികുതി അടയ്ക്കാൻ നോട്ടീസ് നൽകുകയാണ് ചെയ്തത്. 

' എനിക്കിപ്പോഴും ആ ദിവസം ഓർമയുണ്ട്. അത്താഴത്തിന് ബ്രഡും കടിച്ചിരിക്കുകയായിരുന്നു ഞാൻ. റീഫണ്ട് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് കത്തെഴുതിയ എനിക്ക് ലഭിച്ച മറുപടി ഞാൻ അവർക്ക് 18 ലക്ഷം കൊടുക്കാനുണ്ടെന്നാണ്. എന്റെ നിസ്സഹായവസ്ഥ ഓർത്ത് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല..' ഗിരീഷ് പറഞ്ഞു.

' ശരിക്കും ഞാൻ ദരിദ്രനായി. ഏതാണ്ട് ആ കാലത്ത് റിട്ടയർ ചെയ്ത എന്റെ അച്ഛൻ തന്റെ സമ്പാദ്യമെല്ലാം മേൽപ്പറഞ്ഞ ബന്ധുവിന്റെ ചികിത്സക്കായി ചെലവിട്ടു. ആരെങ്കിലും ഒന്നു ചുമച്ചുകേട്ടാൽ പേടി തോന്നിയിരുന്ന കാലമായിരുന്നു അത്.' ഗിരീഷ് കൂട്ടിച്ചേർത്തു.

മറ്റൊരു എയർലൈനിൽ ജീവനക്കാരനായിട്ടും ഗിരീഷ് ഒരു സമ്പാദ്യവും കൂടാതെയാണ് ഇപ്പോഴും ജീവിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷമായി കൂട്ടുകാരിൽ നിന്നുമായൊക്കെ വാങ്ങിക്കൂട്ടിയ പണം തിരികെ കൊടുക്കാൻ മാത്രമേ അത് തികയുന്നുള്ളൂവെന്നതുകൊണ്ട്.   

Become a TNM Member for just Rs 999!
You can also support us with a one-time payment.