ലൈംഗികചൂഷണത്തിനിരയായവർക്ക് നിർഭയ കേന്ദ്ര ങ്ങൾ യഥാർത്ഥ ശരണാലയങ്ങളോ?

വേണ്ടത്ര സ്ഥലസൗകര്യമോ സാമ്പത്തികശേഷിയോ ഇല്ലാത്ത ഈ കേന്ദ്രങ്ങൾ മിക്കപ്പോഴും ഇരകൾക്ക് ഒരു ഹ്രസ്വകാല വാസത്തിനുള്ള ഇടം മാത്രമാകുന്നു.
ലൈംഗികചൂഷണത്തിനിരയായവർക്ക് നിർഭയ കേന്ദ്ര ങ്ങൾ യഥാർത്ഥ ശരണാലയങ്ങളോ?
ലൈംഗികചൂഷണത്തിനിരയായവർക്ക് നിർഭയ കേന്ദ്ര ങ്ങൾ യഥാർത്ഥ ശരണാലയങ്ങളോ?
Written by:

ദിവ്യ (പേര് യഥാർത്ഥമല്ല) ഗർഭിണിയായത് വെറും 14 വയസ്സുള്ളപ്പോഴാണ്. അമ്മയുടെ സുഹൃത്തിന്റെ ലൈംഗികചൂഷണത്തിനാണ് അവൾ ഇരയായത്.

എന്നാൽ കോടതിയിൽ ദിവ്യ പറഞ്ഞത് തന്റെ സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികളിലൊരാളാണ് അങ്ങനെ ചെയ്തത് എന്നാണ്. സുഹൃത്തിനെ ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ അമ്മ നിർബന്ധം ചെലുത്തിയതിനെ തുടർന്നായിരുന്നു അവൾ മാറ്റിപ്പറഞ്ഞതെന്ന് പറയപ്പെടുന്നു. 

തിരുവനന്തപുരത്തെ നിർഭയ അഭയകേന്ദ്രത്തിലേക്ക് അയയ്ക്കപ്പെട്ട ദിവ്യ താമസിയാതെ അമ്മയുടെ സംരക്ഷണയിലേക്ക് 2015 ഡിസംബർ മാസത്തിൽ മടങ്ങി. ഒരു കുഞ്ഞിന് ജൻമം നൽകിയ അവളെ വിട്ടുകിട്ടാൻ ശിശുക്ഷേമസമിതിയ്ക്ക് അമ്മ ഹർജി നൽകിയതിനെ തുടർന്നായിരുന്നു അത്.

'പിന്നീട് അവളെ ഒരു മാനസികരോഗികൾക്കുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. ഒരു അറസ്റ്റും ഇക്കാര്യത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല..' നിർഭയ കേന്ദ്രങ്ങളുടെ നടത്തിപ്പും മേൽനോട്ടവും നിർവഹിക്കുന്ന കേരള മഹിളാ സമാഖ്യ സൊസൈറ്റി പ്രൊജക്ട് ഡയരക്ടർ പി.ഇ. ഉഷ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

ദിവ്യയുടെ ശോചനീയാവസ്ഥ ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് ഉഷ പറയുന്നു. റാന്നി സ്വദേശിയും ബലാത്സംഗത്തിന് ഇരയായവളുമായ മറ്റൊരു പതിനഞ്ചുകാരിയേയും നിർഭയ കേന്ദ്രത്തിൽ നിന്ന് മടക്കിയയ്‌ക്കേണ്ടി വന്നു. അവളുടെ കുടുംബം ശിശുക്ഷേമസമിതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു അത്.

സ്വന്തം അമ്മാവന്റെ ലൈംഗികചൂഷണത്തിനിരയായ ഈ പെൺകുട്ടി പിന്നീട് വീണ്ടും ലൈംഗികചൂഷണത്തിനിരയായി.

'പ്രതികളായ ആളുകളുടെ കുടുംബത്തോടൊപ്പം ഇരയെ തിരിച്ചയയ്‌ക്കേണ്ടിവന്ന പല കേസുകളുമുണ്ട്..' ഉഷ നിരീക്ഷിക്കുന്നു. 

അങ്ങനെയാണ് നിർഭയ കേന്ദ്രങ്ങൾ ഇരകൾക്ക് അർഥപൂർണമായ അഭയമൊരുക്കുന്നതിൽ പരാജയം ശ്രദ്ധയിലേക്ക് വരുന്നത്. ഗണ്യമായ ഒരുവിഭാഗം ഇരകളും കുട്ടിയെ ശിശുക്ഷേമസമിതിയെ ഏൽപിച്ചിട്ട് സുരക്ഷിതത്വമില്ലാത്ത പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകുന്നു. 

സംസ്ഥാനത്തുടനീളം ഇപ്പോൾ എട്ട് നിർഭയ കേന്ദ്രങ്ങളുണ്ട്. ഇവയിൽ ആകെപ്പാടെ 250 അന്തേവാസികളും. ഇതിൽ പ്രായപൂർത്തിയെത്താത്ത 20 പെൺകുട്ടികൾ നിർഭയ കേന്ദ്രങ്ങളിൽ വെച്ചുതന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇത് 2015ലെ കണക്കാണ്. 

വേണ്ടത്ര സാമ്പത്തികശേഷിയോ ഇടമോ ഈ കേന്ദ്രങ്ങൾക്കില്ല. എല്ലാവരെയും അധിവസിപ്പിക്കാൻ വേണ്ട സ്ഥലം ഞങ്ങൾക്കില്ല..' ഉഷ പറയുന്നു. 

സംസ്ഥാന സാമൂഹികനീതി ഡയരക്ടറേറ്റ് പറയുന്നത് ഈ പ്രശ്‌നം പരിഹരിക്കുന്നതിന് എന്തെങ്കിലും ചെയ്യാൻ ശിശുക്ഷേമസമിതിയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. 

'ശിശുക്ഷേമസമിതിയാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതും ഇര ആരുടെ കൂടെ പോകണമെന്ന് തീരുമാനിക്കുന്നതും. അതിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല. സമിതി അർധ ജുഡീഷ്യൽ സ്വഭാവമുള്ള ഒരു സ്ഥാപനമാണ്. അതുകൊണ്ട് അതിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല..' സാമൂഹികനീതി ഡയരക്ടറേറ്റ് അഡീഷണൽ ഡയരക്ടർ സി.കെ. രാഘവനുണ്ണി ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 

ഈ അവസ്ഥയിൽ പുനരധിവാസത്തിനുള്ള ഒരു ശ്രമവും യഥാർത്ഥത്തിൽ നടക്കുന്നില്ല. ഇരകൾക്ക് ഒരു ഹ്രസ്വകാല വാസം ഒരുക്കുക മാത്രമാണ് നിർഭയ കേന്ദ്രങ്ങൾ ചെയ്യുന്നത്. ഈ ഹ്രസ്വകാലവാസം അവസാനിച്ചാൽ അവരെ എന്തുചെയ്യണമെന്നത് സംബന്ധിച്ച് ഒരു പദ്ധതിയുമില്ല.

'ഇക്കാര്യങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. മഹിളാ സമാഖ്യ സൊസൈറ്റി ഞങ്ങളുടെ കൂടെ തുടരാൻ അനുവദിക്കപ്പെട്ട ചില പെൺകുട്ടികൾക്ക് ദീർഘകാല വാസത്തിനുള്ള സൗകര്യം നൽകുന്നുണ്ട്. ലൈംഗികാക്രമണം സൃഷ്ടിച്ച നടുക്കത്തിൽ നിന്ന് മോചിതരായതിന് ശേഷം സാധാരണ ജീവിതം നയിക്കാൻ ഞങ്ങൾ അവരെ പഠിപ്പിക്കുന്നു. പക്ഷേ മറ്റുള്ളവരുടെ കാര്യത്തിലെ സ്ഥിതിയെന്താണ്..?'  ഉഷ ചോദിക്കുന്നു. 

എപ്പോഴും പ്രതിസന്ധിയെ അഭിമുഖീകരിച്ചേക്കാവുന്ന ഒരു സ്ഥിതിവിശേഷത്തിൽ ഇരകൾക്ക് ഒരു ഹ്രസ്വകാലവാസം നൽകുക മാത്രം ചെയ്തത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഉഷ പറയുന്നു. നടുക്കം സൃഷ്ടിച്ച ആ അന്തരീക്ഷത്തിൽ അവർ പിന്നീട് കഴിയരുത്. ഒരിയ്ക്കൽ ആക്രമണമുണ്ടാക്കിയ നടുക്കത്തിൽ നിന്ന് പുറത്തുകടന്നാൽ അവർക്ക് പൊതുജീവിതം നയിക്കാനാകണം. പക്ഷേ അവർക്ക് അതിന് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്..' ഉഷ കൂട്ടിച്ചേർത്തു. 

Related Stories

No stories found.
The News Minute
www.thenewsminute.com