നിയമോപദേഷ്ടാവ് എം.കെ. ദാമോദരനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം പ്രവർത്തകരുടെ ഓൺലൈൻ പ്രചാരണം.

news Saturday, July 16, 2016 - 19:50

അഡ്വ.എം.കെ.. ദാമോദരനെ ഓണററി പദവിയുള്ള നിയമോപദേഷ്ടാവ് സ്ഥാനം നൽകിക്കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ഒന്നിലധികം കാരണങ്ങൾ കൊണ്ടാണ് വിവാദമായിത്തീരുന്നത്. 

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന് വേണ്ടി ഹൈക്കോടതിയിൽ ദാമോദരൻ ഹാജരായത് എൽ.ഡി.എഫ്. ഗവണ്മെന്റിന് ലോട്ടറി രാജാവുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് വഴിവെച്ചിരുന്നു. 

ദാമോദരൻ പ്രതിഫലമൊന്നും പറ്റാതെയാണ് നിയമോപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പിന്നീടുണ്ടായ പ്രസ്താവനയും ബഹളങ്ങൾക്ക് കാരണമായി. 

ഇപ്പോൾ മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിക്കാർ തന്നെ ദാമോദരനെതിരെ പ്രചാരണം തുടങ്ങിയത് പ്രശ്‌നത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്. ദാമോദരനെ പുറത്താക്കുക എന്ന സോഷ്യൽ മീഡിയാ പ്രചാരണം പാർട്ടി ഫേസ്ബുക്ക് ഗ്രൂപ്പായ സിപിഎം സൈബർവോയ്‌സിൽ തന്നെയാണ് തുടങ്ങിവെച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ഗവണ്മെന്റിനെതിരെ ദാമോദരൻ കോടതിയിൽ ഹാജരാകുന്നതിനെതിരെയുള്ള ഹാഷ് ടാഗ് പ്രചരണത്തിൽ നൂറുകണക്കിന് സി.പി.ഐ.എം.പ്രവർത്തകരാണ് ദിനേനയെന്നോണം പങ്കുചേരുന്നത്. 

പിണറായി വിജയന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നത് നിരർത്ഥകമാണെന്ന് കരുതുന്ന, ഇതുവരേയും എല്ലാ വിവാദങ്ങളിലും അദ്ദേഹത്തിന്റെ കൂടെ നിന്നിട്ടുള്ള നിരവധി പ്രവർത്തകർ ഇപ്പോൾ നിശ്ശബ്ദരാണെന്നും ദ ടൈംസ് ഒഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്യുന്നു. 

ഏറെ നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷമാണ് സി.പി.ഐ.എം ജിഹ്വയായ ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റർ പി.എം. മനോജ് പിണറായിയെ ന്യായീകരിച്ച് രംഗത്തുവന്നത്. സി.പി.എം.സൈബർ വോയ്‌സിൽ അദ്ദേഹം ദീർഘിച്ച ഒരു വിശദീകരണവും പോസ്റ്റ് ചെയ്തു.

'മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്നതിന് എല്ലാക്കാര്യത്തിലും അദ്ദേഹത്തെ ഉപദേശിക്കുന്നയാൾ എന്നർത്ഥമില്ല. നിയമപരമായ കാര്യങ്ങളിൽ എന്തെങ്കിലും അഭിപ്രായം തേടണമെങ്കിൽ മാത്രമേ നിയമോപദേഷ്ടാവിനെ സമീപിക്കേണ്ടതുള്ളൂ. അതിലുമപ്പുറം ഒരു നിയമോപദേഷ്ടാവിന് ഗവൺമെന്റിൽ എന്തെങ്കിലുമൊരു സ്വാധീനം ചെലുത്താനാകില്ല..' മനോജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

പക്ഷേ സി.പി.ഐ.എം അനുഭാവികൾ പോലും നിഷേധാർത്ഥത്തിലാണ് മനോജിനോട് പ്രതികരിച്ചത്. മിക്കവാറും പ്രതികരണങ്ങൾ അദ്ദേഹത്തെ നിശിതമായി വിമർശിക്കുന്നവയായിരുന്നു.  'സഖാവേ, സീസറുടെ ഭാര്യയെക്കുറിച്ച് യു.ഡി.എഫിനോട് നമ്മൾ പറഞ്ഞതെന്താണ്' എന്നാണ് ഒരാൾ പ്രതികരിച്ചത്. 

ഒരു സി.പി.ഐ.എം. പ്രവർത്തകൻ പോസ്റ്റ് ചെയ്ത ചിത്രം

'സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം' എന്ന് 2015 നവംബറിൽ ഹൈക്കോടതി മാണിക്കെതിരെയുള്ള കേസിൽ നടത്തിയ അഭിപ്രായപ്രകടനമാണ് കെ.എം.മാണിയുടെ രാജിയ്ക്ക് ഇടയാക്കിടയത്. 

വിമർശനമൊക്കെയുണ്ടെങ്കിലും നിയമനം ശരിയെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി. 

'ഒരു പ്രതിഫലവും പറ്റാതെയാണ് ദാമോദരൻ നിയമോപദേഷ്ടാവ് എന്ന നിലയിൽ പ്രവർത്തിക്കുന്നത്. മറ്റേതെങ്കിലും ഒരു കേസ് ഏറ്റെടുക്കുന്നതിൽ അദ്ദേഹത്തിന് ഒരു തടസ്സവുമില്ല..' പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ക്രിമിനലുകൾക്കുവേണ്ടി ഹാജരാകുന്നയാളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചിരുന്നു. 

'മുൻ യു.ഡി.എഫ് ഗവണ്മെന്റ് നാടുകടത്തിയ സാന്റിയാഗോ മാർട്ടിന് വേണ്ടിയാണ് അദ്ദേഹമിപ്പോൾ വാദിക്കുന്നത്.' എന്നു പറഞ്ഞ ചെന്നിത്തല പെരുമ്പാവൂരിലെ ജിഷ കൊലപാതകക്കേസിലെ പ്രതിക്കുവേണ്ടിയും ഹാജരാകില്ലെന്ന് എന്താണുറപ്പ് എന്നും ചോദിച്ചിരുന്നു. 

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുമായി എൽ.ഡി.എഫ് സർക്കാരിന് ബന്ധമുണ്ടെന്നതിന് വ്യക്തമായ സൂചനയാണ് ദാമോദരൻ മാർട്ടിനുവേണ്ടി ഹാജരാകുന്നതെന്ന് കെ.പി.സി..സി.പ്രസിഡന്റ് വി.എം. സുധീരനും ആരോപിച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യത്തേക്കാൾ മാർട്ടിനാണ് ഗവണ്മെന്റ് പ്രാധാന്യം കൊടുക്കുന്നതെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സുധീരൻ പറഞ്ഞിരുന്നു. 

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.