തിയേറ്ററിനെ ആശ്രയിച്ചു തന്നെയാണ് ഇന്നും സിനിമ എന്ന വാണിജ്യവസ്തു നിലനിൽക്കുന്നത്.

 -
Malayalam Monday, May 02, 2016 - 15:46

സനൽ കുമാർ ശശിധരൻ

സിനിമകൾ തിയേറ്ററിനെ ആശ്രയിച്ചിരുന്ന കാലം പോയി എന്നും ഇനിയുള്ളത് ഓൺ‌ലൈൻ റിലീസിന്റെ കാലമാണെന്നുമൊക്കെയുള്ള വാദങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സമയമാണിത്.

താരകേന്ദ്രീകൃതമല്ലാത്ത സിനിമകളുടെ വക്താക്കളോട് സിനിമയുടെ നിർമാണത്തെയോ വിതരണത്തെയോ വിപണനത്തെയോ കുറിച്ച് ഒരു ചുക്കുമറിയാത്ത സാധാരണ സിനിമാ കാഴ്ചക്കാർ വരെ നൽകുന്ന ഉപദേശമിതാണ്. യൂട്യൂബിൽ റിലീസ് ചെയ്യൂ. അല്ലെങ്കിൽ ഓൺ‌ലൈൻ വഴി വിതരണം ചെയ്യൂ.  തിയേറ്ററുകളിൽ സിനിമ എങ്ങനെയെങ്കിലും എത്തിക്കാനുള്ള നെട്ടോട്ടമോടുന്നതിനിടയിൽ ഈ ഉപദേശം കേട്ടില്ലെന്ന് നടിക്കുന്ന സിനിമാക്കാരനെ അവർ നിർത്തിപ്പൊരിക്കുന്ന കള്ളി “ഫെസ്റ്റിവൽ സിനിമാക്കാരൻ“ എന്നാണ്.  ഈ ആരോപണങ്ങളും ഉപദേശങ്ങളും ഒരുതരത്തിലും കഴമ്പില്ലാത്തതും അഴകൊഴമ്പൻ മട്ടിൽ തട്ടിവിടുന്നതുമാണെന്ന് പറയാതെ വയ്യ.

ചില വസ്തുതകൾ പറയാം. തിയേറ്ററിനെ ആശ്രയിച്ചു തന്നെയാണ് ഇന്നും സിനിമ എന്ന വാണിജ്യവസ്തു നിലനിൽക്കുന്നത്. തിയേറ്ററിലൂടെ അത് എത്ര റെവന്യൂ ഉണ്ടാക്കുന്നു എന്നതിലുപരി തിയേറ്ററിൽ വിജയമായ സിനിമയ്ക്ക് കിട്ടുന്ന മറ്റു വിപണനസാധ്യതകളാണ്ഇതിനു കാരണം. തിയേറ്ററിൽ പ്രദർശിപ്പിക്കപ്പെടാത്തതും പ്രദർശിപ്പിക്കപ്പെട്ടിട്ടും ആളുകളെ ആകർഷിക്കാൻ കഴിയാത്തതുമായ സിനിമകൾക്ക് ടെലിവിഷൻ റൈറ്റ് ഉൾപ്പെടെയുള്ള മറ്റ് സാധ്യതകൾ അകലെയാണ്. അതുകൊണ്ടാണ് താരകേന്ദ്രീകൃതമായ ഒരു വാണിജ്യസമ്പ്രദായമാണ് തിയേറ്ററിനെ നിലനിർത്തുന്നത് എന്നറിഞ്ഞിട്ടും മിക്കവാറും എല്ലാ വിഭാഗം സിനിമകളും തിയേറ്ററിലേക്കെത്താൻ മത്സരിക്കുന്നത്.

പക്ഷേ തിയേറ്ററിൽ ഓടി വിജയിച്ച സിനിമകളുടെ കണക്കെടുത്താൽ 99.999 ശതമാനവും താരങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള സിനിമകളാണെന്ന് കാണാൻ കഴിയും. താരം എന്നുവെച്ചാൽ പുരുഷൻ എന്ന താരം എന്നുതന്നെ വായിക്കാം. അതുകൊണ്ടുതന്നെ താരങ്ങളെ അപ്രസക്തമാക്കുന്ന സിനിമയ്ക്ക് തിയേറ്റർ എന്ന വിപണി  ഗുണം ചെയ്യില്ല എന്നതും സത്യം തന്നെ.

അപ്പോൾ പിന്നെ എവിടെ സിനിമ കാണിക്കും അല്ലെങ്കിൽ എവിടെ നിന്ന് മുടക്കുമുതലെങ്കിലും തിരിച്ചു കിട്ടും എന്നുള്ള ചോദ്യങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവിടെയാണ് ഫിലിം ഫെസ്റ്റിവലുകൾ ഉൾപ്പെടെയുള്ള ഇതര വിപണിസാധ്യതകൾ ബദൽ സിനിമാക്കാരുടെ മുന്നിലേക്ക് വരുന്നത്. ബദൽ സിനിമകൾക്ക് തിയേറ്ററിനെക്കാൾ സാധ്യതയും അംഗീകാരവുമുള്ള വിപണികളാണ് ഫെസ്റ്റിവലുകൾ എന്നാണ് പൊതുവേയുള്ള ധാരണ. ഇത് പലരീതിയിലും സത്യവുമാണ്. വാണിജ്യസിനിമയുടെ താരപ്രഭയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ മിക്കവാറും ഫെസ്റ്റിവലുകളും അവാർഡുകളും ഇപ്പോൾ കലാമൂല്യമുള്ള സിനിമകളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് വാണിജ്യസിനിമയെ കൂടുതൽ തലോടുകയും പുരസ്കാരങ്ങൾ നൽകി അംഗീകരിക്കുകയും ചെയ്യുന്നുണ്ട് എന്നത് വസ്തുതയാണ്.

എങ്കിലും അത്തരം പ്രവണതകൾക്കെതിരെ അവയ്ക്കുള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ നിരന്തരം ഉണ്ടാവുകയും തിരുത്തൽ നടപടികൾക്ക് നിർബന്ധിതമാക്കുകയും ചെയ്യുന്നുമുണ്ട്. തിയേറ്ററുകൾക്ക് ബദലായി കലാമൂല്യമുള്ള സിനിമാക്കാർ ഇപ്പൊഴും ഫെസ്റ്റിവലുകളേയും അവാർഡുകളേയും ആശ്രയിക്കുന്നതിനു കാരണം ഇങ്ങനെയുള്ള സാധ്യതകളെങ്കിലും അതിൽ നിലനിൽക്കുന്നതുകൊണ്ടാണ്. മിക്കവാറും എല്ലാ പ്രധാന ഫെസ്റ്റിവലുകൾക്കും ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള സിനിമകൾക്കെതിരെ നിബന്ധനകളുണ്ട്. അതായത് ഓൺ‌ലൈനിൽ ഒരു സിനിമ ലഭ്യമാവുന്നതോട് ഫെസ്റ്റിവൽ വിപണി എന്ന സാധ്യത അടയുന്നു.

എന്നാൽ പൊതുജനം തിയേറ്ററുകൾക്ക് ബദലായി ചൂണ്ടിക്കാണിക്കുന്ന ഓൺ‌ലൈൻ വിതരണ സമ്പ്രദായങ്ങളെ ഒന്ന് പരിശോധിക്കൂ. എന്താണ് അവിടെയുള്ള മനോഭാവം? നിങ്ങളുടെ സിനിമ എനിക്ക് തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ല ഇന്റർനെറ്റിലുണ്ടോ എങ്കിൽ ഞാൻ കണ്ടോളാം എന്നാണ് പൊതുവേ ആളുകൾ പറയുന്നത്. നെറ്റിലുണ്ടെങ്കിൽ അത് ഡൌൺ‌ലോഡ് ചെയ്ത് അക്സസ് ഇല്ലാത്ത നൂറുപേരെയെങ്കിലും കാണിക്കുകയും ചെയ്യും മിക്കവാറും ഓൺ‌ലൈൻ കാണിയും.

ഇന്റർനെറ്റിലൂടെ കിട്ടുന്നതെല്ലാം സൌജന്യമാണ് എന്ന ഒരു മനോഭാവത്തിലാണ് ഇപ്പോഴും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഭൂരിപക്ഷം പേരും എന്നതാണ് സത്യം. പൈറേറ്റ് ചെയ്ത സോഫ്റ്റ് വെയർകൊണ്ട് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറിനു മുന്നിലിരുന്ന് സിനിമ പൈറേറ്റ് ചെയ്യരുത് എന്ന് ധാർമിക പ്രസംഗം നടത്തുന്നതിലെ അധാർമികത മാത്രം മതി ഓൺ‌ലൈൻ വിപണി എന്ന സാധ്യതയെ തകർക്കാൻ. പണം കൊടുത്ത് വാങ്ങേണ്ട വസ്തുവാണ് ഇന്റർനെറ്റിലെ സിനിമ എന്ന ബോധം ഇനിയും വളർന്നിട്ടില്ലാത്തവരാണ് ഇന്റർനെറ്റിലൂടെ സിനിമ കാണാനാഗ്രഹിക്കുന്നവരിലേറെയും.

തിയേറ്ററിലെ എസിക്കും വലിയ സ്ക്രീനിലെ പ്രൊജക്ഷനും ആൾക്കൂട്ടത്തിനിടയിലിരുന്ന് അത് കാണുമ്പോഴുണ്ടാവുന്ന അനുഭവത്തിനും വേണ്ടിയാണ് തിയേറ്ററിൽ പോയി സിനിമകാണുന്ന എല്ലാവരും പണം മുടക്കുന്നത്. തങ്ങൾ അഞ്ഞൂറോ ആയിരമോ രൂപമുടക്കി കുടുംബസമേതം തിയേറ്ററിൽ പോയിക്കണ്ട അതേ സിനിമ നൂറ്റമ്പതോ മുന്നൂറോ രൂപയ്ക്ക് ഇന്റർനെറ്റിൽ വാങ്ങാം എന്നുണ്ടെങ്കിലും കൂടുതൽ പേരും ആദ്യം തിരയുന്നത് ടൊറന്റിൽ അതിന്റെ പ്രിന്റ് ലഭ്യമാണോ എന്നായിരിക്കും. പണമില്ലാത്തതുകൊണ്ടോ സിനിമകാണാൻ ആഗ്രഹമില്ലാഞ്ഞിട്ടോ അല്ല പലരും ഇത് ചെയ്യുന്നതും.

ഏറ്റവും പുതിയ സിനിമയുടെ ഏറ്റവും പുതിയ പ്രിന്റ് എന്റെകയ്യിൽ ഉണ്ട് എന്ന് പറയുന്നതിലും കോപ്പി ഞാൻ തരാം എന്ന് സുഹൃത്തുക്കൾക്ക് കൊടുക്കുന്നതിലും ആത്മസുഖം അനുഭവിക്കുന്ന ഒട്ടേറെപ്പേരെ ഞാൻ തന്നെ കണ്ടിരിക്കുന്നു.

ഇതൊക്കെയാണ് ഓൺ‌ലൈൻ വിതരണത്തിലെ വെല്ലുവിളികളെന്നിരിക്കിലും ആ സാധ്യതയെ പാടേ തള്ളിക്കളയാൻ ആർക്കും കഴിയില്ല എന്നതും ശരിയാണ്. തിയേറ്റർ റിലീസ് ചെയ്ത അന്നേ ദിവസം തന്നെ ലോകമെമ്പാടും ഓൺ‌ലൈൻ റിലീസ് ചെയ്തുകൊണ്ട് ലീല എന്ന സിനിമയുടെ അണിയറപ്രവർത്തകർ വിപ്ലവകരമായ ഒരു ചുവടുവെച്ചു. സിനിമ കാണാനുള്ള സാധ്യതകളില്ലാത്തതുകൊണ്ടാണ് പൈറേറ്റഡ് ആയ പ്രിന്റുകളെ ആശ്രയിക്കുന്നതെന്നും ലഭ്യതയുണ്ടാക്കൂ ഞങ്ങൾ പൈറേറ്റ് ചെയ്യില്ല എന്നുമൊക്കെ ഓൺ‌ലൈൻ വിപണിക്കുവേണ്ടി വാദിച്ചിരുന്ന ആളുകൾ എവിടെപ്പോയി എന്നറിയില്ല, തിയേറ്ററിലും ഓൺ‌ലൈനിലും പണം കൊടുത്ത് സിനിമകാണാൻ എല്ലാ അവസരങ്ങളും ഉണ്ടായിരിക്കുമ്പോഴും ആ സിനിമയുടെ വ്യാജപ്രിന്റ് ആയിരക്കണക്കിനാളുകൾ ഡൌൺ‌ലോഡ് ചെയ്തു.

പതിനായിരക്കണക്കിനു പെൻ‌ഡ്രൈവുകളിലൂടെയും ബ്ലൂടൂത്തുകളിലൂടെയും ലക്ഷക്കണക്കിനാളുകളിലേക്കെത്തി. ലീല “കിട്ടിയോ കിട്ടിയോ“ എന്ന് ചോദിക്കുന്നവരെക്കൊണ്ട് ഓൺ‌ലൈൻ സിനിമാസ്വാദകരുടെ ലോകം നിറഞ്ഞു. ഈ ഒരു സംഭവം മാത്രം മതി സിനിമകൾക്ക് ഇപ്പോഴും ഓൺ‌ലൈൻ വിപണി ഒരു ആദ്യസാധ്യത അല്ല എന്നത് തെളിയിക്കാൻ. ഓൺ‌ലൈൻ വിപണി തീർച്ചയായും ഒരു സാധ്യതയാണ്. അവസാന സാധ്യത! അതല്ലെങ്കിൽ സിനിമയുടെ മാർക്കറ്റിങ്ങിൽ സാധ്യതയിൽ അടിക്കുന്ന അവസാന ആണി എന്നു നമുക്കതിനെ വിളിക്കാം, കുറഞ്ഞപക്ഷം ഇപ്പോഴെങ്കിലും!

 

(ഒരാൾപ്പൊക്കം എന്ന ക്രൗഡ് ഫണ്ടഡ് സിനിമയിലൂടെ 2014-ൽ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സനൽകുമാർ ശശിധരൻ ഒരു സ്വതന്ത്ര ഫിലിംമേക്കറാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ഒഴിവുദിവസത്തെ കളിയാണ് 2015ലെ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നേടിയത്)

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Become a TNM Member for just Rs 999!
You can also support us with a one-time payment.