മാധ്യമപ്രവര്‍ത്തകന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് തെറ്റോ?

പല മുഖ്യധാരാമാധ്യമങ്ങളുടെയും അറിയപ്പെടുന്ന ലേഖകര്‍ പൊടുന്നനെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് മാറിയിട്ടുണ്ട്
മാധ്യമപ്രവര്‍ത്തകന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് തെറ്റോ?
മാധ്യമപ്രവര്‍ത്തകന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് തെറ്റോ?
Written by:

കേരളത്തിലെ ഏറ്റവുമേറെ ശ്രദ്ധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ എം.വി.നികേഷ് കുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നത് വാര്‍ത്ത തന്നെയാണ്. ഒരേ സ്വതന്ത്ര ചാനലിന്റെ രണ്ട് ഉയര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഒരേ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ആകുന്നു എന്നത് അതിലേറെ വലിയ വാര്‍ത്തയാണ്. പക്ഷേ, നമ്മുടെ രീതിയനുസരിച്ച് മാധ്യമങ്ങളുമായ ബന്ധപ്പെട്ട വാര്‍ത്തകള്‍ ഏറെയൊന്നും മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്താറില്ല, ചര്‍ച്ച ചെയ്യാറുമില്ല. നികേഷിന്റെ രാഷ്ട്രീയപ്രവേശം കുറച്ചായി അന്തരീക്ഷത്തിലുണ്ടെങ്കിലും അടക്കിപ്പിടിച്ച സംസാരങ്ങളും ചര്‍ച്ചകളുമേ ഇക്കാര്യത്തില്‍ ഉണ്ടായുള്ളൂ. 

എന്താണ് ഇതിലിത്ര ചര്‍ച്ച ചെയ്യാനുള്ളത്? കേരളത്തില്‍ ഇതാദ്യമായാണോ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പക്ഷംചേര്‍ന്ന് ജനപ്രതിനിധിസഭയിലേക്ക് മത്സരിക്കുന്നത്? അല്ല. നിരവധിപേര്‍ മത്സരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്തെ മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനം തന്നെയായിരുന്നു. അതിനുശേഷവും, തന്റെ പത്രപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ് എന്നുറപ്പിച്ചു പറയുകയും അവസരം വന്നപ്പോഴൊക്കെ ജനപ്രതിനിധിയാകുകയും ചെയ്തവര്‍ നിരവധിയാണ്. പാര്‍ട്ടിപ്പത്രങ്ങളിലെ ജേണലിസ്റ്റുകളുടെ ആദ്യത്തെയും അവസാനത്തെയും ചുമതല പാര്‍ട്ടിയെ സഹായിക്കുക എന്നതുതന്നെയാണ്. ജേണലിസം അവര്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള ഒരു ഉപകരണം മാത്രമാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍, നിഷ്പക്ഷപത്രപ്രവര്‍ത്തകന്‍  തുടങ്ങിയ ലേബലുകളൊന്നും അവര്‍ നെറ്റിയിലൊട്ടിക്കാറില്ല. 

പത്രങ്ങള്‍ പ്രൊഫഷനന്‍ ജേണലിസത്തിലേക്ക് മാറുന്നതിനു മുമ്പ് പല മുഖ്യധാരാമാധ്യമങ്ങളുടെയും അറിയപ്പെടുന്ന ലേഖകര്‍ പൊടുന്നനെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് മാറിയിട്ടുണ്ട്. മാതൃഭൂമിയുടെ ഡല്‍ഹി ലേഖകനായിരുന്ന കെ.പി.ഉണ്ണികൃഷ്ണന്‍ അത്തരത്തില്‍ പത്രപ്രവര്‍ത്തനം കളഞ്ഞ് ജനപ്രതിനിധിയായ ആളാണ്. 1971 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്താണ് കെ.പി.ഉണ്ണികൃഷ്ണന്‍ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി അവതരിക്കുന്നത്. 1969 ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൈപ്പിടിയിലായ കോണ്‍ഗ്രസ് (ഐ)പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഇന്ദിരാഗാന്ധിതന്നെയാണ് ഉണ്ണികൃഷ്ണനെ നിര്‍ദ്ദേശിച്ചതെന്ന് കേട്ടിട്ടുണ്ട്. പ്രഗത്ഭയായ ലീലാദാമോദരമേനോന്‍ കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥിയായി പ്രചാരണം ആരംഭിച്ച ഘട്ടത്തിലാണ, പത്രത്തിലെ ബൈലൈനിനപ്പുറം അധികം ആളുകള്‍ കണ്ടിട്ടുപോലുമില്ലാത്ത സ്ഥാനാര്‍ത്ഥി രംഗപ്രവേശനം ചെയ്തത്. 

കെ.പി.ഉണ്ണികൃഷ്ണന്‍ ജയിച്ചു, പലവട്ടം ജയിച്ചു. ശ്രദ്ധേയനായ പാര്‍ലമെന്റേറിയനായി. 1989-90 ല്‍ വി.പി.സിങ്ങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി. ഇന്ദിരാഗാന്ധിയുടെ സംഭാവനയായി ഉണ്ണികൃഷ്ണന്‍ പില്‍ക്കാലത്ത് കോണ്‍ഗ്രസ്സിന്റെയും രാജീവ് ഗാന്ധിയുടെയും തലവേദനയായി. ഇന്നദ്ദേഹം പാര്‍ട്ടികളില്‍ നിന്നെല്ലാം അകന്നു ജീവിക്കുന്നു. 

പത്രപ്രവര്‍ത്തകന്‍ സ്ഥാനാര്‍ത്ഥിയായതില്‍ എന്തെങ്കിലും അപാകമുള്ളതായി അന്നാരും സംശയിച്ചുപോലുമില്ല. മാതൃഭൂമി അന്നൊരു കോണ്‍ഗ്രസ് പത്രംതന്നെയായിരുന്നതുകൊണ്ട് അതിന്റെ പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയായതില്‍ തെറ്റില്ല എന്നു മാത്രമല്ല, ശരി ഉണ്ട് എന്നുപോലും കരുതപ്പെട്ടു. മാതൃഭൂമിയേക്കാള്‍ പഴക്കമുള്ള ദീപിക പത്രത്തിന്റെ പ്രമുഖനായ ഒരു രാഷ്ട്രീയലേഖകന്‍ കെ.സി.സെബാസ്റ്റിയനും പാര്‍ലമെന്റംഗമായിരുന്നിട്ടുണ്ട്. അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ദീപികയും സെബാസ്റ്റ്യനും കേരളാകോണ്‍ഗ്രസ്സിന് അതിന്റെ ആരംഭകാലത്ത് ചെയ്ത പത്രപ്രവര്‍ത്തനപരമായ ഉപകാരങ്ങള്‍ക്കുള്ള പ്രതിഫലമായി പലരും ഇതിനെ വിലയിരുത്തിയിട്ടുണ്ട്.

സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും മുസ്ലിംലീഗിന്റെയുമൊക്കെ മുഖപത്രങ്ങളുടെ നിരവധി പത്രാധിപന്മാരും പത്രപ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളായി മാറുന്നത് ഓരോ തിരഞ്ഞെടുപ്പിലും നടക്കുന്ന സാധാരണകാര്യം മാത്രം. ചില മുഖപത്രങ്ങള്‍ തിരഞ്ഞെടുപ്പുകാലത്ത് പുറത്തിറക്കുകതന്നെ പ്രയാസമാകാറുണ്ട്. കാരണം, പത്രാധിപര്‍ ഉള്‍പ്പെടെ അസംഖ്യംപത്രപ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികളായിട്ടുണ്ടാവും. തിരഞ്ഞെടുപ്പില്‍ തോറ്റാലേ പിന്നെയവര്‍ തിരിച്ചുവരൂ!

നികേഷ് പാര്‍ട്ടി പ്രവര്‍ത്തകനോ അംഗം പോലുമോ അല്ല, മുഴുവന്‍സമയ മാധ്യമപ്രവര്‍ത്തകനാണ്. ഈയിടെ ഒരു ചര്‍ച്ചായോഗത്തില്‍ അദ്ദേഹം പറഞ്ഞത്, മാധ്യമപ്രവര്‍ത്തനത്തിനുവേണ്ടിയല്ലാതെ കുടുംബകാര്യത്തിനുവേണ്ടിപ്പോലും താന്‍ സമയം ചെലവഴിക്കാറില്ല എന്നാണ്. ചാനലിന്റെ മുഖ്യനടത്തിപ്പുകാരനും അതിന്റെ എഡിറ്റോറിയല്‍ തലവനുമായ ഇങ്ങനെയൊരാള്‍ക്ക് എങ്ങനെയാണ് തിരഞ്ഞെടുപ്പിന്റെ മൂര്‍ദ്ദന്യത്തില്‍ സ്വന്തം സ്ഥാപനത്തെ പെരുവഴിയിലാക്കി വോട്ടുതേടി നാടുചുറ്റാന്‍ മനസ്സുണ്ടാവുക എന്നാരും ചോദിച്ചുപോകും. വെറുമൊരു ചാനല്‍ ഉടമ മാത്രമായിരുന്നുവെങ്കില്‍, ഈ ചോദ്യവും ഉത്തരവും നികേഷിനെ മാത്രം ബാധിക്കുന്ന കാര്യമാണ് എന്ന് പറയാമായിരുന്നു.

പക്ഷേ, നികേഷ് വെറും ഒരു ചാനല്‍ ഉടമയോ ചാനല്‍ അവതാരകനോ അല്ല. അദ്ദേഹം മലയാള മാധ്യമരംഗത്ത് പല പോരാട്ടങ്ങളുടെയും മുന്നില്‍ നിന്ന, പല അനുകരണീയ മാതൃകകളും വരുംതലമുറകള്‍ക്കായി ഉണ്ടാക്കിയ, മാധ്യമമൂല്യങ്ങളോട് അര്‍പ്പിതമനസ്സുള്ള ഒരാളാണ്. അതുകൊണ്ടാണോ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നറിയില്ല. എന്തായാലും, അതുകൊണ്ടുമാത്രമാണ് ഇവിടെ ഇക്കാര്യം ചര്‍ച്ചാവിഷയമാക്കുന്നത്.

രാഷ്ട്രീയത്തിലേക്ക് കടക്കാനും സ്ഥാനാര്‍ത്ഥിയാകാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം രണ്ട് പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. ഒന്ന്, രാഷ്ട്രീയകക്ഷിയുടെയൊന്നും ബന്ധമില്ലാത്ത സ്വതന്ത്രനും നിഷ്പക്ഷനുമായ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങളുടെ അംഗീകാരവും ആദരവും നേടിയ ഒരാള്‍ ഒരു 'പ്രകോപനവുമില്ലാതെ' ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ഥാനംനേടുന്നത് ആ വ്യക്തിയുടെ അതുവരെയുള്ള പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെത്തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നു. മലയാളമാധ്യമരംഗത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും  വക്കം മൗലവിയുടെയും മഹാമാതൃക പിന്തുടരുന്ന രണ്ടു പേരാണ്  ഇന്ത്യാവിഷന്‍ ചാനല്‍ ഉടമയും മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ എം.കെ.മുനീറും ചീഫ് എഡിറ്റര്‍ എം.വി. നികേഷ്‌കുമാറും എന്ന് ലേഖനമെഴുതിയത് നല്ല മാധ്യമനിരീക്ഷകനും മുന്‍കാല മാധ്യമപ്രവര്‍ത്തകനും ആയ ഡോ.സെബാസ്റ്റ്യന്‍ പോളാണ്.

മുസ്ലിംലീഗിന്റെ സമുന്നതനേതാവായ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ അവിഹിതബന്ധങ്ങള്‍ ആരോപിക്കുന്ന റിപ്പോര്‍ട്ടുകള്‍ എം.കെ മുനീറിന്റെ ചാനലായ ഇന്ത്യാവിഷന്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തപ്പോള്‍ കൊടുങ്കാറ്റുണ്ടായത് രാഷ്ട്രീയത്തില്‍ മാത്രമല്ല, ഇന്ത്യാവിഷന്‍ ചാനലിലും കൂടിയായിരുന്നല്ലോ. മുനീര്‍ ചാനലിന്റെ എഡിറ്റോറിയല്‍ നയത്തില്‍ ഇടപെടാനോ തന്റെ കൂടി നേതാവും സഹമന്ത്രിയുമാനയ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ തടയാനോ നികേഷിനെ പിടിച്ചുപുറത്താക്കാനോ ശ്രമിക്കുകയുണ്ടായില്ലെന്നത് സത്യമാണ്. നികേഷ്‌കുമാറിന്റെ അന്നത്തെ അഗ്രസ്സീവ് ആയ റിപ്പോര്‍ട്ടിങ്ങിനു പിന്നില്‍ പത്രപ്രവര്‍ത്തനപരമായ ആവേശം മാത്രമായിരുന്നോ എന്ന് ഇന്നാരെങ്കിലും സംശയമുയര്‍ത്തിയാല്‍ എന്തുമറുപടിയാണ് നികേഷ് പറയുക, മുനീര്‍ പറയുക, ഇരുവരെയും പുകഴ്ത്തിയ ഡോ.സെബാസ്റ്റ്യന്‍ പോള്‍ ( അദ്ദേഹവും നികേഷിനൊപ്പം സി.പി.എം. സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ട് എന്നത് ഒട്ടും പ്രസക്തമല്ല) പറയുക?

റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷിന്റെ ഏറ്റവും അടുത്ത പദവി വഹിക്കുന്ന വീണാ ജോര്‍ജ് ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയാണ്. നികേഷ് കുമാറിനെപ്പോലെ മാധ്യമരംഗത്തല്ലാതെ വീണാ ജോര്‍ജിനെയും ആരും ഇതുവരെ കണ്ടിട്ടില്ല. കഴിവുള്ള പത്രപ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സംവരണം ഏര്‍പ്പെടുത്താനോ മറ്റോ സി.പി.എം. തീരുമാനിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തെല്ലാം വിശദീകരണങ്ങള്‍ പടച്ചുണ്ടാക്കിയാലും, ഒരാള്‍ ഒരേസമയം സ്ഥാനാര്‍ത്ഥിയും രാഷ്ട്രീയ റിപ്പോര്‍ട്ടറും ആകുക എന്നത് പത്രപ്രവര്‍ത്തന ധാര്‍മികതയുടെയും മര്യാദയുടെയും തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ താല്പര്യസംഘര്‍ഷം ( കോണ്‍ഫ്‌ളിക്റ്റ് ഓഫ് ഇന്ററസ്റ്റ്) എന്ന പ്രശ്‌നം ഉയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടാതിരിക്കാന്‍ നിവൃത്തിയില്ല. 

35 വര്‍ഷംമുമ്പ് ഒരു പത്രത്തില്‍ ജേണലിസം ട്രെയ്‌നിയായി ചേരുമ്പോള്‍ എഴുതി ഒപ്പിട്ടുകൊടുത്തത്, ' ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ഏതെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ വഹിക്കുകയോ ചെയ്യില്ല' എന്ന് ഉറപ്പുനല്‍കുന്ന രേഖയായിരുന്നു. പത്രത്തിന്റെ തലവന്‍ അന്നും ഇന്നും രാഷ്ട്രീയനേതാവാണ്. പിന്നെ ഈ രേഖയ്ക്ക് എന്തു വിലയാണ് എന്നു ചോദിക്കാം. പക്ഷേ, അതൊരു പവിത്രമായ ഉടമ്പടിയാണ്. കമ്പനിത്തലവന്റെ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കനുസൃതമായല്ല പത്രപ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന സുപ്രധാനസന്ദേശമാണ് ആ ഉടമ്പടി. അതിനോട് എത്രത്തോളം സത്യസന്ധത പുലര്‍ത്തി എന്ന് ആത്മപരിശോധന നടത്തേണ്ടത് പത്രപ്രവര്‍ത്തകര്‍ മാത്രമല്ല, സ്ഥാപനത്തലവ•ാര്‍ കൂടിയാണ്. 

നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒരു രാഷ്ട്രീയപ്രശ്‌നം കൂടിയുണ്ട്. നികേഷിന്റെ പിതാവ് എം.വി.രാഘവന്‍ നീണ്ടകാലം സി.പി.എമ്മിന്റെ തീപ്പൊരി നേതാവായിരുന്നു. തീര്‍ത്തും ആശയപരമായ ഒരു പ്രശ്‌നത്തില്‍ പാര്‍ട്ടിയുമായി ഭിന്നത ഉണ്ടായതുകൊണ്ടുമാത്രമാണ് അദ്ദേഹത്തിനുപുറത്തുപോകേണ്ടി വന്നത്. തുടര്‍ന്നു നീണ്ടകാലം അദ്ദേഹത്തെ സി.പി.എം.വേട്ടയാടുകയായിരുന്നു. ഏകപക്ഷീയമായി വേട്ടയാടുകയായിരുന്നു. എം.വി.രാഘവന്‍ സ്ഥാപിച്ച മൃഗശാലയില്‍ ജീവിക്കുന്നു എന്ന കുറ്റത്തിന് മൃഗങ്ങള്‍ ശിക്ഷിക്കപ്പെട്ടു. ടി.പി.ചന്ദ്രശേഖരനെപ്പോലെ അദ്ദേഹം അമ്പത്തൊന്നോ ഒരുപക്ഷേ, നൂറ്റിയൊന്നോ വെട്ടേറ്റു മരിക്കാതിരുന്നത് അദ്ദേഹത്തിന് കണ്ണൂരിലെ പാര്‍ട്ടിരീതികളെക്കുറിച്ചു നല്ല ബോധമുണ്ടായിരുന്നതുകൊണ്ടും അതിനൊത്ത മുന്‍കരുതലുകള്‍ എടുത്തുതുകൊണ്ടുമായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്.

കൊടുംക്രൂരതകള്‍ പോലും മറക്കാനും അതു ചെയ്തവരോട് പൊറുക്കാനും മഹാമനസ്സുകള്‍ക്കേ കഴിയൂ. അതൊരു നിയമസഭാംഗത്വത്തിനു വേണ്ടി മാത്രം ആവാതിരിക്കട്ടെ.

(NP Rajendran is senior journalist and columnist for Malayalam daily Mathrubhumi, based in Kozhikode)

Related Stories

No stories found.
The News Minute
www.thenewsminute.com