എല്ലാമാസവും ആദ്യവാരം പല ഗ്രാമങ്ങളിലും ജീപ്പുകള്‍ വഴി അരിയും ഭക്ഷണസാധനങ്ങളുമടങ്ങിയ സഞ്ചികള്‍ ഓരോ കുടുംബത്തിനുമായി വിതരണം ചെയ്യപ്പെടുന്നു

news Saturday, January 23, 2016 - 20:49

കേരളത്തിലെ ഖനനമേഖലയായ പത്തനംതിട്ട ജില്ലയിലേക്ക് ഒരന്വേഷണയാത്ര- തീര്‍ഥാടനകേന്ദ്രമായ ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയായ പത്തനംതിട്ട ഏറ്റവും കൂടുതല്‍ ക്വാറികളുള്ള  പ്രദേശം കൂടിയാണ്. ന്യൂസ് മിനുട്ട് പ്രതിനിധി ഹരിതാ ജോണ്‍  ജില്ലയിലെ രണ്ടു ഗ്രാമങ്ങളായ അതിരുങ്കല്‍,  കോന്നി എന്നീ രണ്ടു ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് നിയമം ലംഘിച്ചുനടക്കുന്ന വ്യാപകമായ ഖനനത്തെക്കുറിച്ചും അവിടുത്തെ ഗ്രാമീണരുടെ ജീവിതാവസ്ഥകളെക്കുറിച്ചും റിപ്പോര്‍ട്ടു ചെയ്യുന്നു. തന്റെ സുരക്ഷിതത്വം ഒരല്പം അപകടപ്പെടുത്തിക്കൊണ്ടാണ് ഞങ്ങളുടെ പ്രതിനിധി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

സ്വന്തം നിലയ്ക്ക് ക്ഷേമപദ്ധതികളുള്ള ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ല. എല്ലാമാസവും ആദ്യവാരം പല ഗ്രാമങ്ങളിലും ജീപ്പുകള്‍ വഴി അരിയും ഭക്ഷണസാധനങ്ങളുമടങ്ങിയ സഞ്ചികള്‍ ഓരോ കുടുംബത്തിനുമായി വിതരണം ചെയ്യപ്പെടുന്നു. വിധവകള്‍ക്കും രോഗികള്‍ക്കും 1,500 രൂപ പെന്‍ഷന്‍ കിട്ടുന്നു. 

അത്ഭുതപ്പെടേണ്ട. ഈ കിറ്റുകള്‍ വിതരണം ചെയ്യുന്നത് ധനക്കമ്മി കൊണ്ട് വീര്‍പ്പുമുട്ടുന്ന സംസ്ഥാന ഗവണ്‍മെന്റ് അല്ല. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 520 ക്വാറികളുമായും 38 ക്രഷിങ് യൂണിറ്റുകളുമായുമായാണ് ഈ ക്ഷേമപദ്ധതികള്‍ക്ക്  ബന്ധം. ഇതേ ക്വാറികളും ക്രഷിങ് യൂണിറ്റുകളും തന്നെയാണ് ജനങ്ങള്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സമ്മാനിക്കുന്നതും, പരിസരമലിനീകരണവും, അപകടങ്ങളും, ജലക്ഷാമവും, പൊടിശല്യവുമെല്ലാം സൃഷ്ടിക്കുന്നതും. 

എന്നാല്‍ ഈ പാരിസ്ഥിതികദുരന്തങ്ങളും ദുരിതങ്ങളുമൊക്കെയുണ്ടെങ്കിലും ഈ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് ഇത് സംബന്ധിച്ച്് ഒരു മുറുമുറുപ്പും കേള്‍ക്കാന്‍ കഴിയുകയില്ല.

'ഞങ്ങള്‍ പ്രതിഷേധക്കാര്‍ തുടക്കത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നു. ഇപ്പോള്‍ വെറും നാല്‍പതുപേര്‍ മാത്രം,' ഖനനമാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന അതിരുങ്കല്‍ ഗ്രാമത്തിലെ രമാ ഷാജി പറയുന്നു. അതിരുങ്കലില്‍ വലിയ അഞ്ച് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പുറമെ നിരവധി ചെറിയ ക്വാറികളും. നേരത്തെ ഗ്രാമം ഒന്നടങ്കം ക്വാറികള്‍ വര്‍ധിച്ചുവരുന്നതിനെ എതിര്‍ത്തിരുന്നു.

പക്ഷെ പോകെപ്പോകേ പ്രതിഷേധം അര്‍ഥഗര്‍ഭമായ നിശ്ശബ്ദതയ്ക്ക് വഴിമാറി. ദിവസക്കൂലിക്കാരായ പ്രദേശത്തുകാര്‍ക്ക് ക്വാറി ഉടമസ്ഥര്‍ പണവും മറ്റാനുകൂല്യങ്ങളും വാരിക്കോരിക്കൊടുത്തതിന്റെ പരിണിതഫലം. സമ്പന്നരായ ആളുകളെപ്പോലെ അവര്‍ക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകാന്‍ കഴിവില്ലായിരുന്നു. എന്നാല്‍ ക്വാറി ഭീമന്‍മാരുമായി ഏറ്റുമുട്ടാനുള്ള ശേഷിയുമില്ലായിരുന്നു. പോരാത്തത്തിന് ജീപ്പില്‍ എത്തിച്ചേരുന്ന ക്ഷേമപദ്ധതികള്‍ അവരില്‍ മതിപ്പുണ്ടാക്കുകയും ചെയ്തു. 

' ക്യാമറയുമായി ആളുകള്‍ ഇവിടെ വരികയും എന്നോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ക്വാറിക്കാരാണ് എന്നെ സഹായിക്കുന്നത്. അവര്‍ക്കെതിരെ എനിക്കൊന്നും പറയാനില്ല. എനിക്ക് വയസ്സേറെയായി. ജോലിക്ക് പോകാനും വയ്യാതായി. അവരെനിക്ക് പൈസ തരുന്നു. അരി തരുന്നു. ചിലപ്പോള്‍ വസ്ത്രങ്ങളും. ശരിയാണ്, അവരുടെ വാഹനങ്ങള്‍ വലിയ മലിനീകരണം സൃഷ്ടിക്കുന്നുണ്ട്. പക്ഷേ എത്രകാലം ഞങ്ങള്‍ക്ക് പൊരുതിനില്‍ക്കാനാകും? ' അതിരുങ്കലിലെ 85 വയസ്സുകാരിയായ ജാനകിയമ്മ പറയുന്നു. 

ക്വാറി ഉടമസ്ഥരുടെ പ്രവൃത്തികളെ ന്യായീകരിക്കാനുള്ള പ്രകടമായ ഒരു ശ്രമമെന്ന നിലയില്‍ ജാനകിയമ്മ കൂട്ടിച്ചേര്‍ത്തു:' അവരുടെ മുഴുവനായി തീര്‍ന്നാല്‍ അവരവിടെനിന്ന് പോകും. എല്ലാവര്‍ക്കും എന്തെങ്കിലും ജോലി ചെയ്തല്ലേ ജീവിക്കാനൊക്കൂ.'

ക്വാറിക്കാരുടെ സമാന്തര ഗവണ്‍മെന്റ് നല്‍കുന്ന ആനുകൂല്യങ്ങള്‍ പ്രായം ചെന്നവരെ ഏറെക്കുറെ മയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ ഗ്രാമങ്ങളിലെ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നത് വേറൊന്നാണ്. 

'ഈ ചെറുപ്പക്കാരാണ് അവരുടെ പ്രധാനശക്തി. ചില പിള്ളേര്‍ക്ക് ക്വാറികളില്‍ പണി കിട്ടുമ്പോള്‍ മറ്റു ചില പിള്ളേരെ ക്വാറിക്കെതിരെ പ്രതിഷേധിക്കുന്ന ആക്ടിവിസ്റ്റുകളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നു,' പശ്ചിമഘട്ടസംരക്ഷണത്തിനായുള്ള ജനകീയസമിതിയുടെ കോന്നി യൂണിറ്റ് സെക്രട്ടറിയും കലഞ്ഞൂര്‍ സ്വദേശിയുമായ അജി പറയുന്നു.

കലഞ്ഞൂരില്‍ 20 -ഓളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അജി പറയുന്നു. ചുറ്റുവട്ടത്തൊന്നും പുറത്തുള്ളവര്‍ വരാതിരിക്കാന്‍ അന്യസംസ്ഥാനത്തൊഴിലാളികളെ നിരീക്ഷണത്തിന് ക്വാറിക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

' ഗുണ്ടാപ്പണിയൊക്കെ ഈ അന്യസംസ്ഥാനത്തൊഴിലാളികളെക്കൊണ്ടാണ് അവര്‍ ചെയ്യിക്കുന്നത്. ക്വാറി പരിസരത്തുനിന്ന് ആരെങ്കിലും ഫോട്ടോയെടുക്കുന്നതുകണ്ടാല്‍ അവര്‍ ഫോട്ടോയെടുത്തവരെ കൈകാര്യം ചെയ്യും. എതിര്‍ക്കാന്‍ കഴിയാത്ത വലിയ ഒരു മാഫിയയാണ് ഇക്കൂട്ടര്‍,' പേരുവെളിപ്പെടുത്താന്‍ തയ്യാറില്ലാത്ത, പ്രദേശത്തുകാരന്‍ കൂടിയായ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ സ്ഥിരീകരിക്കുന്നു. 

അജിയെ ഒരുതവണ ക്വാറി മാഫിയ മാരകമായി ആക്രമിച്ചു പരുക്കേല്‍പ്പിച്ചിട്ടുമുണ്ട്. ' ഒരിയ്ക്കല്‍ ഒരുകൂട്ടം ആളുകള്‍ എന്നെ ആക്രമിച്ചു. ഇരുമ്പുദണ്ഡുകള്‍ കൊണ്ട് എന്റെ തലയ്ക്കടിച്ചു. എന്നെ കൊല്ലാനായിരുന്നു ശ്രമം. കുറച്ചുകാലം ആശുപത്രിയിലുമായി. അവര്‍ക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് മനസ്സിലായാല്‍ അവര്‍ ഇങ്ങനെയാണ് പ്രതികരിക്കുക,' അജി കൂട്ടിച്ചേര്‍ത്തു. 

 

ക്യാപ്ഷന്‍: അജി അതിരുങ്കല്‍

ക്വാറികളെയും ക്രഷിങ് യൂണിറ്റുകളെയും ഭയം കൊണ്ട് പ്രദേശത്തുകാരും എതിര്‍ക്കാതെയായി. അങ്ങനെ ചെയ്യുന്ന പക്ഷം രാത്രിയില്‍ കരിങ്കല്ലും കൊണ്ട് ചീറിപ്പായുന്ന ടിപ്പര്‍ ലോറികളുടെ ഇരയായി തങ്ങള്‍ തീരുമെന്ന് അവര്‍ക്കറിയാം. 

'കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ടിപ്പര്‍ ലോറി എന്റെ ഭര്‍ത്താവിനെ തട്ടിവീഴ്ത്തി. അതൊരപകടമല്ലെന്ന് എനിക്കുറപ്പാണ്. സംഭവം കഴിഞ്ഞിട്ട് ഒരു കൊല്ലം കഴിഞ്ഞു. പൊലിസ് ഇതുവരെയും ഇടിച്ചിട്ട വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഭര്‍ത്താവാകട്ടെ ഇപ്പോഴും കിടപ്പിലാണ്,' രമ പറയുന്നു.

ക്വാറി മുതലാളിമാര്‍ തങ്ങളെ കള്ളക്കേസുകളില്‍ കുടുക്കുന്നുവെന്നതാണ് മറ്റു ചില ആക്ടിവിസ്റ്റുകളുടെ അനുഭവം. 

' വിവിധ വകുപ്പുകള്‍ ചുമത്തി ചുരുങ്ങിയത് പത്തോളം കേസുകളാണ് എനിക്കെതിരെയുള്ളത്.  ഞങ്ങളെ ബുദ്ധിമുട്ടിക്കാനുദ്ദേശിച്ചുള്ള കള്ളക്കേസുകളാണ് മുഴുവനും. കേസായാല്‍ പിന്നെ ഓരോന്നിലും ജാമ്യം തേടണം. നിരവധി തവണ കോടതി കയറണം. അങ്ങനെ കുറേ സമയം നഷ്ടപ്പെടുകയും ചെയ്യും,' ആക്ടിവിസ്റ്റും കോളെജ് അധ്യാപകനുമായ എന്‍.ബി. തങ്കച്ചന്‍ പറഞ്ഞിതങ്ങനെ. 'അവര്‍ പണവും സാധനങ്ങളും കൊടുത്ത് പാവപ്പെട്ടവരെ ഒതുക്കുന്നു. അതേസമയം അതിന് തയ്യാറില്ലാത്തവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു. എങ്ങനെയായാലും തന്ത്രങ്ങള്‍ പലതുപയോഗിച്ച് അവര്‍ പ്രദേശം ഭരിക്കുന്നു,' തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ ഖനനമാഫിയ ശക്തമാണെന്ന കാര്യത്തില്‍ മാത്രം ക്വാറികളെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും ഏകാഭിപ്രായക്കാരാണ്. 

'പ്രാദേശികരാഷ്ട്രീയപ്രവര്‍ത്തകരും നേതാക്കളും, ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും, പൊലിസുമെല്ലാം അവരുടെ പക്ഷത്താണ്. അവരെല്ലാം ഒറ്റക്കെട്ടായി സാധാരണക്കാരന് എതിരാകുമ്പോള്‍, സാധാരണക്കാര്‍ക്ക് എങ്ങനെയാണ് ക്വാറി മാഫിയയെ എതിര്‍ത്ത് വിജയിക്കാനാകുക?' പേരുവെളിപ്പെടുത്താന്‍ തയ്യാറില്ലാത്ത ഒരു പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകന്‍ പറഞ്ഞു.

​ 

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.