ആര്‍ എസ് എസിന് കേരളത്തെ മനസ്സിലാകാത്തതെന്തുകൊണ്ട്?

ഇന്ത്യന്‍ ഫാസിസത്തിന്‍റെ മുഖപത്രത്തില്‍ കേരളത്തെ അഭിനന്ദിച്ച് ഒരു ലേഖനം വന്നിരുന്നുവെങ്കില്‍ നമ്മള്‍ ഭയപ്പെടണമായിരുന്നു
ആര്‍ എസ് എസിന് കേരളത്തെ മനസ്സിലാകാത്തതെന്തുകൊണ്ട്?
ആര്‍ എസ് എസിന് കേരളത്തെ മനസ്സിലാകാത്തതെന്തുകൊണ്ട്?
Written by:

എംഎ ബേബി

[The author is a Polit Bureau member of the Communist Party of India (Marxist)]  

(Read the English version of the article here).

ആര്‍ എസ്എസിന്‍റെ ഇംഗ്ളീഷ് മുഖപത്രം ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച “കേരളം ദൈവത്തിന്‍റെ സ്വന്തം നാടോ ദൈവവിരുദ്ധരുടെ നാടോ?” എന്ന ലേഖനം പരിഹാസ്യമാണ്. കേരളം എടുക്കുന്ന പുരോഗമന മതേതര നിരപാടിനോടുള്ള ആര്‍എസ്എസിന്‍റെ അസഹിഷ്ണുത ഇവിടെ മറ നീക്കി പുറത്തു വരുന്നു. കേരളത്തിലെ സ്ത്രീകളെയും ദളിതരെയും മതന്യൂനപക്ഷങ്ങളെയും കുറിച്ചുള്ള ഒരു വിദ്വേഷപ്രസംഗമാണിത്. കമ്യൂണിസ്റ്റുകാരെ അവര്‍ ദുഷിക്കുന്നത് സാധാരണയും സ്വാഭാവികവുമായതുകൊണ്ട് അതു പ്രത്യേകിച്ച് പറയുന്നില്ല.

ഇന്ത്യന്‍ ഫാസിസത്തിന്‍റെ മുഖപത്രത്തില്‍ കേരളത്തെ അഭിനന്ദിച്ച് ഒരു ലേഖനം വന്നിരുന്നുവെങ്കില്‍ നമ്മള്‍ ഭയപ്പെടണമായിരുന്നു.

1925 ല്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ മുതല്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. 1921 ലെ മലബാര് കലാപമാണ് ആര്‍എസ്എസ് സ്ഥാപനത്തെ ന്യായീകരിക്കാന്‍ ഇന്ത്യ മുഴുവന്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയ ഒരു സംഭവം. കേരളത്തിലെ പകുതിയോളം വരുന്ന മതന്യൂനപക്ഷം ഹിന്ദു ഭൂരിപക്ഷത്തിന് ഭീഷണിയാണെന്ന് അന്നു മുതലിന്നു വരെ ഇന്ത്യ മുഴുവന്‍ പറഞ്ഞു പരത്തുന്നു. മനുഷ്യര്‍ തമ്മില്‍ ഏത് മതത്തിലെ വിശ്വാസി ആണെന്നതിന്‍റെ അടിസ്ഥാനത്തിലാവണം ഇടപെടേണ്ടത് അല്ലാതെ മനുഷ്യത്വത്തിന്‍റെ നിലയിലാവരുത് എന്നത് സ്ഥാപിക്കാന്‍ ഏതാണ്ട് ഒരു നൂറ്റാണ്ടായി കേരളത്തില്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. അത് കേരളം വകവച്ചു കൊടുത്തിട്ടില്ല. ആര്‍എസ്എസിന്‍റെ രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനതാ പാര്‍ടിക്കോ അതിന്‍റെ മുന്‍ രൂപമായ ഭാരതീയ ജനസംഘത്തിനോ നിയമസഭയിലോ പാര്‍ലമെന്‍റിലോ ഒരിക്കല്‍ പോലും ഒരു അംഗത്തെ എങ്കിലും നല്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. (വലിയ സംസ്ഥാനങ്ങളില്‍). കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന് ഇന്ത്യ മുഴുവന്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന ഏക സംസ്ഥാനവും കേരളമാണ്. ആര്‍എസ്എസും കോണ്‍ഗ്രസുമാല്ലാതെ മറ്റൊരു വഴിയുണ്ട് എന്ന് ഇന്ത്യക്ക് മുന്നില്‍ കേരളം വയ്ക്കുന്ന ആശയം അവരെ വിറളി പിടിപ്പിക്കുന്നു.

ദില്ലിയിലെ കേരള ഹൌസില്‍ ബീഫ് വിളമ്പുന്നു എന്ന പേരില്‍ ചില ആര്‍എസ്എസുകാര്‍ ഉണ്ടാക്കിയ പുകിലും തുടര്‍ന്ന് ദില്ലി പോലീസ് നടത്തിയ റെയ്ഡും അതിനോട് കേരളത്തിലുണ്ടായ പ്രതികരണവുമാണ് ഇപ്പോഴത്തെ പ്രകോപനം. കേരളത്തിലുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് പിറ്റേ ദിവസം വീണ്ടും ബീഫ് വിളമ്പി. ഞാനടക്കമുള്ള ആളുകള്‍ അവിടെ ചെന്ന് കഴിക്കുകയും ചെയ്തു. ബീഫിന്‍റെ കാര്യം പറഞ്ഞ് ഇന്ത്യയിലെങ്ങും ഉണ്ടാക്കിയ പ്രശ്നങ്ങളെത്തുടര്‍ന്ന് മിക്കവരും പോത്തിറച്ചി പോലും വേണ്ടെന്നു വച്ച് അക്രമം ഒഴിവാക്കാനാണ് ശ്രമിച്ചതെങ്കില്‍ കേരളം വഴങ്ങിയില്ല. വീണ്ടും പോത്തിറച്ചി വിളമ്പി. മാട്ടിറച്ചി കഴിക്കുന്നവരും അല്ലാത്തവരും എന്ന പേരില്‍ ഇന്ത്യയെ രണ്ടാക്കാന്‍ ആര്‍എസ്എസ് നടത്തിയ ശ്രമത്തെ കേരളം നിഷേധിച്ചത് അവര്‍ക്കിഷ്ടപ്പെട്ടിട്ടില്ല. അതിന്‍റെ പേരില്‍ എന്തൊക്കെ അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വളച്ചൊടിക്കലുകളുമാണ് ഈ വിദ്വേഷ ലേഖനത്തില്‍!

സംഘപരിവാര്‍ ശക്തികള്‍ സ്ഥിരമായി നടത്തുന്ന പ്രചാരണങ്ങളുടെ സ്വഭാവം ഉള്ള ഒന്നാണ് ഈ ലേഖനവും. ഗൌരവമുള്ള വായനക്കാര്‍ ഹാസ്യവായ്ക്കായേ അതെടുക്കൂ എന്നതിനാല്‍ ഗൌരവമായി എടുക്കാതെ അവഗണിക്കാവുന്നതാണ്. എന്നാല്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ ലക്ഷണമൊത്ത ഒന്നായതിനാല്‍ ഒരു പ്രതികരണം ഉചിതമായിരിക്കും. ഈ വിദ്വേഷ ലേഖനത്തിലെ ചില വാദങ്ങള്‍ നോക്കൂ:

2006ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മദ്രസ അധ്യാപകരെയും പള്ളികളിലെ മുല്ലമാരെയും സര്‍ക്കാര്‍ ശമ്പളക്കാരാക്കും എന്ന് സഖാവ് വിഎസ് പറഞ്ഞു എന്നും അധികാരത്തില്‍ വന്ന ഉടനെ മുല്ലമാരെയും മദ്രസ അധ്യാപകരെയും സര്‍ക്കാര്‍ ശമ്പളപ്പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നുമാണ് ഒന്നാമത്തെ ആരോപണം. സഖാവ് വിഎസ് അങ്ങനെ പറഞ്ഞിട്ടുമില്ല, സഖാവ് വിഎസിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ അങ്ങനെ ചെയ്തിട്ടുമില്ല. മദ്രസ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യാ സര്‍ക്കാരിന്‍രെ പദ്ധതിയില്‍ ഭാഗഭാക്കാവുന്നത് തെറ്റുമല്ല.

കേരളത്തിലെ കണ്ണൂര്‍ ജില്ല രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണ് കമ്യൂണിസ്റ്റുകാര്‍ അവിടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നു എന്നാണ് അടുത്ത ആരോപണം. ഇക്കൊല്ലം തന്നെ കണ്ണൂരിലെ നാല് സിപിഐഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന് പ്രകോപനം ഉണ്ടാക്കിയത്. കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങളിലെ മുഖ്യകുറ്റവാളി ആര്‍എസ്എസ് ആണ്. അവരെ ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സഹായിക്കുന്നു. ഏറ്റവുമൊടുവിലായി കാസര്‍കോട്ടെ സി.നാരായണനെ തിരുവോണനാളിലാണ് ആര്‍.എസ്‌.എസുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയത്. തൊട്ടു പിന്നാലെ പട്ടാമ്പിയില്‍ നജീബ്‌ എന്ന പാര്‍ടി പ്രവര്‍ത്തകനെ ആശുപത്രിയില്‍ കയറി വെട്ടികൊലപ്പെടുത്തി. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണകാലത്ത്‌ ഇതിനകം 28 പാര്‍ടി പ്രവര്‍ത്തകരാണ്‌ കൊല ചെയ്യപ്പെട്ടത്‌. ഇതില്‍ 17 പേര്‍ ആര്‍.എസ്‌.എസ്‌ നടത്തിയ ആക്രമണത്തിലാണ്‌ കൊല്ലപ്പെട്ടത്‌. തികഞ്ഞ ആത്മസംയമനം സിപിഐഎം പാലിക്കുന്നതുകൊണ്ടാണ് വലിയ അക്രമസംഭവങ്ങളിലേക്ക് കേരളം വീഴാതിരിക്കുന്നത്. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളെയും സിപിഐഎം തള്ളിക്കളയുന്നു. അത്തരം സംഭവങ്ങളില്‍ ഏതെങ്കിലും പാര്‍ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാല്‍ അവരെ പിന്തുണയ്ക്കുന്നുമില്ല.

ഗുജറാത്തിലെ വംശഹത്യ അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക വര്‍ഗീയലഹളകളുടെയും സംഘാടകരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നത്.

കേരളത്തിലെ സ്ത്രീകളെക്കുറിച്ച് ഇതില്‍ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ ആക്ഷേപകരമാണ്. വിവാഹിതരല്ലാതെ ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണത്രെ. ഇങ്ങനെ ആരെങ്കിലും ജീവിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ നിയമപരമായി അത് തെറ്റല്ല. പക്ഷേ, കേരളത്തിലെ സ്ത്രീകളുടെ ജീവിതം എന്തോ മോശമായ രീതിയിലാണെന്നു പറയാനാണ് ആര്‍എസ്എസുകാര്‍ ലിവിംഗ് ഇന്‍ റിലേഷന്‍ഷിപ്പിന്‍റെയും വിവാഹമോചനത്തിന്‍റെയും കാര്യങ്ങള്‍ പറയുന്നത്. അത് സ്ത്രീകളെക്കുറിച്ചുള്ള ആര്‍എസ്എസ് വീക്ഷണത്തിന്‍റെ പ്രശ്നമാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രാകൃതമായ ആര്‍എസ്എസ് വീക്ഷണം കേരളത്തിന് എന്തായാലും സ്വീകാര്യമല്ല.

കേരളത്തില്‍ മദ്യപാനവും ആത്മഹത്യയും കൂടതലാണെന്നാണ് മറ്റൊരാക്ഷേപം. കേരളത്തിന് പ്രശ്നങ്ങളോ പരിമിതികളോ ഇല്ലെന്നല്ല. ഒരു ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങളും കേരളത്തിലും ഉണ്ട്. അവ പരിഹരിക്കാനുള്ള സമരമാണ് ഞങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം. പക്ഷേ, ഓരോ മനുഷ്യനും കേരളത്തില്‍ വിലയുള്ള ഓരോ പൌരനാണ്. അതിനാല്‍ ആര്‍എസ്എസ് സ്വാധീനമുള്ള സ്ഥലങ്ങളിലെ പോലെ ആത്മഹത്യകള്‍ കണക്കില്‍ പെടാതെ പോവില്ല. മദ്യപാനം വരവ് വയ്ക്കപ്പെടുന്നു. അതിനെ നേരിടുന്നു.

സഖാവ് ഇഎംഎസിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് സംഘപരിവാരികളുടെ രാഷ്ട്രീയവീക്ഷണപരിമിതി ഏറ്റവുമധികം വ്യക്തമാക്കുന്നത്. ഒന്നാമതായി ഇഎംഎസിനെ “ഒരു ഉന്നത ബ്രാഹ്മണന്‍” ആയി ചുരുക്കിക്കാണുന്നു. ചെറുപ്പത്തിലേ പൂണൂലു കത്തിച്ചു കളഞ്ഞ് നമ്പൂതിരിയില്‍ നിന്ന് മനുഷ്യനായ മഹാനാണദ്ദേഹം എന്നത് പരിവാരികള്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഇഎംഎസ് മുസ്ലിം പ്രീണനം നടത്തി മുസ്ലിം ലീഗുകാരെയോരോരുത്തരെയും പോയിക്കണ്ട് കമ്യൂണിസ്റ്റ് പാര്‍ടിക്ക് പിന്തുണ നേടിയെന്നും അതിനുപകരമായി മുസ്ലിങ്ങള്‍ക്കമുകൂലമായ കാര്യങ്ങള്‍ ചെയ്തുവെന്നുമാണ് വിമര്‍ശനം. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മലപ്പുറം ജില്ല ഉണ്ടാക്കി എന്നും. ഇഎംഎസിന്‍റെ ജന്മനാടായ മലപ്പുറം ജില്ല മുസ്ലിങ്ങള്‍ക്കുണ്ടാക്കിയതല്ല, പിന്നോക്ക പ്രദേശമായ മലബാറിന്‍റെ ആകെ വികസനത്തനുണ്ടാക്കിയതാണ്. മലപ്പുറത്ത് മുസ്ലിങ്ങള്‍ ആരുടെയും ശല്യമില്ലാതെ സ്വന്തം മതാചാരപ്രകാരം ജീവിക്കുന്നു എന്ന കുറ്റമാണ് ഈ മുസ്ലിം പ്രീണനത്തിന്‍റെ ഫലം എന്ന് ഓര്‍ഗനൈസര്‍ കണ്ടുപിടിക്കുന്നു. അതൊരു കുറ്റമാണെങ്കില്‍, ആ കുറ്റത്തിന്‍റെ ഉത്തരവാദിത്തം ഞങ്ങള്‍ ഏല്ക്കുന്നു, ഇഎംഎസിനെത്തന്നെ മുഖ്യ കുറ്റവാളി ആക്കിക്കോളൂ! മലപ്പുറത്ത് മുസ്ലിങ്ങള്‍ക്കേ സ്ഥലം വില്ക്കാനാവൂ എന്നും മറ്റുമുള്ള നികൃഷ്ട ആരോപണങ്ങള്‍ക്ക് എന്തു മറുപടി പറയാന്‍!

ഇഎംഎസിനെക്കുറിച്ചുള്ള അടുത്ത ആരോപണം, “Similarly, with a view to wooing the Dalits of Kerala, EMS adopted various drastic steps for the appeasement of the Dalits.”എന്നാണ്. അതായത് ദളിതരെ പ്രീണിപ്പിക്കാനായി കടുത്ത നടപടികളാണ് ഇഎംഎസ് എടുത്തതെന്ന്! മാത്രവുമല്ല, ഇഎംഎസ് അവരുടെ വീടുകളില്‍ വരെ പോവുകയും അവരോടൊപ്പം ബീഫ് കഴിക്കുക പോലും ചെയ്തു! (“EMS also regularly visited the houses of Dalits and took part in their social functions at which dishes of beef were served which he partook, affirming to them with his purported logic that “there is nothing wrong in eating beef when one can eat mutton”. ). ദളിതരെക്കുറിച്ച് ഒളിച്ചു വച്ചിട്ടുള്ള സംഘപരിവാരവീക്ഷണം മുഴുവന്‍ പുറത്തുചാടുന്ന ഒന്നാണ് ഈ വാദം. ദളിതരുടെ അവകാശങ്ങള്‍്ക്കായി ആധുനിക കേരളത്തില്‍ പോരാടിയിട്ടുള്ളത് കമ്യൂണിസ്റ്റുകാരാണ്. ആര്‍എസ്എസ്സിനെ നിരാശപ്പടുത്തിക്കൊണ്ട് ഞങ്ങള്‍ അത് തുടരുക തന്നെ ചെയ്യും.

ഇഎംഎസ് ജീവിതകാലം മുഴുവന്‍ ആര്‍എസ്എസിനെ സായുധസംഘടന എന്നു വിളിച്ചു എതിര്‍ത്തു എന്നതാണ് ഇനിയൊരാരോപണം. അതും ശരിയാണ്. അതും ഞങ്ങള്‍ തുടരും.

സിഎച്ച് മുഹമ്മദ് കോയയെപ്പോലൊരു നേതാവിനെ എതിര്‍ക്കാം. പക്ഷേ, അദ്ദേഹത്തെ തീവ്ര മുസ്ലിം ഫണ്ടമെന്‍റലിസ്റ്റ് എന്ന വിളിക്കുന്നത് തെറ്റായ ചരിത്രമുണ്ടാക്കലാണ്. ഈ ലേഖനത്തിലെ ഓരോ മുസ്ലിം വിരുദ്ധ വാചകങ്ങള്‍ക്കും മറുപടി എഴുതുക അനാവശ്യമാണ്. അതാണ് ഈ ലേഖനത്തിന്‍റെ ഓരോ വരിയുടെയും സ്വഭാവം. അതിനെയാകെ തള്ളിക്കളയുന്നു.

കേരളത്തിന് ദേശീയ നേതാക്കളില്ലെന്നാണ് ഓര്‍ഗനൈസറിന്‍റെ വിഷമം. അത് തെറ്റാണ്. ശ്രീ നാരായണ ഗുരു എന്ന മതേതര സന്യാസിയാണ് ആധുനിക കേരളത്തിന്‍റെ ഏറ്റവും വലിയ ദേശീയ നേതാവ്. അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനും ചട്ടമ്പി സ്വാമികളും വിടി ഭട്ടതിരിപ്പാടും നിധീരിക്കല്‍ മാണിക്കത്തനാരും ചാവറയച്ചനും സഹോദരന്‍ അയ്യപ്പനും വാഗ്ഭടാനന്ദനും കുറ്റിപ്പുഴ കൃഷ്ണപിള്ളയും മുഹമ്മദ് അബ്ദുറഹ്മാനും ഇഎംഎസ് നമ്പൂതിരിപ്പാടും കുമാരന്‍ ആശാനും വക്കം മൌലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ഒ ചന്തുമേനോനും സിവി രാമന്‍ പിള്ളയും കേസരി ബാലകൃഷ്ണപിള്ളയും കേശവദേവും വൈക്കം മുഹമ്മദ് ബഷീറും പി കൃഷ്ണപിള്ളയും എകെജിയും അക്കമ്മ ചെറിയാനും അടക്കം നിരവധി നേതൃബിംബങ്ങള്‍ കേരളത്തിനുണ്ട്. അവരാരും വര്‍ഗീയ പാരമ്പര്യമല്ല കേരളത്തെ പഠിപ്പിച്ചത്. അതിനാല്‍ ആര്‍എസ്എസിന്‍റെ വര്‍ഗീയത ഇവിടെ നടക്കില്ല എന്നു മാത്രം.

Disclaimer: The opinions expressed in this article is the personal opinions of the author. The News Minute is not responsible for the accuracy, completeness, suitability or validity of any information in this article. 

Related Stories

No stories found.
The News Minute
www.thenewsminute.com