കേരളത്തിൽ 140 മണ്ഡലങ്ങളിലേക്ക് മാനിഫെസ്റ്റോ തയാറാക്കണമെങ്കിൽ ഈ സമയം പോരാ

news Tuesday, March 15, 2016 - 17:01

സരുൺ - എ- ജോസ്

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആപ്പിന്റെ കുറ്റിച്ചൂൽ ഉയരില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന നിലപാടിലാണ് പാർട്ടിയെന്ന് സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ ന്യൂസ് മിനുട്ടിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ നൽകേണ്ടെന്നാണ് എ എ പി യുടെ തീരുമാനം. വോട്ട് ആർക്കെന്ന കാര്യത്തിൽ അതാത് മണ്ഡലങ്ങളിലെ  സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകും.ആർ എം പി ഉൾപ്പെടെയുള്ളവരെ എ എ പി പിന്തുണക്കുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.

തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ രൂപപ്പെടുത്താൻ സമയം ലഭിക്കാത്തതും സംഘടനാ സംവിധാനം പൂർണ്ണ തലത്തിൽ നിലവിൽ വരാത്തതുമാണ് മത്സരിക്കേണ്ടെന്ന നിലപാടിലേക്ക് പാർട്ടിയെ എത്തിച്ചത്.കേന്ദ്ര നേതൃത്വവും ഈ നിർദ്ദേശമാണ് സംസ്ഥാന നേതാക്കൾക്ക് നൽകിയതെന്നാണ് വിവരം. "ഡൽഹിയിൽ 70 മണ്ഡലങ്ങളിലേക്കുള്ള പ്രത്യേക പ്രകടന പത്രിക മാസങ്ങളെടുത്താണ് തയ്യാറാക്കിയത്. കേരളത്തിൽ 140 മണ്ഡലങ്ങളിലേക്ക് മാനിഫെസ്റ്റോ തയാറാക്കണമെങ്കിൽ ഈ സമയം പോരാ "-നീലകണ്ഠൻ പറഞ്ഞു.

തീരുമാനത്തെ പിന്തുണക്കുന്നുവെന്നും സംഘടന ശക്തിപ്പെടുത്തുകയും, ജനങ്ങളെ ബോധവത്ക്കരിക്കേണ്ട പ്രവർത്തനങ്ങളുമാണ് ഇപ്പോൾ വേണ്ടതെന്നും എ എ പി മുൻ കൺവീനർ സാറാ ജോസഫ് പ്രതികരിച്ചു. ഡൽഹിയിലുണ്ടായ ആം ആദ്മി തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടി മത്സരത്തിനിറങ്ങിയത്.നിയമസഭാ തെരഞ്ഞെടുപ്പിന് ഏറെ ഒരുക്കങ്ങൾ ആവശ്യമെന്നും സാറാ ജോസഫ് പറഞ്ഞു.

സംസ്ഥാനത്ത് എ എ പി യുടെ രൂപീകരണം മുതൽ പാർട്ടിക്കുള്ളിൽ പടലപ്പിണക്കം ശക്തമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും  പാർട്ടിക്ക് മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല . സംഘടനാ തലപ്പത്തുണ്ടായിരുന്ന നിരവധിപ്പേർ ഇതിനകം പാർട്ടി വിട്ടു. ആം ആദ്മി പാർട്ടി രൂപീകരണത്തിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. പുതിയ പാർട്ടിയെന്ന നിലയിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കൂടുതൽ ആളുകളിലേക്ക് പാർട്ടി എത്തണമായിരുന്നെന്ന് പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ട്. ചൂലിന് വോട്ടമർത്താനുള്ള അവസരം നഷ്ടപ്പെട്ടതിലെ നിരാശയും ഇവർ മറച്ചു വെക്കുന്നില്ല.