കുട്ടികളെ കൊല്ലുകയെന്ന കടുംകൈയിന് മുതിരുംമുൻപേ എന്തുകൊണ്ട് രജിനി പ്രശ്‌നങ്ങൾ തങ്ങളോട് പറഞ്ഞില്ലെന്ന് അയൽക്കാർ

Vernacular കുറ്റകൃത്യം Friday, March 18, 2016 - 19:52

ഹൈടെരാബാടിലെ ഈസ്റ്റ് മരേടപ്പള്ളി ടീച്ചേഴ്‌സ് കോളനിയിൽ ‘ചുട്‌കേ’ വസതി കണ്ടേത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ചുറ്റുവട്ടത്തുള്ളവർക്കൊക്കെ അറിയാം ആ വീട് എവിടെയാണെന്ന്.

കോളനിയിൽ മറ്റേതൊരു കുടുംബത്തെയും പോലെയായിരുന്നു അവരുടെ ജീവിതവും. എന്നാൽ ആ ദുർദിനത്തിൽ എല്ലാം മാറിമറിഞ്ഞു. 41 വയസ്സായ രജിനി ചുട്‌കേ ബുധനാഴ്ച രാത്രി എട്ടും മൂന്നും വയസ്സായ കുട്ടികളെ പൊട്ടിയ കുപ്പിയുപയോഗിച്ച് കഴുത്തറുത്ത് കൊന്നു.

മൂത്ത കുട്ടിയെ ഭർത്താവ് വിനയ് ലൈംഗികചൂഷണം ചെയ്യുന്നുവെന്ന സംശയമാണ് രജിനിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടുകൾ. രജിനി പക്ഷേ ഈയൊരുഭയത്തെക്കുറിച്ച് ഒരിയ്ക്കൽ പോലും ആരോടും മിണ്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഭർത്താവിനോട് വഴക്കുണ്ടാക്കുകയോ പൊലിസിൽ പരാതിപ്പെടുകയോ ചെയ്തിട്ടില്ല. പകരം രണ്ടുകുട്ടികളേയും കൊല്ലാൻ അവർ തീരുമാനിക്കുകയാണ് ഉണ്ടായത്. 

കൊലപാതകം നടത്തിയ ശേഷം രജിനി ഹൈദരാബാദ് ടാങ്ക് ബണ്ടിൽ പോയി കൈകാലുകൾ കഴുകി. തന്റെ രണ്ടുകുട്ടികളുടേയും ആത്മാവിനെ ശുദ്ധീകരിക്കുകയായിരുന്നു താനെന്നാണ് പൊലിസിനോട് അവർ പറഞ്ഞത്.

ലൈംഗിക ചൂഷണത്തെക്കുറിച്ച് പൊലിസ് അന്വേഷിക്കുന്നുണ്ടെങ്കിലും രജിനിയുടെ മാനസികനിലയെ സംബന്ധിച്ചും പൊലിസിന് സംശയമുണ്ട്. 

കുറച്ചുകാലമായി ദാമ്പത്യത്തകർച്ച നേരിടുന്നുണ്ടെന്നാണ് വിനയ് ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞത്. തുടക്കത്തിൽ വിനയ് സംസാരിക്കാൻ കൂട്ടാക്കിയില്ല. 

ബുധനാഴ്ച രാത്രി ഒരു ജോടി പുതിയ കമ്മലുകൾ വാങ്ങിത്തരണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നതായി വിനയ് ഓർക്കുന്നു. ആവശ്യപ്പെട്ടപ്രകാരം അവയുടെ ചിത്രം വാട്‌സ് ആപ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. കുട്ടികൾക്ക് പാലും മിഠായിയും വാങ്ങണമെന്നും പറഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോൾ കുട്ടികളെ കണ്ടില്ല. അവർ ഒളിച്ചുകളിക്കുകയാണെന്നാണ് താൻ വിചാരിച്ചത്. പക്ഷേ എന്റെ കുട്ടികളുടെ മൃതദേഹമാണ് പകരം കണ്ടത്-വിനയ് പറഞ്ഞു.

ഭാര്യയുടെ ആരോപണങ്ങളെ അസന്ദിഗ്ധമായി വിനയ് ഖണ്ഡിച്ചു. വിഷാദരോഗിയാണ് തന്റെ ഭാര്യയെന്നും അദ്ദേഹം പൊലിസിൽ മൊഴി നൽകിയിട്ടുണ്ട്. 

ബുധനാഴ്ച രാത്രി രജിനിയുടെ അയൽക്കാരിലൊരാൾക്ക് ഒരു എസ്.എം.എസ് കിട്ടിയിരുന്നു. തന്റെ ഭർത്താവ് തന്റെ കുട്ടികളെ പീഡിപ്പിക്കുകയാണെന്നും അതുകൊണ്ട് താൻ അവരെ സ്വതന്ത്രയാക്കിയെന്നും അതിൽ പറഞ്ഞിരുന്നു. ഞാനൊരു ഭീരുവല്ല. ധീരയായ സ്ത്രീയാണ്. സോറി അമ്മേയെന്നും എഴുതിയിരുന്നു. 

'യാദൃച്ഛികമായി അയച്ചതാണ് സന്ദേശം എന്നാണ് കരുതിയത്. പക്ഷേ ഞങ്ങളിൽ മിക്കവർക്കും സന്ദേശം കിട്ടിയിട്ടുണ്ട്. വലിയ അടുപ്പമായിരുന്നു എന്നോട്. എന്റെ രണ്ട് ആൺകുട്ടികളും അവരുടെ കുട്ടികളും ഉറ്റ ചങ്ങാതിമാരായിരുന്നു. അക്ക എന്നാണ് എന്റെ മകൻ അവരുടെ മൂത്തമകളെ വിളിച്ചിരുന്നത്. അക്ക മരിച്ചുപോയി എന്ന് എങ്ങനെയാണ് ഞാനവനോട് പറയുക? ഹൈദരാബാദിലേക്ക് പോയി എന്നോ മറ്റോ പറയും..' ഒരയൽവാസി പറഞ്ഞു.

മുഴുവൻ കോളനിയെയും സംഭവം നടുക്കി. സന്തുഷ്ടമായ മുഖങ്ങൾക്കപ്പുറം ദാമ്പത്യത്തകർച്ചകളുടെ കഥകളുണ്ട് എന്ന ബോധ്യം മിക്കവർക്കുമുള്ളപോലെ. 'കാഴ്ചയ്ക്ക് അവൾ സന്തോഷവതിയായിരുന്നു. ഞങ്ങളിരുവരും എപ്പോഴും കുട്ടികളെക്കുറിച്ച് സംസാരിക്കുമായിരുന്നു. പെൺമക്കൾ വേണമെന്ന് ആഗ്രഹമുള്ളവളാണ് ഞാൻ. വേണമെങ്കിൽ അവരെ ഞാൻ ദത്തെടുക്കുമായിരുന്നല്ലോ? 

എന്തിനാണ് അവരെ കൊന്നുകളഞ്ഞത്?' കണ്ണീർ തുടച്ചുകൊണ്ട് അവർ ചോദിക്കുന്നു.

ആ രാത്രി വിനയിനെ കണ്ടത് മറ്റൊരയൽവാസി ഓർക്കുന്നു. ആകെ രക്തത്തിൽ കുളിച്ചുവന്ന് അയാൾ അയൽവീട്ടുകാരെ ഉച്ചത്തിൽ വിളിക്കുകയായിരുന്നു. അവരുടെ കൂടെ ജീവിച്ചിരുന്ന വിനയിന്റെ അമ്മയുമായി എന്തോ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്ന് ചിലർ പറയുന്നു. പക്ഷേ കാര്യമെന്തുമാകട്ടെ, കുട്ടികളെ എന്തിനാണ് കൊന്നത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അതാകരുതായിരുന്നു മാർഗം..-- അവർ പറഞ്ഞു.

Show us some love and support our journalism by becoming a TNM Member - Click here.