കേരളത്തെ വളര്‍ത്തുന്ന യു.ഡി.എഫ്, എല്ലാം ശരിയാക്കുന്ന എല്‍.ഡി.എഫ്്

ഈ മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കുന്നതാരാണ്?
കേരളത്തെ വളര്‍ത്തുന്ന യു.ഡി.എഫ്,  എല്ലാം ശരിയാക്കുന്ന എല്‍.ഡി.എഫ്്
കേരളത്തെ വളര്‍ത്തുന്ന യു.ഡി.എഫ്, എല്ലാം ശരിയാക്കുന്ന എല്‍.ഡി.എഫ്്
Written by:

ഭരണം തുടരാന്‍ സമ്മതിച്ചാല്‍ വികസനം തുടര്‍ന്നും ഉണ്ടാകുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ വികസനം ഉണ്ടായിട്ടുണ്ടോ, ഇതാണോ കേരളം ആവശ്യപ്പെടുന്ന വികസനം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. കഥയില്‍ ചോദ്യമില്ല. 

എല്ലാ ശരിയാക്കുമെന്നാണ്  ഇടതുപക്ഷമുന്നണി വാഗ്ദാനം ചെയ്യുന്നത്. ദൈവമേ..എല്‍.ഡി.എഫ് എല്ലാം ശരിയാക്കുമോ? ഇടതുപക്ഷവിശ്വാസികള്‍പ്പോലും അമ്പരന്നിരിക്കയാണ്. 

ഇതെല്ലാം മുദ്രാവാക്യങ്ങള്‍ മാത്രമല്ലേ, ഇതിനെക്കുറിച്ച് എന്താണിത്ര ചര്‍ച്ച ചെയ്യാനുള്ളത് എന്നു നിങ്ങള്‍ ചോദിച്ചേക്കാം. ജനങ്ങളും ഇതിനെ അങ്ങിനെതന്നെയാണ് കാണുന്നത് എന്നുതോന്നുന്നു. ഏത് മുദ്രാവാക്യമാണ് കൂടുതല്‍ നന്നായത് എന്നത് സംബന്ധിച്ച് ഫേസ്ബുക്കിലും നാട്ടിന്‍പുറത്തെ ചായക്കടകളിലും ചര്‍ച്ച നടക്കുന്നുണ്ടാവാം. 

ഇടതുപക്ഷക്കാരുടെ മുദ്രാവാക്യം തുടക്കത്തില്‍ ലേശം പരിഹാസ്യമായിത്തോന്നിയെങ്കിലും പിന്നെ അതാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതെന്നും അതുകൊണ്ട് അതാണ് നല്ല മുദ്രാവാക്യമെന്നും ഒരു വിദഗ്ദ്ധന്‍  ഫേസ്ബുക്കില്‍ എഴുതിയതുകണ്ടിരുന്നു. നെഗറ്റീവ് പബ്‌ളിസിറ്റിയാണത്രെ നല്ല പബഌസിറ്റി. ചീത്തപ്പേരാണ് നല്ലപേര് എന്നര്‍ത്ഥം! സംഗതികളുടെ കിടപ്പ്  അതില്‍നിന്നു മനസ്സിലാക്കാം. 

ഈ മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കുന്നതാരാണ്? എല്‍.ഡി.എഫ് മുദ്രാവാക്യം വൈക്കം വിശ്വനും യു.ഡി.എഫിന്റേത് പി.പി.തങ്കച്ചനുമായിരിക്കുമോ ഉണ്ടാക്കിയത്?  ഇങ്ങനെയൊരു മണ്ടന്‍ ചോദ്യം ആരുടെ തലയിലും ഉദിക്കുകയില്ല. ഇക്കളി രാഷ്ട്രീയമല്ല, ഇത് മാര്‍ക്കറ്റിങ്ങിന്റെ മേഖലയാണ്. ഈ മുദ്രാവാക്യങ്ങളില്‍ രാഷ്ട്രീയം ഉണ്ടാവണമെന്നില്ല. നിര്‍ബന്ധമാണെങ്കില്‍ ഒരു കഴഞ്ച് ചേര്‍ക്കാമെന്നേ ഉള്ളൂ. ഒരു ഉല്‍പന്നം  വിറ്റഴിക്കാന്‍ മാര്‍ക്കറ്റിങ്ങ് ഏജന്‍സികള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ തന്നെയാണ് ഇവിടെയും പ്രയോജനപ്പെടുക. പാര്‍ട്ടിയെ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ  വിപണിയില്‍ വിറ്റഴിക്കപ്പെടേണ്ടതുണ്ട്. അതിനെന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാം. ഇതിന് ഇടത്-വലത് വ്യത്യാസമില്ല.  

രാജ്യം ചര്‍ച്ച ചെയ്ത മുദ്രാവാക്യങ്ങള്‍

ഇന്ദിരാഗാന്ധിയുടെ കാലംവരെ കേന്ദ്രത്തില്‍ മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍തന്നെ ആയിരുന്നു. ഒരുപക്ഷേ, രാഷ്ട്രീയക്കാര്‍ പരസ്യവാചക നിര്‍മാതാക്കളുടെ സഹായമില്ലാതെ പടച്ചുവിട്ടതെന്ന് കരുതപ്പെടുന്ന ഗരീബി ഹട്ടാവോ ആണ് ഇത്തരത്തില്‍പ്പെട്ട ഏറ്റവും മികച്ച മുദ്രാവാക്യംഎന്ന് കരുതുന്നതില്‍ തെറ്റില്ല. സംഗതി നടന്നോ എന്നതു വേറെ കാര്യം. 1971 ലെ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണമായ പല ഘടകങ്ങളില്‍ ഒന്ന് ഇതായിരുന്നു. ഒട്ടും ഒളിവും മറവുമില്ല. നേര്‍ക്കുനേരെയുള്ള വാഗ്ദാനം. 

 പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി 1965 ലെ പാകിസ്താന്‍ യുദ്ധ-ഭക്ഷ്യക്ഷാമ കാലത്ത് ഉയര്‍ത്തിയ ജെയ് ജവാന്‍ ജെയ് കിസാന്‍ മുദ്രാവാക്യമാണ് അതിനു മുമ്പ് ഉയര്‍ത്തപ്പെട്ട ഏറ്റവും  ഫലപ്രദമായ മുദ്രാവാക്യമെന്ന് നിരീക്ഷകര്‍ കരുതുന്നു. എഴുപത്തൊന്നിലെ ഗരീബി ഹട്ടാവോക്ക് മറുപടിയെന്നോണം ജയപ്രകാശ് നാരായണ്‍ പ്രസ്ഥാനം 1977ല്‍ അടിയന്തരാവസ്ഥയുടെ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഹട്ടാവോ ദേശ് ബച്ചാവോ എന്ന മുദ്രാവാക്യമയര്‍ത്തി. അതും വിജയിച്ചു. 

ജനതാപരീക്ഷണം അമ്പേ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട 1980 ല്‍ ഇന്ദിരയെ തിരിച്ചുവിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമാണ് നാടെങ്ങും മുഴങ്ങിയത്. ഇന്ദിര തിരിച്ചുവരിക തന്നെ ചെയ്തു.  

കമ്പനികള്‍ ഏറ്റെടുക്കുന്നു

ഇന്ദിരാഗാന്ധിക്ക് ശേഷം പുത്രന്‍ രാജീവ് വന്നതോടെയാണ് മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ രാഷ്ട്രീയക്കാരുടെ മുദ്രാവാക്യ-തിരഞ്ഞെടുപ്പുതന്ത്ര ഉപദേശകരായി രംഗപ്രവേശനം ചെയ്തത്. രാജീവ് ഗാന്ധിയുടെ കിച്ചണ്‍ കാബിനറ്റില്‍ ഉണ്ടായിരുന്ന അരുണ്‍സിങ്ങ്, അരുണ്‍ നെഹ്‌റു തുടങ്ങിയ അന്നത്തെ ന്യൂജെന്‍ പ്രതിനിധികള്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍നിന്ന് ഇറങ്ങിവന്നവരുമായിരുന്നു. പക്ഷേ, അവര്‍ സംഭാവന ചെയ്ത മുദ്രാവാക്യങ്ങളൊന്നും ഇന്ന് ആരും ഓര്‍ക്കുന്നില്ല. വിദേശ മാര്‍ക്കറ്റിങ്ങ് വിദഗ്ദ്ധന്മാര്‍ കോടികള്‍ പ്രതിഫലം വാങ്ങി രംഗപ്രവേശനം ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് ധാരാളം കാണാറുണ്ട്. 1996 ലെ അബ്കി ബാരി അടല്‍ ബിഹാരി, കോണ്‍ഗ്രസ് കാ ഹാത്ത്, ആംആദ്മി കെ സാത്ത്, 2004ലെ ബി.ജെ.പി. മുദ്രാവാക്യമായ ഇന്ത്യ തിളങ്ങുന്നു തുടങ്ങിയവയും മാര്‍ക്കറ്റിങ്ങ് കമ്പനി സൃഷ്ടികള്‍തന്നെ.

മുദ്രാവാക്യനിര്‍മാണത്തിന് അപ്പുറമുള്ള പലതുമാണ് തിരഞ്ഞെടുപ്പ് മാര്‍ക്കറ്റിങ്ങ് എന്ന് നമുക്കറിയാം. ഡല്‍ഹിയില്‍ ബി.ജെ.പി.യുടെയും ബിഹാറിലെ നിതീഷ് കുമാറിന്റെയും യു.പി..യില്‍ കോണ്‍ഗ്രസ്സിന്റെയും മാര്‍ക്കറ്റിങ്ങ് ജോലി കൈകാര്യം ചെയ്യുന്നത് ഒരേ ആളുടെ സംഘമാണെന്നത് ഇതിലെ അരാഷ്ട്രീയ പ്രൊഫഷനലിസം വെളിവാക്കുന്നു.   

കേരളമുന്നണികള്‍ക്ക് ഏതെല്ലാം വിദഗ്ദ്ധ പ്രൊഫഷനലുകളുടെ സേവനം ലഭ്യമാണ് എന്ന് വ്യക്തമല്ല. ഈ മുദ്രാവാക്യങ്ങള്‍ക്ക് വേണ്ടി എത്ര പണം ഒഴുക്കിയിട്ടുണ്ടെന്നും അറിഞ്ഞൂകൂടാ. എല്ലാവരും മാര്‍ക്കറ്റിങ്ങ് വിദഗ്ദ്ധരുടെ സേവനം തേടിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ക്കറ്റിങ്ങില്‍ സത്യവും ധര്‍മവുമൊന്നും നോക്കേണ്ട എന്നു തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല. ശരിതെറ്റുകളൊന്നം ചര്‍ച്ച ചെയ്യേണ്ട. പ്രത്യക്ഷത്തില്‍ പരിഹാസ്യമായതാണ് ചിലപ്പോള്‍ വിപണിയില്‍ ജയിക്കുക. സുന്ദരിയായി ചലചിത്രതാരം ചൊല്ലുന്ന മനോഹരമായ കവിതയേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുക മധ്യവയസ്‌കനായ കമ്പനിയുടമയുടെ ചാനല്‍ പരസ്യത്തിലെ ചിരിപ്പിക്കുന്ന വാചകമായിരുക്കാം.

എല്ലാം ശരിയാകുമോ?

ശ്രദ്ധിക്കപ്പെടുക മാത്രമാണ് ലക്ഷ്യമെങ്കില്‍ ഇടതുമുന്നണി പരസ്യവാചകം നല്ല ഹിറ്റാണ്. ഇടതുമുന്നണി വന്നാല്‍ എല്ലാം ശരിയാകും എന്നാണ് വാഗ്ദാനം. എല്ലാം ശരിയാക്കാന്‍ ദൈവം തമ്പുരാന് പോലും കഴിയില്ല. അതുനോക്കേണ്ട. പൊതുജനം കഴുതയായതുകൊണ്ട് ഈ വാഗ്ദാനത്തില്‍ തെറ്റില്ല. 

മുതലാളിത്ത വ്യവസ്ഥയില്‍, ബൂര്‍ഷ്വാഭരണഘടനയ്ക്ക് അടിപ്പെട്ട് ഒരു സംസ്ഥാനത്തുമാത്രം, അതും മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ മാത്രം ഭരിക്കുന്ന ഒരു ഇടതുപക്ഷ ഗവണ്മെന്റിന് ഒന്നും ശരിയാക്കാനാവില്ല എന്നു സി.പി.എം. ഏതോ കാലത്തുതന്നെ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. പ.ബംഗാളില്‍ 34 വര്‍ഷം ഭരിച്ച് തെളിയിച്ചതും ഇതുതന്നെ. 

കാലം മാറിയിരിക്കാം. പക്ഷേ, ചെയ്യാന്‍ കഴിയുന്നതുമാത്രം പറയുകയും പറഞ്ഞത് ചെയ്യുകയുമെന്ന മര്യാദ ജനങ്ങള്‍ ഇടതുപക്ഷ പാര്‍ട്ടികളില്‍നിന്നെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്.

Related Stories

No stories found.
The News Minute
www.thenewsminute.com