ദ ന്യൂസ്മിനുട്ട് നൽകിയ നാൾവഴികളിതാ

Malayalam Saturday, May 07, 2016 - 13:12

ജിഷ ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഒമ്പത് ദിവസം പിന്നിട്ടു. ഇതുവരെ ഒരു അറസ്റ്റും ഉണ്ടായില്ല. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് എന്ന് പൊലിസ് പറയുമ്പോഴും പ്രതിഷേധക്കാരും മാധ്യമങ്ങളും ആരോപിക്കുന്നത് പൊലിസ് ഇപ്പോഴും ഇരുട്ടിൽത്തപ്പുകയാണെന്നാണ്.

ദ ന്യൂസ്്മിനുട്ട് നൽകിയ റിപ്പോർട്ട് പ്രകാരം സംഭവത്തിന്റെ നാൾവഴികളിലേക്ക് ഒരു ദ്രുതവീക്ഷണം

ഏപ്രിൽ 28- വൈകിട്ട് 5.40,  ജിഷയുടെ വീട്ടിൽ നിന്ന് ഒരു കരച്ചിൽ കേട്ടെന്ന് അയൽപക്കക്കാരായ മൂന്ന് സ്ത്രീകൾ മൊഴി നൽകിയതനുസരിച്ച് ജിഷ കൊല ചെയ്യപ്പെട്ടത് ഏതാണ്ട് ഈ സമയത്തെന്ന് പൊലിസ് അനുമാനിക്കുന്നു.

വൈകിട്ട് 6 മണി, ജിഷയുടെ വീട്ടിൽ നിന്ന് മഞ്ഞ ഷർട്ടിട്ട ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി അയൽക്കാർ.

വൈകിട്ട് 8 മണി, ജിഷയുടെ അമ്മ രാജേശ്വരി വീട്ടിൽ മടങ്ങിയെത്തുന്നു. ജിഷയുടെ മൃതദേഹം കാണുകയും ഒച്ച വെയ്ക്കുകയും ചെയ്യുന്നു. ഇതേത്തുടർന്ന് അയൽക്കാർ പൊലിസിൽ വിവരമറിയിക്കുന്നു. 

ഏപ്രിൽ 29 ഏകദേശം രാവിലെ 11 നോടടുപ്പിച്ച് പൊലിസ് ഇൻക്വസ്റ്റ് പൂർത്തിയാക്കുകയും ശരീരം ആലപ്പുഴ മെഡിക്കൽ കോളെജിൽ ഇൻക്വസ്റ്റിനയയ്ക്കുകയും ചെയ്യുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം ശറീരം പെരുമ്പാവൂരിൽ പൊതുശ്മശാനത്തിൽ സംസ്‌കരിക്കുന്നു.

മെയ് 2 പുറംലോകം പതുക്കേ സംഭവത്തോട് പ്രതികരിച്ചുതുടങ്ങുന്നു. ജിഷയുടെ സുഹൃത്തുക്കളും അധ്യാപകരും പ്രതിഷേധം പ്രകടിപ്പിക്കുന്നു. സാമൂഹ്യമാധ്യമങ്ങൾ പ്രശ്‌നം ഏറ്റെടുക്കുന്നു. മുഖ്യധാരമാധ്യമങ്ങളും പ്രതികരിക്കുന്നു. ജിഷ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതെന്നും ശരീരത്തിൽ പലതവണ മുറിവേറ്റിട്ടിട്ടുണ്ടെന്നും ഡിവൈ എസ്.പി അനിൽകുമാർ സ്ഥിരീകരിക്കുന്നു. 

-കൊലപാതകത്തിന് മുൻപ് ജിഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പ്രാഥമികാന്വേഷണങ്ങൾ സ്ഥിരീകരിക്കുന്നു.. ജിഷയെ മൂർച്ചയേറിയ ഒരു വസ്തുകൊണ്ട് പലതവണ കുത്തിയെന്നും ആന്തരികാവയവങ്ങൾ പുറത്തുവന്ന അവസ്ഥയിലായിരുന്നെന്നും അന്വേഷണം കണ്ടെത്തുന്നു.

മെയ് 3 - ഒരു കൂട്ടബലാത്സംഗത്തിന്റെ സാധ്യത പൊലിസ് തള്ളിക്കളയുന്നു. ഒരാളാണ് കുറ്റകൃത്യം നടത്തിയതെന്ന് അവർ പറയുന്നു.

-കണ്ണൂരിൽ നിന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ കസ്റ്റഡിയിലെടുക്കുന്നു. എന്നാൽ വീട്ടിൽ നിന്നും ശേഖരിച്ച സാംപിളുകളോട് വിരലടയാളങ്ങൾ ഒത്തുപോകുന്നില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.

-സാക്ഷികൾ നൽകിയ വിവരണമനുസരിച്ച് തയ്യാറാക്കിയ കുറ്റവാളിയുടെ ചിത്രം പൊലിസ് പുറത്തുവിടുന്നു. അയൽപക്കക്കാർ തങ്ങൾക്ക് നേരെ നിരന്തരം ഭീഷണി മുഴക്കിയിരുന്നതായി രാജേശ്വരി വെളിപ്പെടുത്തുന്നു. 

- ആക്ടിവിസ്റ്റുകൾക്ക് പുറമേ വിവിധ വനിതാസംഘടനകൾ, രാഷ്ട്രീയപാർട്ടികൾ എന്നിവരും സംസ്ഥാനത്തുടനീളം പ്രകടനങ്ങൾ നടത്തുന്നു.

മെയ് 4 38 മുറിവുകൾ ശരീരത്തിലുടനീളമുണ്ടായിരുന്നതായും ലൈംഗിക ആക്രമണം നടന്നതായും പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾ ഒരു പിജി വിദ്യാർത്ഥിയാണ് നടത്തിയതെന്ന് ആരോപണമുയരുന്നു. പിജി വിദ്യാർത്ഥി സഹായിക്കുക മാത്രമാണ് ചെയ്തതെന്ന് മെഡിക്കൽ കോളെജിലെ ഫോറൻസിക് വിഭാഗം അറിയിക്കുന്നു. കൂടുതൽ അന്വേഷണത്തിന് ഉത്തരവാകുന്നു.

-രണ്ട് നിർമാണത്തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുന്നു. ഫെബ്രുവരിയിൽ അതിലൊരാൾ പലതവണ വിളിച്ചിട്ടുണ്ടെന്ന് ഫോൺ രേഖകൾ.

-ജിഷയുടെ വീടും പരിസരവും അന്വേഷണസംഘം പരിശോധിക്കുകയും അയൽക്കാരോട് സംസാരിക്കുകയും ചെയ്യുന്നു.

-വ്യാഴാഴ്ച ഒരു ഉന്നതതല യോഗം ടി.പി സെൻകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്നു. ഇത്തരം കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള ജില്ലയിൽ നിന്നുള്ള മറ്റ് പൊലിസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നു. 

മെയ് 6- ശത്രുതയെത്തുടർന്ന് ചെയ്ത് നടപ്പാക്കിയ ആസൂത്രിത കൊലയാണ് ജിഷയുടെ കൊലപാതകമെന്ന് പൊലിസ്. അന്വേഷണം നിർണായകഘട്ടത്തിലെന്ന് എഡിജിപി പദ്മകുമാർ മാധ്യമങ്ങളോട് പറയുന്നു.

-സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ കേസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിക്കുന്നു. 

-അവസാന റിപ്പോർട്ടുകൾ പ്രകാരം ഒരു ബസ് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ ഇപ്പോൾ പൊലിസ് കസ്റ്റഡിയിലുണ്ട്.

 

Show us some love and support our journalism by becoming a TNM Member - Click here.