കേരളം: തോറ്റ ആദര്ശം, ജയിച്ച രാഷ്ട്രീയം

തള്ളിപ്പറയാന് കഴിയില്ല, ഇട്ടെറിഞ്ഞുപോകാനും കഴിയില്ല. വി.എം.സുധീരന്റെ ഏറ്റവും വലിയ നിര്ഭാഗ്യം ഇതാണ്.
കേരളം: തോറ്റ ആദര്ശം, ജയിച്ച രാഷ്ട്രീയം
കേരളം: തോറ്റ ആദര്ശം, ജയിച്ച രാഷ്ട്രീയം
Written by:

കോണ്‍ഗ്രസ് സംസ്ഥാനനേതാക്കള്‍ തമ്മില്‍ എന്തു തര്‍ക്കമുണ്ടായാലും അവസാനവാക്ക് ഹൈക്കമാന്‍ഡിന്റേതായിരുന്ന കാലം പോയ് മറഞ്ഞിരിക്കുന്നു. ഹൈക്കമാന്‍ഡ് ലോ കമാന്‍ഡായി എന്നും പറയാം. സ്ഥാനാര്‍ത്ഥിപ്പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പരിണാമം തെളിയിക്കുന്നത് ഇതാണ്. 

ഇത് ആരുടെയും തോല്‍വിയല്ല, കൂട്ടായ തീരുമാനമാണ് എന്നും മറ്റുമുള്ള ഭംഗിവാക്കുകളുടെ അര്‍ത്ഥം കേരളീയര്‍ക്കെല്ലാം അറിയാം. വിനയത്തിന്റെ പട്ടില്‍  പൊതിഞ്ഞ് മുഖ്യമന്ത്രി പൊക്കിക്കാട്ടുന്നത് തന്റെ വിജയത്തിന്റെ പതാകയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍, യു.ഡി.എഫ് രാഷ്ട്രീയത്തില്‍ തന്റെ അപ്രമാദിത്വം തെളിയിക്കാന്‍ അവസരം നല്‍കിയ കെ.പി.സി.സി പ്രസിഡന്റിനോട് അദ്ദേഹം നന്ദി പറയുകയാണ് വേണ്ടത്. കാറില്‍ അപരിചതയായ സ്ത്രീയെ കണ്ടു എന്ന് ആരോ പറഞ്ഞതിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടിവന്ന കേരളത്തില്‍, തന്നെ മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു എന്നൊരു സ്ത്രീ രേഖാമൂലം ആരോപണമുന്നയിച്ച ദിവസം, മുഖ്യമന്ത്രി വിജയശ്രീലാളിതനായി സുസ്‌മേരവദനനായി ജനങ്ങള്‍ക്കുമുമ്പില്‍ നില്‍ക്കുന്നു. അതുമറ്റൊരു വിഷയം. 

വി.എം.സുധീരന്‍  രാഷ്ട്രീയത്തില്‍ ശിശുവൊന്നുമല്ല. നാലര പതിറ്റാണ്ടുമുമ്പ് കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥിസംഘടനയായിരുന്ന കെ.എസ്.യു.വിനെ നയിച്ച് രാഷ്ട്രീയമാരംഭിച്ച സുധീരന് ഇന്ന് വയസ്സ് അറുപത്തെട്ടാണ്.  അപക്വതയുടെ അറിവുകേടുകള്‍ ഉണ്ടാകാന്‍ പാടില്ലാത്ത പ്രായം. ഉമ്മന്‍ ചാണ്ടിയേക്കാള്‍ നാലുവയസ്സുമാത്രം ഇളയ ആള്‍. പക്ഷേ, അദ്ദേഹത്തിന് പിഴച്ചിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ യുദ്ധഭൂമിയിലേക്കുള്ള കച്ചകെട്ടലിനിടയില്‍ പാര്‍ട്ടിയുടെ പ്രസിഡന്റുതന്നെ നേതാക്കളില്‍ അസ്വാരസ്യവും അണികളില്‍ ആശയക്കുഴപ്പവും ജനങ്ങളില്‍ അവിശ്വാസവും മാധ്യമങ്ങളില്‍ പരിഹാസവും ഉയര്‍ത്തുന്ന നടപടിക്ക് നേതൃത്വം നല്‍കി. വിജയിച്ചാല്‍ ലഭിക്കുന്നതിന്റെ പല ഇരട്ടി, തോറ്റാല്‍ നഷ്ടപ്പെടുന്ന ഒരു ചൂതാട്ടമായിപ്പോയി അത്. മായ്ക്കാന്‍ കഴിയാത്ത പുള്ളിയായി ഇത് ആ വ്യക്തിത്വത്തില്‍ അവശേഷിക്കും. 

വി.എം. സുധീരന്‍ നിര്‍ഭാഗ്യവാനാണ്. തന്റെ പേരുള്ള മറ്റൊരുത്തന്‍ മത്സരിച്ചതുകൊണ്ടുമാത്രം അഞ്ചുകൊല്ലം ലോക്‌സഭാംഗത്വം നിഷേധിക്കപ്പെട്ട മറ്റൊരാള്‍ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ ഉണ്ടാവാനിടയില്ല. ആ നിര്‍ഭാഗ്യമല്ല നമ്മുടെ വിഷയം. ഓര്‍ക്കാപ്പുറത്ത് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ലഭിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യമായി കരുതുന്നവര്‍ കാണുമായിരിക്കും. പ്രബലമായ ഒരു ഗ്രൂപ്പിന്റെയോ ജാതിയുടെയോ നേതാവിന്റെയോ പിന്‍ബലമില്ലാത്ത സുധീരനെ ഒരു റിബലിന്റെ റോളിലായിരുന്നു ജനങ്ങള്‍ കണ്ടിരുന്നത്. പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും അധികാരസ്ഥാനങ്ങളില്‍ നിന്നും അകലുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ തോല്‍വിക്കുശേഷം ഒരു പതിറ്റാണ്ടോളം അദ്ദേഹം സ്ഥാനങ്ങള്‍ വഹിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഒരുപാട് വിഷയങ്ങളില്‍ ശരിയുടെ പക്ഷത്തുനില്‍ക്കുകയും ശരികേടുകളെ ചോദ്യം ചെയ്യുകയും ചെയ്തുപോന്ന അദ്ദേഹത്തെ മനഃസാക്ഷിയുള്ള നേതാവായാണ് ജനങ്ങള്‍ ഇന്നും കാണുന്നത്. എന്നാല്‍, അതൊന്നുമല്ല അദ്ദേഹത്തിന്റെ നിര്‍ഭാഗ്യം. ഉമ്മന്‍ ചാണ്ടിയുടെ ജനപിന്തുണയെക്കുറിച്ചുള്ള കണക്കുകളെന്തായാലും, ഇത്രയോറെ മോശം ആരോപണങ്ങള്‍ക്ക് വിധേയനായ, ഇത്രയേറെ സംശയിക്കപ്പെട്ട ഒരു മുഖ്യമന്ത്രി അറുപതുവര്‍ഷത്തെ ചരിത്രത്തില്‍ കേരളത്തിലുണ്ടായിട്ടില്ല. എതിരാളികള്‍പോലും സംശയിക്കാത്ത വ്യക്തിവൈശിഷ്ട്യമുള്ള ഇ.എം.എസ്സും സി.അച്യൂതമേനോനും പി.കെ.വാസുദേവന്‍നായരും എ.കെ.ആന്റണിയും വി.എസ്.അച്യൂതാനന്ദനുമെല്ലാം കേരളമുഖ്യമന്ത്രിമാരായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ എല്ലാം സത്യമാണെന്ന് ആരും കരുതുന്നില്ല. പക്ഷേ, അവ ഉന്നയിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഒരാരോപണവും തെളിയിക്കപ്പെട്ടിട്ടില്ലെന്നത് ശരിതന്നെ. പക്ഷേ, ഒന്നും വിശ്വസിക്കാവുന്നവിധത്തില്‍ നിഷേധിക്കപ്പെട്ടുമില്ല. ഒരുപാട് സംശയങ്ങള്‍ അവശേഷിക്കുന്നു. മിസ്റ്റര്‍ ക്ലീന്‍ ആയി ജീവിക്കുന്ന ഒരു നേതാവിന് ഏറ്റവും മാലിന്യം വാരിയെറിയപ്പെട്ട ഒരു നേതൃത്വത്തെ ന്യായീകരിച്ചും സംരക്ഷിച്ചും മുന്നോട്ടു പോകേണ്ടി വന്നു. തള്ളിപ്പറയാന്‍ കഴിയില്ല, ഇട്ടെറിഞ്ഞുപോകാനും കഴിയില്ല. വി.എം.സുധീരന്റെ ഏറ്റവും വലിയ നിര്‍ഭാഗ്യം ഇതാണ്. 

2014 ഫിബ്രുവരിയിലാണ് സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റാകുന്നത്. അതിനും മുമ്പുതന്നെ സോളാറും സരിതയും മാധ്യമതലക്കെട്ടുകള്‍ പിടിച്ചുപറ്റുന്നുണ്ടായിരുന്നു. ഈ രണ്ടുവര്‍ഷത്തിനിടയിലാണ് ബാര്‍ വിവാദങ്ങളും കോഴ വാങ്ങിയെന്ന ആരോപണങ്ങളും  ഉയര്‍ന്നുവന്നത്. ഇതിനു കാരണമായത് സുധീരന്റെ മദ്യവിരോധമാണ് എന്നു പറയുന്നവര്‍ കാണുമെങ്കിലും ഇതിലൊന്നും വി.എം. സുധീരന്‍ പ്രതിയല്ല. പക്ഷേ, ഇവയൊന്നും അദ്ദേഹത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിച്ചിട്ടില്ല. കെ.പി.സി.സി. പ്രസിഡന്റ് അല്ലായിരുന്നുവെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നുവോ അങ്ങനെ പ്രതികരിക്കാന്‍ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിന് തടസ്സമായി. പാര്‍ട്ടിയുടെ ഐക്യം പുലര്‍ത്തുകയെന്ന ബാധ്യത, എന്തു വില കൊടുത്തും നിലനിര്‍ത്തേണ്ട ഭരണം, ഘടകകക്ഷികളുടെ വിശ്വാസം തുടങ്ങിയ എണ്ണമറ്റ വിശുദ്ധപശുക്കളെ പരിപാലിച്ചുകൊണ്ടേ ഒരു കെ.പി.സി.സി. പ്രസിഡന്റിന് മുന്നോട്ടുപോകാനാവൂ. സുധീരന്‍ അങ്ങനെയേ പോയിട്ടുള്ളൂ. ഒരു പക്ഷേ, അദ്ദേഹത്തിന്റെ കരുതലും ഇടപെടലും ജാഗ്രതയും കൊണ്ട് ഒരുപാട് അപകടങ്ങള്‍ ഒഴിഞ്ഞുപോയിട്ടുണ്ടാകാം. നടന്ന അപകടങ്ങളെക്കുറിച്ചേ നമുക്കറിയൂ. നടക്കാത്തവയെക്കുറിച്ച് അറിയാന്‍ കഴിയില്ലല്ലോ. മന്ത്രിസഭയുടെ അവസാനനാളുകളില്‍ ഉണ്ടായ 'കടുംവെട്ട്' തീരുമാനങ്ങളില്‍ ചിലതെങ്കിലും ഒഴിവാക്കാന്‍ സുധീരന്റെ ധീരമായ നിലപാടുകള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ടാവാം. പക്ഷേ, സുധീരന്‍ ചെയ്ത ശരികളിലേക്കല്ല, ഭരണം ചെയ്ത തെറ്റുകളിലേക്കാണ് അതെല്ലാം ജനശ്രദ്ധ ആകര്‍ഷിച്ചത്.

ആരുടെ പ്രേരണ കൊണ്ടാണ്, ആരുടെ പിന്‍ബലത്തോടെയാണ്, എന്തു ഉദ്ദേശ്യത്തോടെയാണ് എന്നൊന്നും ഇപ്പോഴും വ്യക്തമല്ലാത്ത നീക്കങ്ങളാണ് കെ.പി.സി.സി. പ്രസിഡന്റ് കഴിഞ്ഞ ഒരാഴ്ചക്കാലം ഡല്‍ഹിയില്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകര്‍ എന്ന് എല്ലാവര്‍ക്കും അറിയുന്ന അഞ്ചുപേര്‍ക്ക് ടിക്കറ്റ് കൊടുക്കുന്നതിനെതിരെ ഹൈക്കമാന്‍ഡില്‍ സുധീരന്‍ വാദമുഖങ്ങള്‍ നിരത്തി. കേരളത്തില്‍ പല തട്ടുകളില്‍ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ നടന്നപ്പോഴൊന്നും ഉന്നയിച്ചിട്ടില്ലാത്ത, കെ.പി.സി.സി. എക്‌സിക്യൂട്ടീവിലോ ഉപസമിതിയിലോ ചര്‍ച്ച ചെയ്യാത്ത, കേരളത്തിലെ ഇപ്പോഴത്തെ അപ്രഖ്യാപിത ഹൈക്കമാന്‍ഡിലെ മറ്റംഗങ്ങളായ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനുള്ള ശ്രമംപോലം നടത്താതെ സ്വന്തം അജന്‍ഡയായി അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഒരു മുഖ്യമന്ത്രിക്കും സ്വീകരിക്കാനാവില്ല. ആരോപണങ്ങളുടെ പേരിലാണെങ്കില്‍ മുന്നില്‍ നില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹത്തേക്കാള്‍ വലിയ ഒരു ആരോപിതന്‍ വേറെയില്ല. ഏറ്റവും കൂടുതല്‍തവണ ഒരു മണ്ഡലത്തില്‍ മത്സരിച്ചു എന്നതും അദ്ദേഹത്തേക്കാള്‍ മറ്റാര്‍ക്കും അയോഗ്യതയാവുകയില്ല. ആരെയെങ്കിലും മാറ്റിനിര്‍ത്തുന്നെങ്കില്‍ അദ്ദേഹത്തെയാണ് മാറ്റേണ്ടത്. കോടി കോഴ വാങ്ങി എന്നതിന്റെ പേരില്‍ രാജിവെക്കേണ്ടിവന്ന കെ.എം.മാണി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ അവിടെ പ്രചരണത്തിനു പോകാന്‍ നിര്‍ബന്ധിതനാവില്ലേ കെ.പി.സി.സി.പ്രസിഡന്റും? ഒരു ഘടകകക്ഷി ധാര്‍മികതയുടെ വെള്ളക്കൊടിയും മറ്റൊരു കക്ഷി അധാര്‍മികതയുടെ കരിങ്കൊടിയും ഉയര്‍ത്തിയാണോ ജനങ്ങളെ വോട്ടിന് സമീപിക്കുക?

ഹൈക്കമാന്‍ഡിലെ ആരെങ്കിലുമാവാം സുധീരനെ ഇങ്ങനെയൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ടാവുക. പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ കൃത്യമായ നിലപാടിനെ ഇപ്പോഴത്തെ ഹൈക്കമാന്‍ഡിന് തള്ളാന്‍ കഴിയില്ല എന്ന് എ.കെ. ആന്റണിയെങ്കിലും കെ.പി.സി.സി.പ്രസിഡന്റിനോട് പറയേണ്ടതായിരുന്നു. ആന്‍ണിയല്ലാതെ, ഉമ്മന്‍ ചാണ്ടിയോളമോ അതിലേറെയോ അനുഭവസമ്പത്തുള്ള ഒരു നേതാവുപോലും ഇപ്പോള്‍ ഹൈക്കമാന്‍ഡില്‍ ഇല്ല. കൊച്ചുകേരളത്തില്‍ നിന്നുള്ളതിലേറെ എം.പി.മാര്‍ പാര്‍ട്ടിക്ക് വലിയ സംസ്ഥാനങ്ങളില്‍നിന്നൊന്നും ലോക്‌സഭയില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും നമുക്കറിയാം. ഇന്ദിരാഗാന്ധിയോ രാജീവ് ഗാന്ധിയോ നരസിംഹറാവുവോ പോലും പ്രകടിപ്പിച്ച കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തിന് കഴിയില്ല്. ഡോ.മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് ഉന്നയിക്കപ്പെട്ട നാലക്ക-അഞ്ചക്ക കോടി രൂപ ആരോപണങ്ങള്‍ നേരിട്ടവര്‍ക്കെല്ലാം സീറ്റ് കൊടുത്ത് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ പാര്‍ട്ടിക്കെങ്ങനെ കേരളത്തില്‍മാത്രം വിശുദ്ധവേഷം കെട്ടാനാവും?

രാഷ്ട്രീയത്തില്‍ ചില തോല്‍വികള്‍ ജയങ്ങളാക്കി മാറ്റാനാവും. തോല്‍ക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ വീരപരിവേഷം പുലര്‍ത്താനും അത് ഭാവിയിലെ വിജയത്തിനുള്ള വെടിമരുന്നായും ഉപയോഗിക്കാനും കഴിയണം. വി.എസ്.അച്യുതാനന്ദന്‍ അങ്ങനെ ജീവിക്കുന്ന ഒരു അപൂര്‍വ നേതാവാണ്-തോല്‍വി ഭുജിച്ച് അതിജീവിക്കുന്ന ആള്‍. കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥ അതല്ല, വിജയി എല്ലാം തന്റേതാക്കും. വിജയിക്കൊപ്പമേ അണികള്‍ നില്‍ക്കൂ. തത്ത്വങ്ങളുടെ പേരിലുള്ള തോല്‍വികള്‍ അക്ഷന്തവ്യമായ അപരാധമാണ് അവര്‍ക്ക്.

Related Stories

No stories found.
The News Minute
www.thenewsminute.com