'ഞങ്ങൾ നേരിടുന്ന ഒരേ ഒരു പ്രശ്‌നം സാമ്പത്തികഞെരുക്കം മാത്രമാണ്,"

Malayalam Friday, April 29, 2016 - 15:49

2015 സെപ്തംബറിൽ തേയിലത്തൊഴിലാളികളുടെ തീവ്രമായ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പെമ്പിളൈ ഒരുമൈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാനൊരുങ്ങുന്നു 

സംഘടനയുടെ സെക്രട്ടറി ജെ. രാജേശ്വരി (45)യാണ് ദേവികുളത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഏറെ ആലോചനകൾക്ക് ശേഷമാണ് മത്സരിക്കാനുള്ള തീരുമാനമുണ്ടായത്. 40,000 വോട്ടർമാരുടെ തേയിലത്തോട്ട മേഖലയിൽ യൂണിയന് 3,400 അംഗങ്ങളുണ്ടെന്ന് പ്രസിഡന്റ് ലിസി സണ്ണി പറയുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ സംഘടന വിജയിച്ചിരുന്നു. ഒരു ബ്ലോക്ക് പഞ്ചായത്ത് സീറ്റിലും രണ്ട് ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ് അവർ വിജയിച്ചത്. 

'ഞങ്ങൾ നേരിടുന്ന ഒരേ ഒരു പ്രശ്‌നം സാമ്പത്തികഞെരുക്കം മാത്രമാണ്. ഞങ്ങളുടെ പരിമിതിമായ സമ്പാദ്യത്തിൽ നിന്നുമാണ് പ്രചാരണത്തിന് വേണ്ട പണം കണ്ടെത്തുന്നത്. വലിയ പാർട്ടികളെപ്പോലെ ഞങ്ങൾക്ക് ക്യാംപയിൻ ഫണ്ട് സമാഹരിക്കുവാൻ കഴിയില്ല..' ലിസി ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 

പണസമാഹരണത്തിന്റെ ഭാഗമായി യൂണിയൻ അംഗങ്ങൾ അവരുടെ ആഭരണങ്ങൾ വരെ സംഭാവന ചെയ്യുന്നു. ' ചിലപ്പോഴൊക്കെ പണിയുപേക്ഷിച്ച് കിലോമീറ്ററുകളോളം ഞങ്ങൾക്ക് നടക്കേണ്ടി വരുന്നു. ഒരു ഓട്ടോറിക്ഷ പിടിച്ചുപോകാമെന്നുവെച്ചാൽ പോലും സാമ്പത്തികം ഒരു തടസ്സമാകുന്നു. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിൽ ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പാണ്..' ലിസി പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ. ബാനറിലായിരിക്കും പെമ്പിളൈ ഒരുമൈ മത്സരിക്കുകയെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ അത് ലിസി തള്ളിക്കളയുന്നു. 'അവർ ഞങ്ങളെ സമീപിച്ചിരുന്നു. പക്ഷേ ഞങ്ങൾ തയ്യാറായില്ല. . എ.ഐ.എ.ഡി.എം.കെയ്ക്ക് ദേവികുളത്ത് സ്ഥാനാർത്ഥിയുണ്ട്. നേരത്തെ കോൺഗ്രസുകാരിയുന്നു അവർ. ഒരുമൈയുടെ ഒരൊറ്റ അംഗവും അവരുടെ കൂടെയില്ല..' ലിസി പറയുന്നു.

ഒരുമൈയുടെ മറ്റൊരു പ്രവർത്തകയായ ഗോമതി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്നു. പക്ഷേ സംഘടനയിലെ ഉൾപ്പോരുകളെ തുടർന്ന് അവർ സംഘടന വിട്ടു. പിന്നീട് സി.പി.ഐ.എമ്മിൽ ചേരുകയും ചെയ്തു.

' ഞങ്ങളെ വിട്ട് മറ്റൊരു രാഷ്ട്രീയകക്ഷിയുടെ ഭാഗമായി മാറിയത് അവർ മാത്രമാണ്. അതവരുടെ മാത്രം വ്യക്തിപരമായ തീരുമാനമാണ്. ഞങ്ങളുടെ കൂട്ടായ്മയെ ഒരു നിലയ്ക്കും ബാധിച്ചിട്ടില്ല..' ലിസി പറയുന്നു. ' ഇതിനെല്ലാം ഒരുത്തരമായിരിക്കും രാജേശ്വരിയുടെ വിജയം..' അവർ കൂട്ടിച്ചേർത്തു.

 

 

 

Show us some love and support our journalism by becoming a TNM Member - Click here.