പ്രതിഫലം കൂടാതെയാണ് ഞാനീ പദവി വഹിക്കുന്നത്. കേരളത്തിലേക്ക് വരികയോ, സര്‍ക്കാറിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ചെയ്യില്ല

Malayalam Tuesday, July 26, 2016 - 18:26

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ വളരെയേറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പ്രൊഫ. ഗീത ഗോപിനാഥ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ സൂചകങ്ങളില്‍ മുന്‍നിരയിലുള്ള കേരളം എന്‍റെയും ജډനാടാണ്.

നമ്മുടെ സംസ്ഥാനത്തിന്‍റെ തനതായ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി എന്‍റേതായ പങ്ക് നിര്‍വഹിക്കാന്‍ ഞാന്‍ ശ്രമിക്കും. കേംബ്രിഡ്ജില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്.
 

"പ്രതിഫലം കൂടാതെയാണ് ഞാനീ പദവി വഹിക്കുന്നത്. കേരളത്തിലേക്ക് വരികയോ, സര്‍ക്കാറിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ചെയ്യില്ല. മറിച്ച് ഞാന്‍ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ തുടര്‍ന്നുകൊണ്ട് അധ്യാപനവും ഗവേഷണവും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടുതരത്തിലാണ് എന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. കേരളത്തിലെ സമ്പദ്ഘടനയെ ബാധിക്കുന്ന, ദേശീയതലത്തിലോ അന്തര്‍ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകുന്ന എതെങ്കിലും സംഭവങ്ങള്‍, നയപരമായ തീരുമാനങ്ങള്‍ എന്നിവയെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയെന്നതാണ് ഒന്ന്.

ലോകത്തിന്‍റെ ഏത് കോണിലിരുന്നും ഇവയോട് പ്രതികരിക്കും. ധനകാര്യം, മാനേജ്മെന്‍റ്, തൊഴില്‍, വികസന സാമ്പത്തികശാസ്ത്രം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ ലോകത്തിന്‍റെ പലഭാഗത്തുമുള്ള വിദഗ്ദരെ സംസ്ഥാനത്തിന്‍റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെടുത്തുന്നതില്‍ സഹായിക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യം.

ഈ രണ്ട് കാര്യങ്ങളിലുമായി എന്‍റെ ജോലിപരിമിതപ്പെടുത്തും. എന്‍റെ ഉപദേശം സ്വീകരിക്കുവാനോ തള്ളിക്കളയാനോ മുഖ്യമന്ത്രിക്കും, ഞാന്‍ നിര്‍ദ്ദേശിക്കുന്നവരുമായി ബന്ധപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വകുപ്പുകള്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്‍റെ ജോലിയുടെയും താമസത്തിന്‍റെയും സ്വഭാവമനുസരിച്ച് സര്‍ക്കാറിന്‍റെ നയങ്ങളെക്കുറിച്ച് കൂടെക്കൂടെ മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനം ഉദ്ദേശിക്കുന്നില്ല" ഗീത ഗോപിനാഥ് പ്രസ്താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വം വികസനത്തിന്‍റെ പുത്തന്‍ അധ്യായം രചിക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കും എന്നാണ് തന്‍റെ പ്രതീക്ഷയെന്നും പ്രൊഫ. ഗീത ഗോപിനാഥ് പ്രസ്താവനയില്‍ പറഞ്ഞു.

Become a TNM Member for just Rs 999!
You can also support us with a one-time payment.