എം.സ്വരാജ് 87ലെ വിജയത്തിന് ഒരു തുടർച്ച സൃഷ്ടിക്കുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്

Malayalam Thursday, April 21, 2016 - 18:57

തൃപ്പൂണിത്തുറ മണ്ഡലത്തിൽ അവസാനമായി സി.പി.ഐ(എം) വിജയിക്കുന്നത് 1987-ലാണ്. അന്ന് ജയിച്ച വി.വിശ്വനാഥ മേനോൻ 1987 മുതൽ 1991 വരെ സംസ്ഥാന ധനകാര്യമന്ത്രിയായി. അതിന് ശേഷം കഴിഞ്ഞ 25 വർഷമായി ഇപ്പോൾ എക്‌സൈസ് മന്ത്രിയായ കെ.ബാബുവാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സി.പി.ഐ.എമ്മിന് സീറ്റ് തിരിച്ചുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ആ ഉദ്ദേശ്യത്തോടെ പലതലങ്ങളിൽ പ്രവർത്തിക്കുന്നവരെ പരീക്ഷിച്ചുവെങ്കിലും.

എന്നിരുന്നാലും, ഒരു മാറ്റത്തിനുള്ള സാധ്യത ഇത്തവണ ഏറെ പ്രകടമാണ്. പ്രത്യേകിച്ചും ബാർ അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ. മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളെ വിശ്വസിക്കുകയാണെങ്കിൽ അഴിമതിക്കാരായവരെ സ്ഥാനാർത്ഥികളാക്കുന്നതിനെതിരെ എതിർത്ത കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ വരെ ബാബുവിന്റെ വിജയത്തെക്കുറിച്ച് സന്ദേഹിയായിരുന്നു. 

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ എം.സ്വരാജ് എന്ന സ്ഥാനാർത്ഥി 87ലെ വിജയത്തിന് ഒരു തുടർച്ച സൃഷ്ടിക്കുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. 

പാർട്ടിയുടെ യുവത്വത്തിന്റെ മുഖമായ സ്വരാജിന്റേത് ഇത് കന്നിയങ്കമാണ്. ഏറെ പരിചയവും അനുഭവസമ്പത്തുമുള്ള ഇരുത്തംവന്ന ഒരു നേതാവിനെയാണ് നേരിടുന്നതെങ്കിലും തികഞ്ഞ പ്രതീക്ഷയിലാണ് അദ്ദേഹം. 

'മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പുവിജയങ്ങളെ അടിസ്ഥാനമാക്കിയാണ് കെ.ബാബു മണ്ഡലത്തിന് ഏറെ സ്വീകാര്യനാണ് എന്ന് നിങ്ങൾ പറയുന്നത്. പക്ഷേ ഇപ്പോൾ സ്ഥിതിഗതികൾ ഏറെ വ്യത്യസ്തമാണ്. കെ.പി.സി.സി. അധ്യക്ഷൻ പോലും അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നതിൽ താൽപര്യമെടുത്തില്ല. ഏതായാലും ഇത്തവണ വോട്ടർമാരുടെ മുൻഗണന അഴിമതിയെ ചെറുക്കുന്നതിലായിരിക്കും. ജനങ്ങൾ അഴിമതിയെ പിന്താങ്ങുകയില്ല..'

ഒരു നേതാവിന്റെ വലിപ്പം എപ്പോഴും തെരഞ്ഞെടുപ്പുകളിൽ നേതാവിന് അനുകൂലമായിരിക്കണമെന്നില്ല. ' തലമുതിർന്ന പല നേതാക്കളും തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. 77-ൽ ഇന്ദിര തോറ്റു. 67-ൽ കാമരാജും തോറ്റു. 2004 -ലെ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരനും തോറ്റു. ആര് ജയിക്കണമെന്നും തോൽക്കണമെന്നും തീരുമാനിക്കുന്നത് ജനങ്ങളാണ്..' സ്വരാജ് പറഞ്ഞു.

കുടിവെള്ള പ്രശ്‌നം, റോഡ് വികസനം, മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ, ചെറുകിട വ്യവസായങ്ങളുടെ തകർച്ച, യുവാക്കളുടെ തൊഴിലില്ലായ്മ പ്രശ്‌നം ഇവയെല്ലാം അഭിസംബോധന ചെയ്യുമെന്നാണ് തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫ് മുന്നോട്ടുവെയ്ക്കുന്ന വാഗ്ദാനങ്ങൾ. 

' കഴിഞ്ഞ 25 വർഷമായി ഒരൊറ്റ പൊതുമേഖലാസ്ഥാപനവും ഉണ്ടായിട്ടില്ല. ആ അവസ്ഥ മാറണം. പൊതുമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. ചെറുകിട വ്യവസായ മേഖല വളരുകയും വേണം..' 

പലപ്പോഴും പിണറായി വിജയനോട് സ്വരാജിനെ താരതമ്യപ്പെടുത്തിക്കേൾക്കാറുണ്ട്. കർക്കശനിലപാടുകാരനായ രാഷ്ട്രീയക്കാരൻ, ശക്തമായ ഭാഷയിൽ സംസാരിക്കാൻ കഴിവുള്ളയാൾ, എന്നാൽ പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ല. ചിരിക്കുന്ന സ്വരാജിനെ ആരും കണ്ടിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്വരാജ് നേർത്ത നർമഭാവത്തോടെ പറഞ്ഞു: ' എന്നെ അറിയാത്തവരങ്ങനെ പലതും പറയും. ഒരുതവണയെങ്കിലും സംസാരിച്ചവർ ഈ അഭിപ്രായം ശരിവെയ്ക്കില്ല..' 

'രണ്ടുവർഷം മുൻപാണ് ഞാൻ വിചാരിക്കുന്നത്ര ഭയങ്കരനല്ലെന്ന് അന്നത്തെ യോഗക്ഷേമ സഭാ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞത്. വോട്ടർമാർക്ക് എന്നെ നന്നായി അറിയാം. ഇതെല്ലാം വെറും വ്യാജ ആരോപണങ്ങളാണെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്..' സ്വരാജ് തുടർന്നു.

ഏതായാലും തൃപ്പൂണിത്തുറയിലെ വോട്ടർമാർക്ക് അത്രയൊന്നും സ്വരാജ് പരിചിതനല്ലായിരിക്കാം. എന്നാൽ എതിരാളികൾ ആരോപിക്കുന്നതുപോലെ ഒരു പുതിയ ആളല്ല. 

'വോട്ടർമാരെ നേരിട്ട് കാണുന്ന സന്ദർഭത്തിലൊക്കെ ആവേശകരമായ പ്രതികരണമാണ് എനിക്ക് ലഭിക്കുന്നത്. അതെന്റെ ആത്മവിശ്വാസത്തെ ഇരട്ടിയാക്കുന്നു..' സ്വരാജ് പറയുന്നു.

 

Show us some love and support our journalism by becoming a TNM Member - Click here.