സ്ത്രീപീഡനത്തിനെതിരെയുള്ള 2011 ലെ കേരള പൊലിസ് ആക്ട് സെക്ഷൻ 119 (എ) പ്രകാരമാണ് നടപടി

news Wednesday, March 30, 2016 - 17:11

പാലക്കാട്ട് കോട്ട പരിസരത്തെ വാടിക പാർക്കിൽ കാമുകിയുമായി സംസാരിച്ചിരുന്നതിന് യുവാവിനെ പൊലിസ് പീഡിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ഫെബ്രുവരി 24നാണ് സംഭവങ്ങൾക്ക് തുടക്കം

കസ്റ്റഡിയിലെടുത്ത യുവാവിനെ പതിവുനടപടികൾക്ക് ശേഷം അന്നുതന്നെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ ചിലരുടെ ഉറപ്പിൻമേലായിരുന്നു വിട്ടയയ്ക്കപ്പെട്ടത്.വിട്ടയയ്ക്കുമ്പോൾ കേസിൻമേൽ മേൽനടപടിയൊന്നുമുണ്ടാകില്ലെന്നും അറിയിച്ചിരുന്നു. മണ്ണാർക്കാട് സ്വദേശിയും 24 കാരനുമായ പ്രസാദ് ആണ് സദാചാര പൊലിസിങ്ങിന് വിധേയനാകേണ്ടിവന്നയാൾ.

എന്നാൽ ഇക്കഴിഞ്ഞ മാർച്ച് 23ന് കോടതിയിൽ ഹാജരാകാനായി പ്രസാദിന് സമൻസ് കൈപ്പറ്റേണ്ടതായി വന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏപ്രിൽ രണ്ടിന് മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടത്. 

ഫെബ്രുവരി 24ന് പ്രസാദ് തന്റെ കാമുകിയുമൊത്ത് പാലക്കാട് വാടികയിലിരിക്കുമ്പോൾ മൂന്നുപൊലിസുകാർ അവിടെയെത്തുകയും അവരവിടെ എന്താണ് ചെയ്യുന്നത് എന്നന്വേഷിക്കുകയും ചെയ്തു. അവർക്കിടയിലെ ബന്ധം എന്താണ് എന്നും പൊലിസുകാർക്ക് അറിയേണ്ടിയിരുന്നു. താൻ തന്റെ കാമുകിയൊത്ത് അല്പസമയം സല്ലപിച്ചിരിക്കുകയാണെന്നായിരുന്നു പ്രസാദ് മറുപടി പറഞ്ഞത്. അപ്രതീക്ഷിതമായിരുന്നു പൊലിസുകാരെ സംബന്ധിച്ചിടത്തോളം ആ ഉത്തരം. പ്രസാദിന്റെ ഉത്തരം ബോധിക്കാത്ത പൊലിസുകാർ പ്രസാദിനെയും കാമുകിയെയും പൊലിസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കാമുകിയെന്നൊക്കെ പറയാമോ എന്നുചോദിച്ച പൊലിസുകാരോട് താൻ അതിൽ ഒരു കുറവും കാണുന്നില്ലെന്നായിരുന്നു പ്രസാദിന്റെ മറുപടി. 

തുടർന്ന് സ്റ്റേഷനിലെത്തിയ ചിലരുടെ ഉറപ്പിൻമേൽ ഇരുവരെയും വിട്ടയക്കുകയായിരുന്നു. അപ്പോൾ പൊലിസുകാർ പെൺകുട്ടിയോട് ഒരു ചോദ്യവും ചോദിക്കുകയുണ്ടായില്ലെന്നും പ്രസാദ് പറയുന്നു. 

സംഭവത്തെക്കുറിച്ച് താൻ വ്യക്തമായ വിശദീകരണം നൽകിയെന്നും അധികൃതർക്ക് സദാചാരവിരുദ്ധമായ ഒന്നും സംഭവിച്ചിട്ടില്ലെന്ന്് ബോധ്യമായെന്നുമായിരുന്നു അന്ന് തന്റെ വിശ്വാസമെന്നതുകൊണ്ട് സംഭവം മനസ്സിൽ നിന്ന് മാഞ്ഞുപോയിരുന്നുവെന്ന് പ്രസാദ് പറയുന്നു. അപ്പോഴാണ് തന്നിൽ നടുക്കം സൃഷ്ടിച്ചുകൊണ്ട് കോടതിയിൽ ഹാജരാകാനുള്ള സമൻസെത്തുന്നത്. 

എന്നാൽ കാമുകിയോട് സംസാരിച്ചിരുന്നതിന് തനിക്ക് നേരെ സ്ത്രീത്വത്തിന്റെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നവർക്കെതിരെ എടുക്കുന്ന കേസാണ് എടുത്തത്. 

ആ സമയത്ത് പാർക്കിൽ ഉണ്ടായിരുന്ന ആരും തന്നെ തനിക്കും തന്നോടൊപ്പമുണ്ടായിരുന്ന പെൺകുട്ടിയ്ക്കുമെതിരെ പരാതി ഉന്നയിച്ചിരുന്നില്ലെന്ന് പ്രസാദ് പറയുന്നു.

' എന്തുകൊണ്ടാണ് എന്നോട് 4000 രൂപ പിഴയൊടുക്കാനും കോടതി പിരിയുംവരെ കോടതി പരിസരത്ത് എ്‌ന്നെ നിർത്തിയതും എന്നതാണ് എനിക്കിനിയും മനസ്സിലാകാത്തത്.. ഒരു തെറ്റും ചെയ്യാത്ത എന്നെ- പ്രസാദ് അത്ഭുതത്തോടെ പറയുന്നു. ഒരുപക്ഷേ ഇതുതന്നെയായിരിക്കും പിടികൂടിയ പൊലിസ് കരുതിവെച്ച ശിക്ഷ.  സദാചാരത്തോട് പ്രതിബദ്ധതയുള്ള ആളുകളെ പ്രകോപിപ്പിക്കുംവിധം യാതൊരു പ്രേമപ്രകടനങ്ങളൊന്നും നടത്തിയെന്ന് പൊലിസിന് ഈ കേസിൽ ആരോപിക്കാൻ പോലും കഴിഞ്ഞിട്ടില്ല. 

'പാർക്കിൽ വരുന്ന ആൺ-പെൺ കൂട്ടിനോട് പലപ്പോഴും പൊലിസുകാർ ഇങ്ങനെ പെരുമാറുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയുമെന്ന പേടിയാൽ പൊലിസ് നടപടിക്ക് മിക്കവരും വഴങ്ങുന്നു. പക്ഷേ എനിക്കൊന്നും ഒളിക്കാനില്ല. ഇത് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും വ്യക്തമായ പീഡനവുമാണ്..' പ്രസാദ് പറയുന്നു.

ഫിലിം എഡിറ്റർ, സഹസംവിധായകൻ എ്ന്നീ നിലകളിൽ സിനിമാരംഗത്ത് പ്രവർത്തിക്കുന്നയാളാണ് പ്രസാദ്. 

കേരളാ പൊലിസ് ആക്ട് 2011 സെക്ഷൻ 119 (എ)യെക്കുറിച്ച് അറിയാത്തവർക്കായി:

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷ

പൊതു ഇടങ്ങളിൽ സ്ത്രീയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന തരത്തിൽ ലൈംഗികച്ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയോ പ്രവൃത്തികളിലേർപ്പെടുകയോ, ഫോട്ടോയെടുക്കുകയോ വിഡിയോ റിക്കോർഡ് ചെയ്യുകയോ അവ സ്ത്രീയുടെ സ്വകാര്യതയെ ബാധിക്കുന്ന മ്ട്ടിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർ, കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം, പരമാവധി മൂന്നുവർഷത്തെ തടവുശിക്ഷ അനുഭവിക്കണം. അല്ലെങ്കിൽ പതിനായിരം രൂപയിൽ കൂടാതെ പിഴയൊടുക്കണം. അതുമല്ലെങ്കിൽ ഒരുമിച്ച് മേൽപ്പറഞ്ഞ തടവുശിക്ഷയും പിഴയൊടുക്കുകയും വേണം. 

 

 

 

Show us some love and support our journalism by becoming a TNM Member - Click here.