ഒരിക്കൽ തന്റെ കിടപ്പിടമായിരുന്ന ഒരു കുളവും പരിസരവും മാലിന്യമുക്തമാക്കാൻ ചപ്പുചവറ് പെറുക്കി നടക്കുന്ന സ്ത്രീയുടെ പരിശ്രമം.

Malayalam Enviornment Tuesday, July 12, 2016 - 13:23

ഇപ്പോൾ അവരുടെ ചുളിവേറിയ പാദങ്ങൾ ചവിട്ടിനിൽക്കുന്ന ഇവിടം ഒരു കുളത്തിന്റെ പരിസരമായിരുന്നു. ഇവിടം തന്നെയായിരുന്നു ചിലപ്പോഴൊക്കെ അവരുടെ കിടപ്പിടവും. എന്നാൽ ജീവിക്കാൻ വേണ്ടി ഇപ്പോൾ തങ്കമ്മ പെറുക്കിയെടുക്കുന്ന തരം ചപ്പുചവറു കൊണ്ട് മുൻപ് അന്ന് നിറഞ്ഞിരുന്നില്ല. 

82 വയസ്സായി ഇപ്പോൾ അവർക്ക്. വാർദ്ധക്യത്തിന്റെ അവശതയുണ്ടെങ്കിലും ഒന്നിനും കീഴടക്കാനൊക്കാത്ത ഊർജമുണ്ട് അവർക്കിപ്പോഴും. തിരുവനന്തപുരത്തെ ജഗതി പ്രദേശത്ത് ചപ്പുചവറു തപ്പിനടക്കുന്ന അവരുടെ മെലിഞ്ഞ ശരീരവും നിറഞ്ഞ ചിരിയും അവിടത്തുകാർക്ക് പരിചിതമായ ഒരു കാഴ്ചയാണ്. ഇപ്പോൾ അവർ ചപ്പുചവറ് പെറുക്കി നടക്കുന്ന ഇടങ്ങളിലൊന്ന് ഒരിക്കൽ മത്സ്യങ്ങൾ നിറഞ്ഞ ജീവനുള്ള ഒരു കുളമായിരുന്നു. 

'ആകെ എന്തായിരിക്കുന്നുവെന്ന് നോക്കൂ...' ശ്രദ്ധ ക്ഷണിച്ചുകൊണ്ടു തങ്കമ്മ പറഞ്ഞു. ചെരിപ്പിടാതെ പണ്ടു കുളമായിരുന്ന ഒരിടത്തുനിന്നുകൊണ്ട്.

'ഒന്നു ചിന്തിക്കുകപോലും ചെയ്യാതെയാണ് ജനം മാലിന്യം വലിച്ചെറിയുന്നത്. ഒരു ഖേദംപോലും അവർക്ക് തോന്നുന്നില്ല. ഞാൻ ഈ പ്ലാസ്റ്റിക്ക് മുഴുവൻ പെറുക്കിയെടുക്കും. വൃത്തിയാക്കി ഉണക്കിയെടുക്കും. പിന്നെ ഏജന്റുമാർക്ക് വിൽക്കുകയും ചെയ്യും..' 

വേദനാജനകമായ അനുഭവമാണെങ്കിലും അവർക്ക് താമരക്കുളത്തിന്-അങ്ങനെയാണ് അതറിയപ്പെടുന്നത്- സമീപം വീണ്ടുമെത്താതിരിക്കാനാകില്ല കാരണം വിവാഹശേഷം പലരാത്രികളിലും തന്റെ ഭർത്താവുമൊത്ത് ഇവിടെയാണ് ചെലവഴിച്ചിട്ടുള്ളത്. എന്തായാലും അത് മാലിന്യമുക്തമാക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് ഇപ്പോൾ പരിമിതിയുണ്ട്. 

'നല്ല ഭംഗിയുള്ള കുളമായിരുന്നു. വീട്ടിൽ കാര്യമായ ഭക്ഷണമൊന്നും അന്നുണ്ടായിരുന്നില്ല. പട്ടിണി മൂക്കുമ്പോൾ ഞങ്ങൾ ഇവിടെ വന്ന് മീൻപിടിക്കും. ഒരുപാട് മത്സ്യമുണ്ടായിരുന്നു. ഭർത്താവ് മീൻ പിടിക്കും. ഞാൻ തീ കൂട്ടി പാകം ചെയ്ത് ഞങ്ങളൊരുമിച്ചു കഴിക്കുകയും ചെയ്യും. ഇവിടെ വെച്ചുതന്നെയായിരിക്കും ചെലപ്പോൾ അത്താഴം. മറ്റുചിലപ്പോൾ ഇവിടെത്തന്നെ മരത്തണലിൽ ഞങ്ങൾ കിടന്നുറങ്ങുകയും ചെയ്യും. ഇവിടം വിട്ടുപോകാൻ എനിക്കാവില്ല. ഭർത്താവിനെക്കുറിച്ചുള്ള ഓർമകളിൽ ഇവിടമുണ്ട്..' തങ്കമ്മ പറയുന്നു. 

'എല്ലാം പോയി..ജനം ഇവിടമാകെ വൃത്തികേടാക്കി..' തങ്കമ്മ സങ്കടപ്പെടുന്നു.

നഗരവൽക്കരണത്തോടെ കുളം ഇല്ലാതായി. പക്ഷേ ഇല്ലാതായ ആ കുളവും പരിസരവും തിരുവനന്തപുരം നഗരസഭയ്ക്ക് ഏറോബിക് ബിന്നുകൾ നിക്ഷേപിക്കാനുള്ള ഒരിടമാണ്. ഫലത്തിൽ ഇവിടമാകെ ഒരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. 

നാലു മക്കളെ തങ്കമ്മ പ്രസവിച്ചു. പക്ഷേ ഒരു മകളൊഴികെ ആരും ജീവിച്ചിരിപ്പില്ല. ആ മകളോടും കുടുംബത്തോടുമൊപ്പമാണ് അവർ ഇപ്പോൾ ജീവിക്കുന്നത് താമരക്കpളത്തിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ തങ്കമ്മ ഇപ്പോൾ ജീവിക്കുന്ന ഇടത്തേക്ക്. 

'ജോലി ചെയ്തുജീവിച്ചുകൊള്ളണമെന്ന് മകളോ അവളുടെ കുടുംബമോ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ ജോലി ചെയ്തു ജീവിച്ചാണ് എനിക്ക് ശീലം. എനിക്ക് ചെയ്യാവുന്ന ജോലി ഇപ്പോൾ ചപ്പുചവറു പെറുക്കൽ മാത്രമാണ്. എന്തായാലും മരിക്കുംവരെ ജോലി ചെയ്ത് ജീവിക്കാനാണ് എന്റെ താൽപര്യം..' പല്ലില്ലാത്ത ഒരു ചിരിയോടെ അവർ പറഞ്ഞു.

ആളുകൾ വലിച്ചെറിയുന്നവ കാണുമ്പോൾ അവർക്ക് തോന്നുന്നത് എന്തുമാത്രമാണ് ജനങ്ങൾക്ക് വലിച്ചെറിയാനായുള്ളത് എന്നാണ്.

മാലിന്യം പെറുക്കൽ ആരോഗ്യത്തെ ബാധിക്കില്ലേ എന്നു ചോദിച്ചപ്പോൾ ' പണിയെടുത്ത് ജീവിച്ചല്ലേ പറ്റൂവെന്നും കുറച്ചുകാലം മുൻപ് ഒരുപക്ഷേ ഇക്കാരണത്താലാകാം തനിക്ക് രോഗം ബാധിച്ചിരുന്നു' വെന്നുമായിരുന്നു അവരുടെ മറുപടി.

അതുംപറഞ്ഞ് പെറുക്കിയെടുത്ത പ്‌ളാസ്റ്റിക് ബോട്ടിലുകളുമായി അവർ നടന്നുപോയി. 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.