കുട്ടികളുടെ മുന്നിൽ വെച്ച് എതിരാളികളെ വകവരുത്തുന്നത് വൃത്തികെട്ട രാഷ്ട്രീയം

news Friday, March 11, 2016 - 17:43

ആറ് വയസ്സായ വിജയ് (പേര് യഥാർത്ഥമല്ല) വീടിന്റെ പോർച്ചിൽ നിന്നുകൊണ്ട് തന്റെ കാൽമുട്ടുകളിൽ ചൂണ്ടി തനിക്ക് പരുക്കേറ്റത് അവിടെയാണെന്ന് പറയുന്നു. താൻ എന്നിട്ടും കരഞ്ഞില്ലെന്ന് കൂട്ടിച്ചേർക്കുന്നു. താനടക്കമുള്ളവരെ സ്ഥിരമായി അടുത്തുള്ള സ്‌കൂളിൽ കൊണ്ടുപോയി വിടാറുള്ള ബിജുവേട്ടനെ നാലഞ്ചുപേർ ചേർന്ന് ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുന്നത് താൻ കണ്ടുവെന്ന് വിജയ് സധൈര്യം വിശദീകരിക്കുന്നു. 

കണ്ണൂരിലെ ആർ.എസ്.എസ് പ്രവർത്തകനും 32 കാരനുമായ ഇ.കെ. ബിജുവിനെ എങ്ങനെയാണ് തനിക്കറിയാത്ത ഒരു കൂട്ടം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലിസിന് വിശദീകരിച്ചുകൊടുത്ത ധൈര്യശാലിയായ ബാലനാണ് വിജയ്. എന്നാൽ വിജയിന്റെ കൂട്ടുകാരനും അയൽവാസിയുമായ അഞ്ച് വയസ്സുകാരൻ മഹേഷിന് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. അന്നത്തെ ആ ദുർദിനത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ കുട്ടിക്ക് താൽപര്യമില്ലെന്ന് മഹേഷിന്റെ അമ്മ പറയുന്നു. ' അന്നേ ദിവസം താൻ വല്ലാതെ പേടിച്ചുപോയി. ഇനി ഒരു ഓട്ടോയിലും താൻ കയറില്ലെന്നും അവൻ പറഞ്ഞു.' 

ചൊവ്വാഴ്ച രാവിലെ ചൊക്ലിയിൽ നിന്നും ഏതാണ്ട് പത്തുകിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ഈ കുട്ടികൾ കുറച്ചകലെയുള്ള എക്‌സെൽ സ്‌കൂളിൽ പോകാനായി ഓട്ടോയിൽ കയറിയതാണ്. 

ഓട്ടോ ചൊക്ലി പട്ടണത്തിലെ ആൾത്തിരക്കില്ലാത്ത ഒരിടത്തെത്തിയതും അഞ്ചുപേർ അരിവാളുകളും മറ്റായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. അവർ ബിജുവിനെ ആഞ്ഞുവെട്ടുകയും കുഴപ്പത്തിനിടയിൽ കുട്ടികളുമായി വന്ന ഓട്ടോ മറിയുകയും ചെയ്തു. 

'ഓട്ടോ മറിഞ്ഞതുകൊണ്ട് മാത്രമാണ് അക്രമികൾക്ക് ബിജുവിനെ അവർക്ക് കൊലപ്പെടുത്താൻ കഴിയാതെ പോയത്. ആ ഒരവസ്ഥയിൽ ഒരാളെ കൊല്ലുക എളുപ്പമല്ല. രണ്ടുതവണ ചുമലിലും ഒരുതവണ വയറ്റിലും മാത്രമേ കുത്താൻ അവർക്ക് കഴിഞ്ഞുള്ളൂു. ഓട്ടോ മറിഞ്ഞപ്പോൾ കുട്ടികൾ ഭയന്നുനിലവിളിക്കാൻ തുടങ്ങി. കരച്ചിൽ കേട്ട ചുറ്റുവട്ടത്തുമുള്ളവർ അവിടേയ്ക്ക് ഓടിയെത്തുകയും അക്രമികൾ ഓടിരക്ഷപ്പെടുകയും ചെയ്തു..' ചൊക്‌ളി എസ്.ഐ. ബൈജു പറഞ്ഞു.

ഓട്ടോയിലെ ഒരു കൊച്ചുപെൺകുട്ടിക്കാണ് ഏറ്റവും കൂടുതൽ മാനസികാഘാതമേറ്റത്. ബിജുവിന്റെ ശരീരത്തിൽ നിന്നും ചീറ്റിയ ചോര കുഞ്ഞിന്റെ ശരീരത്തിലേക്കാണ് തെറിച്ചത്. കുട്ടി ഇനിയും നടുക്കത്തിൽ നിന്ന് മോചിതയായിട്ടില്ലെന്നും വീട്ടിൽ നിന്ന് പുറത്തുവരാൻ അവൾ തയ്യാറില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ചൊക്‌ളി മാഹിക്കു സമീപമുള്ള കണ്ണൂർ ജില്ലയിലുള്ള പ്രദേശമാണ്. സി.പി.ഐ. എമ്മിന്റെ കോട്ടയുമാണ്. കണ്ണൂരിലെ മറ്റിടങ്ങളിലെ പോലെ രാഷ്ട്രീയ സംഘർഷങ്ങൾ ഇവിടെ നിത്യസംഭവമാണ്. 

1999-ൽ കനകരാജൻ എന്ന സി.പി.ഐ.എം. പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു. പക്ഷേ കോടതി ബിജുവിനെ പിന്നീട് വെറുതേ വിട്ടു. എന്നാൽ ഇതൊരു പ്രതികാരശ്രമമായി കാണാൻ പൊലിസ് തയ്യാറില്ല. സി.പി.ഐ.എം പ്രവർത്തകരുൾപ്പെടുന്ന ഒരു സംഘത്തെ പൊലിസ് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  

Show us some love and support our journalism by becoming a TNM Member - Click here.