പിതാവിനെതിരെ ഇതാദ്യമായല്ല മകൻ ആഞ്ഞടിക്കുന്നത്

Malayalam Monday, June 20, 2016 - 19:35

മുൻ ബിസിസിഐ ചെയർമാനും ഐസിസി പ്രസിഡന്റുമായ എൻ.ശ്രീനിവാസനെതിരെ മകൻ അശ്വിൻ ശ്രീനിവാസൻ കടുത്ത വിമർശനവുമായി രംഗത്ത്.

പഴയ കാലത്ത് രഹസ്യമായി ഒരു സ്വവർഗാനുരാഗിയായിരുന്നു തന്റെ പിതാവെന്നും അതുകൊണ്ടാണ് ഓർലാൻഡോവിലെ കൊലയാളിയെപ്പോലെ സ്വവർഗാനുരാഗികൾക്കെതിരെ മുൻവിധികൾ പ്രകടിപ്പിക്കുന്നതെന്നും അശ്വിൻ ശ്രീനിവാസൻ പറഞ്ഞു.

' ഓർലാൻഡോ കൊലയാളി ഒമർ മാതീനെപ്പോലെ എന്റെ അച്ഛൻ എൻ. ശ്രീനിവാസനും തന്റെ സ്വവർഗാനുരാഗഭൂതകാലത്തെച്ചൊല്ലി മാനസികമായി തകർന്നിരിക്കുകയാണ്. അത് ഞങ്ങളിൽ തീർക്കുകയാണ് അദ്ദേഹം എന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്വവർഗാനുരഗ വിരോധം അപൂർവമായ തരത്തിലുള്ള ഒരു സദാചാരനാട്യമാകുന്നത്..' ഡെയ്ലി ന്യൂസ് അനാലിസിസ് പത്രം അശ്വിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടു ചെയ്യുന്നു.

ഇതാദ്യമായല്ല അശ്വിൻ തന്റെ പിതാവിനെതിരെ വിമർശനവുമായെത്തുന്നത്. മുമ്പും പലതവണ തന്റെ അധികാരസ്വാധീനമുപയോഗിച്ച് തന്നേയും തന്റെ പങ്കാളിയേയും തമ്മിലകറ്റാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. 

അശ്വിനെ എങ്ങനെയാണ് അമ്മ ചിത്രയും അച്ഛൻ എൻ. ശ്രീനിവാസനും സ്വവർഗാനുരാഗം ചികിത്സിക്കുന്നതിന് ഒരു ഡോക്ടറുടെ സഹായത്തോടെ അശ്വിനെയും പങ്കാളി അവി മുഖർജിയെയും തടഞ്ഞുവെച്ചതെന്നും ഹെറോയിൻ നൽകിയതെന്ന് 2012ൽ ഡി.എൻ.എ റിപ്പോർട്ട് ചെയ്തിരുന്നു. 

'പിന്നീട്, അവർ മരുന്നിന്റെ അളവ് കുറച്ചു. അത് കൃത്യ,സമയത്ത് നൽകുന്ന പതിവും ഇല്ലാതായി. അവിയും ഞാനും അതിവൈകാരികക്ഷമതയും മാനസികസമ്മർദവും ഉറക്കമില്ലായ്മയും ഉത്ക്കണ്ഠയും തുടർന്ന് അനുഭവിച്ചു. ഒരു നിമിഷത്തിലധികം ഒരു ചിന്തയിൽ ഉറച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയുമായി. ഞങ്ങൾ കണ്ടിരുന്ന ഡോ. ഖന്ന എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞങ്ങളെ അറിയിച്ചില്ല. എന്നാൽ പിന്നീട് ഇന്റർനെറ്റ് പരതിയപ്പോഴാണ് ഇത് കടുത്ത വിടുതൽ സിൻ്ഡ്രോം ആണെന്ന് മനസ്സിലായത്..' 2012  ലെ റിപ്പോർട്ടിൽ അശ്വിനെ ഉദ്ധരിച്ച് പറയുന്നു.

'ഞങ്ങളുടെ ഇച്ഛയ്ക്ക് വിരുദ്ധമായാണ് ഞങ്ങളെ പിടിച്ചുവെച്ചത്. എന്റെ അച്ഛൻ ഞങ്ങളെ പീഡനത്തിനിരയാക്കി. അവിയുമായി പിരിഞ്ഞ് കല്യാണം കഴിച്ച് കുടുംബസ്ഥനായി ജീവിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം..' അശ്വിൻ കൂട്ടിച്ചേർക്കുന്നു. 

 

 

 

Show us some love! Support our journalism by becoming a TNM Member - Click here.