മുൻവൈരാഗ്യത്തോടെ കള്ളക്കേസിൽ പെടുത്തിയ തന്നെ അന്നത്തെ എ.സി.പി. നിശാന്തിനിയടക്കമുള്ളവർ മർദിച്ചെന്നും കുറ്റവിമുക്തനാക്കപ്പെട്ട ബാങ്ക് ഓഫിസർ

 Pic : Asianet News
Malayalam Monday, April 18, 2016 - 19:27

അഞ്ചുവർഷമാണ് ഒരു ലൈംഗികപീഡന കേസ് പേഴ്‌സി ജോസഫിന്റെയും കുടുംബാംഗങ്ങളുടെയും ജീവിതത്തെ ക്‌ളേശകരമാക്കിയത്. എന്നാൽ കേസ് വ്യാജമെന്ന് ഒടുവിൽ തെളിയുകയും ചെയ്തു.

യൂണിയൻ ബാങ്ക് ഹൈദരാബാദ് ശാഖാ മാനേജർ പേഴ്‌സി ജോസഫിനെ തൊടുപുഴ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റാണ് എതിരെ ചുമത്തപ്പെട്ട കുറ്റങ്ങളിൽ നിന്ന് അദ്ദേഹത്തെ വിമുക്തനാക്കിയത്. യൂണിയൻ ബാങ്ക് മാനേജറായിരിക്കേ തന്നെ പേഴ്‌സി ജോസഫ് പീഡിപ്പിച്ചുവെന്ന് പരാതി നൽകിയത് പ്രമീളാ ബിജു എന്ന സ്ത്രീയാണ്.

' എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകപോലും ചെയ്യാതെയാണ് പൊലിസ് പേഴ്‌സിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഒരു കേസ് കെട്ടിച്ചമയ്ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കെട്ടിച്ചമച്ചതും വ്യാജവുമാണ് പ്രോസിക്യൂഷന്റെ ആരോപണങ്ങൾ. ഇരയായെന്ന് പറയുന്ന സ്ത്രീ നിരത്തിയ തെളിവുകൾ ഒട്ടും വിശ്വാസയോഗ്യമോ ആശ്രയിക്കാവുന്നതോ അല്ല..' ജഡ്ജ് ജോമോൻ ജോൺ ഉത്തരവിൽ പറയുന്നു.

കോടതി രേഖകൾ ഒരു വനിതാ സിവിൽ പൊലിസ് ഓഫിസർ എന്ന് കാണിക്കുന്ന പ്രമീളാ ബിജു ഒരു ഇരുചക്ര വാഹന വായ്പയുമായി ബന്ധപ്പെട്ട് പേഴ്‌സിയെ സന്ദർശിച്ചിരുന്നു.

അന്ന് വൈകിട്ട് അന്നത്തെ അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലിസ് ആയ ആർ.നിശാന്തിനിയുടെ ഓഫിസിലേക്ക് പേഴ്‌സി വിളിക്കപ്പെട്ടു. അപ്പോഴാണ് അറിയുന്നത് തന്നോട് ബാങ്കിൽ വെച്ച് പേഴ്്‌സി മോശമായി പെരുമാറിയെന്ന് പരാതി നൽകിയെന്ന്. 

' സ്റ്റേഷനിലെത്തിയ എന്നെ എ.സി.പി. നിശാന്തിനി രണ്ടുതവണ തല്ലി. മറ്റ് പൊലിസ് ഓഫിസർമാരും എന്നെ ശാരീരികമായി ആക്രമിച്ചു. ഞാൻ പറയുന്നതൊന്നും അവർ കേൾക്കാൻ കൂട്ടാക്കിയില്ല. അന്ന് രാത്രി എനിക്ക് ജാമ്യം ലഭിക്കുകയും ആശുപത്രിയിൽ മൂന്ന് ദിവസത്തോളം കിടക്കേണ്ടിവരികയും ചെയ്തു

പരാതി വ്യാജമാണെന്നാണ് പേഴ്‌സി പറയുന്നത്. 'ബാങ്ക് മാനേജറുടെ ക്യാബിന് ഗ്ലാസ് ഭിത്തികളാണുള്ളത്. അകത്തെന്തുനടക്കുന്നതും പുറത്തുനിൽക്കുന്നവർക്ക് കാണാം. അതിനും പുറമേ അവിടെ സിസിടിവിയുണ്ട്. ഞാൻ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ സിസിടിവി ദൃശ്യങ്ങൾ ഞാൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.' അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പ്രത്യേക കാരണത്താലാണ് താൻ നടപടികൾക്കിരയായതെന്ന് പേഴ്‌സി പറയുന്നത്. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ ആയിരുന്ന ഒരു വ്യക്തിക്ക് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കോ-ഒപറേറ്റീവ് സൊസൈറ്റിയുടെ ഒരു ഉപകരണം തിരിച്ചടവ് തെറ്റിയതിനാൽ പിടിച്ചെടുത്തത് നീരസമുണ്ടാക്കി. 

ഇതിനെല്ലാം പുറമേ, ഇതിനകം ഒരു വായ്പ ബാങ്കിൽ നിന്ന് ലഭ്യമാക്കിയ ചെയർപേഴ്‌സണിന്റെ ഭർത്താവ് വീണ്ടുമൊരു വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചിരുന്നു. ' അമ്പതിനായിരം രൂപ നൽാകമെന്ന് ഞാൻ പറഞ്ഞു. പക്ഷേ അദ്ദേഹം ആവശ്യപ്പെട്ടത് ഇരട്ടിത്തുകയാണ്. യോഗ്യതയില്ലാത്തതുകൊണ്ട് ഞാനത് നിരസിച്ചു. അധികാരത്തിന്റെ ശക്തിയെന്തെന്ന് മനസ്സിലാക്കിത്തരാമെന്ന് പറഞ്ഞ് അദ്ദേഹമെന്നെ ഭീഷണിപ്പെടുത്തി.' പേഴ്‌സി ഓർക്കുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് പേഴ്‌സിയെ കാണാൻ പ്രമീള ബാങ്കിലെത്തുന്നത്.

' ഞാനനുഭവിച്ച യാതനകൾ വിവരണാതീതമാണ്. കുടുംബവും സഹപ്രവർത്തകരുമൊക്കെ കൂടെ നിന്നെങ്കിലും എന്റെ പേര് ആ കേസ് ചീത്തയാക്കി. തീർത്തും ഒരു ദുസ്വപ്‌നമായിരുന്നു അത്. ' പേഴ്‌സി പറഞ്ഞു.

പേഴ്‌സി കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും നിയമയുദ്ധം തീർന്നിട്ടില്ല. പീഡനം അനുഭവിച്ചതിലും കള്ളക്കേസിൽ പെടുത്തിയതിലും നീതി ആവശ്യപ്പെട്ട് നടത്തുന്ന നിയമപോരാട്ടത്തിന് ഹൈക്കോടതിയിൽ ഇനിയും തീർപ്പായിട്ടില്ല. പൊലിസ് അതിക്രമത്തിനും മനുഷ്യാവകാശലംഘനങ്ങൾക്കും പേഴ്‌സി ഇരയായി എന്നുതന്നെയാണ് പ്രാദേശിക കോടതി നിരീക്ഷിച്ചിട്ടുള്ളത്.

 

Show us some love and support our journalism by becoming a TNM Member - Click here.