നിർദേശം പിൻവലിച്ചില്ലെങ്കിൽ യൂണിയനുകൾ ദേശവ്യാപക പണിമുടക്കിലേക്ക്

Vernacular കേന്ദ്ര ബജറ്റ് Tuesday, March 01, 2016 - 14:16

തൊഴിലാളി പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള 60 ശതമാനം വിഹിതത്തിന്റെ പലിശയിൻമേൽ നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് നിർദേശത്തോട് തൊഴിലാളികൾക്കും യൂണിയനുകൾക്കും രൂക്ഷമായ പ്രതികരണം. മുഴുവൻ ഇ.പി.എഫിൻമേലും നികുതി എന്നതായിരുന്നു പ്രാഥമികമായ ധാരണ എങ്കിലും പിന്നീട് 60 ശതമാനം വിഹിതത്തിൻമേൽ മാത്രമേ നികുതിയുണ്ടാകൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.  

പദ്ധതി ലളിതവൽക്കരിക്കുകയും മറ്റ് പെൻഷൻ പദ്ധതികൾക്ക് തുല്യമാക്കുക യും ചെയ്യുക എന്നതിന്റെ പേരിലാണ് തൊഴിലാളികൾക്ക് വിരമിക്കുമ്പോൾ ലഭിക്കുന്ന ഇ.പി.എഫ് പണത്തിന് നികുതി ഏർപ്പെടുത്തുന്നത്. 

'തൊഴിലാളികൾ അവരുടെ വരുമാനത്തിൻമേൽ നികുതിയടക്കുന്നുണ്ട്. പിന്നെ എന്തുപറഞ്ഞാണ് ഈ നികുതിയെ ഗവൺമെന്റ് ന്യായീകരിക്കാൻ പോകുന്നത്?. ഈ നിർദേശം ഉടനടി പിൻവലിക്കണം. ഈ ആവശ്യമുന്നയിച്ച് എന്തായാലും ഞങ്ങൾ ധനകാര്യമന്ത്രിയെ സമീപിക്കാൻ പോകുകയാണ്. നിർദേശം പിൻവലിച്ചില്ലെങ്കിൽ ഞങ്ങൾ ദേശവ്യാപകമായി പണിമുടക്കും.' ഐ.എൻ.ടി.യു.സി. പ്രസിഡന്റും ഇ.പി.എഫ് ഓർഗനൈസേഷന്റെ സെൻട്രൽബോർഡ് ഒഫ് ട്രസ്റ്റീസ് അംഗവുമായ ജി.സഞ്ജിവ റെഡ്ധി ഇൻഡ്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ബി.ജെ.പിയുടെ തൊഴിലാളി വിഭാഗമായ ബി.എം.എസും നിർദേശത്തെ എതിർക്കുന്നു. ' ഇത് ഇരട്ടനികുതിക്ക് സമമാണ്. ഈ നിർദേശത്തെ ഞങ്ങൾ എതിർക്കുന്നു. പ്രശ്‌നം ഞങ്ങൾ ഗവൺമെന്റുമായി ചർച്ച ചെയ്യും.' ബി.എം.എസ് ദേശീയ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ് പറഞ്ഞു.

കാര്യമെന്തെന്ന് ക്യാപിറ്റൽ മൈൻഡിലെ ദീപക് ഷേണോയ് വിശദീകരിക്കുന്നു. അദ്ദേഹത്തിൽ നിന്നുള്ള വിദഗ്ധാഭിപ്രായത്തെ ഉപയോഗപ്പെടുത്തി ഞങ്ങൾ ഓരോന്നോരോന്നായി വ്യക്തമാക്കുകയാണ് താഴെ:

എന്താണ് ഇ.പി.എഫ് പദ്ധതി

* ഓരോ മാസവും തൊഴിലാളിയും കമ്പനിയും 12 ശതമാനം വീതം സമ്പാദ്യപദ്ധതിയിൽ നിക്ഷേപിക്കുന്നു. കമ്പനികൾക്ക് ഒരു തൊഴിലാളിക്ക് 1800 രൂപയായി അവയുടെ പരിധി നിശ്ചയിക്കാവുന്നതാണ്.

* ഇ.പി.എഫ് ഒരു നിർബന്ധിത പദ്ധതിയാണ്. പണം നിക്ഷേപിക്കുമ്പോൾ നിക്ഷേപത്തുകയ്ക്ക് മുകളിൽ നികുതി ഒഴിവാക്കപ്പെടുന്നു.

*നിക്ഷേപത്തുകയ്ക്ക് ഓരോ വർഷവും പലിശ ലഭിക്കുന്നു. അതിൻമേലും നികുതിയില്ല.

* 58 ാം വയസ്‌സിൽ റിട്ടയർ ചെയ്യുമ്പോൾ നിങ്ങൾക്ക് അത് മുഴുവൻ പിൻവലിക്കാം. ഒരു നികുതിയും കൂടാതെ.

പക്ഷേ ഇപ്പോൾ ജെയ്റ്റ്‌ലി പറയുന്നത് നിങ്ങളുടെ ഇ.പി.എഫ് നിക്ഷേപത്തുകയുടെ 60 ശതമാനത്തിൻമേൽ നികുതിയുണ്ടാകുമെന്നാണ്. ഈ വർഷം ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. 

എന്നാൽ സ്ഥിരവരുമാനം നൽകുന്ന പെൻഷൻ പദ്ധതികളിൽ നിക്ഷേപിക്കുന്നതിനോ, മൂലധനനിക്ഷേപമാക്കി മാറ്റുന്നതിനോ പിൻവലിച്ചാൽ നികുതിയുണ്ടാകില്ലായെന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധ്യ പറയുന്നു.

റിട്ടയർ ചെയ്തതിനുശേഷവും പണം പെൻഷൻ ഉൽപന്നങ്ങളിൻമേൽ തന്നെ തുടരണമെന്ന ഗവൺമെന്റ് താൽപര്യമാണ് ഇതിന് പിറകിലെന്ന് ചില വിശകലനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഫലത്തിൽ പെൻഷൻ പണമെടുത്ത് ചെലവാക്കുന്നതിന് തൊഴിലാളികൾ താൽപര്യം കാണിക്കാതെ വരികയും പണം പദ്ധതിയിൽ തന്നെ തുടരുകയും ചെയ്യുകയുമാണ് ഉണ്ടാകുക. 

'മൂലധനനിക്ഷേപപദ്ധതികളിൽ നിന്നുള്ള സ്ഥിരവരുമാനത്തിനല്ല ജനത്തിന് പി.എഫ്. പണം. അത് അവരുടെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.' മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ പറയുന്നു. റിട്ടയർ ചെയ്തതിന് ശേഷം പണം പിൻവലിക്കുന്നത് സ്വത്തുവാങ്ങുന്നതിനോ ഭാവികാലം സ്വസ്ഥമായി കഴിയുന്നതിന് എവിടെയെങ്കിലും സ്ഥിരതാമസമാക്കുന്നതിനോ, മരുന്നിനോ ആശുപത്രിച്ചെലവുകൾക്കോ ഒക്കെയാണ് എന്നാണ് തരൂർ പറഞ്ഞതിന്റ അർത്ഥം. അതിൻമേൽ നികുതി ഏർപ്പെടുത്തുന്നത് ആശാസ്യമാണോ എന്നതാണ് ചോദ്യം.

Become a TNM Member for just Rs 999!
You can also support us with a one-time payment.