ആറ്റിങ്ങൽ ഷബീർ വധം: ഷബീറിന്റെ സഹോദരന്‍ നീതിക്ക് വേണ്ടി കേഴുന്നു

'ഞങ്ങളുടെ നഷ്ടം ആര്‍ക്കും പരിഹരിക്കാനാകില്ല. ഇക്ക എല്ലാവരേയും പരിഗണിച്ചു.'
ആറ്റിങ്ങൽ ഷബീർ വധം: ഷബീറിന്റെ സഹോദരന്‍ നീതിക്ക് വേണ്ടി കേഴുന്നു
ആറ്റിങ്ങൽ ഷബീർ വധം: ഷബീറിന്റെ സഹോദരന്‍ നീതിക്ക് വേണ്ടി കേഴുന്നു

ചെറിയൊരു ആശങ്കയോടെയാണ് ഞാന്‍ ഷമീറിന്റെ നമ്പര്‍ ഡയല്‍ ചെയ്തത്. എങ്ങനെയാണ് ഒരാളോട് അയാളുടെ സഹോദരന്റെ ദാരുണമായ വധത്തെക്കുറിച്ച് ചോദിക്കുക?  അങ്ങേയറ്റത്തെ മാധ്യമഇടപെടലിന് ഉദാഹരണമാകും അത്. അങ്ങനെയാണ് ഞാന്‍ കരുതിയത്.

ജനുവരി 31നാണ് തിരുവനന്തപുരത്തിനടുത്ത് വക്കം സ്വദേശിയും 23 കാരനുമായ എം.വി. ഷബീറിനെ കൊലയാളികൾ ക്രൂരമായി അടിച്ചുകൊന്നത്. സാക്ഷിയായ ഒരാൾ എടുത്ത വിഡിയോ കഌപ്പിങ് പെട്ടെന്ന് വൈറലാകുകയും നാലുപ്രതികളെയും അറസ്റ്റു ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്തു. 

കൊലപാതകവാര്‍ത്ത ആദ്യമായി പുറത്തുവന്നപ്പോൾ ഷബീർ എന്നത് പറഞ്ഞുകേട്ട ഒരു പേരുമാത്രമായിരുന്നു. പിന്നെ പതിയെ വളരെ മനുഷ്യസ്‌നേഹം തുളുമ്പുന്ന ഒരു മുഖം കേൾവിക്കാരുടെ മനസ്സില്‍ തെളിഞ്ഞുവന്നു. പ്രദേശത്തെ ഏത് മനുഷ്യക്ഷേമ പ്രചോദിതമായ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തുവന്ന ഒരാളുടെ. 

ഷബീറിന്റെ ഓര്‍മയോട് ആദരവ് പുലര്‍ത്തിക്കൊണ്ട് ഷബീറിന്റെ വീട്ടിനുതൊട്ടടുത്തുള്ള വക്കം പുത്തന്‍നട ദേവീശ്വര ശിവക്ഷേത്രത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പൂജകളുണ്ടായില്ല. ശ്രീകോവില്‍ അടഞ്ഞും കിടന്നു.

അപ്പോഴാണ് കേരളീയര്‍ അറിയുന്നത് ഷബീർ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രദേശത്തെ ക്ഷേത്ര ഉത്സവ കമ്മിറ്റിയിൽ എക്‌സിക്യുട്ടീവ് അംഗമായിരുന്നു എന്ന്. 

വര്‍ഗീയമായ മുന്‍വിധികള്‍ ഒരുതരം പ്രതികാരചിന്തയോടെ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്താണ് ഇസ്ലാം മതവിശ്വാസിയായ ഷബീർ പുത്തന്‍നടക്ഷേത്രം സംഘടിപ്പിച്ച എല്ലാ സാമൂഹ്യക്ഷേമ പരിപാടികളിലും മുഴുവന്‍ മനസ്സോടെയും പങ്കെടുത്തുപോന്നിരുന്നത് എന്നോർക്കണം. 

വിരോധാഭാസമെന്ന് പറയട്ടെ, ഷബീറിന്റെ ഇത്തരത്തിലുള്ള ഇടപെടൽ തന്നെയാണ് ആ യുവാവിന്റെ ക്രൂരമായ കൊലപാതകത്തിലേക്കും നയിച്ചത്. കഴിഞ്ഞ വര്‍ഷം അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൊലപാതകികളായവരുമായി ഉണ്ടായ ഉരസലിനെപ്പറ്റി ഷബീർ പൊലിസിനെ അറിയിച്ചിരുന്നു. 

'ഞങ്ങളുടെ നഷ്ടം ഞങ്ങളുടേത് മാത്രമാണ്. ഇക്കായുടെ മരണം വരുത്തിയ നഷ്ടം പരിഹരിക്കാന്‍ ആര്‍ക്കുമാകില്ല. എന്റെ ഇക്ക മരിച്ചതിൽ പിന്നെ ഒട്ടനവധി ഉദ്യോഗസ്ഥർ ഞങ്ങളെ വന്നു കണ്ടു. എല്ലാ സഹായവും അവർ വാഗ്ദാനം ചെയ്തു. എന്തുരീതിയിലാണ് അവർ സഹായിക്കാന്‍ പോകുന്നത് ? കൃത്യമായി ഓർത്തെടുക്കാന്‍ പോലുമാകുന്നില്ല. ഒരു മൂടൽപോലെ എല്ലാ്ം അവ്യക്തമാണ്. ആഭ്യന്തരമന്ത്രിയും വന്ന് അനുശോചനമറിയിച്ച്,  സർക്കാരിന്റെ എ്ല്ലാ സഹായവും വാഗ്ദാനം  ചെയ്ത് മടങ്ങിപ്പോയി. ഞങ്ങള്‍ക്ക് വേണ്ടി ഒരൊറ്റ കാര്യം അവർ ചെയ്താല്‍ മതി. ജീവന്‍ പോയിട്ടും എന്റെ സഹോദരന്റെ ശരീരത്തിൽ ഒരു കാരുണ്യവുമില്ലാതെ തല്ലിക്കൊണ്ടിരുന്ന സതീഷിനും സന്തോഷിനും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം. ജീവപര്യന്തമൊന്നും പോരാ. തൂക്കുകയറുതന്നെയാണ് നല്‍കേണ്ടത്.' ദ ന്യൂസ്മിനുട്ടിനോട് സംസാരിക്കവേ ഷമീര്‍ തന്റെ ഹൃദയവേദന തുറന്നുപറഞ്ഞു.

തന്റെ മൂത്തസഹോദരന്റെ അവസാനശ്വാസവും കൊലയാളികള്‍ ഇല്ലാതാക്കുന്നത് കാണിക്കുന്ന ആ വിഡിയോ കഌപ്പിങ് കണ്ടില്ലെന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ ഷമീർ പറഞ്ഞു. ഞാനത് കണ്ടുവോ എന്നും ചോദിച്ചു. ഇല്ല എന്ന് കഷ്ടിച്ചു കേള്‍ക്കാവുന്ന മട്ടില്‍ എങ്ങനെയോ ഞാനും പറഞ്ഞൊപ്പിച്ചു.

മൂന്നുസഹോദരന്‍മാരിൽ ഷബീർ ഏറ്റവും മൂത്തയാളാണ്. ഏറ്റവും ഇളയവനായ ഷജീറിന് കഷ്ടിച്ച് മൂന്നുമാസം പ്രായമുള്ളപ്പോള്‍ വാപ്പ അവരെ ഉപേക്ഷിച്ചിട്ടുപോയതാണ്. മൂന്നുമക്കളേയും അവരുടെ അമ്മ ഒറ്റയ്ക്കാണ് വളര്‍ത്തി വലുതാക്കിയത്. 

സംസാരത്തിനിടയിൽ ഷമീർ പിന്നെയും പൂർവകാലത്തെ ഓർമകളിലേക്ക് പോയി. ' എല്ലാവരുടെ കാര്യവും നോക്കിയിരുന്നയാളായിരുന്നു ഇക്ക. ഒരു പാരലൽ കോളേജിൽ ഡിഗ്രി രണ്ടാം വർഷത്തിനു പഠിക്കുമ്പോള്‍ തന്നെ കൂലിപ്പണിയെടുത്ത് അമ്മയെ സഹായിക്കുമായിരുന്നു. ആഴ്ചയിൽ മൂന്നുദിവസമാണ് ഷബീർ ക്ലാസിലെത്തിയിരുന്നത്. രാത്രിയായാലും പകലായാലും ഇക്ക എല്ലാവർക്കുവേണ്ടിയും ഓടിയെത്തുമായിരുന്നു. രക്തദാനത്തിനായാലും അന്നദാനത്തിനായാലും ഇനി ആളുകളെ ആശുപത്രിയിലെത്തിക്കാനായാലും. എന്തിനും. എന്നിട്ട് എന്താ ഇക്കായ്ക്ക് സംഭവിച്ചതെന്ന് നോക്കൂ..? '

ദുഖിതരായ അമ്മയേയും ഇളയ സഹോദരനെയും എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടതെന്ന ചിന്തയിൽ കഴിയുന്ന ഷമീർപറഞ്ഞത് അവരിരുവരും ഇതുവരെയും ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ്. 'അവരിങ്ങനെ മരവിച്ചിരിക്കും. ആരെങ്കിലും വന്നാൽ ഉടനെ പൊട്ടിക്കരയും. ഞാനാണ് കുടുംബത്തിന്റെ ഇനിയുള്ള നായകന്‍ എന്നാണ് എല്ലാവരും പറയുന്നത്. ചുമതല എന്നെ ഇക്ക ഏല്പിച്ചുവെന്നും. ശരിയ്ക്കും അങ്ങനെ ചെയ്‌തോ ജീവിക്കാനുള്ള തന്റെ ആഗ്രഹത്തിനെതിരായി അത് ചെയ്യാന്‍ ഇക്ക നിര്‍ബന്ധിതനാകുകയായിരുന്നുില്ലേ..? വെറും 23 വയസ്സേ ആയിരുന്നുള്ളൂ ഇക്കാക്ക്. 

എങ്ങനെ ഒരാള്‍ ഇതിനോട് പ്രതികരിക്കും? 

Related Stories

No stories found.
The News Minute
www.thenewsminute.com