"ഭീകരതാ ആരോപണങ്ങളുന്നയിച്ച് അടിയന്തരാവസ്ഥാ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു"

2012
Malayalam Monday, June 27, 2016 - 13:07

വിവിധ രാഷ്ട്രീയവ്യക്തിത്വങ്ങൾക്കെതിരെയുള്ള തന്റെ ആക്രമണം തുടരുന്നതിന്റെ ഭാഗമായി സോണിയാ ഗാന്ധി 2012-ൽ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനൊരുങ്ങിയെന്നും അരവിന്ദ് കേജ്രിവാൾ ഐഐടി റാങ്കുകാരനല്ലെന്നും സുബ്രഹ്മണ്യസ്വാമി ഒരു പത്രസമ്മേളനത്തിൽ ആരോപിച്ചു. 


 

'വിവരാവകാശ നിയമപ്രകാരമുള്ള രേഖകളനുസരിച്ച് കേജ്രിവാളിന് ഐ.ഐ.ടി. റാങ്കില്ല. മറ്റേതെങ്കിലും വഴിയിലൂടെയായിരിക്കും അദ്ദേഹം ഒരുപക്ഷേ വന്നിരിക്കുക..'  അദ്ദേഹം എ.എൻ.ഐയോട് പറഞ്ഞു. '2012-ൽ സോണിയാ ഗാന്ധി ഹിന്ദു ഭീകരതാ ആരോപണങ്ങളുന്നയിച്ച് അടിയന്തരാവസ്ഥാ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു..'  സുബ്രഹ്മണ്യൻസ്വാമിയെ ഉദ്ധരിച്ച് മറ്റുചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 


 

താൻ അരുൺ ജെയ്റ്റ്‌ലിയെ ഉന്നം വെക്കുന്നുവെന്ന വാർത്ത വ്യാജമെന്നും സുബ്രഹ്മണ്യൻ സ്വാമി അവകാശപ്പെട്ടു. തന്നോട് പാർട്ടിക്ക് നീരസമില്ല.  


 

റോബർട്ട് വാദ്രയുമായുള്ള വാക്‌പോരും സുബ്രഹ്മണ്യൻ സ്വാമി തുടരുകയാണ്. വെയിറ്റർമാരുടെ തൊഴിലിനെ സംബന്ധിച്ച് നിന്ദാദ്യോതകമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയ സ്വാമി അവരുടെ തൊഴിലിനെ മാന്യമായി കാണുന്നില്ലെന്ന് റോബർട്ട് വാദ്ര പറഞ്ഞിരുന്നു. ജെയ്റ്റ്‌ലിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് സ്വാമി നടത്തിയ ഒരു പ്ര്‌സ്താവനയിൽ വിദേശത്തുപോകുമ്പോൾ കോട്ടും സൂട്ടുമിടുന്ന മന്ത്രിമാർ വെയിറ്റർമാരെപ്പോലെയാണ് കാഴ്ചയ്ക്ക്് എന്ന് പറഞ്ഞിരുന്നു. മന്ത്രിമാർ ഇന്ത്യൻ വസ്ത്രം ധരിക്കണമെന്നും ്അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. 


 

'ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന വെയ്റ്റർമാരെ അപഹസിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് അപലപനീയവും വർഗപക്ഷപാതിത്വം ചുവയ്ക്കുന്നതുമാണ്...' വാദ്ര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ കുറിച്ചിരുന്നു. 


 

രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങൾ നടത്താൻ മുതിരാതെ ജയിലിൽ പോകാതെ നോക്കുകയാണ് വേണ്ടതെന്നായിരുന്നു സ്വാമിയുടെ മറുപടി. വാദ്രയുടെ അമ്മ ഒരു വെയ്റ്റർ ആയിരുന്നതുകൊണ്ടാണ് വാദ്ര തന്റെ പ്രസ്താവനയ്‌ക്കെതിരെ തിരിഞ്ഞതെന്നും അദ്ദേഹം പരിഹസിച്ചു.

 

ഇംഗ്ലണ്ടിൽ ഒരു കൊച്ചു റെസ്റ്റോറന്റിൽ വെയ്റ്റ്രസ് ആയിരുന്നു വാദ്രയുടെ അമ്മ. അതുകൊണ്ടായിരിക്കും വെയ്റ്റർമാരെക്കുറിച്ച് സംസാരിച്ചത് മോശമായിത്തോന്നിയത്- സ്വാമിയെ ഉദ്ധരിച്ച് ഇൻഡ്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.


 

ജെയ്റ്റ്‌ലിയുമായുള്ള യുദ്ധത്തിന്റെ തുടർച്ചായായാണ് വാദ്രയുടെ വാക്‌പോര്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അർവിന്ദ് സുബ്രഹ്മണ്യത്തിനുനേരെയും സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസിനുനേരെയും സ്വാമി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻ ജനതാപാർട്ടി നേതാവ് ഒരിത്തിരി നിയന്ത്രണം പാലിക്കണമെന്ന് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു.