ജിഷയുടെ അമ്മയും സഹോദരിയുമാണ് വില്ലൻമാരെന്നും അതിനുള്ള വില ജിഷയ്ക്ക് നൽകേണ്ടിവന്നുവെന്നുമുള്ള കാര്യത്തിൽ അയൽക്കാർ ഏകാഭിപ്രായക്കാർ

Malayalam Saturday, June 18, 2016 - 09:36

ജിഷയുടെ കൊലയാളിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പെരുമ്പാവൂരിൽ അമ്പരപ്പും അങ്കലാപ്പും.

 

ഇത്തരത്തിലുള്ള മറ്റ് കേസുകളിലെന്ന പോലെ ജിഷയുടെ വസതിക്കു സമീപം പത്രപ്രവർത്തകരിൽ നിന്ന് തങ്ങളുടെ മുൻധാരണകളെയുറപ്പിക്കാനുള്ള തിരക്കിലാണ് പുരുഷൻമാരെങ്കിൽ സ്ത്രീകളും കുട്ടികളും മാധ്യമപ്രവർത്തകരെ കാണുന്ന നിമിഷം മുയലുകളെ പോലെ ഓടിമറയുകയാണ്. 


 

ജിഷയുടെ വീടിന് ചുറ്റും കൂടിനിൽക്കുന്ന പുരുഷൻമാരുടെ ചെറുസംഘങ്ങൾക്ക് ഒരുപാട് സംസാരിക്കാനുള്ളത് പരോക്ഷമായി ജിഷയുടെ സഹോദരി ദീപയെയും അമ്മ രാജേശ്വരിയെയും പരാമർശിച്ചുകൊണ്ട് ദുസ്വഭാവങ്ങളെക്കുറിച്ചാണ്.


 

'ഈ പ്രദേശത്തിന് പുറത്തുജീവിക്കുന്ന എല്ലാവർക്കും രാജേശ്വരിയോട് സഹതാപമാണ്. പക്ഷേ അവളാരാണെന്ന് ഞങ്ങൾക്കല്ലേ അറിയൂ. പക്ഷേ ജിഷ പാവമായിരുന്നു. അധികം സംസാരിക്കാത്ത ഒരു പെൺകുട്ടി.' 

ലുങ്കിയും ഷർട്ടും ധരിച്ച ഒരു മാന്യൻ പ്രഖ്യാപിച്ചു.


 

ജിഷയുടെ അമ്മയുടം സഹോദരിയുമാണ് യഥാർത്ഥ വില്ലൻമാരെന്നും അതിന്റെ വില കൊടുക്കേണ്ടി വന്നത് ജിഷയ്ക്കാണെന്നുമുള്ള കാര്യത്തിൽ പ്രദേശത്തുകാർ ഏതാണ്ട് ഏകാഭിപ്രായക്കാരാണ്. 


 

ജിഷയോട് എന്തെങ്കിലും സഹതാപമുണ്ടെങ്കിൽ അതുപോലും ഇവിടെ അവസാനിക്കുന്നു.


 

ഒരു ചെറിയ തോടിന്റെ കരയിലുള്ള ജിഷയുടെ വീടിന് സമീപം കുറച്ചകലെയായി സാമാന്യം ഭേദപ്പെട്ട നല്ല വീടുകൾ അയൽപക്കമായി ഉണ്ട്. എന്തായാലും ജിഷയുടെ വീട് തീർത്തും ഒരൊറ്റപ്പെട്ട ഇടത്തല്ല. 


 

ജിഷ വൈകിട്ട് ആറോടെയായിരിക്കണം കൊല്ലപ്പെട്ടത് എന്നും രാത്രി 8.30ന് അമ്മ രാജേശ്വരി വീട്ടിലെത്തിയപ്പോൾ മാത്രമാണ് അയൽക്കാർ വിവരമറിയുന്നത് എന്നുമാണ് പൊലിസ് പറയുന്നത്.


 

ജിഷയുടെ അയൽക്കാരിൽ ഒരാൾ മാത്രമാണ് ഏപ്രിൽ 28ന് എന്തെങ്കിലും കണ്ടതായി പറയുന്നത്.  വൈകിട്ട് എന്തെങ്കിലും കേട്ടതായി വരെ മറ്റാർക്കും അറിയില്ലെന്നാണ് മനസ്സിലാക്കുന്നത്. ഈയൽക്കാരി മാധ്യമപ്രവർത്തകരെ കണ്ടമാത്രയിൽ വീട്ടിലേയ്ക്ക് ഓടിക്കയറി വാതിലടക്കുകയായിരുന്നു. എന്നിരുന്നാലും അവർ പിന്നീട് ദ ന്യൂസ്മിനുട്ടിനോട് സംസാരിച്ചു. 


 

' ആരോ ഒരാൾ ഓടുന്നത് ഞാൻ വ്യക്തമല്ലെങ്കിലും കണ്ടു. എന്തെങ്കിലും ശബ്ദം അവിടെ നിന്ന് കേട്ടുവോ എന്ന് തീർച്ചയില്ല.' മനമില്ലാ മനസ്സോടെ അവർ പ്രതികരിച്ചു. 


 

എന്താണ സംഭവമെന്ന് പരിശോധിക്കുകയുണ്ടായില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അവരുടെ മറുപടി. 

' ആരും അവരുടെ വീട്ടിലേക്ക് പോകാറില്ല. അവളുടെ അമ്മ ഒരു വിചിത്രസ്വഭാവക്കാരിയാണ്. '

 

കൂടുതലൊന്നും സംസാരിക്കാൻ അവർ കൂട്ടാക്കിയില്ല. ഒരുപക്ഷേ അവരുടെ സാക്ഷിമൊഴി പൊലിസിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാകാൻ സാധ്യതയുണ്ട്. മഞ്ഞ ഷർട്ടിട്ട ഒരു പുരുഷൻ ഓടിപ്പോകുന്നത് കണ്ടുവെന്നായിരുന്നു അവരുടെ മൊഴി.


 

'പല ആളുകളും ജിഷയുടെ വീട്ടിലെത്തുന്നു. പക്ഷേ ജിഷയുടെ അമ്മയുടെ സ്വഭാവം കാരണം ഒരു നിലക്കുള്ള സാമൂഹികഭ്രഷ്ട് അവർക്കുണ്ടായിരുന്നു. ഇവിടെയുള്ള ആളുകൾക്കെല്ലാം അതറിയാം. അവരുടെ വീടിനടുത്ത് റോഡിനരികിൽ നിൽക്കാൻ പോലും ഇവിടുത്തെ ആണുങ്ങൾക്ക് ഭയമാണ്. ഞങ്ങൾ അവരെ കാണാനെത്തിയതാണെന്ന് മറ്റുള്ളവർ ചിന്തിച്ചേക്കുമോ എന്ന പേടി കൊണ്ട്..' 


 

രാജേശ്വരിയുടെ കുടുംബത്തോട് അയൽക്കാർ ഉദാസീനസമീപനം പുലർത്തിയെന്ന് മറ്റൊരാൾ പഴിച്ചു.


 

' അമ്മയുടെ 'ദുർന്നടപ്പിനെ' ചോദ്യം ചെയ്യാൻ ആളുകൾ ശ്രമിച്ചപ്പോൾ എതിർത്തുസംസാരിക്കാൻ മാത്രം ധൈര്യമുള്ളവളായിരുന്നു ജിഷ. അവളെയും ആ ഒരു രീതിയിലാണ് പലരും കണ്ടിട്ടുണ്ടാകുക. പക്ഷേ എല്ലാവർക്കും അവളൊരു ധൈര്യമുള്ള, നല്ല ഒരു പെൺകുട്ടിയായാണ്...' 


 

25 കാരനായ വിഷ്ണു എന്ന ഓട്ടോ ഡ്രൈവർ പറഞ്ഞു. 


 

ജിഷയുടെ കൊലപാതകത്തിന് ശേഷമാണ് അവളുടെ കുടുംബത്തിന്റെ ജാതിയെന്തെന്ന് പോലും തങ്ങളറിയുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥയായ സാവിത്രി പറഞ്ഞു. ' ജാതിയല്ല അവരോട് വെറുപ്പുതോന്നാനുള്ള കാരണം. വേറെയും ദലിത് വിഭാഗക്കാർ ഇവിടെ ജീവിക്കുന്നുണ്ട്. അവരോട് ഇവിടുത്തെ സമൂഹം എന്തെങ്കിലും അവഗണന കാണിക്കുന്നുണ്ടോ എന്ന് നോക്കൂ. രാജേശ്വരിയെയും കുടുംബത്തേയും അയൽക്കാർ ഒ്ന്നടങ്കം വെറുത്തെങ്കിൽ അതിന് അവർക്കതിന്റെ കാരണം കാണും..' അതുപറയുമ്പോൾ അവരുടെ ശബ്ദമുയർന്നു. ജിഷയുടെ കുടുംബത്തോട് ശത്രുതാമനോഭാവമായിരുന്നു ഉണ്ടായിരുന്നതെന്ന് അതുവഴി അബദ്ധത്തിൽ അവർ സമ്മതിക്കുകയായിരുന്നു. 


 

നമ്മൾ നമ്മുടെ അയൽക്കാരെ വെറുക്കുന്നതിനെ എത്രമാത്രം ന്യായീകരിച്ചാലും അവർ ഒരു കുഴപ്പത്തിൽ അകപ്പെടുമ്പോൾ വ്യക്തികളെന്ന നിലയിൽ നാം എന്തുചെയ്യുമെന്ന ചോദ്യം സാവിത്രിയെപ്പോലുള്ളവരുടെ സമീപനം ഉയർത്തുന്നുണ്ട്.


 

എന്നാൽ രാജേശ്വരിയോടുള്ള അനുകമ്പ ഒരൊറ്റപ്പെട്ട ശബ്ദമായും അവരുടെ ഇടയിൽ നിന്നുതന്നെ കേട്ടു. വിരോധാഭാസന്ന് പറയട്ടേ, അതൊരു പുരുഷശബ്ദവുമായിരുന്നു. പ്രദേശത്തെ പല യുവാക്കൾക്കുമെതിരെ രാജേശ്വരി കേസുകൊടുത്തിരുന്നുവെന്ന് രാജേഷ് എന്ന പ്രദേശത്തുകാരൻ പറയുന്നു. ' രാജേശ്വരിയുടെ വീടിന് മുൻപിൽ നിന്നു എന്ന ഒരൊറ്റക്കാരണം കൊണ്ട്.'


 

ഒരു കുടിലെന്ന് പറയാവുന്ന തരത്തിലുള്ള വീട്ടിൽ ജീവിച്ച് രണ്ട് പെൺമക്കളേയും കഷ്ടപ്പെട്ട് വളർത്തിയെടുത്തവരാണ് രാജേശ്വരി എന്ന് രാജേഷിനും ബോധ്യമുണ്ട്.


 

' സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയായിരിക്കാം രാജേശ്വരിയുടെ ഇത്തരം പ്രവൃത്തികൾക്ക് പിറകിൽ. ആളുകളുടെ കപടസദാചാരനാട്യങ്ങളും ജിഷയുടെ കുടുംബത്തെ വേട്ടയാടി. ഒരു നിലയ്ക്ക് പറഞ്ഞാൽ നമ്മളോരോരുത്തരും സംഭവിച്ച കാര്യങ്ങൾക്ക് ഉത്തരവാദികളാണ്..' അയാൾ കൂട്ടിച്ചേർത്തു.