
ഐ.ഐ.ടി കാൺപൂരിൽ നി്ന്നുമുള്ള ഒരു ഏയ്‌റോസ്‌പേയ്‌സ് എൻജിനിയർക്ക് വൻതോതിലുള്ള നാശത്തിന് വഴിവെക്കുന്ന ആയുധങ്ങളുടെ വ്യാപനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിസ നിഷേധിക്കപ്പെട്ടു.
കോൺഗ്രസ് എം.പി. ശശി തരൂർ ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കത്തെഴുതിയതിനെ തുടർന്നാണ് സംഭവം വെളിച്ചത്തുവന്നത്.
ഐ.ഐ.ടി കാൺപൂരിൽ നിന്നും പഠിച്ചിറങ്ങിയ തിരുവനന്തപുരം സ്വദേശി അനന്ത് എസ്.എം.
അവിടെത്തന്നെ റിസർച്ച് അസോസിയേറ്റായി ജോലി നോക്കുകയായിരുന്നു. മേൽബൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപാർട്ട്‌മെന്റിൽ പൂർണമായ ഫണ്ട് പിന്തുണയോടെയുള്ള ഡോക്ടർ പദവി കിട്ടിയതിനെ തുടർന്ന് ഓസ്‌ട്രേലിയയിലേക്കുള്ള സ്റ്റുഡന്റ് വീസക്ക് അദ്ദേഹം അപേക്ഷിക്കുകയായിരുന്നു.
പക്ഷേ, പത്തുമാസം കഴിഞ്ഞിട്ടും അനന്തിന് വീസ അനുവദിക്കപ്പെട്ടില്ല. തുടർന്ന് പ്രക്രിയ ത്വരിതപ്പെടുത്താൻ സഹായത്തിനായി ശശി തരൂർ എം.പിയെ സമീപിച്ചു.
തരൂർ ഓസ്‌ട്രേലിയൻ ഹൈ കമ്മിഷണറെ തുടർന്ന് സമീപിക്കുകയും ഓസ്‌ട്രേലിയൻ ഡിപാർട്ട്‌മെന്റ് ഒഫ് ഇമിഗ്രേഷൻ ആന്റ് ബോർഡർ പ്രൊട്ടക്ഷനിൽ നിന്ന് ഒരു കത്തു (ഒരു കോപ്പി ദ ന്യൂസ്മിനുട്ടിന്റെ പക്കലുണ്ട്) ലഭിക്കുകയും ചെയ്തു. ' നേരിട്ടോ അല്ലാതെയോ വൻതോതിലുള്ള വിനാശത്തിന് വഴി വെയ്ക്കുന്ന ആയുധങ്ങളുടെ വ്യാപനത്തിൽ പങ്കാളിത്തമുള്ള ഒരു വ്യക്തിയായിട്ടാണ്' അനന്തിനെ അതിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ വീസ നിഷേധിക്കുന്നുവെന്നും കത്തിലുണ്ട്.
'എന്താണ് എനിക്കു വന്നുചേരുന്നത് എന്നോലിക്കുമ്പോൾ ഞാനാകെ തകർന്നുപോകുന്നു. എന്റെ അപേക്ഷ അത്തരമൊരു സംശയത്തിനിടയാക്കുമെന്ന് എനിക്ക് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല. എന്നെ നന്നായി അറിയുന്ന എന്റെ മാതാപിതാക്കൾ, സുഹൃത്തുക്കൾ, ഐ.ഐ.ടി. കാൺപൂരിലെ എന്റെ അദ്ധ്യാപകർ, മെൽബണിൽ എന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടുന്നയാൾ ഇവരൊക്കെ ഇതറിഞ്ഞ് സ്തബ്ധരായിരിക്കുകയാണ്. വ്യക്തിപരമായി പറഞ്ഞാൽ എന്റെ ഒരു പ്രകൃതത്തിന് ചേരുന്നതേയല്ല ഇത്തരമൊരു സംശയം. ' അനന്ത് ദ ന്യൂസ്മിനുട്ടിന് അയച്ച ഇമെയിൽ പ്രതികരണത്തിൽ പറയുന്നു.
കത്തിന് പ്രതികരണമായി ഐ.ഐ.ടി. കാൺപൂരിൽ ഒപ്പം ജോലി ചെയ്ത പ്രഫസർമാർ, മെൽബണിലെ തന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടുന്നയാൾ എന്നിവരുടെ പ്രതികരണങ്ങളെല്ലാം ചേർത്ത് അയച്ചുകൊടുത്തെങ്കിലും ജൂലൈ 19ന് തനിക്ക് വീസ നിഷേധിച്ചുവെന്ന വിജ്ഞാപനമാണ് ലഭിച്ചത്.
വിസക്ക് കാത്തിരുന്ന് തനിക്ക് പത്തുമാസം നഷ്ടപ്പെട്ടത് ഉടൻ ഒരു തൊഴിൽ ലഭിക്കാനുള്ള സാധ്യതയെ ബാധിച്ചുവെന്നുമാത്രമല്ല, വീസ നിഷേധിക്കാൻ പറഞ്ഞ കാര്ണങ്ങൾ അന്താരാഷ്ട്രതല്തതിൽ തന്റെ പേര് ഇടിച്ചുകാണിക്കാൻ പര്യാപ്തമാണെന്നും അനന്ത് വേവലാതിപ്പെടുന്നു.
മറ്റേതെങ്കിലും രാജ്യത്തിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ തനിക്ക് പ്രവേശനം ലഭിച്ചാലും തനിക്ക് ഓസ്‌ട്രേലിയൻ വീസ നിഷേധിക്കപ്പെട്ട കാര്യവും അതിനുള്ള കാരണങ്ങളും വെളിപ്പെടുത്തേണ്ടതായി വരും.
' അതായത്, വീസ നിഷേധവും അതിന് പറഞ്ഞ കാരണങ്ങളും എന്റെ അക്കാദമിക ഭാവിയെ ബാധിക്കും. വിദേശത്തെ ഏതെങ്കിലും നല്ല യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിന് തടസ്സമായിത്തീരുകയും ചെയ്യും.' അനന്ത് പറഞ്ഞു.
' ഇപ്പോൾത്തന്നെ എന്റെ മാതാപിതാക്കളും ഞാനും വീസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കടുത്ത വേദനയിലാണ്. ദിനേന സംഭവങ്ങൾ വഷളായി വരികയാണ്. എന്റെ നിഷ്‌കളങ്കത ബോധ്യപ്പെടുത്താനും പി.എച്ച്.ഡി നേടിയതിന് ശേഷം ഒരു അക്കാദമീഷ്യനായി തുടരാനുമാണ് എന്റെ ഉദ്ദേശ്യമെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. സർവനാശത്തിനുള്ള ആയുധങ്ങളുടെ വ്യാപനത്തിൽ എനിക്ക് പങ്കില്ലെന്നും പങ്കുണ്ടാകുകയില്ലെന്നും തെളിയിക്കാൻ എന്തുചെയ്യണമെന്നും അറിയില്ല..' അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇത്ര വിചിത്രമായ ഒരു സംശയം ഒരു ഇന്ത്യൻ ഗവേഷകവിദ്യാർത്ഥിക്കുമേൽ എങ്ങനെ പതിക്കാനിടയായി' എന്ന് താൻ ഹൈക്കമ്മിഷണറോട് എഴുതിച്ചോദിച്ചതായി സുഷമാ സ്വരാജിനെഴുതിയ കത്തിൽ ശശി തരൂർ പറയുന്നു. ചില പ്രത്യേക മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരൻമാരെ വടക്കൻ കൊറിയയെയും പാകിസ്താനെയും പോലുള്ള തെമ്മാടി രാഷ്ട്രങ്ങളുമായി ചേർത്തുവായിക്കുന്ന നിലപാട് സ്വീകാര്യമല്ലെന്നും അദ്ദേഹം പറയുന്നു.
സാധാരണ കേസുകളെപ്പോലെയല്ലാതതെ ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടലുണ്ടാകണമെന്ന് സുഷമാ സ്വരാജിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ആണവനിർവ്യാപനത്തിലുള്ള ഇന്ത്യയുടെ ചരിത്രം ഗൗനിക്കാതെ ഒരു തെമ്മാടി രാഷ്ട്രത്തിൽ നിന്നുള്ള പൗരനെപ്പോലെ ഒരിന്ത്യൻ പൗരനോട് പെരുമാറിയതാണ് സംഭവം. ഒരു അടിസ്ഥാന നിലപാടിനെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.