
ശിവഗംഗയ്ക്കടുത്തുള്ള കീഴടി പള്ളൈ സന്തൈപുതൂർ ചരിത്രത്താളുകളിലിടം നേടിയ ഒരു ചെറുഗ്രാമമാണ്. ഇപ്പോൾ ഉദ്ഖനനം നടന്നുകൊണ്ടിരിക്കുന്ന ഈ ഗ്രാമം ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (എ.എസ്.ഐ)യുടെ നിഗമനപ്രകാരം 2500 വർഷം പഴക്കമുള്ള ഒരു ജനാധിവാസകേന്ദ്രമാണ്.
പാണ്ഡ്യൻ കാലഘട്ടത്തിലെ ഈ ജനാധിവാസകേന്ദ്രത്തിൽ നിന്ന് ഉദ്ഖനനത്തിലൂടെ മൂവായിരത്തോളം വസ്തുക്കൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പത്ത് ചിത്രങ്ങളിലൂടെ നിങ്ങളെ ഈ പൗരാണിക ജനാധിവാസകേന്ദ്രത്തിലേക്ക് ദ ന്യൂസ്മിനുട്ട് കൂട്ടിക്കൊണ്ടുപോകുന്നു.
1. 2015 ഫെബ്രുവരി 10 മുതൽ എ.എസ്.ഐ.യുടെ ഒരു വിദഗ്ധസംഘം ഇവിടെ ഘട്ടംഘട്ടമായി ഉദ്ഖനനം നടത്തിവരുന്നു. രണ്ടാംഘട്ടം ഈ ജനുവരിയിൽ ആരംഭിച്ചു.
2. ഹാരപ്പാ, മോഹൻജദാരോ എന്നിവയെപ്പോലെയുള്ള ഒരു ജനാധിവാസകേന്ദ്രമായിരുന്നു ഈ ഗ്രാമമെന്നതാണ് ഏറ്റവും ഉദ്വേഗമുണർത്തുന്ന കണ്ടുപിടിത്തം.
3. വൈഗൈ നദിക്കരയിൽ പുഷ്ടിപ്പെട്ട ഒരു പൗരാണികനഗരസംസ്‌കാരത്തിന്റെ എല്ലാ മുദ്രകളും കീഴടി ഗ്രാമം പേറുന്നുണ്ടെന്ന് എ.എസ്.ഐ. വിദഗ്ധർ പറയുന്നു.
4. ഹാരപ്പൻ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളിൽ കണ്ടെത്തിയ പോലെ ഒരു അഴുക്കുചാൽ സംവിധാനം എ.എസ്.ഐ. ഇവിടെയും കണ്ടെത്തിയിട്ടുണ്ട്.
5. ദ ഹിന്ദു ദിനപ്പത്രത്തിന്റെ റിപ്പോർട്ടനുസരിച്ച് സ്ഫടികം, പുഷ്യരാഗം, വൈഡൂര്യം തുടങ്ങിയ വിലപിടിപ്പുള്ള രത്‌നങ്ങൾ മുത്തിന്റെ രൂപത്തിൽ കണ്ടെടുക്കപ്പെട്ടതിനാൽ എ.എസ്.ഐ. അനുമാനിക്കുന്നത് ഈ നഗരത്തിന് റോം പോലുള്ള ഇതര നഗരസംസ്‌കാരങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ്
6. തിസൻ, ആതൻ, ഉതിരൻ തുടങ്ങിയ സംഘകാല വ്യക്തിനാമങ്ങൾ തമിഴ്-ബ്രാഹ്മി ലിപിയിൽ അവിടങ്ങളിൽ നിന്ന് കണ്ടെടുക്കപ്പെട്ട കുടങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്.
7. മുത്തുകളും വൈഡൂര്യവും പുഷ്യരാഗവും അടക്കമുള്ള അപൂർവരത്‌നങ്ങളും അടങ്ങുന്ന നിധിയാണ് അവിടെ നിന്ന് കണ്ടെടുക്കപ്പെട്ടതെന്ന് ദ ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
8. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളും ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ വസ്തുക്കളും, മോതിരങ്ങളും കുടങ്ങളുമെല്ലാം അവിടെ നിന്ന് കണ്ടെടുക്കപ്പെട്ട പൗരാണികവസ്തുക്കളിൽ ഉൾപ്പെടുന്നു.
9. ഒരു സ്വകാര്യ കൃഷിയിടത്തിലെ 80 ഏക്കറിൽ 3.5 ഏക്കർ ചുറ്റളവിലായി ഉദ്ഖനനത്തിനായി 53 ട്രെഞ്ചുകൾ നിർമിച്ചിട്ടുണ്ടെന്ന് പുരാവസ്തുഗവേഷകർ പറഞ്ഞതായി ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട്.
10. കീഴടിയിലെ ഉദ്ഖനന പ്രവർത്തനങ്ങൾ ഈ വർഷം സെപ്തംബർ വരെ തുടരും. അതുകഴിഞ്ഞാൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.