കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ആപ്പിന് മികച്ച പ്രതികരണം

Malayalam Wednesday, May 25, 2016 - 10:44

കേരളത്തിലേക്ക് ഒരു യാത്ര മനസ്സിലുണ്ടോ? എവിടെനിന്നാണ് യാത്ര സംബന്ധിച്ച നുറുങ്ങുവിവരങ്ങളും നിർണായകമായ അറിവുകളും കിട്ടുക എന്നത് സംബന്ധിച്ച് ധാരണയില്ലേ? വിഷമിക്കേണ്ട. ഏതാനും ചില വാട്ട്‌സ് ആപ് മെസേജുകളിലൂടെ ഇതെല്ലാം ലഭ്യമാക്കുന്ന ഒരു സംരംഭത്തിന് കേരള ടൂറിസം വകുപ്പ് തുടക്കമിട്ടിരിക്കുന്നു. 

സെപ്തംബർ വരെ നീണ്ടുനിൽക്കുന്ന ഓഫ് സീസണിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് മായ എന്ന ഒരു വെർച്വൽ ടൂർ ഗൈഡിന്റെ സഹായം നിങ്ങൾക്ക് ഡിപാർട്മന്റ് ലഭ്യമാക്കിയിട്ടുണ്ട്. മായ വാട്‌സ് ആപിലൂടെ കേരളത്തിലെ ടൂറിസം സംബന്ധിച്ച എല്ലാ അന്വേഷണങ്ങൾക്കും പ്രതികരിക്കും. 

ചെയ്യേണ്ടത് ഇത്രമാത്രം: മായയുടെ നമ്പർ (9048090481) വാട്‌സാപ് ഗ്രൂപ്പിൽ ആഡ് ചെയ്യുക. എന്നിട്ട് കേരളത്തിലെ യാത്രാസൗകര്യത്തെയും താമസസൗകര്യത്തെയും സംബന്ധിച്ച ഏത് സംശയവും ഉന്നയിക്കുക. 

എല്ലാ സാമൂഹ്യമാധ്യമങ്ങളെയും ഗൗരവത്തോടെ നേരത്തെ തന്നെ കേരള ടൂറിസം സമീപിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ ടൂറിസം ഡിപാർട്‌മെന്റായി ഈ വാട്‌സാപ് സംവിധാനത്തോടെ കേരള ടൂറിസം വകുപ്പ് മാറിക്കഴിഞ്ഞു. 

'ടൂറിസ്റ്റുകൾ പൊതുവേ വരാൻ മടി കാണിക്കുന്ന സീസൺ മനസ്സിൽക്കണ്ടുകൊണ്ടാണ് ഈ ഉദ്യമം. കഴിയുന്നത്ര ടൂറിസ്റ്റുകളെ ഞങ്ങൾക്ക് ആകർഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ആഭ്യന്തര വിനോദസഞ്ചാരികളെ. തുടർച്ചയായുള്ള ആശയവിനിമയത്തിനുതകുന്നതാണ് വാട്‌സ് ആപ് പ്‌ളാറ്റ്‌ഫോം. തദ്ഫലമായി ഞങ്ങൾക്ക് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്..' ഈ ഉദ്യമത്തിൽ ഭാഗഭാക്കായ ഒരു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

വാട്‌സാപ് ഗ്രൂപ്പിൽ മായയെ ഉൾപ്പെടുത്തിയതിലെ യുക്തിയെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ' ഇക്കാലത്ത് നിങ്ങൾ എവിടേക്കെങ്കിലും ഒരു യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ഒരു വാട്‌സ് ആപ് ഗ്രൂപ്പ് സൃഷ്ടിക്കുകയാണ്. നിങ്ങൾ വെർച്വൽ ഗൈഡായ മായയെക്കൂടി ആഡ് ചെയ്താൽ അവൾ നിങ്ങളെ യാത്ര ആസൂത്രണം ചെയ്യുന്നതിൽ സഹായിക്കും..' 

എന്തായാലും ഈ ഉദ്യമം ഉപയോക്താക്കളിൽ വലിയ താൽപര്യമാണ് ഉണർത്തിയിട്ടുള്ളത്. കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് മികച്ച പ്രതികരണമുണ്ടായിട്ടുള്ളത്. യൂറോപ്യൻ രാജ്യങ്ങളിൽ നി്ന്നും നല്ല പ്രതികരണമുണ്ടായിട്ടുണ്ട്.

 

Topic tags,