
പാലക്കാട്ടെ പ്‌ളാച്ചിമട സമരത്തിനെ തുടർന്ന് കൊക്കോ കോള പ്‌ളാന്റ് അടച്ചുപൂട്ടിയതിന് വർഷങ്ങൾക്ക് ശേഷം മറ്റൊരു സോഫ്റ്റ് ഡ്രിങ്ക് ഭീമനായ പെപ്‌സിയും അതേ വിധിയെ നേരിടുന്നു.
വേനലിലെ കടുത്ത വരൾച്ചയെ മുൻനിർത്തി പാലക്കാട് ജില്ലയിലെ പുതുശേരി പഞ്ചായത്ത് പെപ്‌സികോ ബോട്ടിലിങ് പ്ലാന്റിന് വെള്ളമെടുക്കുന്നത് സംബന്ധിച്ച് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ജില്ലയിൽ നിലനിൽക്കുന്ന വരൾച്ചാസമാനമായ അവസ്ഥയുടെ ഫലമായുണ്ടായ ജലദൗർലഭ്യത്തെ തുടർന്നായിരുന്നു മെയ് 10ന് സ്റ്റോപ് മെമ്മോ നൽകിയത്.
2005-ൽ അഞ്ചുലക്ഷം ലിറ്റർ വെള്ളം മാത്രമേ പ്രതിദിനം എടുക്കാൻ പാടുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും കഞ്ചിക്കോട്ടെ കമ്പനിയുടെ പ്‌ളാന്റ് 10 ലക്ഷം ലിറ്റർ വെള്ളം പ്രതിദിനം എടുക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ ആരോപിക്കുന്നത്.
'പാലക്കാട്ട് വേനൽ എന്നും കടുത്തതാണ്. പക്ഷേ ഇത്തവണ കാര്യങ്ങൾ കൂടുതൽ വഷളാണ് എന്നതുകൊണ്ട് ഞങ്ങൾ രൂക്ഷമായ ജലദൗർലഭ്യത്തെയാണ് അഭിമുഖീകരിക്കുന്നത്. പെപ്‌സിപ്‌ളാന്റിന് ചുറ്റുമുള്ള പത്തുവാർഡുകളിലെ മിക്കവാറും കിണറുകൾ ഉണങ്ങിവരണ്ടുകഴിഞ്ഞു. ദിനേനയുള്ള ആവശ്യങ്ങൾക്ക് ഫെബ്രുവരി മുതൽ ഞങ്ങൾ ടാങ്കറുകളിൽ വെള്ളമെത്തിച്ചുപോരികയാണ്..'
പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് കമ്പനിയോട് പ്‌ളാന്റിന്റെ പ്രവർത്തനങ്ങൾ താല്ക്കാലികമായി നിർത്തിവെയ്ക്കാനോ പ്രതിദിനം ഉപയോഗപ്പെടുത്തുന്ന വെള്ളത്തിന്റെ അളവിൽ ഗണ്യമായ കുറവ് വരുത്താനോ ആവശ്യപ്പെടുന്നത്. പ്രദേശത്തെ ഭൂഗർഭജലവിതാനം ഭയാനകമാംവിധം താഴ്ന്നുപോയെന്നും ജലം കിട്ടിയേക്കാമെന്ന തോന്നലിൽ കുഴൽകിണറുകളടക്കമുള്ള കിണറുകളുടെ ആഴം കൂട്ടാൻ പഞ്ചായത്ത് നിർബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ചു.
2001-ലാണ് പ്‌ളാന്റ് സ്ഥാപിതമായതെങ്കിലും 2007മുതലാണ് പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് തൊട്ട് പെപ്‌സി ഭൂഗർഭജലം എടുക്കുന്നത് സംബന്ധിച്ച നിബന്ധനകൾ നിരന്തരം ലംഘിച്ചുപോരികയാണ്. മാത്രവുമല്ല, പഞ്ചായത്ത് അംഗങ്ങളെപ്പോലും കമ്പനിപരിസരത്തേക്ക് അടുപ്പിക്കുന്നുമില്ല.
'പ്‌ളാന്റിലേക്ക് ഒരിയ്ക്കലും ഞങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. 2007ൽ പ്രവർത്തനം തുടങ്ങിയെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യമായി ഞങ്ങൾ കമ്പനിക്കകത്തേയ്ക്ക് പ്രവേശിക്കുന്നത്. അതും സ്റ്റോപ് മെമ്മോ നേരിട്ട് നൽകാൻ.-' ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി.
15 ദിവസത്തിനകം സ്റ്റോപ് മെമ്മോയോട് പ്രതികരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇല്ലാത്ത പക്ഷം വലിയ ബഹുജനപ്രക്ഷോഭത്തെ അഭിമുഖീകരിക്കേണ്ടിവരും-അദ്ദേഹം കൂട്ടിച്ചേർത്തു.
News, views and interviews- Follow our election coverage.
Click TN Election Special
Click Kerala Election Special