Malayalam Thursday, May 12, 2016 - 18:02

കേരളത്തിലെ ഗിരിവർഗജനങ്ങൾക്കിടയിലെ ശൈശവമരണനിരക്കിന് സോമാലിയയുമായി താരതമ്യമുണ്ടോ?  ആക്ടിവിസ്റ്റുകൾക്ക് എന്ത് പറയാനുണ്ട്?

ഒരു തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ നടത്തിയ പ്രസംഗത്തിനിടയിൽ കേരളത്തിലെ ആദിവാസിജനതയ്ക്കിടയിലെ ശിശുമരണനിരക്ക് പരിഗണിക്കുമ്പോൾ സോമാലിയ എന്ന ദരിദ്ര ആഫ്രിക്കൻ രാജ്യത്തേക്കാൾ മോശമാണ് കേരളത്തിലെ സ്ഥിതി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പൊതുവേ സാമൂഹ്യമാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും വിമർശനങ്ങൾക്കും ഇടവെച്ചെങ്കിലും ചിലരെങ്കിലും മോദിയുടെ വാക്കുകൾ യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയല്ല എന്നഭിപ്രായപ്പെടുന്നവരാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ഒരു റാലിയിൽ ഞായറാഴ്ചയാണ് മോദി ഇങ്ങനെ പ്രസംഗിച്ചത്. 

'ദേശീയ ശരാശരിയേക്കാൾ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് മൂന്നിരട്ടിയാണ്. കേരളത്തിലെ പട്ടികവർഗസമുദായങ്ങൾക്കിടയിലെ ശിശുമരണനിരക്ക് സോമാലിയയേക്കാൾ കൂടുതലാണ്...' ഇതായിരുന്നു മോദി പറഞ്ഞത്.

ഊർജാവശ്യങ്ങൾ നിവർത്തിക്കുന്ന കാര്യത്തിലുള്ള സംസ്ഥാനത്തിന്റെ പരാശ്രിതത്വത്തെയും അദ്ദേഹം പ്രസംഗത്തിനിടയിൽ പരാമർശിച്ചു. നല്ല ഭാവി ഉറപ്പുവരുത്തണമെങ്കിൽ സംസ്ഥാനം വിടേണ്ട അവസ്ഥയിലാണ് കേരളത്തിലെ യുവജനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

'സർവതോന്മുഖമായ വികസനത്തിലൂടെ മാത്രമേ സംസ്ഥാനത്തിന് അതിന്റെ ഗതകാലപ്രൗഢിയിലേക്ക് തിരിച്ചുപോകാനാകൂ..' അദ്ദേഹം പറഞ്ഞു. 

എന്നാൽ കേരളത്തെ പട്ടികവർഗസമുദായങ്ങൾക്കിടയിലുള്ള ശിശുമരണനിരക്ക് സംബന്ധിച്ച് അദ്ദേഹം നടത്തിയ താരതമ്യമാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും അപലപിക്കപ്പെട്ടത്.

മോദിയുടെ വിവാദമുണ്ടാക്കിയ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ദ ന്യൂസ്മിനുട്ട് ആദിവാസിപ്രശ്‌നങ്ങളിലിടപെടുന്ന ആക്ടിവിസ്റ്റുകളോട് ആരാഞ്ഞു. അവരുടെ അഭിപ്രായങ്ങൾ ഇങ്ങനെ:

ഗീതാനന്ദൻ: ' സോമാലിയയുമായുള്ള താരതമ്യം അതിശയോക്തിപരമാണ്. എന്നാലും കേരളത്തിലെ പട്ടികവർഗസമുദായങ്ങൾ ചില ഗുരുതരപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ദാരിദ്രത്തിലപ്പുറം, പോഷാകഹാരക്കുറവാണ് അഭിമുഖീകരിക്കുന്ന ഒരുപ്രശ്‌നം. തന്മൂലമാണ് ശിശുമരണമുണ്ടാകുന്നത്.

പക്ഷേ മോദിക്ക് കേരളത്തെ കുറ്റം പറഞ്ഞ് കൈകഴുകാനാകില്ല. കാരണം സംസ്ഥാനം രാജ്യത്തിന്റെ ഭാഗമായതുകൊണ്ട് കേന്ദ്രഗവൺമെന്റും ഇക്കാര്യത്തിൽ ഉത്തരവാദികളാണ്. പട്ടികവർഗവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് എൻ.ഡി.എയ്ക്കും വ്യക്തമായ നയമില്ല..'

ധന്യാ രാമൻ:  ' കേരളത്തിലെ ഗിരിവർഗജനതയുടെ അവസ്ഥ സോമാലിയയോട് താരതമ്യപ്പെടുത്താവുന്നതാണ്. ഇവിടെ ആദിവാസികൾക്ക് റേഷനായി അരി നൽകുന്നുണ്ട്. പക്ഷേ പോഷാകാഹാരക്കുറവ് നികത്താൻ അത് പോരാ. വെറും അരി മാത്രം കഴിച്ച് ആളുകൾ എങ്ങനെ ജീവിക്കാനാണ്? എനിക്കെന്തായാലും ഒരു രാഷ്ട്രീയ സംവാദത്തിൽ പങ്കാളിയാകാൻ താൽപര്യമില്ല.

പക്ഷേ കാര്യങ്ങൾ മോശമാണ്. ഇത് സംബന്ധിച്ച് ശരിയായ ഡാറ്റ പോലും ആരോഗ്യവകുപ്പിന്റെ പക്കലില്ല...'

രാജേന്ദ്ര പ്രസാദ്: ' 595 ശിശുമരണങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം പാലക്കാട് ഉണ്ടായതെന്നാണ് അവസാനക്കണക്കുകൾ. അട്ടപ്പാടിയിലെ മിക്ക ആദിവാസിക്കുട്ടികളും വളർച്ച മുറ്റിയവരാണ്.

സോമാലിയയിലെ സ്ഥിതി വ്യത്യസ്തമാണ്. അതുകൊണ്ട് ഈ താരതമ്യം ശരിയാണോ എന്ന് എനിക്ക് പറയാനാകില്ല. പക്ഷേ കേരളത്തിലെ ആദിവാസികൾ ക്‌ളേശപൂർണമായ ജീവിതം നയിക്കുന്നവരാണെന്ന വസ്തുത മറച്ചുവെയ്ക്കാനാകില്ല..'

ബിസിനസ് സ്റ്റാൻഡാർഡിലെ മോദിയുടെ പ്രസംഗത്തിന്റെ വിശദമായ വിശകലനം ഈ താരതമ്യം വെറും തെറ്റെന്നുമാത്രമല്ല. ജാതി തിരിച്ച് ഇത്തരത്തിൽ തെരഞ്ഞെടുത്ത് കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യവും ചോദ്യം ചെയ്യപ്പെടേണ്ടതായുണ്ട്.

കേരളത്തിലെ പൊതുസമൂഹത്തിന്റെ സ്ഥിതി ഗുജറാത്തിനേക്കാൾ എത്രയോ മെച്ചമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന' യെന്ന് റിപ്പോർട്ട് പറയുന്നു. 

' ആയിരം ശിശുക്കൾ ജനിക്കുമ്പോൾ 60 നവജാതശിശുക്കൾ മരിക്കുന്നുവെന്നാണ് കേരളത്തിലെ ആദിവാസികളെ സംബന്ധിച്ചുള്ള കണക്ക്. കേരളത്തിലെ ആകെ ശിശുമരണനിരക്ക് 1000 ത്തിന് 12 ആണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2015-16ലെ ഇക്കണോമിക് സർവേ പ്രകാരമാണിത്. 85 ആണ് ലോകബാങ്ക് കണക്ക് പ്രകാരം സോമാലിയയുടെ ശിശുമരണനിരക്ക്. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ 36 പേരാണ് മരിക്കുന്നത്. ദേശീയശരാശരിയായ 40 നോട് അടുത്തുനിൽക്കുന്നു ഇത്. 

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.