ബലാത്സംഗത്തിനിരയായവൾ നേരിട്ട അതിക്രമത്തിന്റെ തോതിലാണോ നമ്മുടെ രോഷം?

Malayalam Sunday, May 08, 2016 - 08:47

ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിയും നിയമവിദ്യാർത്ഥിനിയുമായ ജിഷ (30) ക്രൂരമായി ബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്.  സംഭവം നടന്ന് ഏതാനും ദിവസം പിന്നിട്ടിട്ടാണ് ഇത് മാധ്യമശ്രദ്ധ നേടുന്നത്. ദലിത് വിഭാഗത്തിൽ പെടുന്നവളായിരുന്നു ജിഷ. 

മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതും ഡൽഹിയിൽ ജ്യോതിസിംഗ് കൊല്ലപ്പെട്ട സംഭവവുമായി അത് താരതമ്യം ചെയ്യപ്പെട്ടു. കേരളത്തിന്റെ നിർഭയ എന്ന നിലയിൽ ജിഷയെ വിശേഷിപ്പിക്കാൻ വാർത്താചാനലുകളും വർത്തമാനപത്രങ്ങളും വാർത്താ വെബ്‌സൈറ്റുകളും പിന്നെ അമാന്തം വരുത്തിയില്ല. 

പക്ഷേ രണ്ടു ചോദ്യങ്ങൾ അവശേഷിക്കുന്നു.

ജിഷയ്ക്ക് നീതി വേണമെന്ന ആഹ്വാനം സാമൂഹ്യമാധ്യമങ്ങളിൽ മുഴങ്ങുന്നുണ്ട്. പക്ഷേ എന്തിനാണ് ശ്രദ്ധ കിട്ടുന്നതിന് വേണ്ടി മാത്രം നിർഭയയോട് ഉപമിക്കുന്നത്? എന്തിന് ജിഷയുടെ ദുഷ്‌കര ജീവിത സാഹചര്യങ്ങൾക്ക് കാരണമായി അവളുടെ കൊലപാതകത്തിന്റെ ബീഭത്സമായ വിശദാംശങ്ങൾ മാത്രം ജനശ്രദ്ധയിൽ വരണം? 

മുമ്പെങ്ങുമില്ലാത്ത വിധം സ്ത്രീസുരക്ഷ എന്ന വിഷയത്തിൻമേലും ലിംഗപരമായ വിവേചനത്തെ സംബന്ധിച്ചും രാജ്യത്തിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് ജ്യോതി സിങ് ബലാത്സംഗം ചെയ്യപ്പെട്ടത് കാരണമായി. ജ്യോതി കടന്നുപോയ അഗ്നിപരീക്ഷ രാജ്യത്തുടനീളം സ്ത്രീസമൂഹത്തിൽ അനുരണനങ്ങളുണ്ടാക്കി. പക്ഷേ എപ്പോഴൊക്കെ നാം മറ്റൊരു ബലാത്സംഗക്കേസിനെക്കുറിച്ചറിഞ്ഞ് നടുങ്ങിപ്പോയിട്ടുണ്ടോ, മനസ്സിളകിയിട്ടുണ്ടോ, അഭിപ്രായരൂപീകരണം നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ അത് ജ്യോതിസിങ് കേസുമായി താരതമ്യപ്പെടുത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. ലൈംഗികകുറ്റകൃത്യത്തിന് ഇരയായി തീർന്ന മറ്റുള്ളവരുടെ കേസുകളിലും തനത് സവിശേഷതകളില്ലേ? അതിക്രമത്തിന്റെ തോതും പ്രകൃതവും എന്തുതന്നെയായാലും. 

'അവളുടെ (ജിഷ)യുടെ കേസിന് (നിർഭയാ കേസുമായി) താരതമ്യമില്ല. അങ്ങേയറ്റത്തെ ക്രൂരതയ്ക്ക് അവൾ ഇരയായി. അവൾ സ്വന്തം വീട്ടിനകത്താണ് ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. വലിയ ശബ്ദം പുറത്ത് കേട്ടിട്ടും ഒരാളും പ്രതികരിച്ചതുപോലുമില്ല.' ജിഷയുടെ സഹപാഠിയായ അഡ്വക്കേറ്റ് മൊഹമ്മദ് സബാഹ് പറഞ്ഞു.

ഏറെ പ്രതികരണമുണർത്തുന്ന സ്വഭാവത്തിലുള്ള ഈ രണ്ടു കേസുകളും താരതമ്യപ്പെടുത്തുമ്പോൾ എന്തുസംഭവിക്കുന്നുവെന്നത് സബാഹിന്റെ പ്രസ്താവന കാണിക്കുന്നു. ഒരു കേസിന്റെ സവിശേഷതകൾ നാം പ്രാധാന്യം നൽകിയ മറ്റൊരു കേസുകൊണ്ട് കാഴ്ചപ്പറത്തുനിന്ന് നഷ്ടമാകുന്നു. 

'ആലോചിച്ചിരിക്കാതെ ഇങ്ങനെയൊന്നു സംഭവിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ഈ വൈകാരികമായ വിക്ഷോഭം എനിക്ക് മനസ്സിലാകുന്നില്ല. പുരോഗമനസ്വഭാവമുള്ള ഒരു സമൂഹമാണിതെന്ന് (കേരളീയർ) നാം കരുതുന്നു. എന്നാൽ നമ്മൾ അങ്ങനെയല്ല. ഈ പ്രശ്‌നത്തിന്റെ അടിസ്ഥാനകാരണം ഇതുവരേയും അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല. സമഗ്രമായ രീതിയിൽ ഈ പ്രശ്‌നത്തെ ഇനിയും നാം നോക്കിക്കണ്ടിട്ടില്ല. ' എല്ലാ മണ്ഡലങ്ങളിലും സ്ത്രീസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ഗവേഷണം നടത്തുന്ന സഖി വിമൻസ് റിസോഴ്‌സ് സെന്റർ സ്ഥാപകരിലൊരാളായ ഏലിയാമ്മ വിജയൻ പറഞ്ഞു. 

ഒട്ടും പുതിയതല്ലാത്തതും ഭീഷണമായ തോതിൽ ആവർത്തിച്ചുവരുന്നതുമായ പ്രശ്‌നങ്ങളിൽ ഒരു സംവാദം തുടങ്ങിവയ്ക്കുന്നതിന് ഇത്തരത്തിലുള്ള ഒരു പ്രചോദനം കൂടിയേ തീരൂവെന്ന് കരുതുന്ന ഭയത്തിന്റെ വ്യാപാരത്തിൽ നമ്മുടെ സമുൂഹത്തിനാകപ്പാടെയുള്ള ഉത്തരവാദിത്വത്തിലേക്ക് ഏലിയാമ്മ വിജയന്റെ ഈ അഭിപ്രായം വെളിച്ചം വീശുന്നു. 

' ഈ രണ്ട് കേസുകളിലും ഉള്ളടങ്ങിയിട്ടുള്ള ശാരീരികാക്രമണത്തിന്റെ തോത് മാത്രം കണക്കിലെടുത്താൽ ഇത്തരമൊരു താരതമ്യത്തിൽ നീതികേടില്ല. അതുകൊണ്ട് ജനങ്ങളും ഗവൺമെന്റും പ്രതികരിക്കാൻ തയ്യാറാകുമെങ്കിൽ അതൊരു നല്ല കാര്യം തന്നെ..' അഭിഭാഷകയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗവുമായ ജെ. സന്ധ്യ പറഞ്ഞു.

ജിഷയുടെ മരണത്തിൽ കലാശിച്ച അങ്ങേയറ്റത്തെ ക്രൂരതയുടെയും നടുക്കത്തോടെ മാത്രം മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്ന വസ്തുതയുടെയും പ്ശ്ചാത്തലത്തിൽ ഒരു ചോദ്യമുയരുന്നു. ഇത്രയധികം അക്രമമില്ലായിരുന്നെങ്കിൽ ഇതുപോലുള്ള രോഷം ഉണ്ടാകുമായിരുന്നോ? 

ഇത്തരത്തിൽ മൃഗീയമായ എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം ഉണരുന്ന ഉറക്കം തൂങ്ങുന്ന ഒരു ജനതയാണ് നമ്മൾ എന്ന് നിങ്ങൾ വാദിച്ചേക്കാം. ഈ ചർച്ചകളിൽ നിന്നും രോഷത്തിൽ നിന്നും എന്തെങ്കിലും നല്ലത് സൃഷ്ടിക്കപ്പെടുമെന്നും. എന്നാൽ ഇങ്ങനെയാണ് ഈ വാർത്ത ചലനമുണ്ടാക്കുന്നത്. അറപ്പുണ്ടാക്കുന്ന ഏതെങ്കിലും ദൃശ്യങ്ങൾക്ക് വേണ്ടി നാം പരതുന്നു. പിടിച്ചുലയ്ക്കുന്ന തലക്കെട്ടുകൾ തിരയുന്നു. നമുക്ക് കഴിയുന്ന രീതിയിൽ, കഴിയുന്നിടത്തോളം കാലം അവയിൻമേൽ കെട്ടുകഥകളുണ്ടാക്കുന്നു. എ്ന്നാൽ ഒടുവിൽ എല്ലാക്കാലവും ഹ്രസ്വമായിരിക്കുന്ന ശ്രദ്ധ അണിനിരക്കാൻ മറ്റൊരു ഹാഷ് ടാഗ് കണ്ടുപിടിക്കുന്നു.

അങ്ങനെ രോഷം സ്വാഭാവികരീതിയിൽ ചരമമടയുന്നു. പലകേസുകളിലുമെന്നതുപോലെ ഈ കേസിലും. അതേസമയം നാം രാഷ്ട്രീയഇച്ഛയെ കർമോൻമുഖമാക്കിയ ഒരു കേസിലേക്ക് തിരിയുന്നു. 

വർമാ കമ്മിഷനെപ്പോലുള്ള വിദഗ്ധസമിതികൾ ശിപാർശകൾ നൽകിയാലും പുതിയ നിയമങ്ങൾ ഉണ്ടാക്കിയാലും ഇവയെല്ലാം പ്രാവർത്തികമാക്കേണ്ട സംവിധാനം അഭാവം നിലനിൽക്കുന്നു. എന്നാൽ അതേക്കുറിച്ച് ആരും സംസാരിക്കുന്നില്ല. കാരണം എല്ലാവരും സമരോത്സുകരായിരിക്കുകയും ജ്യോതിസിങിന്റെ രക്തസാക്ഷിത്വവുമായുള്ള സാദൃശ്യം വൈകാരിക ബന്ധമുണ്ടാക്കുകയും ചെയ്യുമ്പോൾ മാത്രം ഇത്തരമൊരു അതിക്രമം പ്രധാന വിഷയമാകുന്നു. അല്ലെങ്കിൽ അതൊന്നും നമ്മളെ ബാധിക്കുകയേ ഇല്ല. 

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.