ജിഷയുടെ കൊലപാതകം: ഇഴഞ്ഞുനീങ്ങുന്ന അന്വേഷണവും മാധ്യമങ്ങളുടെ അന്യസംസ്ഥാനത്തൊഴിലാളി വിരോധവും

മാധ്യമങ്ങളുടെ ഈ വിരോധം മുൻപും പലതവണ വിശദമാക്കപ്പെട്ടതാണ്
ജിഷയുടെ കൊലപാതകം: ഇഴഞ്ഞുനീങ്ങുന്ന അന്വേഷണവും മാധ്യമങ്ങളുടെ അന്യസംസ്ഥാനത്തൊഴിലാളി വിരോധവും
ജിഷയുടെ കൊലപാതകം: ഇഴഞ്ഞുനീങ്ങുന്ന അന്വേഷണവും മാധ്യമങ്ങളുടെ അന്യസംസ്ഥാനത്തൊഴിലാളി വിരോധവും
Written by:

പെരുമ്പാവൂരിലെ ജിഷയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം അന്യസംസ്ഥാനത്തൊഴിലാളികളിൽ കേന്ദ്രീകരിക്കുമെന്ന് സൂചന.  ആര് കൊല നടത്തി എന്നത് സംബന്ധിച്ച് ഇതുവരെ തെളിവൊന്നുമായില്ലെന്ന് മാധ്യമങ്ങളെ പൊലിസ് അറിയിച്ചിരുന്നു. അന്യസംസ്ഥാനത്തൊഴിലാളികൾ വൻതോതിൽ ജോലിക്കായി എത്തുന്ന പ്രദേശമാണ് പെരുമ്പാവൂർ. 

ജിഷയുടെ മരണം സംബന്ധിച്ച പൊലിസിന്റെ പ്രാഥമികാന്വേഷണത്തിൽ കൊല നടത്തിയതാരെന്ന തെളിവ് വ്യക്തമാക്കുന്ന യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. അന്യസംസ്ഥാനത്തൊഴിലാളികൾ വർധിച്ച തോതിൽ പെരുമ്പാവൂരിലുണ്ട് എന്നത് ഇതുവരെയുള്ള അന്വേഷണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായിട്ടുമില്ല. എന്നാൽ ഇപ്പോൾ അന്യസംസ്ഥാനത്തൊഴിലാളികളിലേക്ക് അന്വേഷണം നീളുന്നത് അന്യസംസ്ഥാനത്തൊഴിലാളിയെ ഒരിക്കൽക്കൂടി വർധിച്ചുവരുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാക്കുന്ന വിശദീകരണങ്ങൾക്ക് വഴിവെയ്ക്കുകയാണ്.

മുമ്പും പലപ്പോഴും ഇവർ ഇത്തരത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ഏറെ ആധികാരികതയോടെയും പ്രാധാന്യത്തോടെയുമാണെങ്കിൽ മറ്റ് ചിലപ്പോൾ സ്വകാര്യസംഭാഷണങ്ങളിലാണ് അന്യസംസ്ഥാനത്തൊഴിലാളിയെ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുക. 

ഉദാഹരണത്തിന് 2015ൽ ജില്ലാ ക്രൈം റിക്കാർഡ്‌സ് ബ്യൂറോവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 38 കൊലപാതകകേസുകളിൽ 32 എണ്ണത്തിൽ അന്യസംസ്ഥാനത്തൊഴിലാളികൾ പ്രത്യക്ഷമായോ പരോക്ഷമായോ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ  അന്യസംസ്ഥാനത്തൊഴിലാളികൾ ഉൾപ്പെടുന്ന 323 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊലിസ് നൽകുന്ന വിവരങ്ങളുടെ വാസ്തവം അന്വേഷിക്കാതെ റിപ്പോർട്ടുകൾ പിന്നീട് ആക്ഷേപിക്കുന്നത് അന്യസംസ്ഥാനത്തൊഴിലാളികളുടെ വിവരങ്ങൾ വേണ്ടുംവിധം സൂക്ഷിക്കുകയോ പൊലിസിൽ ഇവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുകയോ ചെയ്യുന്നില്ലെന്നാണ്. ' പലപ്പോഴും കുറ്റകൃത്യത്തിന് ശേഷം പ്രതികൾ സംസ്ഥാനം വിടുന്നു. പിന്നീട് അവരെ അവർ കഴിയുന്ന ദൂരദേശങ്ങളിൽ നിന്ന് തിരികെകൊണ്ടുവരിക ദുഷ്‌കരമാണ്.'

എന്നാൽ അപൂർവം അവസരങ്ങളിലാണ് ഇക്കൂട്ടർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പുറത്തുവരുന്നത്. അന്യസംസ്ഥാനത്തൊഴിലാളികൾക്കായി ആചരിക്കപ്പെടുന്ന ദിവസങ്ങളിലോ അവർ വലിയ ഭീഷണികളെയോ ബുദ്ധിമുട്ടുകളെയോ നേരിടുമ്പോഴോ, അല്ലെങ്കിൽ അവരിലാർക്കെങ്കിലും ലോട്ടറി അടിക്കുകയോ അതുമല്ലെങ്കിൽ സാധാരണ കേരളീയന് സാധിക്കാത്ത എന്തെങ്കിലുമൊന്ന് അന്യസംസ്ഥാനത്തൊഴിലാളി സാധ്യമാക്കുമ്പോഴോ ഒക്കെയാണ് അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാറുള്ളത്. അല്ലാത്ത അവസരങ്ങളിലൊക്കെ മാധ്യമറിപ്പോർട്ടുകൾ ജില്ലയിലും സംസ്ഥാനതലത്തിലും നടക്കുന്ന കുറ്റകൃത്യങ്ങളുടെ രേഖകളിൽ കേന്ദ്രീകരിക്കുന്നു. 

ജിഷയുടെ കേസിലും ഇങ്ങനെ കുറ്റകൃത്യങ്ങളുമായി അന്യസംസ്ഥാനത്തൊഴിലാളിയുമായി ബന്ധിപ്പിക്കുന്ന പ്രവണത ആവർത്തിക്കുന്നതായി കാണാം. സംശയത്തിന്റെ അടിസ്ഥാനത്തിൽ നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെ കുറ്റവാളിയെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇത് പൊതുജനരോഷത്തിന് ഇടയാക്കുകയും ചെയ്തു.  ഡിവൈ എസ്.പിയുടെ വാക്കുകൾ കടമെടുത്താൽ 'അന്യസംസ്ഥാനത്തൊഴിലാളികളിലേക്ക് നീളുമെന്ന്' പറയുന്ന കേസ് പെട്ടെന്നുതന്നെ അവരിൽ മാത്രമായി കേന്ദ്രീകരിക്കുകയും കുടിയേറ്റത്തൊഴിലാളികൾക്കെതിരെയുള്ള ഒരു വികാരമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.

കൊലപാതകത്തിന്റെ  വിശദാംശങ്ങൾ അറിഞ്ഞുതുടങ്ങിയ സന്ദർഭത്തിൽ മലയാളി മനസ്സാക്ഷി ഏറെ പെട്ടെന്നാണ് അതിനോട് പ്രതികരിച്ചത് ' ഈ നീചകൃത്യം ചെയ്തതാരായാലും അവർ ശിക്ഷിക്കപ്പെടണം.' എന്നും ' കേരളത്തിന്റെ ചരിത്രത്തിലൊന്നും ഇത്തരം ദുരന്തപൂർണമായ സംഭവം നടന്നിട്ടില്ലെന്നും' അവർ ഉറക്കെപ്പറഞ്ഞു. എന്നാൽ മലയാളി മനസ്സിന് ഇങ്ങനെയൊരു ക്രൂരകൃത്യം സങ്കല്പിക്കാനാകില്ലെന്നും ചിലർ കൂട്ടിച്ചേർത്തു.

ഈ വാദത്തിന്റെയൊക്കെ അടിയിലുള്ളത് വളരെ വ്യക്തമാണ്. മലയാളികൾ കുറ്റകൃത്യം ചെയ്യും. പക്ഷേ ഇതുപോലുള്ള ക്രൂരത ചെയ്യാൻ അവർക്കാകില്ല. അതുകൊണ്ട് കുറ്റവാളി സംസ്ഥാനത്തിന് പുറത്തുനിന്നുള്ളയാളാണെന്ന് അവർ ഊഹിക്കുന്നു. ഇതെല്ലാം അയൽപക്കത്തുള്ളവർ തങ്ങളെ വർഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് എന്നോർക്കണം.

ബംഗാളിൽ നിന്നുള്ളയാളുൾപ്പെടെ രണ്ടു അന്യസംസ്ഥാനത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് വ്യാഴാഴ്ച റിപ്പോർട്ടുകളുണ്ടായിരുന്നു. അതിലൊരാൾ ജിഷയെ മുൻപ് വിളിച്ചിട്ടുണ്ടെന്ന് ഫോൺ രേഖകൾ കാണിക്കുന്നുവെന്നും. 

ഏത് വാർത്തയ്ക്കും വിശദാംശങ്ങൾ അനിവാര്യമാണ്. ഇവിടെയും മാധ്യമങ്ങൾ വിശദാംശങ്ങൾക്ക് പിന്നാലെ പായുന്നു. ജിഷയുടെ വീട്ടിൽ നിന്ന് രക്തം പുരണ്ട രണ്ടു ചെരിപ്പുകൾ കണ്ടെടുത്തുവെന്ന് ഒരു പ്രമുഖ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. അന്യസംസ്ഥാനത്തൊഴിലാളികൾ ധരിക്കുന്ന പോലുള്ള ചെരിപ്പാണ് അതെന്ന് റിപ്പോർട്ടർ തുടർന്ന് പറയുകയും ചെയ്തു. കേരളത്തിലുള്ളവർ അത്തരം ചെരിപ്പുകൾ ധരിക്കാറില്ലത്രേ.

ജിഷയുടെ കൊലപാതകത്തെക്കുറിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണവും ഒരു കുടിയേറ്റത്തൊഴിലാളിയെ കുറ്റവാളിയാക്കിയേക്കാം. എന്നാലും മലയാളി മനസ്സിനും കുടിയേറ്റത്തൊഴിലാളിയുടെ മനസ്സിനും അന്തരം കണ്ടെത്തുന്ന വാദഗതിയ്ക്കും കുറ്റം കുടിയേറ്റത്തൊഴിലാളിയിൽ ചുമത്തുന്നതിനും യാഥാർത്ഥ്യത്തിനുമിടയിൽ വലിയ വിടവുണ്ട്.   

ക്രിമിനലുകളായ അന്യസംസ്ഥാനത്തൊഴിലാളിയെക്കുറിച്ച് മിത്തുകൾ എത്രമാത്രം സൃഷ്ടിച്ചാലം സ്ഥിതിവിവരക്കണക്കുകളെ അത് മാറ്റിമറിയ്ക്കുന്നില്ല. ക്രൈം റിക്കോർഡുകൾ കാണിക്കുന്നത് 2014നും 2015നുമിടയ്ക്ക് രജിസ്റ്റർ ചെയ്ത കേസുകളിൽ 85 ശതമാനത്തിലും കേരളത്തിൽ നിന്നുള്ള പുരുഷൻമാരാണ് കുറ്റവാളികൾ എന്നാണ്. 

എന്നാൽ പരമപ്രധാനമായ കാര്യം, ഈ കണക്ക് കുടിയേറ്റത്തൊഴിലാളികൾക്ക് എതിരെയുള്ള അക്രമങ്ങൾക്ക്  ന്യായീകരണമാകുന്നില്ലെന്നതാണ്. ബുധനാഴ്ച കോട്ടയത്ത് സംഭവിച്ചതുപോലെ. ആസാമിൽ നിന്ന് വന്ന തൊഴിലാളിയെ നാട്ടുകാർ പൊരിവെയിലത്ത് കെട്ടിയിട്ടതിനെ തുടർന്ന് തളർന്ന് മരിച്ചു. ഒരുപക്ഷേ ജിഷയുടെ മരണം മലയാളി മനസ്സാക്ഷിയെ ഉലച്ചതുപോലെ ഈ വാർത്ത അവരെ ബാധിക്കില്ലായിരിക്കാം. അവിടെയാണ് ചുരുളഴിയുന്ന ഈ ദുരന്തത്തിൽ സന്നിഹിതമായിരിക്കുന്ന അനീതി.

 

News, views and interviews- Follow our election coverage.

Related Stories

No stories found.
The News Minute
www.thenewsminute.com