എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് പ്രതിഷേധത്തിനുള്ള എന്റെ പുതിയ വഴി: സി.കെ.ജാനു

' കേരളത്തിലെ ആദിവാസികളുടെ നരകതുല്യമായ ജീവിതാവസ്ഥ മാത്രമാണ് എന്റെ ചാലകശക്തി..'
എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് പ്രതിഷേധത്തിനുള്ള എന്റെ പുതിയ വഴി: സി.കെ.ജാനു
എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് പ്രതിഷേധത്തിനുള്ള എന്റെ പുതിയ വഴി: സി.കെ.ജാനു
Written by:

കേരളത്തിലെ ആദിവാസികളുടെ നരകതുല്യമായ ജീവിതാവസ്ഥയാണ് തന്റെ ചാലകശക്തിയെന്നും അവരുടെ ജീവിതം മെച്ചപ്പെടുത്താൻ താൻ ഏത് വഴിയും തേടുമെന്നും സുൽത്താൻ ബത്തേരിയിൽ നിന്നും എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനു. 

'എനിക്ക് നേരെയുള്ള ഒരു വിമർശനവും എന്നെ വിഷമിപ്പിക്കുന്നില്ല. കേരളത്തിലെ ആദിവാസികളുടെ ജീവിതാവസ്ഥ മാത്രമാണ് എന്നെ നയിക്കുന്നത്. ഒരിക്കൽ ഞാൻ മരണം നടന്ന ഒരു ആദിവാസി കുടുംബത്തെ സന്ദർശിച്ചു. ഹൃദയം പൊട്ടിക്കരയുകയായിരുന്നു അവർ. വേണ്ടപ്പെട്ട ഒരാളുടെ വിയോഗമുണ്ടാക്കിയ നഷ്ടത്തേക്കാൾ അവരെ കരയിച്ചത് മരിച്ച വ്യക്തിയുടെ ശരീരം മറവുചെയ്യാൻ സ്ഥലമില്ലല്ലോ എന്ന വസ്തുതയാണ്. ഒന്നാലോചിച്ചുനോക്കൂ..ആ അവസ്ഥ..' അവർ പറഞ്ഞു.

' ഇത് ആദിവാസികളുടെ മാത്രം കഥയല്ല. കേരളത്തിലെ സാധാരണക്കാരനും കഷ്ടപ്പെടുകയാണ്. ഇതിനൊക്കെ മുന്നിൽ, വധഭീഷണിയോ, ചിലരുയർത്തുന്ന കടുത്ത ഭീഷണിയോ ഒന്നുമല്ല. ' ് അവർ കൂട്ടിച്ചേർത്തു. 

മുൻപും രണ്ട് തവണ ജാനു മത്സരിച്ചിട്ടുണ്ട്. പക്ഷേ ഇരുവട്ടവും വോട്ടർമാരിൽ മതിപ്പുണ്ടാക്കാൻ അവർക്ക് സാധിച്ചില്ല. 

എന്നിരുന്നാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വിജയത്തെക്കുറിച്ച് 101 ശതമാനം ആത്മവിശ്വാസമാണ് അവർ പ്രകടിപ്പിക്കുന്നത്. ' ജനങ്ങളിൽ ഒരു മാറ്റം ഞാൻ കാണുന്നുണ്ട്. വോട്ടർമാർ വളരെ അനുകൂലമായാണ് പ്രതികരിക്കുന്നത്. മുൻപൊന്നും അത്തരമൊരു പ്രതികരണം ഞാൻ ജനങ്ങളിൽ കണ്ടിട്ടില്ല. എന്റെ അറിവ് കൂടാതെത്തന്നെ നിരവധി സ്ത്രീകളും യുവാക്കളും എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്. മിക്കപ്പോഴും അങ്ങനെ പ്രചാരണം നടത്തിക്കഴിഞ്ഞതിന് ശേഷമാണ് അവരെന്നെ ഇക്കാര്യ വിളിച്ചറിയിക്കുന്നത് തന്നെ. തീർച്ചയായും ഈ മാറ്റം നമുക്ക് പ്രയോജനം ചെയ്യും..' ജാനു പറയുന്നു.

എന്താണ് ഈ മാറ്റത്തിന് കാരണമെന്ന് ചോദിച്ചപ്പോൾ ആത്മവിശ്വാസം തുളുമ്പിക്കൊണ്ട് അവർ പറഞ്ഞതിങ്ങനെ: ' അവരെന്നെ പൂർണമായും വിശ്വസിക്കുന്നു. അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കണ്ടറിയാൻ എനിക്ക് മാത്രമേ കഴിയുന്നുള്ളൂവെന്നാണ് പല ആളുകളും പറയുന്നത്. ഇടതുപക്ഷ മുന്നണിയും ഐക്യജനാധിപത്യമുന്നണിയും വർഷങ്ങളായി ഈ ആളുകളെ അവഗണിക്കുന്നു. അതുകൊണ്ട് അവർക്ക് തോന്നുന്നത് ഞാൻ അവരെ സഹായിക്കുമെന്നാണ്. അതുകൊണ്ടാണ് ഈ അനുകൂല പ്രതികരണം...' 

ജാനുവിന്റെ മുൻ സഹപ്രവർത്തകനായ എം.ഗീതാനന്ദൻ നയിക്കുന്ന ആദിവാസി ഗോത്രമഹാസഭയുടെയും ജനാധിപത്യ ഊരു വികസന മുന്നണിയുടെയും എതിർപ്പ് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് ഒരു ചിരിയാണ് ആദ്യം മറുപടിയായി വന്നത്.' ഇതൊന്നും എന്റെ ആളുകളെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. വേറിട്ടൊരു പ്രസക്തിയുള്ള ആളല്ല സി.കെ. ജാനു. ജനങ്ങളുടെ ജീവിതത്തിനാണ് പ്രസക്തി. ജീവിതം മെച്ചപ്പെടണമെന്ന് മാത്രമാണ്  ജനങ്ങളുടെ ആഗ്രഹം. ഞാൻ ഏതെങ്കിലുമൊരു പാർട്ടിക്കാരിയാണ് എന്നുള്ളത് അവർക്ക് വിഷയമല്ല. യഥാർത്ഥത്തിൽ കേരളത്തിലെ വിവിധ വിഭാഗങ്ങളിൽ പെടുന്ന ജനങ്ങൾ പ്രചാരണത്തിൽ എനിക്ക് സഹായവുമായി മുന്നോട്ട് വരികയാണ്. ഈ തീരുമാനം മുൻപേ എടുക്കേണ്ടതായിരുന്നുവെന്നാണ് പലരും പറയുന്നത്.' 

ജനാധിപത്യ രാഷ്ട്രീയസഭ രൂപീകരിക്കാനും ബി.ജെ.പിയുമായി ചേർന്ന് മത്സരിക്കാനും അവരെടുത്ത തീരുമാനം മിത്രങ്ങളെയും ശത്രുക്കളെയും ഒരേപോലെ അത്ഭുതപ്പെടുത്തിയിരുന്നു. തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് വധഭീഷണിവരെ ഉണ്ടായെന്ന് അവർ പറഞ്ഞിരുന്നു. 

'അവസരങ്ങൾ പലപ്പോഴായി വരും. തീരുമാനമെടുക്കാനുള്ള കരുത്ത് നാം കാണിക്കണം. ഒരു തീരുമാനം നമ്മുടെ മുൻഗണനകളെ സഹായിക്കുമെങ്കിൽ പിന്നെയെന്താണ് കൂടുതൽ ആലോചിക്കാനുള്ളത്' എൻ.ഡി.എയുമായി കൈ കോർക്കാനുള്ള അവരുടെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ജാനു കൂട്ടിച്ചേർത്തു.  

'എൻ.ഡി.എ നമ്മുടെ സമൂഹത്തിൽ ആദിവാസികൾ പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമാണെന്ന് കരുതുന്നു. എൽ.ഡി.എഫും യു.ഡി.എഫുമൊക്കെ അങ്ങനെ കരുതേണ്ടതാണ്. നിർഭാഗ്യവശാൽ, അവരങ്ങനെ ചെയ്യുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഞാനീ തീരുമാനമെടുത്ത് പാവപ്പെട്ട ആദിവാസിയെ മാത്രം മുന്നിൽ കണ്ടാണ്. അല്ലാതെ വ്യക്തിപരമായ നേട്ടങ്ങൾ.ക്ക് വേണ്ടിയല്ല.' ജാനു പറഞ്ഞു. കുടിൽകെട്ടി സമരത്തിനും മുത്തങ്ങയ്ക്കും നിൽപുസമരത്തിനും ശേഷം എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നത് പ്രതിഷേധത്തിനുള്ള എന്റെ പുതിയ മാർഗമാണ്- അവർ പറഞ്ഞു. 

ബത്തേരിയ്ക്ക് വേണ്ടി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവരുടെ പദ്ധതിയെന്താണെന്ന് ആരാഞ്ഞപ്പോൾ ഇതായിരുന്നു പ്രതികരണം:

' ബത്തേരിക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എണ്ണിയെണ്ണിപ്പറയാനൊന്നും എനിക്കാവില്ല. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അഞ്ചുവർഷമൊന്നും അതിന് പോരെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ജനങ്ങൾക്ക് വേണ്ടി എൽ.ഡി.എഫും യു.ഡി.എഫും ഒന്നും ഇതുവരെ ചെയ്തിട്ടില്ല. ശ്രദ്ധ ചെലുത്തേണ്ട നിരവധി മേഖലകളുണ്ട്. പ്രത്യേകിച്ചും കാർഷികമേഖല പോലുള്ളവ.' 

ഈ പ്രശ്‌നങ്ങളും മുൻഗണനകളും മുഴുവൻ വയനാടിനും ബാധകമാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ' സർവതലസ്പർശിയായ വികസനത്തിന് വേണ്ടി ഞാൻ പരിശ്രമിക്കും. ചുരുങ്ങിയപക്ഷം ജനങ്ങളെ അവരിപ്പോൾ നിൽക്കുന്നിടത്ത് നിന്ന് ഒരു ചുവട് മുന്നോട്ട് കൊണ്ടുവരാൻ കഴിയുന്നതുചെയ്യും..' ജാനു പറഞ്ഞു.

 

News, views and interviews- Follow our election coverage.

Related Stories

No stories found.
The News Minute
www.thenewsminute.com