' ആ മരണം മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അടിയന്തിര വൈദ്യസഹായത്തിനുള്ള സംവിധാനം വലിയ മാളുകളിൽ ആവശ്യമല്ലേ?'

Malayalam Thursday, April 28, 2016 - 20:05

തൃശൂരിലെ ഡോ. ലക്ഷ്മി മോഹനും ഭർത്താവ് സിദ്ധാർത്ഥ് നായർക്കും അതൊരു സാധാരണ ദിനത്തിന്റെ തുടക്കമായിരുന്നെങ്കിൽ തീർത്തു അസാധാരണമായ ഒരപകടത്തിൽ ലക്ഷ്മിനായർക്ക് ജീവൻ നഷ്ടപ്പെട്ട ദുരന്തപൂർണമായ ഒരു ദിനാന്ത്യമായിരുന്നു. 

ഗവൺമെന്റ് മാനസികരോഗാശുപത്രിയിലെ ഡോക്ടറായ ലക്ഷ്മിനായരും ഭർത്താവും ഞായറാഴ്ച നഗരത്തിലെ ശോഭാ സിറ്റി മാൾ സന്ദർശിച്ച് ഷോപ്പിങ് നടത്തിയതിന് ശേഷമായിരുന്നു സംഭവം. രണ്ടുപേരും മാളിൽ തന്നെയുള്ള ഫൂഡ് കോർട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ലക്ഷ്മിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയും തളർന്നുവീഴുകയുമായിരുന്നു. തുടർന്നുള്ള ഇരുപത് മിനുട്ട് അവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ കൂടെയുള്ളവർ പണിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിലെത്തും മുൻപേ അവർ മരിച്ചിരുന്നു. 

ലക്ഷ്മിയുടെ മരണത്തിൽ കലാശിച്ചത് മാളിന്റെ മോശം നടത്തിപ്പുകൊണ്ടാണെന്ന് ലക്ഷ്മിയുടെ മൂത്ത സഹോദരൻ ആരോപിക്കുന്നു. 'അത്തരം സന്ദർഭങ്ങളിൽ മാളിലെ മാനേജർമാർക്ക് ചെയ്യാൻ കഴിയുന്നതും ചെയ്യേണ്ടുന്നതുമായ നിരവധി കാര്യങ്ങളുണ്ട്. അത്തരമൊരു സംഭവത്തെക്കുറിച്ച് ഒരു അനൗൺസ്‌മെന്റ് നടത്തുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. അവിടെ ഉണ്ടായിരുന്നവരിൽ ആരെങ്കിലുമൊക്കെ ഒരു ഡോക്ടറായിരിക്കും. അയാൾക്ക് എന്റെ സഹോദരിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നിരിക്കും. കുറച്ച് താമസിച്ച് വീൽചെയർ കൊണ്ടുവന്നെങ്കിലും എന്റെ സഹോദരീഭർത്താവിനും അദ്ദേഹത്തെ സഹായിക്കാനെത്തിയ സെക്യൂരിറ്റി ഗാർഡുകൾക്കും പിന്നേയും പത്തുമിനിറ്റോളം ലിഫ്റ്റ് കിട്ടാൻ കാത്തുനിൽക്കേണ്ടിവന്നു. ലിഫ്റ്റുകളിലെ തിരക്കായിരുന്നു കാരണം. അത്തരമൊരു അടിയന്തിര സാഹചര്യത്തെക്കുറിച്ച് ലിഫ്റ്റിലുള്ളവരെ ആരെങ്കിലുമൊന്ന് ധരിപ്പിച്ചാൽ മതിയായിരുന്നു..' 

പ്രാഥമിക സഹായം നല്കാൻ വേണ്ട സംവിധാനം മാളിലുണ്ടായിരുന്നില്ല. അത്തരമൊരു സന്ദർഭത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നുമില്ല. ഈ രണ്ടു പരാതികളാണ് പ്രധാനമായും മാളിനെതിരെ ദിനേഷിനുള്ളത്. ' എങ്ങനെ പ്രാഥമിക വൈദ്യശുശ്രൂഷ നൽകണമെന്ന് എല്ലാവർക്കും അറിയണമെന്ന് നമുക്ക് നിഷ്‌കർഷിക്കാനാകില്ല. പക്ഷേ അതുപോലെ പ്രശസ്തമായ ഒരു മാളിൽ, ഗർഭിണികളടക്കം ആയിരക്കണക്കിന് പേർ ദിനംപ്രതി സന്ദർശിക്കുന്ന ഒരിടത്ത്, വൈദ്യസഹായത്തിന് ഒരു സംവിധാനവും ഇല്ലെന്നും അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ ഒരു മാനേജരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നതും ഞെട്ടിക്കുന്ന ഒരു സ്ഥിതിവിശേഷമാണ്. ' അദ്ദേഹം പറഞ്ഞു.

സാധാരണഗതിയിൽ മാളിൽ സഹായത്തിനായി ഒരുക്കിയിട്ടിരിക്കുന്ന ആംബുലൻസ് ഇല്ലെന്ന വിവരമാണ് ലക്ഷ്മിയുടെ ഭർത്താവിനെ അറിയിക്കേണ്ടി വന്നത് എന്നത് മറ്റൊരു ഉദാസീനത. സ്വന്തം വാഹനം പാർക്കിങ് ഏരിയായിൽ നിന്ന് പുറത്തേക്ക് ഡ്രൈവ് ചെയ്തുകൊണ്ടുവരാൻ പറ്റാത്തവിധം പതറിപ്പോയിരുന്നതുകൊണ്ട് ആദ്യം കിട്ടിയ ഓട്ടോറിക്ഷയുടെ സഹായം തേടുകയായിരുന്നു സഹോദരീഭർത്താവ് ചെയ്തത്. 

' പ്രധാനകവാടത്തിലെത്തിക്കുന്നതോട് തീർന്നു മാളിലെ ജീവനക്കാരുടെ ഉത്തരവാദിത്വം. ബന്ധപ്പെട്ട ഒരു മാനേജറും ഞങ്ങളുമായി പിന്നീട് സമ്പർക്കം പുലർത്തിയില്ല. അത്തരമൊരു നിരുത്തരവാദപരമായ സമീപനമുണ്ടായതിൽ വിശദീകരണത്തിനും മുതിർന്നില്ല..'  ദിനേഷ് പറഞ്ഞു. ഗുജറാത്തിൽ നിന്നും മാതാപിതാക്കളെ നാട്ടിലെത്തിക്കുകയാണ് തന്റെ അടുത്ത ചുമതല. 'വേണമെങ്കിൽ മാളിനെതിരെ ഒരു നിയമപരമായി നീ്ങ്ങാം. പക്ഷേ അതൊന്നും ഞങ്ങളുടെ നഷ്ടം നികത്താൻ പര്യാപ്തമല്ലെന്ന് നല്ല ബോധ്യമുണ്ട്. പ്രായോഗികമായി പറഞ്ഞാൽ ഇടത്തരക്കാരായ ഞങ്ങൾക്ക് ശോഭാ ഗ്രൂപ്പിനെപ്പോലെ പ്രബലരായവർക്കെതിരെ യുദ്ധം ചെയ്യുക എളുപ്പമല്ല. മറ്റുള്ളവരുടെ കണ്ണ് തുറക്കാൻ ഈ സംഭവം കൊണ്ടാകട്ടെ എന്ന് മാത്രമേയുള്ളൂ..' ദിനേഷ് പറഞ്ഞു. 

എന്നാൽ ഒരു പ്രതികരണത്തിന് മാൾ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.