"കുടിവെള്ളപ്രശ്‌നം എന്നത്തേയും പോലെ രൂക്ഷമാണ്. ഉപ്പുവെള്ളമാണ് ഞങ്ങൾക്ക് ചുറ്റും"

Malayalam Saturday, April 16, 2016 - 20:08

2011-ലാണ് വൈപ്പിൻ നിയമസഭാമണ്ഡലം രൂപം കൊള്ളുന്നത്. ചെറുദ്വീപുകളുടെ കൂട്ടം ചേർന്നുണ്ടാക്കിയ വലിയൊരു ദ്വീപ് (വൈപ്പിൻകര) ഇവിടുത്തുകാരായ മിക്കവരും മത്സ്യബന്ധനം എന്ന തൊഴിലിനെ ആശ്രയിച്ചുജീവിക്കുമ്പോൾ, ഗണ്യമായ ഒരു വിഭാഗം എറണാകുളം നഗരത്തെ അതിജീവനത്തിന് ആശ്രയിക്കുന്നു. 

എറണാകുളം ലോകസഭാ മണ്ഡലത്തിൽ സി.പി.ഐ.എം. പ്രതിനിധീകരിക്കുന്ന ഒരേയൊരു നിയമസഭാ മണ്ഡലമാണ് വൈപ്പിൻ. ഇപ്പോഴത്തെ എം.എൽ.എ എസ്. ശർമ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. കെ.ആർ. സുഭാഷാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. 

കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ, മത്സ്യക്കൃഷിക്കുള്ള ധനസഹായം, പുതിയ റോഡുകളും പാലങ്ങളും, സ്‌കൂളുകളും ആശുപത്രികളും മെച്ചപ്പെടുത്തൽ തുടങ്ങി നേട്ടങ്ങളുടെ ഒരു വലിയ പട്ടിക എസ്. ശർമ എം.എൽ.എ. നിരത്തുന്നുണ്ടെങ്കിലും നാട്ടുകാർക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്.

'കുടിവെള്ളപ്രശ്‌നം എന്നത്തേയും പോലെ രൂക്ഷമാണ്. ഉപ്പുവെള്ളമാണ് ഞങ്ങൾക്ക് ചുറ്റും. കുടിവെള്ളത്തിന് ഞങ്ങളെവിടെ പോകാനാണ്? അഞ്ചുവർഷം മുമ്പ് തുടങ്ങിവെച്ച കുടിവെള്ള സംഭരണിയുടെ പണി ഇതുവരെ പൂർത്തിയായിട്ടില്ല.' ഞാറയ്ക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു അട്ടിപ്പേറ്റിപറമ്പിൽ പറയുന്നു. 

വൈപ്പിനിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പുകളിൽ നിന്ന് ജലമോഷണം പതിവാണെന്നും ലാലു ആരോപിക്കുന്നു. ' മുമ്പും അത്തരം മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ നടപടിയെടുക്കാനൊന്നും ആർക്കും താല്പര്യമില്ല..' 

വൈപ്പിനിൽ നിന്ന് കരയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകളാണ് എറണാകുളം നഗരത്തിലെ ഒരു ടെക്‌സ്റ്റൈൽ ഷോറൂമിൽ ജോലി ചെയ്യുന്ന 28 കാരിയായ ഷീലയ്ക്ക് പറയാനുള്ളത്. ' വൈപ്പിൻ ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. രണ്ടുബസ് കയറിയിട്ട് വേണം ഓരോദിവസവും ജോലിക്കെത്താൻ. രാഷ്ട്രീയക്കാരായ ഒരു ജനപ്രതിനിധിക്കും ഈ പ്രശ്‌നം പരിഹരിക്കുന്നതിൽ താൽപര്യമില്ല..' അവർ പറയുന്നു.

നിർദിഷ്ട ഐ.ഒ.സിയ്ക്കും എൽ.എൻ.ജിയ്ക്കുമെതിരെ ഒരു രാഷ്ട്രീയപാർട്ടിക്കാരനും ശബ്ദമുയർത്തിയില്ലെന്ന ആക്ഷേപമാണ് വൈപ്പിനിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന മധുവിനുള്ളത്. 

എൽ.എൻ.ജി ടെർമിനലിന്റെയും ഐ.ഒ.സി. പ്ലാന്റിന്റേയും നിർമാണപ്രവർത്തനങ്ങൾ പ്രദേശത്ത് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ താമസിയാതെ ഇവിടെ മത്സ്യബന്ധനം നിരോധിക്കപ്പെടും. 

'താമസിയാതെ പ്രവർത്തനമാരംഭിക്കുന്ന പുതിയ പഌന്റുകളെ ഞങ്ങൾ അപ്പാടെ എതിർക്കുകയാണ്. മത്സ്യബന്ധനം നിരോധിക്കപ്പെട്ടുകഴിഞ്ഞാൽ, പിന്നെ നമ്മളെന്തു ചെയ്യും? വഞ്ചികളിൽ മത്സ്യബന്ധനം നടത്താനേ ഞങ്ങൾക്കറിയൂവെന്നുള്ളത് കൊണ്ട് പുറംകടലിലേക്ക് പോകാനും കഴിയില്ല. പട്ടിണി കിടന്നു മരിക്കാനേ നിർവാഹമുള്ളൂ..' മധു ഭയപ്പാടോടെ പറയുന്നു.

2011-ലെ തീരദേശ സംരക്ഷണ നിയമമനുസരിച്ച് കടലിൽ നിന്ന് അഞ്ഞുറ് മീറ്റർ അകലെ മാത്രമേ തീരത്ത് നിർമാണപ്രവർത്തനങ്ങൾ അനുവദനീയമായുള്ളൂ. ഇത് മോശമായി ബാധിക്കുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തെയാണ്. പരമ്പരാഗതമായി അവർ ജീവിക്കുന്ന കടലോരത്തുള്ള ഭൂമിയിൽ വീട് പണിയാൻ അവർക്ക് അനുവാദമില്ല. 

വെള്ളപ്പൊക്കമാണ് ഇടയ്ക്കിടക്ക് വൈപ്പിൻകാർ നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്‌നം. 'ഒരു ചെറിയ ചാറ്റൽമഴ മതി ദ്വീപിൽ വെള്ളപ്പൊക്കമുണ്ടാകാൻ. വേലിയേറ്റ സമയത്ത് ദ്വീപിന്റെ പകുതിഭാഗം വെള്ളത്തിനടിയിലായിരിക്കും. ഇതിന് ഒരു ശാശ്വതപരിഹാരം കണ്ടെത്താൻ ആത്മാർത്ഥമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരേയും ഉണ്ടായിട്ടില്ല..'  ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡാ റെബാറിയോ പറയുന്നു.

' ആകെയുള്ള ഒരേയൊരു ഗവൺമെന്റ് ആശുപത്രിയാകട്ടെ ശോചനീയമായ അവസ്ഥയിലാണ്. ഡോക്ടർമാരോ വേണ്ട സൗകര്യങ്ങളോ ഇല്ല. ഇവിടെ ജീവി്ക്കുന്നവരിലേറെയും മത്സ്യത്തൊഴിലാളികളും പട്ടിക വിഭാഗങ്ങളുമാണ്. അതുകൊണ്ടാണ് അധികൃതർ വൈപ്പിനെ ഇമ്മട്ടിൽ അവഗണിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടിയുള്ള മുറവിളി പോലും അധികൃതർ കേൾക്കാതെ പോകുന്നു..' അവർ കൂട്ടിച്ചേർക്കുന്നു.

' പാരിസ്ഥിതിക ദുരന്തങ്ങൾ സൃഷ്ടിക്കുന്ന വികസനപ്രവർത്തനങ്ങൾ മാത്രം എന്തുകൊണ്ട് ഈ ചെറുദ്വീപിൽ ഉണ്ടാകുന്നു? ഞങ്ങളാണ് ഇതിന്റെയെല്ലാം പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത്. താഴെത്തട്ടിൽ ഈ വക വികസനപ്രവർത്തനങ്ങൾ കൊണ്ട് ഗുണമൊന്നുമില്ലെന്നത് സ്ഥിതിഗതികൾ വഷളാക്കുന്നു..' ലാലു പറയുന്നു.

 

Topic tags,

Become a TNM Member for just Rs 999!
You can also support us with a one-time payment.