കൃഷ്ണയുടെയും കിഷോറിന്റെയും മുത്തശ്ശീമുത്തശ്ശൻമാരുടെ അനുവാദത്തോടെ ഈ കുട്ടികൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിന് ദ ന്യൂസ്മിനുട്ട് മുൻകൈയെടുക്കുന്നു

Malayalam പുറ്റിങ്ങൽ അപകടം Wednesday, April 13, 2016 - 13:45
ഞെട്ടലിൽ നിന്ന് കുട്ടികൾ ഇനിയും വിമോചിതരായിട്ടില്ല. സ്വന്തം അച്ഛനും അമ്മയും കൺമുമ്പിൽ വെച്ച് ദുരന്തത്തിലകപ്പെട്ട കാഴ്ചയ്ക്ക് സാക്ഷികളാകേണ്ടിവന്ന കിഷോറും കൃഷ്ണയും ഒരു മേശക്കപ്പുറവുമിപ്പുറവുമായി നിശ്ശബ്ദരായി ഇരിക്കുന്ന കാഴ്ചയാണ് പരവൂരിലെ അവരുടെ വീട്ടിലെത്തിയ ദ ന്യൂസ്മിനുട്ട് ടീമിന് കാണാൻ കഴിഞ്ഞത്. 
ഞായറാഴ്ചയാണ് ഈ കുട്ടികളുടെ മാതാപിതാക്കളായ ബെൻസി കവിരാജും (45) ഭാര്യ ബേബി ഗിരിജയും (41) പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ പെട്ട് മരിച്ചത്. വിധിനിർണായകമായ ആ രാത്രിയിൽ ക്ഷേത്ര മൈതാനിയിൽ അവർ ഒരു സ്റ്റാളിട്ടിരുന്നു. സ്റ്റാളിൽ അച്ഛനമ്മമാരെ സഹായിക്കാൻ രണ്ട് കുട്ടികളും സന്നദ്ധരായി കൂടെ പോയതാണ്. 
ഗിരിജയുടെ അമ്മയും സഹോദരിയും അവിടെ തൊട്ടടുത്ത് മറ്റൊരു സ്റ്റാളിട്ടിരുന്നു. 
പതറിയ ശബ്ദത്തിൽ കൃഷ്ണ പറയുന്നതിങ്ങനെ: ' പടക്കത്തിൽ നിന്ന് ചിതറിയ ചി തീപ്പൊരികൾ കണ്ണിൽ വീണതുകൊണ്ട് ഞാനടുത്ത ഒരു വീട്ടിൽ പോയി കമിഴ്ന്നുകിടക്കുകയായിരുന്നു. ഒന്നു മയങ്ങിയിട്ടേ ഉണ്ടാകുള്ളൂ; അപ്പോഴേക്കും കാതടപ്പിക്കുന്ന ഒരു  സ്‌ഫോടനശബ്ദം കേട്ടു ഉണർന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഇരുട്ടും പുകയും കൊണ്ട് പരിസരമാകെ മൂടിയിരുന്നതുകൊണ്ട് പുറത്തേക്കിറങ്ങാൻ പോലും കഴിയില്ലായിരുന്നു. കിഷോർ കരയുന്നത് കേട്ട് ഓടിച്ചെന്നതാണ്....' കൃഷ്ണയ്ക്ക് മുഴുമിക്കാനായില്ല.
നടുക്കിയ നിമിഷങ്ങളെക്കുറിച്ച് ചേച്ചി പറയുന്നത് കേട്ടപ്പോൾ കിഷോർ കണ്ണുകളടച്ചു. അവന്റെ നടുക്കത്താൽ മരവിച്ച മുഖം കണ്ട ചെറിയമ്മമാരിലൊരാൾ കിഷോറിനെ ശരീരത്തോട് ചേർത്തുപിടിച്ചു പറഞ്ഞു. 'മുത്തശ്ശിയുടെ അടുത്ത് നിന്ന് കുറച്ച് കടലാസ് കപ്പുകൾ വാങ്ങാനായി അവന്റെ അമ്മ കിഷോറിനെ പറഞ്ഞയച്ചതായിരുന്നു. അവിടെ നിന്ന് അങ്ങോട്ട് നീങ്ങിയില്ല. അതിന് മുൻപേ പ്രദേശമാകെ കുലുക്കി ഉഗ്രസ്‌ഫോടനമുണ്ടായി. കരഞ്ഞുകൊണ്ട് കടയിലേക്ക് തിരിച്ചോടിയപ്പോൾ ചോരയിൽ കുളിച്ച അച്ഛന്റെ മുഖമാണ് കിഷോർ കണ്ടത്. അപ്പോഴെക്കും കിഷോറിന്റെ നിലവിളി കേട്ട് കൃഷ്ണയും അവിടെ ഓടിയെത്തി. എന്താണ് ചെയ്യേണ്ടതെന്ന് എന്നറിയാതെ മുത്തശ്ശിയുടെ സ്റ്റാളിലേക്ക് ഓടിയെത്തിയപ്പോൾ അമ്മയുടെ മറ്റൊരു സഹോദരിയായ അനിത വലതുകാലിന് ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. സ്‌ഫോടനത്തിൽ ചിതറിയ കെട്ടിടാവശിഷ്ടങ്ങൾ നെഞ്ചിൽ വന്നിടിച്ചെങ്കിലും മുത്തശ്ശിക്ക് കാര്യമായ പരുക്കുണ്ടായില്ല. എന്തായാലും പിന്നെയുണ്ടായ ബഹളത്തിൽ കുട്ടികൾ അവരുടെ അമ്മയും അച്ഛൻ കിടക്കുന്നിടത്ത് നിന്ന് ഏതാനും വാരകൾക്ക് അകലെ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നെന്ന വിവരമറിഞ്ഞില്ല.' 
 
ഏതായാലും, മാധ്യമങ്ങളിൽ ഈ കുട്ടികളുടെ ഹൃദയം നുറുക്കുന്ന കഥ പ്രചരിച്ചതോടെ സംസ്ഥാന ശിശുക്ഷേമ സമിതി ഉടൻ കർമനിരതരായി. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ സംസ്ഥാനസർക്കാർ തീരുമാനിക്കുകയും ചെയ്തു. 
സംസ്ഥാനത്ത് നിലവിലുള്ള ഇന്റഗ്രേറ്റഡ് ചൈൽഡ് വെൽഫയർ പദ്ധതി പ്രകാരമാണ് നിനച്ചിരിക്കാതെ അച്ഛനുമമ്മയും നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാൻ തീരുമാനിച്ചതെന്ന് ശിശുക്ഷേമസമിതി കൊല്ലം ജില്ലാ അദ്ധ്യക്ഷൻ സി.ജെ. ആന്റണി പറഞ്ഞു. 
' ജുവനൈൽ ജസ്റ്റിസ് ആക്ട് 2000 ത്തിലെ സെക്ഷൻ 2ഡി പ്രകാരം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ കഴിയും. ഇനി ബന്ധുക്കൾ വന്ന് കുട്ടികളെ നോക്കിക്കൊള്ളാമെന്ന് പറഞ്ഞാൽ പോലും കുട്ടികളെ ശിശുക്ഷേമ സമിതിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് വേണ്ട വിദ്യാഭ്യാസവും ആരോഗ്യപരിചരണവും സുരക്ഷയും കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുവരുത്താനാകും..'
എന്നാൽ കുട്ടികളുടെ അമ്മയുടെ ബന്ധുക്കൾ ഇക്കാര്യത്തെ ശക്തിയായി എതിർത്തതുകൊണ്ട് ശിശുക്ഷേമസമിതി കുട്ടികളുടെ മുത്തശ്ശീമുത്തശ്ശൻമാരെ ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ 42-ാം സെക്ഷൻ പ്രകാരം കെയർടേക്കർമാരായി നിയോഗിച്ചു. 
(കുട്ടികളെ സഹായിക്കാൻ താല്പര്യമുണ്ടെങ്കിൽ റിപ്പോർട്ടിന്റെ അവസാനം വരെ വായിച്ചുനോക്കുക)
വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കൾ നഷ്ടപ്പെട്ടയാളാണ് അച്ഛനായ ബെൻസി. ഗിരിജയുടെ മാതാപിതാക്കളായ ഹരിദാസനും (71) സരസമ്മയും (68)യുമാണ് കുട്ടികളോട് ഏറെ അടുപ്പം സൂക്ഷിക്കുന്നവർ.
അടുത്തുതന്നെയാണ് ഇവരും താമസിക്കുന്നത്. സ്‌കൂൾ വിട്ടാൽ കുട്ടികൾ ആദ്യമെത്തുക സരസമ്മയുടെയും ഹരിദാസന്റെയും അടുത്താണ്. ആ സമയത്ത് മാതാപിതാക്കളായ ബെൻസിയും ഗിരിജയും അവർ നടത്തുന്ന ഉന്തുവണ്ടിക്കടയിലായിരിക്കും. 
'സ്‌കൂൾ വിട്ടാൽ ഈ കുട്ടികളെത്തുക എന്റെയടുത്താണ്. എ്‌ന്റെയടുത്തുനിന്നാണ് അവർ ഭക്ഷണം കഴിക്കുക. ഇനിയെന്തെങ്കിലും കാരണത്താൽ അവർ വൈകിപ്പോയാൽ എന്റെ വേവലാതി എന്തുമാത്രമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലുമാകില്ല..' സരസമ്മ പറയുന്നു.
'ഞങ്ങളുടെ കുട്ടികളെ കൊണ്ടുപോകാൻ ഞങ്ങളെങ്ങനെയാണ് സമ്മതിക്കുക? ഞങ്ങൾ അത്ര സാമ്പത്തികഭദ്രതയുള്ളവരൊന്നുമല്ലയെന്നത് ശരി. സാമ്പത്തികസഹായം കിട്ടുന്നതും നല്ലതുതന്നെ. പക്ഷേ അവരെ ഏതെങ്കിലും കേന്ദ്രത്തിലാക്കാൻ ഞങ്ങൾ വിടുന്ന പ്രശ്‌നമില്ല. കുട്ടികൾക്കോ ഞങ്ങൾക്കോ അതിൽ താൽപര്യവുമില്ല..' 
അവരുടെ വീട് ഒന്നു കണ്ണോടിച്ചാൽ മനസ്സിലാകും ദാരിദ്ര്യം. എന്നിരുന്നാലും ചുവരിൽ നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ വീടിന്റെ അ്ന്തരീക്ഷത്തിന് ഒരു പ്രാസാദാത്മകത നൽകുന്നുണ്ട്. ' കൃഷ്ണ നന്നായി വരയ്ക്കും. നോക്കൂ, അവൾ വരച്ചതാണ്  ഇവിടെ മുഴുവൻ കാണുന്ന ചിത്രങ്ങൾ..' അഭിമാനത്തോടെ മുത്തശ്ശി സരസമ്മ പറയുന്നു.
ഗദ്ഗദം അടക്കി, കൃഷ്ണയുടെ ചെറിയമ്മ പറയുന്നു.' ചുവരിൽ എവിടെയൊക്കെ വരക്കാൻ കഴിയുമോ അവിടെയെല്ലാം കൃഷ്ണ ചിത്രം വരയ്ക്കും. ഒരു പുതിയ ചിത്രം വരച്ചാൽ കൃഷ്ണ അമ്മയുടെ അടുത്തേക്ക് ഓടിയെത്തും. ഇതാ, ഈ ചിത്രം എങ്ങനെയുണ്ട് എ്ന്നുചോദിച്ചുകൊണ്ട്. ഇനി അവൾ അടുത്തേക്ക് ആരുടെയടുത്തേക്ക് അഭിപ്രായം ചോദിച്ച് ഓടിയെത്തും..?' 
 
എഡിറ്ററുടെ കുറിപ്പ്: 
കൃഷ്ണയുടെയും കിഷോറിന്റെയും മുത്തശ്ശീമുത്തശ്ശൻമാരുടെ അനുവാദത്തോടെ ഈ കുട്ടികൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിന് ദ ന്യൂസ്മിനുട്ട് ക്യാംപയിൻ ആരംഭിച്ചിരിക്കുന്നു. തൽപരരായവർ ഈ ലിങ്കിൽ അമർത്തുക. ക്യാംപയിന്റെ ഒടുവിൽ പണം കൃഷ്ണയുടെ ബാങ്ക് എക്കൗണ്ടിലേക്ക് കൈമാറുന്നതാണ്. 
 
Editor's Note: With the permission of Krishna and Kishore's grandparents, The News Minute has started a campaign to provide financial assistance for the children. Click on this link if you wish to help. The money will be transferred to Krishna's account at the end of the campaign.  

Topic tags,

Become a TNM Member for just Rs 999!
You can also support us with a one-time payment.